ഉടഞ്ഞുവീഴുമ്പോഴും പരുവപ്പെടാത്ത-
മുഖമില്ലാത്ത കൽച്ചീളുകൾ
ഉരകല്ലായിമാറാൻ തക്കംപാർത്ത്
അടുക്കളത്തളത്തിൽ കഴിയുമ്പോൾ
ഇടിമുഴക്കം പോലൊരുൾവിളി
കല്ലുകൊണ്ടുണ്ടാക്കിയതോ നിന്റെ മനസ്സെന്ന
പടയോട്ടങ്ങളിലെ പരാതി
കല്ലുകൊണ്ടാരു പെണ്ണെന്ന പുതിയ വേദാന്തം
സമാനഹൃദയരുടെയുളളം കനൽച്ചീളായി-
ഒരു കല്ലടുപ്പിൽ കത്തിപ്പടരുമ്പോൾ
മണ്ണു വേവുന്ന ഗന്ധവുമായൊരു ചൂള
ഒരു മഴകൂടിയില്ലെന്ന പരാതിയിൽ
ഉളളുകുളിർക്കാനൊരു കത്തുന്ന ചുംബനം
ഇതുവരെ നാം പിണങ്ങാതിരുന്നതെന്തിന്
പിണങ്ങിയുരുണ്ട് താഴ്‌വരകൾ
തേടിയിരുന്നെങ്കിൽ മുഖം കണ്ണാടിപോലെ,
മിനുസമുളളതാക്കാമായിരുന്നു
പച്ച കൈവിടാതിരിക്കാൻ
പീഡാനുഭവങ്ങളും പങ്കപ്പാടുകളുമായി
ഒരു വെളളാരംകല്ലും കാത്തിരിക്കണം
വെറുതെ, കിനാവു കെടുവോളംവരെ.
Generated from archived content: poem6_june_05.html Author: antony_muniyara