അമേരിക്കയ്‌ക്ക്‌ മദംപൊട്ടിയാൽ

ആനയ്‌ക്ക്‌ മദംപൊട്ടിയാൽ ചങ്ങലയ്‌ക്കിടാം….! ദൈവം കഴിഞ്ഞാൽപ്പിന്നെ ഭൂലോകത്ത്‌ സർവ്വശക്തർ തങ്ങളെന്നഹങ്കരിക്കുന്ന സാക്ഷാൽ അമേരിക്കയ്‌ക്ക്‌ മദംപൊട്ടിയാലോ..? കലാഷ്‌നിഖോവ്‌ തോക്കുകളുടെയും ബി-52 ബോംബർ വിമാനങ്ങളുടെയും ക്ലസ്‌റ്റർബോംബുകളുടെയും ക്രൂയ്‌സ്‌ മിസൈലുകളുടെയുമൊക്കെ കാതടപ്പിക്കുന്ന ശബ്‌ദശല്യം അവർ ഗന്ധർവ്വസംഗീതംപോലെ ആസ്വദിക്കും. ‘വാർ ഈസ്‌ വൈൻ, വാർ ഈസ്‌ ഡിവൈൻ’ എന്നൊക്കെ യുദ്ധലഹരിമൂത്ത്‌ പാട്ടുപാടും. എതിർരാജ്യത്തിനുമേല അതിവിനാശത്തിന്റെ അഗ്നിവർഷിക്കുന്ന, ഫണം വിടർത്തിയ അമേരിക്കൻ അഹന്തയ്‌ക്കുമുന്നിൽ ന്യായാന്യായങ്ങളുടെ അതിർവരമ്പുകളില്ല. അവർ ചെയ്യുന്നതെന്തും ശരിമാത്രം! ഇറാഖിന്റെ എണ്ണപ്പാടങ്ങൾ സ്വന്തമാക്കുകയെന്ന ഗൂഢലക്ഷ്യം സാധിച്ചെടുക്കാൻ മാസങ്ങൾക്കുമുൻപേ പദ്ധതിയിട്ട പെന്റഗൺ അന്താരാഷ്‌ട്രസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനായി ഉഗ്രനൊരു ന്യായീകരണവും നിരത്തി; ഇറാഖിന്റെ കൈവശം ലോകസമാധാനത്തിന്‌ ഭീഷണിയാകുന്ന വൻ രാസായുധശേഖരമുണ്ടത്രെ! ആയതിനാൽ ഇറാഖിനെ നിരായുധീകരിച്ച്‌ ലോകജനതയ്‌ക്ക്‌ ശാന്തിയും സമാധാനവും സൃഷ്‌ടിച്ചുകൊടുക്കുകയെന്ന ചരിത്രദൗത്യം നടപ്പിലാക്കാൻ അവതരിച്ചിരിക്കുകയാണത്രെ ബുഷ്‌ ജൂനിയർ.

ഇക്കഴിഞ്ഞ ജനുവരി 27-ന്‌ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയിൽ യു.എൻ. നിയോഗിച്ച മുഖ്യ ആയുധപരിശോധകൻ ഹാൻസ്‌ ബ്ലിക്‌സ്‌ ഇറാഖിന്റെ കൈവശം വിനാശകരമായ യാതൊരു ആയുധവുമില്ലെന്ന്‌ റിപ്പോർട്ടു നല്‌കിയതോടുകൂടി അമേരിക്കൻ ആരോപണത്തിന്റെ മുനയൊടിഞ്ഞു. ഇറാഖിന്റെ കൈവശം രാസായുധമുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന്‌ അന്താരാഷ്‌ട്രസമൂഹം തിരിച്ചറിഞ്ഞെന്നായപ്പോൾ യുദ്ധവെറിയനായ ജോർജ്ജ്‌ ബുഷ്‌ തന്റെ അടുത്ത അടവുമായി രംഗത്തെത്തി. ‘സദാംഹുസൈനെ ഭരണത്തിൽനിന്നും നിഷ്‌കാസിതനാക്കി ഇറാഖ്‌ ജനതയെ രക്ഷിക്കാനായി’ അമേരിക്കയുടെ പരോപകാരമനസ്സ്‌ തുടിക്കുന്നത്രെ! ആയതിനാൽ സദ്ദാംഹുസൈനും കുടുംബവും 48 മണിക്കൂറിനുളളിൽ ഇറാഖിൽനിന്നും നാടുവിട്ടില്ലെങ്കിൽ ഇറാഖിനെ ആക്രമിക്കുമെന്നായിരുന്നു പുതിയ വെല്ലുവിളി. ബുഷിന്റെ ഈ ആവശ്യവും യു.എന്നിലെ ഫ്രാൻസ്‌, റഷ്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ നട്ടെല്ലുളള ഭരണത്തലവന്മാർ പരിഹാസത്തോടെയാണ്‌ കണ്ടത്‌! ഇറാഖിജനതയുടെ മോചനത്തിനായി യുദ്ധംചെയ്യുന്നുവെന്ന്‌ പ്രഖ്യാപിച്ച ബുഷിനെ കോഴികളോടുളള കുറുക്കന്റെ സ്‌നേഹത്തോടാണ്‌ ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ ഹോസ്‌നി മുബാരക്ക്‌ ഉപമിച്ചത്‌. അല്ലെങ്കിൽത്തന്നെ, യുദ്ധം ഒഴിവാക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച ഇത്തരം ഡിമാൻഡുകളോട്‌ സ്ഥിരബുദ്ധിയുളള ആർക്കെങ്കിലും യോജിക്കാനാവുമോ? സദ്ദാംഹുസൈനും കുടുംബവും അവർ ജനിച്ചുവളർന്ന മാതൃരാജ്യം ഉപേക്ഷിച്ചുപോകണമെന്നാവശ്യപ്പെടാൻ അന്യരാഷ്‌ട്രത്തലവനായ ബുഷിന്‌ എന്താണവകാശം? മറ്റൊരു രാഷ്‌ട്രത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇത്തരം അനാവശ്യ ഇടപെടലുകൾ അന്താരാഷ്‌ട്രനിയമങ്ങളുടെ നഗ്നമായ ലംഘനമല്ലേ..? അന്താരാഷ്‌ട്ര സമൂഹത്തിന്റെ അനുവാദമില്ലാതെ അമേരിക്കയും ബ്രിട്ടനുംചേർന്നു നടത്തുന്ന യുദ്ധത്തിനുപിന്നിൽ തികച്ചും സ്വാർത്ഥതാത്‌പര്യങ്ങളും കച്ചവടലക്ഷ്യങ്ങളുമാണെന്നു തിരിച്ചറിയുവാൻ ഏറെ ആലോചിക്കേണ്ടതില്ല.

സൗദി അറേബ്യ കഴിഞ്ഞാൽ ലോകത്ത്‌ ഏറ്റവുമധികം എണ്ണനിക്ഷേപമുളള രാജ്യമാണ്‌ ഇറാഖ്‌. 32 ലക്ഷം ബാരൽ എണ്ണയാണ്‌ ദിനംപ്രതി ഇറാഖ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഉത്‌പാദനച്ചെലവ്‌ ലിറ്ററിന്‌ രണ്ടുരൂപ മാത്രവും. ഇത്ര കുറഞ്ഞ ചിലവിൽ എണ്ണയുത്‌പാദനം സാധ്യമാകുന്ന ഒരു പ്രദേശം പിടിച്ചടക്കിയാൽ അന്താരാഷ്‌ട്ര എണ്ണവിപണിയിൽ അമേരിക്കൻ മേധാവിത്വം ഉറപ്പാക്കാമെന്നതാണ്‌ ലോകത്തിന്റെ മുഴുവൻ എതിർപ്പുകളെയും തൃണവത്‌ഗണിച്ചുകൊണ്ട്‌ യുദ്ധത്തിലേയ്‌ക്കെടുത്തുചാടാൻ പെന്റഗണെ പ്രേരിപ്പിച്ചത്‌. എണ്ണപ്പാടങ്ങളാൽ സമ്പന്നമായ ബസ്ര കേന്ദ്രീകരിച്ച്‌ അമേരിക്ക ശക്തമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ പിന്നിലെ മനഃശാസ്‌ത്രവും മേൽപറഞ്ഞതുതന്നെ. വാണിജ്യപ്രാധാന്യമുളള ബസ്രപട്ടണം പിടിച്ചെടുത്താൽ ഇറാഖിനെ സാമ്പത്തികമായി തകർക്കാമെന്നാണ്‌ അമേരിക്കയുടെയും സഖ്യസേനകളുടെയും മറ്റൊരു കണക്കുകൂട്ടൽ.

