‘Nemo in propria causa judex, esse debet.’
മേലുദ്ധരിച്ച ലാറ്റിൻവാക്യത്തിന്റെ അർത്ഥം ‘No one should be the judge of his own cause.’ എന്നാണ്. കേസിലെ കക്ഷിതന്നെ ജഡ്‌ജിയുടെ കസേരയിലിരുന്ന് വിധിയെഴുതിക്കൂടാ എന്ന് സാരം! നീതിബോധത്തിന്റെയും ധാർമ്മികതയുടെയും ചെറുകണികയെങ്കിലും മനസ്സിൽ അവശേഷിച്ചിട്ടുളളവർ പാലിക്കേണ്ട സാമാന്യ മര്യാദകളിൽ ഒന്നാണത്. സദ്ദാമിന്റെ കാര്യത്തിൽ ഇപ്പോൾ പാലിക്കപ്പെടാതെ പോകുന്നതും ഈ സാമാന്യമര്യാദയാണ്. പക്ഷെ ലോകപോലീസ് ചമയുന്ന അമേരിക്കയെ ഇത്തരം ധാർമ്മിക സമസ്യകളൊന്നും അലട്ടുന്നേയില്ല. സദ്ദാമിനെ കൊല്ലണോ, അതോ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചെയ്യണോ എന്ന കാര്യത്തിൽ മാത്രമാണ് അമേരിക്കയുടെ ചിന്താക്കുഴപ്പം.
കഴിഞ്ഞ ഡിസംബർ 14-ാം തീയതി സഖ്യസേനയുടെ പിടിയിലായ സദ്ദാമിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ആഴ്‌ചകളായി ഏതോ അജ്ഞാതകേന്ദ്രത്തിൽ കന്നുകാലിയെപ്പോലെ കെട്ടിയിട്ട് ഇടിച്ചും തൊഴിച്ചും മയക്കുമരുന്ന് കുത്തിവച്ചും എഫ്.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥന്മാർ സദ്ദാം എന്ന വി.വി.ഐ.പി തടവുകാരനെ പീഡിപ്പിക്കുകയാവുമെന്നതിൽ തർക്കമില്ല.
സദ്ദാം കുറ്റവാളിയാണോ അല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ഒരു രാഷ്‌ട്രത്തലവൻ മറ്റൊരു രാഷ്‌ട്രത്തിന്റെ പിടിയിലാവുമ്പോൾ പാലിക്കപ്പെടേണ്ട അന്താരാഷ്‌ട്ര മര്യാദകൾ എത്രമാത്രം അമേരിക്ക പാലിച്ചു എന്നതാണ് ആദ്യം ചർച്ചചെയ്യപ്പെടേണ്ടത്.
സദ്ദാം പിടിക്കപ്പെട്ടയുടൻ ബുഷിനെയും അമേരിക്കയെയും അഭിനന്ദിച്ചുകൊണ്ട് സന്ദേശങ്ങൾ അയയ്‌ക്കുവാൻ വെമ്പുന്നതിനുപകരം സദ്ദാമിനെ ആര് ചോദ്യംചെയ്യണം, എവിടെവച്ച് ചോദ്യം ചെയ്യണം, എങ്ങനെ ചോദ്യംചെയ്യണം എന്നതിനെപ്പറ്റി ഒരു തീരുമാനമെടുത്ത് അമേരിക്കൻ ഭരണകൂടത്തെ അറിയിക്കുവാനായിരുന്നു അന്താരാഷ്‌ട്രസമൂഹം ശ്രമിക്കേണ്ടിയിരുന്നത്. പകരം ലോക പോലീസ് ഏമാനായ അമേരിക്കയെത്തന്നെ കാര്യങ്ങളെല്ലാം ഏല്‌പിച്ച് കൈയുംകെട്ടി മാറിനില്‌ക്കുകയാണ് യു.എൻ പോലും.
യഥാർത്ഥത്തിൽ സദ്ദാമിനെ ചൊദ്യംചെയ്യാനുളള അവകാശം ആർക്കാണ്? പിടിക്കപ്പെട്ടപ്പോൾതന്നെ ഒട്ടും Biased അല്ലാത്ത ഒരു സമിതിയെ (അമേരിക്കക്കാർ ഉൾപ്പെടാത്ത) സദ്ദാമിനെ ചോദ്യം ചെയ്യുന്നതിനുവേണ്ടി ഐക്യരാഷ്‌ട്രസഭ നിയോഗിക്കേണ്ടതായിരുന്നു. അതിനുപകരം അമേരിക്കയ്‌ക്ക് സദ്ദാമിനെ യഥേഷ്‌ടം കശാപ്പുചെയ്യാൻവേണ്ടി വിട്ടുകൊടുത്തത് തീർത്തും അനീതിയായിപ്പോയി. ഇൻവെസ്‌റ്റിഗേറ്ററും വാദിയും സാക്ഷിയും ജഡ്‌ജിയുമെല്ലാം ഒരാൾതന്നെയായാലത്തെ ദുരവസ്ഥയാണിത്. സദ്ദാമിന് വധശിക്ഷ നല്‌കുന്നതിനോട് ലോകരാഷ്‌ട്രങ്ങൾ പലതും യോജിക്കില്ലെന്നുവന്നാൽ മനുഷ്യനെ ഇഞ്ചിഞ്ചായി കൊന്നുതിന്നുന്ന മാരക വൈറസുകളെ രഹസ്യമായി സദ്ദാമിൽ കുത്തിവയ്‌ക്കുവാനും അമേരിക്ക മടിയ്‌ക്കില്ലെന്നുറപ്പാണ്. അമേരിക്കൻ തടവറയിൽവെച്ച് ജയിലധികൃതർ മാരകരോഗബീജങ്ങളെ ഇൻജക്‌ട് ചെയ്‌തതായുളള ഓഷോ രജനീഷിന്റെ ഒരുകാലത്ത് വിവാദമായ വെളിപ്പെടുത്തലുകൾ വിദേശികളായ വിരോധികളോട് എന്തുംചെയ്യാൻ എഫ്.ബി.ഐയ്‌ക്ക് മടിയില്ലെന്നതിന്റെ തെളിവാണ്.
Generated from archived content: jan_essay3.html Author: adv_sjithesh
Click this button or press Ctrl+G to toggle between Malayalam and English