“അച്ഛാ…”
“എന്താ മോനേ?”
“ദേ ഈ പത്രം നോക്കിക്കേ. കിളിരൂർ കേസിൽ പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രേ ചതിക്കുഴിയിൽ വീഴ്‌ത്തിയത്. അതേയ് അച്ഛാ…”
“പറ മോനേ…”
“സിനിമാ സീരിയലെന്നൊക്കെ പറഞ്ഞ് പെൺകുട്ടികളെ പറ്റിക്കുന്ന ഒരുപാടു കഥകളില്ലേ. അങ്ങനെ സ്വയം വഞ്ചിതരായവർ താമസിക്കുന്ന ഒരു കോർപ്പറേഷൻ വാർഡുവരെയുണ്ട് ചെന്നൈ നഗരിയിൽ. കോടമ്പാക്കം. ഇതുവരെയായിട്ടും ഈ ചതി മനസ്സിലായിട്ടില്ലല്ലോ അച്ഛാ…”
“എനിക്കറിയില്ല മോനേ.”
കുട്ടി പത്രം തിരിച്ചും മറിച്ചും നോക്കി.
“അതേയ് അച്ഛാ…”
“പറ മോനേ.”
“ആദ്യം കുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി മയക്കുമരുന്നുചേർത്ത ജ്യൂസ് കുടിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞാണ് കുട്ടിക്ക് ചതി മനസ്സിലായത്. പിന്നെ കുമളിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ചതി മനസ്സിലായെങ്കിൽ പിന്നെന്തിന് കുമളിക്കുപോയി?”
“അറിയില്ല മോനേ.”
തീർന്നില്ല കുട്ടിയുടെ സംശയം-
“അതേയ് അച്ഛാ…”
“പറമോനേ..”
“മറ്റൊരു പെണ്ണുകേസിൽ കോടതി ശിക്ഷിച്ച ഒരു നേതാവിന്റെ പടം കണ്ടോ?”
“എന്താ മോനേ.”
“വിജയശ്രീലാളിതനായി ചിരിച്ചുരസിച്ച് വായനക്കാരെ അഭിവാദ്യം അർപ്പിച്ച് കൈയും വീശി കാറിൽ കയറുന്ന പടമാണ് കൊടുത്തിരിക്കുന്നത്. ഇത് കണ്ടാൽ എന്താണ് ഓർമ്മ വരുന്നതെന്നറിയാമോ അച്‌ഛാ.”
“എന്താ മോനേ?”
“ഒളിമ്പിക്‌സിൽ ആദ്യമായി സ്വർണ്ണം നേടി ഡെൽഹിയിൽ വിമാനമിറങ്ങിയ റാത്തോഡിന്റെ പടം. അപ്പഴേയ് അച്ഛാ ഒരു സംശയം…”
“പറ മോനേ.”
“കേരളത്തിൽ ഈ രണ്ടു വിജയങ്ങളും ഒരുപോലെയാണോ…?”
“എനിക്കറിയില്ല മോനേ…!”
Generated from archived content: story2_jan.html Author: b_harikumar