കാമം കമ്പോളവല്ക്കരിക്കപ്പെടുന്നതു പുതുമയല്ല. ഡിമാന്റുളെളാരു കമ്പോളച്ചരക്കാക്കി ഉളളുകൊണ്ട് ഊറ്റം കൊളളുന്നത് പൊതുവേ സ്ത്രീയുടെ ഭാവം. പുരുഷാസക്തിയുടെ ത്വരണത്തിൽ തനിക്കു വഹിക്കാവുന്ന പങ്കിന്റെ പൾസ് നോക്കി സ്വയം വിലയിരുത്തുന്ന സ്ത്രീതന്നെയാണ് സ്വസമുദായത്തിന്റെമേൽ വിപണനത്തിന്റെ ഐ.എസ്.ഐ മുദ്ര ചാർത്തിയത്. അഭ്രസൗന്ദര്യമായും, മോഡലായും സ്ത്രീ, മുതലാളിയുടെ ലാഭക്കളത്തിലെ അമ്മാളുകട്ടയാകുമ്പോൾ ഇതൊക്കെയാകാത്തിടത്തോളം തങ്ങൾ പൂർണ്ണരല്ലെന്നു ഖിന്നരാകുന്ന പെൺകുട്ടികൾ ഏറുകയാണ്. ചൂഷണം ചെയ്യപ്പെടാനുളള പശ്ചാത്തലമൊരുങ്ങുന്നതിവിടെയാണ്. പ്രീ-പ്രൈമറി ക്ലാസിലെ നോട്ടുബുക്കിന്റെ പുറംചട്ടയിൽപോലും മില്ലിഗ്രാമിനു വിലയിട്ടു വില്ക്കപ്പെടുന്ന പെണ്ണിന്റെ നാണമില്ലായ്മയെച്ചൊല്ലി ഒരു വനിതാപ്രസ്ഥാനവും കലഹിച്ചു കണ്ടില്ല. കമേഴ്സ്യലിസത്തിന്റെ പേരുപറഞ്ഞ് നമ്മുടെ നായികാ സങ്കല്പത്തിന്റെ ചുറ്റുംനിന്ന് തുണിയുരിഞ്ഞാടുന്ന അഭ്രാഭാസം ഒരു അകത്തമ്മയുടെയും ‘സ്ത്രീശക്തി’യെ പ്രതിഷേധിപ്പിച്ചില്ല. സഭ്യതയുടെ വരമ്പുകളെ ഉത്തരോത്തരം നിരാകരിച്ചുകൊണ്ടിരിക്കുന്ന ഫാഷൻഭ്രമം നമ്മുടെ കുട്ടിയെ കീഴടക്കുമ്പോൾ ഉറക്കം നടിക്കുന്നത് മാതാപിതാക്കളാണ്.
സ്ത്രീയെ കേവലം മാംസമായി കാണുകയും ആ വിഭവത്തിന്റെ വിപണനത്തിൽ പൗരോഹിത്യം വഹിക്കാൻ മനസ്സാക്ഷിക്കുത്തില്ലാത്ത സ്ത്രീയെ സജ്ജമാക്കിയെടുക്കുകയും ചെയ്യുന്നത് പുരുഷാധിപത്യമാണ്. എന്നാൽ, പൗഡറിട്ടു വ്രണംമൂടിയ അവളുടെ ബീഭത്സമുഖം ജനങ്ങളിൽ നിന്നു മറയ്ക്കാൻ സാരിത്തുമ്പു വലിച്ചിട്ടുകൊടുക്കുന്ന ‘കാക്കിസേവ’ കൂടി നാം ഇതിനിടെ ഒരു കോടതിവരാന്തയിൽ കണ്ടുകഴിഞ്ഞു. കാമക്കച്ചവടക്കാരുടെ പേരുവിവരങ്ങളെ ‘ശാരി’മാരുടെ മസ്തിഷ്കങ്ങളിൽതന്നെ മരവിച്ചു കളയാനും കേസ് റിപ്പോർട്ടുകളുടെ ലോക്കറുകൾതന്നെ മായ്ച്ചുകളയാനുമൊക്കെ ഉപയോഗിക്കപ്പെട്ട ഉപകരണങ്ങളിൽ സ്ത്രീയുമുണ്ട് എന്നു കരുതാൻ ഇനിയുമേറെ ‘വാർത്തവായന’ വേണമെന്നില്ല. പെൺപളളിക്കൂടത്തിനകത്തു ടീച്ചർ പരുഷപ്രകൃതിയാവുന്നു; കീഴ്ജീവനക്കാരിയോട് അധികാരിവനിത ആവശ്യത്തിലധികം കർക്കശയാവുന്നു; പ്രസവവാർഡിലെ ലേഡിഡോക്ടറും നേഴ്സും ഭൂതദയ മറന്നുപോയിരിക്കുന്നു; സ്ത്രീധനം ബാങ്കിലിട്ടിട്ട് അമ്മായിയമ്മ മരുമകൾക്കായി ഗ്യാസ്നോബ് തുറന്നുവെയ്ക്കുന്നു. അവസാനം ഇവിടെയിതാ ഒരു സ്ത്രീ സ്വന്തം രക്തത്തിൽ തന്നെയുളള ഒരു പിഞ്ചുകുട്ടിയെ കാമഭ്രാന്തന്മാരുടെ കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞ് നശിപ്പിച്ചിരിക്കുന്നു! അഭിനയഭ്രാന്തിൽപ്പെട്ടു സ്വയം ഹോമിക്കുന്നതു ദാരിദ്ര്യംകൊണ്ടു മാത്രമല്ല; കാമത്തിന്റെ അപ്രതിരോധ്യമായൊരു കനൽത്തരി വളരെ തന്ത്രപരമായി അതിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട്; ധനികരിലുമുണ്ടത്. സുരക്ഷയുടെ സുദൃഢ പരിസരങ്ങളുളള പെൺകുട്ടികൾ നേടുമ്പോൾ, ചോദിക്കാനും പറയാനും ആളില്ലാത്ത ‘പൊട്ടത്തി’കൾ കശക്കിയീമ്പപ്പെട്ട് ചീഞ്ഞുപോകുന്നു. ഫാഷൻപരേഡുകളും പട്ടിമഹോത്സവങ്ങളും സംഘടിപ്പിക്കാനും പുരികം പിഴുത് പേഴ്സണാലിറ്റി വർദ്ധിപ്പിക്കാനും ഉഴറിപ്പാഞ്ഞു നടക്കുന്ന ‘സൊസൈറ്റിലേഡി’ക്കുണ്ടോ കൊഞ്ചുകമ്പനികളുടെ തണുതണുത്ത വാടനിലങ്ങളിലും ക്യാമറകളുടെ കഴുകൻ ചുണ്ടുകളിലുംപെട്ട് ചീന്തിത്തകർന്നടിയുന്ന നാടൻ കന്യകാത്വങ്ങളുടെ നീളമില്ലാത്ത നിലവിളികൾക്കു കാതുകൊടുക്കാൻ നേരം! പുരുഷൻ തന്റെ മേധാവിത്വരക്ഷയിലും ഭോഗാനന്ദത്തിലും ഉന്നംവെച്ചുകൊണ്ട് നിയമങ്ങളുണ്ടാക്കുന്നു, സമൂഹത്തെ ചിട്ടപ്പെടുത്തുന്നു. ‘കച്ചികെട്ടാൻ വളളി കച്ചിയിൽത്തന്നെ’ എന്ന തത്ത്വപ്രകാരം സ്ത്രീയെ അടിമയാക്കിവെയ്ക്കാൻ അവൻ സ്ത്രീയെത്തന്നെ ഉപകരണമാക്കുന്നു. ഈ ഭീകരമായ കെണിയെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിച്ചു കൊടുക്കാൻ ആത്മാർത്ഥമായ പദ്ധതിയും പരിപാടിയുമില്ലാത്ത വനിതാപ്രസ്ഥാനങ്ങൾ സമൂഹത്തിന്റെ നാണക്കേടല്ലാതെ മറ്റൊന്നുമാവുന്നില്ല. അതുകൊണ്ട് ‘സംഭവിച്ചതെല്ലാം’ നല്ലതിന്, സംഭവിക്കുന്നതും നല്ലതിന്, സംഭവിക്കാനിരിക്കുന്നതും നല്ലതിന്‘ എന്നതിന്റെ സാരം വർത്തമാന ദുരന്തങ്ങളുടെ തീക്ഷ്ണജ്വാലയുടെ വെട്ടത്തിൽവെച്ചുതന്നെ മക്കൾക്കു പഠിപ്പിച്ചു കൊടുക്കാൻ നമുക്കാവട്ടെ!
Generated from archived content: essay7_jan.html Author: appu_muttara