ഇന്റർനാഷണൽ ലോയും ഇന്റർനാഷണൽ കോർട്ട്‌ ഓഫ്‌ ജസ്‌റ്റിസും യു.എന്നുമൊക്കെ വെറും കടലാസുപുലികളാണെന്നു വരുത്തിത്തീർത്ത അമേരിക്കയ്‌ക്കും ബ്രിട്ടനുമെതിനെ യുദ്ധംതുടങ്ങി ദിവസങ്ങളായിട്ടും കർശനനിലപാടെടുക്കാത്ത ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ കോഫിഅന്നന്റെ ‘കുറ്റകരമായ നിസ്സംഗത’ അറപ്പുളവാക്കുന്നതാണ്‌. അന്താരാഷ്‌ട്ര വിലക്കുകളെ മറിക്കടന്നും ലോക ജനതയ്‌ക്കുമുന്നിൽ നീതികരിക്കപ്പെടാവുന്ന കാരണങ്ങളില്ലാതെയും താൻപോരിമയോടെ യുദ്ധം പ്രഖ്യാപിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുവാൻ ആഗോളകൂട്ടായ്‌മയുണ്ടാക്കുവാനും അതുവഴി യുദ്ധവിരുദ്ധ സമ്മർദ്ദതന്ത്രങ്ങൾ ശക്തിപ്പെടുത്തുവാനും സെക്രട്ടറി ജനറൽ എന്ന നിലയ്‌ക്ക്‌ കോഫിഅന്നൻ പരിശ്രമിക്കേണ്ടതായിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധവെറിക്കെതിരെ നാവുകൊണ്ടെങ്കിലും ശക്തമായി പ്രതികരിച്ച ഫ്രാൻസ്‌, റഷ്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ ഉപയോഗിച്ച്‌, വേണ്ടിവന്നാൽ ഭീഷണിയുടെ സ്വരത്തിൽത്തന്നെ അമേരിക്കയ്‌ക്കും സഖ്യസേനയ്‌ക്കും ശക്തമായ താക്കീതു നല്‌കാൻ കഴിയാതെ പോയത്‌ യി.എൻ.സെക്രട്ടറി ജനറലിന്റെ കഴിവുകേടായി ഗണിക്കപ്പെടേണ്ടതാണ്‌.

യുദ്ധവിരുദ്ധമായ വൻകിടരാജ്യങ്ങൾ ഒരേസ്വരത്തിൽ അമേരിക്കയ്‌​‍്‌ക്കും ബ്രിട്ടനും നേരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നെങ്കിൽ ഇത്തരമൊരു യുദ്ധം ഉണ്ടാകുമായിരുന്നില്ല. ലോകത്തെ അമേരിക്കൻ ഇതര അണുശക്‌തി രാജ്യങ്ങളുടെ ഒരു കൂട്ടായ്‌മയുണ്ടായിരുന്നെങ്കിൽ അമേരിക്കയുടെ ലോകപോലീസ്‌ ചമയലിന്‌ അറുതിവരുത്താമായിരുന്നു. ഇത്തരം സാധ്യതകളൊന്നും പ്രയോഗത്തിൽ വരുത്താതെ സ്വന്തം കടമ നിർവഹിക്കുന്നതിൽ വിട്ടുവീഴ്‌ചവരുത്തിയ യു.എന്നിനും യുദ്ധക്കെടുതിയിൽ ചത്തൊടുങ്ങുന്ന പാവം ഇറാഖിജനതയുടെ ചോരയിൽ പങ്കുണ്ട്‌.

