ദില്ലി – 2005

ദില്ലി ഒരു നഗരമോ സംസ്‌കാരമോ ജനതയോ അല്ല. അതൊരു കേന്ദ്രമാണ്‌. അധികാരത്തിന്റെ അണുവിസ്‌ഫോടനകേന്ദ്രം. സ്വന്തം പിതാവിന്റെ കണ്ണുകുത്തിപ്പൊട്ടിച്ചും, സഹോദരനെ പിന്നിൽനിന്നും കുത്തിക്കൊലപ്പെടുത്തിയും അധികാരം കൈക്കലാക്കി, അതിന്റെ സുഖത്തിലും ലഹരിയിലും മുങ്ങിനിവർന്ന ദില്ലി സുൽത്താന്മാരുടെ ചരിത്രം. ഭരിക്കപ്പെടേണ്ടവന്റെ ധർമ്മസങ്കടങ്ങൾക്ക്‌ പുല്ലുവില കല്‌പിക്കാത്ത രാജപരമ്പരകളുടെ ചവിട്ടിയരച്ച്‌ ഭരിച്ചുസുഖിച്ച സമ്രാട്ടുകളുടെ നഗരിയാണിത്‌. ഇഷ്‌ടമില്ലാത്തതൊക്കെ തകർത്തെറിയുകയും, ഇഷ്‌ടപ്പെട്ടതൊക്കെ എന്തുചെയ്‌തും നേടിയെടുക്കുന്ന തുഗ്ലക്ക്‌ സംസ്‌കാരമാണിവിടെ. ചരിത്രം വർത്തമാനങ്ങളിലേക്ക്‌ എത്തിപ്പെടുമ്പോൾ കാലവും ഘട്ടവും ജനതയും മാത്രമേ മാറിയിട്ടുളളൂ. ബാക്കിയെല്ലാം അതേപടി നിലനില്‌ക്കുന്നു. കണ്ണുകുത്തിപ്പൊട്ടിക്കുന്നതിനുപകരം കൺനിറയെ കറൻസിനോട്ടുകൾ കുത്തിനിറയ്‌ക്കുന്നു. കഴുത്തുവെട്ടുന്നതിനുപകരം കൂടെനില്‌ക്കുന്നവരുടെ കുതികാൽ വെട്ടുന്നു. ആദർശങ്ങളുടെ കഴുത്തുഞ്ഞെരിച്ച്‌ റെയ്‌സീനാഹില്ലിൽനിന്നും വലിച്ചെറിഞ്ഞ്‌ രാഷ്‌ട്രീയവേതാളങ്ങൾ, വിശന്ന ധർമ്മക്കാർ ഊട്ടുപുരയിലേക്കെന്നപോലെ പാർലമെന്റിലേക്ക്‌ ഇരച്ചുകയറുന്നു. കോണുകളില്ലാത്ത വൃത്തരൂപിയായ ആ മന്ദിരത്തിനകത്ത്‌ അധികാരത്തിന്റെ പെരിങ്കളളിയാട്ടം. കസേരയ്‌ക്കുവേണ്ടി ആർത്തി, അന്തരാള, അത്താഴവിരുന്നുകൾ, കൊടിവച്ച കാറുകൾ, വെടിവയ്‌ക്കാനധികാരമുളള അകമ്പടി. സൗത്ത്‌-നോർത്ത്‌ ബ്ലോക്കിലെ അധികാരത്തിന്റെ ഇരുണ്ട ഇടനാഴികൾ. ചപ്രാസിയും ബ്യൂറോക്രസിയും മന്ത്രിയും തന്ത്രിയുമൊക്കെ ചേർന്നുളള ഒരു പൂരമാണത്‌.

ദില്ലിയിൽ കട്‌വാരിയാ സരായിയിലെ, കൃഷ്‌ണാനഗറിലെ ഒറ്റമുറി കച്ചിൽ അടവച്ചുവിരിയിച്ച ബ്യൂറോക്രാറ്റുകൾ തിരുമാനങ്ങളെടുക്കുന്നു, നടപ്പാക്കുന്നു. ഹതഭാഗ്യരായ ഭാരതീയർ ഡമോക്രസിക്കും ബ്യൂറോക്രസിക്കും പൊളിറ്റിക്കൽ ഹിപ്പോക്രസിക്കും മദ്ധ്യേ, ഒരു വോട്ടുകുത്താൻ മാത്രമുളള പരമാധികാരവുമായി നിശ്ശബ്‌ദം നില്‌ക്കുമ്പോൾ….

ദില്ലി-പടയോട്ടങ്ങളും സാമ്രാജ്യങ്ങളും അധികാരത്തിന്റെ കയറ്റിറക്കങ്ങളും കണ്ട്‌, കാലത്തിന്റെ കുത്തൊഴുക്കുകൾക്കപ്പുറം വികാരരഹിതമായി ഇന്നും നിലനില്‌ക്കുന്നു.

ഷാജഹാൻ റോഡിലെ ‘യുപിഎസ്സി’ കെട്ടിടത്തിനുമുന്നിൽ അലഞ്ഞുതിരിയുന്ന യൗവനങ്ങൾ നാളത്തെ ഗവൺമെന്റ്‌ സെക്രട്ടറിമാരാണോ, ബീഹാറിലെ ഛപ്രജില്ലയിൽനിന്നും ഒപ്‌ടിക്കൽഫൈബർ കേബിൾ കുഴിച്ചിടാൻവന്ന കോൺട്രാക്‌ട്‌ തൊഴിലാളികളാണോ എന്ന്‌ നമുക്കു തിരിച്ചറിയാനാവുന്നില്ല…!

Generated from archived content: essay3_june_05.html Author: aryad_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here