ഫ്‌ളക്‌സ്‌ ബോർഡ്‌

പ്രസിദ്ധനാവണം എനിക്ക്‌. നാട്ടിലെ എല്ലാവരും എന്നെ അറിയണം. ചെറുപ്പം മുതലേ അന്തർമുഖനായി നടന്നിരുന്ന എനിക്ക്‌ ഒരു സുപ്രഭാതത്തിലാണ്‌ അത്തരമൊരു മോഹമുദിച്ചത്‌. എങ്ങനെ പ്രസിദ്ധനാകാൻ പറ്റും? ഞാൻ തല പുകഞ്ഞാലോചിച്ചു. കായികമത്സങ്ങളിലോ, കലാസാഹിത്യാദി വിഷയങ്ങളിലോ എനിക്കു താല്‌പര്യമില്ല. എനിക്കുള്ളത്‌ കുറച്ചു കാശും പൊണ്ണത്തടിയുമാണ്‌. (നല്ല ബുദ്ധിയുണ്ടെന്ന്‌ ഞാൻ കൂടെക്കൂടെ സ്വയം ഓർമ്മപ്പെടുത്താറുണ്ട്‌.)

നാട്ടിലെ സാമൂഹിക പ്രസ്‌ഥാനങ്ങളിൽ മെമ്പർഷിപ്പെടുത്ത്‌ ശ്രമദാനത്തിൽ പങ്കാളിയാകാനൊന്നും എന്നെ കിട്ടില്ല. എന്റെ ഭാരിച്ച സ്വത്തിലൊരംശമെടുത്ത്‌ പാവപ്പെട്ടവർക്കെന്തെങ്കിലും ഉപകാരം ചെയ്യാൻ എനിക്കു താല്‌പര്യമില്ല. (അതേയ്‌, ആ സ്വത്തുക്കളൊക്കെ എന്റെ കാരണോന്മാര്‌ സമ്പാദിച്ചുതന്നതാ​‍ൂ ഞാനായിട്ട്‌ ഒന്നും ഉണ്ടാക്കിയിട്ടില്ല).

എനിക്കു പറ്റുന്ന കാര്യങ്ങൾ നേരാനേരങ്ങളിൽ ഭക്ഷണം കഴിക്കുക, സദസ്സുകളിൽ പോയിരുന്ന്‌ വീമ്പടിക്കുക, ഞാൻ ചൂണ്ടുവിരൽകൊണ്ട്‌ തിരിച്ചിട്ടാണ്‌ ഈ ഭൂമി തിരിയുന്നതുതന്നെ എന്ന വികാരം മുഖത്തു പ്രകടിപ്പിച്ചുനടക്കുക തുടങ്ങിയവയൊക്കെയാണ്‌.

എന്നാലും എനിക്ക്‌ പ്രസിദ്ധനാവണം. ആഗ്രഹം കലശലായപ്പോൾ ഞാനൊരു വഴി കണ്ടെത്തി.

ഒരു ഈർക്കലി രാഷ്‌ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പെടുത്തു. അവർ അനുയായികളെ കിട്ടാതെ ബുദ്ധിമുട്ടുന്ന നേരത്തായിരുന്നു എന്റെ പ്രവേശം.

അടുത്ത മീറ്റിങ്ങിൽ അവരെന്നെ യുവജനവിഭാഗത്തിന്റെ ജില്ലാ പ്രസിഡണ്ടാക്കി. (ഞങ്ങൾ കമ്മറ്റി ഭാരവാഹികൾ മാത്രമേ ഈ പാർട്ടിക്കുള്ളൂ എന്നത്‌ ആരോടും പറഞ്ഞറിയിക്കേണ്ട) ജില്ലാ പ്രസിഡണ്ട്‌ പദവി കൈവന്നതുമുതൽ ഞാൻ എന്റെ നാട്ടിൽ മാത്രമല്ല, ഒരു ജില്ല മുഴുവൻ പ്രസിദ്ധനായത്‌ എത്രപെട്ടെന്നാണ്‌.

എന്റെ തോളിനുമുകളിലുള്ള ഭാഗം നൂറുകണക്കിന്‌ ഫ്‌ളക്‌സ്‌ ബോർഡുകളിലല്ലേ അടിച്ച്‌ ജില്ല മുഴുവനും വച്ചിരിക്കുന്നത്‌. എനിക്കെങ്ങനെ പ്രസിദ്ധനാകാതിരിക്കാൻ പറ്റും. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഞാൻ, ഞങ്ങളുടെ ദേശീയ നേതാക്കളുടെ ഇടയിലല്ലേ അന്തസ്സോടെ കേറിയിരിക്കുന്നത്‌.

എങ്ങനെ പ്രസിദ്ധനാവാതിരിക്കും!

Generated from archived content: story1_jun10_10.html Author: ashokan_anjathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English