അമേരിക്കൻ നിർബന്ധത്തിനു വഴങ്ങി ബ്ലിക്‌സ്‌ എന്ന ആയുധപരിശോധകന്റെ നേതൃത്വത്തിൽ നാനൂറോളം ഉദ്യോഗസ്ഥന്മാരെ ഇറാഖിലയച്ച്‌ ആഴ്‌ചകളോളം നീണ്ടുനിന്ന ആയുധപരിശോധന നടത്തിച്ച യു.എൻ, പരിശോധനാഫലമടങ്ങുന്ന റിപ്പോർട്ടിന്റെ കോപ്പി അമേരിക്കയ്‌ക്കുകൂടി നല്‌കിയതുവഴി ഇറാഖിന്റെ സൈനികശേഷി സംബന്ധിച്ച രഹസ്യങ്ങളാണ്‌ ഫലത്തിൽ ചോർത്തിക്കൊടുത്തത്‌. രാസായുധം പോയിട്ട്‌ കാര്യമായ പ്രഹരശേഷിയുളള യാതൊരായുധവും ഇറാഖിനു സ്വന്തമായിട്ടില്ലെന്ന്‌ യു.എൻ. ആയുധപരിശോധകർ വഴി മനസ്സിലാക്കിയ അമേരിക്കയും ബ്രിട്ടനും കൂടുതൽ ആത്മവിശ്വാസത്തോടെയാണ്‌ സൈനികരെ ഇറാഖിലേക്കയച്ചിരിക്കുന്നത്‌. ശത്രുവിന്റെ കൈവശം ഒരു പേനാക്കത്തിപോലുമില്ലെന്ന്‌ മുൻകൂട്ടിയറിഞ്ഞാൽ, അവനിട്ട്‌ ധൈര്യത്തോടെ രണ്ട്‌ ‘പെടപെടയ്‌ക്കാ’മല്ലോ? എങ്ങനുണ്ട്‌ ബുഷ്‌സായിപ്പിന്റെ ബുദ്ധി! അമേരിക്കയുടെ ഇത്തരം അതിബുദ്ധികൾ നടപ്പാക്കുന്നതിന്‌ കൂട്ടുനിന്ന്‌ പച്ചക്കൊടി വീശിയ ‘സമാധാനപ്രിയൻ’ കോഫി അന്നനിൽനിന്നും 2001-ലെ സമാധാനത്തിനുളള ‘നൊബേൽ സമ്മാനം’ അടിയന്തിരമായി തിരിച്ചുവാങ്ങുകയായിരുന്നു സ്വീഡിഷ്‌ അക്കാദമി ചെയ്യേണ്ടിയിരുന്നത്‌.

ഇറാഖിനുനേരെ നിയമവിരുദ്ധമായ ആക്രമണത്തിനു മുതിർന്ന അമേരിക്കയ്‌ക്കും ബ്രിട്ടനുമെതിരെ പാർലമെന്റിൽ ഒരു പ്രതിഷേധപ്രമേയംപോലും പാസ്സാക്കാൻ ധൈര്യപ്പെടാത്ത ഇന്ത്യാഗവൺമെന്റിന്റെ നിലപാടും ഏറെ അപഹാസ്യമാണ്‌.

സെപ്‌തംബർ 11-ന്റെ വേൾഡ്‌ ട്രെയ്‌ഡ്‌ സെന്റർ ആക്രമണത്തിനുശേഷം അമേരിക്ക കുതിരക്കയറ്റം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ്‌ ഇറാഖ്‌. ഡിസംബർ 13-ന്‌ ഇന്ത്യൻ പാർലമെന്റിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്‌ അതിർത്തിയിൽ സൈനികവിന്യാസം നടത്തിയ ഇന്ത്യയെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കാൻ അന്ന്‌ ‘സമാധാനപ്രേമികൾ’ ചമഞ്ഞ അമേരിക്ക എന്തൊക്കെ സമ്മർദ്ദതന്ത്രങ്ങളാണ്‌ പയറ്റിയത്‌. അമേരിക്ക യുദ്ധത്തിനു കാരണമായി നിരത്തുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാൽ ഇന്ത്യ ഇതിനോടകം പാക്കിസ്ഥാനെ ‘കാക്കത്തൊളളായിരം’ തവണ ആക്രമിക്കേണ്ടിയിരുന്നു. പാക്‌ ഭീകരവാദത്തിനുമുന്നിൽ ക്ഷമയുടെ നെല്ലിപ്പലകകണ്ട ഘട്ടത്തിൽ ഇന്ത്യ യുദ്ധത്തിനൊരുങ്ങിയപ്പോൾ മാക്കിയവല്ല്യൻ തന്ത്രങ്ങളുമായി പിന്തിരിപ്പിക്കാനെത്തിയ അമേരിക്ക, യുദ്ധം തുടങ്ങാനുളള അവകാശംപോലും അമേരിക്കൻ കുത്തകയാണെന്നുളള സന്ദേശമാവണം നൽകിയത്‌. ഇതൊന്നും മനസ്സിലാക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്ക്‌ കഴിയുന്നില്ലെന്നുമാത്രം.

