ധനാർത്തിയും അടിത്തട്ടുരാഷ്‌ട്രീയവും തമ്മിലുളള അവിഹിതവേഴ്്ചയ്ക്ക് എക്കാലവും ‘പിമ്പ്’ വേലചെയ്‌തുപോന്നിട്ടുളളത് ബ്യൂറോക്രസിയാണ്. തജ്ജന്യസന്തതിയോ; പ്രകൃതിനാശവും.
പച്ചത്തുരുത്തുകളുടെ പ്രേതനിലങ്ങളിൽ പേരറിയാത്ത മഹാരോഗങ്ങളുടെ വിഷബീജങ്ങൾ നൂറുമേനി വിളയുമ്പോഴും ആസൂത്രണങ്ങളുടെ പൊങ്ങച്ചബൊമ്മകൾ നാടുവാഴ്‌ചയുടെ നാല്‌ക്കാലിക്കീഴേക്കു തൂക്കിയിട്ടാടുന്ന നാലുമുഴം കോണകത്തിന്റെ നാറ്റമല്ലാതെ എന്തുണ്ടു മിച്ചം?
തീക്ഷ്‌ണദാഹങ്ങൾ ഊഴക്കണക്കിൽ കബളിപ്പിക്കപ്പെടുന്ന നിമ്‌നസ്ഥലികളിൽനിന്ന് രക്താർബ്ബുദത്തിന്റെ തീച്ചാറുനിറഞ്ഞ കുത്തകക്കുപ്പികളുടെ ‘വരപ്രസാദ’ത്തിനായി ധ്യാനമിരിക്കുന്ന ബാല്യ-കൗമാരങ്ങൾ! കഷ്‌ടം; കോച്ചുമഞ്ഞു കലമ്പിപ്പിരിഞ്ഞ ഹരിതശിഷ്‌ടങ്ങളിൽ കരാർപ്പണിക്കാരന്റെ മടിശ്ശീലക്കാമത്തിനു വഴിപ്പെടാൻ കാത്തുകിടക്കുന്ന കക്ഷിരാഷ്‌ട്രീയ നപുംസകത്വം!
വെട്ടിയും, വെളളത്തിൽ മുക്കിയും, തീയിട്ടും നശിപ്പിച്ചതു കേവലം കുറെ കാടിനെയല്ല; അതിജീവനത്തിന്റെ അനന്തസ്വാസ്ഥ്യങ്ങളിലേക്കു പൂത്തിറങ്ങേണ്ടിയിരുന്ന പുഷ്‌ക്കലപുണ്യത്തെയാണ്. ഈ ഉളളറിവിന്റെ താഴ്‌വരകളിലെ നിശ്ശബ്‌ദത പാത്രക്കടവുവഴി പൊന്തിവരാൻ മുരളുന്ന പ്രളയത്താൽ മാത്രമേ ഭഞ്ഞ്‌ജിക്കപ്പെടുകയുളളുവെങ്കിൽ; എങ്കിൽ അവിടെയാണു ദുരന്തത്തിന്റെ ആരംഭം. അസ്‌തിത്വ കാമനയുടെ ആത്മരോദനത്തെ പ്രകൃത്യംബയിൽനിന്ന് ഏറ്റുവാങ്ങിയ ‘സുഗതകൗമാരപുണ്യ’ങ്ങളെ തിരിച്ചറിയുവാൻ മുക്കാൽപങ്കും വരണ്ടുപോയ യുവമസ്‌തിഷ്‌കങ്ങളിൽ ഏത് അണക്കെട്ടാണ് ഇനി പണിയേണ്ടത്?
Generated from archived content: essay3_sep.html Author: appu_muttara