ഇറാഖ്‌ പ്രശ്‌നംപോലെയുളള അത്യന്തം ഗൗരവമേറിയ അന്താരാഷ്‌ട്ര പ്രശ്‌നങ്ങളിൽ സമയോചിതമായ ഇടപെടലുകൾ നടത്തിയ ആഗോള നേതൃത്വനിരയിലേക്കുയരാനുളള പാടവമാണ്‌ ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾക്ക്‌ ഇല്ലാതെപോയത്‌.

ഇന്ത്യൻ നയതന്ത്ര വൈദഗ്‌ദ്ധ്യത്തിന്റെ തണലിൽ ലോകശ്രദ്ധയാകർഷിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ വേദികളിൽപോലും ഇന്ന്‌ ഇന്ത്യൻ ഭരണാധികാരികളുടെ ശബ്‌ദത്തിന്‌ വേണ്ടത്ര പിന്തുണയില്ലാതെ പോകുന്നതിന്റെ കാരണം സ്വന്തവും സുദൃഢവുമായ നിലപാടുകളുടെ അഭാവമാണ്‌. സാമ്പത്തികസഹായം എന്ന മോഹനവാഗ്‌ദാന മരീചികയിൽപെട്ട്‌ അമേരിക്കൻ സാമ്രാജ്യത്വത്തിനുമുന്നിൽ വാമൂടിക്കെട്ടി ആശ്രിതഭാവത്തോടെ നില്‌ക്കുകയാണ്‌ ഇന്നത്തെ ഇന്ത്യൻ ഭരണകൂടം.

ദൗർഭാഗ്യകരമെന്നു പറയട്ടെ, സാമ്പത്തികമായി ഇന്നത്തെ ലോകക്രമം അമേരിക്കൻ ഏകധ്രുവമാണ്‌. അമേരിക്കയുടെ കൊളോണിയൽ യുദ്ധനയത്തെ വേണ്ടരീതിയിൽ പ്രതിരോധിക്കുവാൻ മറ്റുരാജ്യങ്ങൾ മടിക്കുന്നതിനു പിന്നിലെ മനഃശാസ്‌ത്രവും ഇതുതന്നെയാണ്‌. പോരെങ്കിൽ അമേരിക്ക അപാരമായ സൈനികശേഷിയുളള രാജ്യവും. മൂന്നുലക്ഷം സൈനികർക്കുപുറമെ മാരക പ്രഹരശേഷിയുളള എഫ്‌-117 ബി നൈറ്റ്‌ ഹാക്‌സ്‌ ബോംബർ വിമാനങ്ങളുൾപ്പെടെ 1000 യുദ്ധവിമാനങ്ങളുടെയും 5 വിമാനവാഹിനിക്കപ്പലുകളുടെയും മുപ്പതിലേറെ മുങ്ങിക്കപ്പലുകളുടെയും ബി-1, ബി-52 ബോംബർ വിമാനങ്ങളുമുൾപ്പെടെ വൻസൈനിക സന്നാഹത്തിന്റെയും പിൻബലത്തോടെയാണ്‌ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ ബോംബുവർഷത്തിനാണ്‌ ബാഗ്‌ദാദും ബസ്രയും സാക്ഷിയാകുന്നത്‌. വരുംതലമുറകൾക്കുപോലും ഭീഷണിയുയർത്തുന്ന ക്ലസ്‌റ്റർബോംബുകൾ, 21000 പൗണ്ട്‌ ഭാരമുളള മോബ്‌ബോംബുകൾ, നാപാം ബോംബുകൾ, ടോമഹാക്‌ മിസൈലുകൾ, ക്രൂസ്‌ മിസൈലുകൾ…. അമേരിക്കൻ അത്യാധുനിക യുദ്ധോപകരണങ്ങളുടെ പരീക്ഷണ പ്രകടനങ്ങൾക്കുമുന്നിൽ ഗിനിപ്പന്നികളാകുന്ന ഇറാഖിലെ ഹതഭാഗ്യരായ ജനതയുടെ ജീവന്‌ ഇനി ആരുത്തരംപറയും…? പാവം ഇറാഖിക്കുഞ്ഞുങ്ങൾ… അങ്കക്കലിപൂണ്ട സഖ്യരാജ്യങ്ങളുടെ മുന്നേറ്റം പിഞ്ചുമേനികളിൽ ചോരകൊണ്ട്‌ ഹോളി ആഘോഷിച്ചാവുമല്ലോ!

Generated from archived content: essay_yudham.html Author: adv_sjithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here