വിൽക്കാനുണ്ട്‌ അറസ്‌റ്റ്‌ വാറണ്ടുകൾ!

കോടതി = ‘കോടികളുടെ അനീതി കൊടികുത്തിവാഴുന്ന ഇടം.’

ഭാഷാനിഘണ്ടുവിൽ ഇത്തരത്തിലൊരു നിർവ്വചനം അച്ചടിച്ചുകണ്ടാലും ആരും അത്ഭുതപ്പെടേണ്ടതില്ല. ജഡ്‌ജിക്ക്‌ അവരുടെ ‘സ്വന്തക്കാരായ’ ചില അഭിഭാഷകർ മുഖേന കൈക്കൂലി കൊടുക്കാനുണ്ടെങ്കിൽ ഏതു മാന്യനെയും മര്യാദക്കാരനെയും കളളക്കേസിൽ കുടുക്കുകയും കോടതിവരാന്തയിൽ മണിക്കൂറോളം നിർത്തി ബോറടിപ്പിക്കുകയും ചെയ്യാം. ഒരെറുമ്പിനെപ്പോലും നോവിക്കാത്തവനെതിരെയും ‘അറസ്‌റ്റ്‌ വാറണ്ട്‌’ തരപ്പെടുത്താം. ആരാധ്യനായ രാഷ്‌ട്രപതിയോ ചീഫ്‌ജസ്‌റ്റിസോ ആരുമായിക്കൊളളട്ടെ കോഴ റെഡിയെങ്കിൽ അവർക്കെതിരെയുളള വാറണ്ടും റെഡി!

ഇന്ത്യയിലെ കീഴ്‌ക്കോടതികളിൽ നടക്കുന്ന അഴിമതി പൊതുജനശ്രദ്ധയിലെത്തിക്കുവാൻ വേണ്ടി ഒരു സ്വകാര്യചാനൽ ലേഖകൻ നാല്‌പതിനായിരം രൂപ കോഴ കൊടുത്ത്‌ സാക്ഷാൽ സുപ്രീം കോടതി ചീഫ്‌ജസ്‌റ്റിസിനും രാഷ്‌ട്രപതിക്കുമെതിരെ വരെ ഗുജറാത്തിലെ അഹമ്മദാബാദ്‌ മെഘാനിനഗർ കോടതിയിൽനിന്നും അറസ്‌റ്റ്‌വാറണ്ട്‌ തരപ്പെടുത്തിയതോടെയാണ്‌ ഞെട്ടിപ്പിക്കുന്ന ഈ യാഥാർത്ഥ്യം പുറംലോകവും അറിഞ്ഞത്‌. ഗുജറാത്തിലെ ഒരു മജിസ്‌ട്രേറ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചതറിഞ്ഞ്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഞെട്ടിപ്പോയിരിക്കണം! കടുവയെ കിടുവപിടിച്ച അവസ്ഥ!

കീഴ്‌ക്കോടതിയിലെ ജുഡീഷ്യൽ ഓഫീസർമാർക്കെതിരായ നാണംകെട്ട ആരോപണങ്ങൾ പുറംലോകം അറിയാൻ തുടങ്ങിയിട്ട്‌ അധികകാലമായിട്ടില്ല. മുംബൈയിലെ ഒരു വനിതാജഡ്‌ജിയെ ടിക്കറ്റെടുക്കാതെ പതിവായി ട്രെയിൻയാത്ര ചെയ്‌തതിന്‌ റെയിൽവേയിലെ എക്‌സാമിനർ പിടിച്ച സംഭവം, കർണ്ണാടകയിലെ ജഡ്‌ജിമാരുമായി ബന്ധപ്പെട്ടുണ്ടായിട്ടുളള പെൺവാണിഭക്കഥകൾ, കേരളത്തിലെ ഒരു ഹൈക്കോടതി ജഡ്‌ജി തന്റെ വാഹനത്തെ ‘ഓവർടേക്ക്‌’ ചെയ്‌ത യുവാവിനെ അടിച്ചുവീഴ്‌ത്തിയ സംഭവം….ഇങ്ങനെ പോകുന്നു അറിഞ്ഞതും അറിയാനിരിക്കുന്നതുമായ നെറികേടിന്റെ കഥകൾ….നീതിയുടെ കാണപ്പെട്ട രൂപങ്ങളായി നാം ധരിച്ചുവെച്ചിരിക്കുന്നവർക്കുതന്നെ ഗുരുതരമായ കുറ്റങ്ങൾ പറ്റിയാലോ?

കീഴ്‌ക്കോടതികളിലെ ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനങ്ങൾ സംബന്ധിച്ച്‌ നിലവിലുളള സമ്പ്രദായങ്ങളുടെ അശാസ്‌ത്രീയതയാവാം അപക്വമതികളായ ജഡ്‌ജിമാർ നമ്മുടെ ജുഡീഷ്യറിയിൽ കടന്നുകൂടാൻ ഇടയാകുന്നതിന്റെ സുപ്രധാന കാരണങ്ങളിലൊന്ന്‌. ജഡ്‌ജി നിയമനത്തിന്‌ ഉദ്യോഗാർത്ഥിയുടെ പരീക്ഷാവിജയവും പഠനമിടുക്കും മാത്രം മാനദണ്ഡമാക്കുമ്പോൾ അവനിലെ നീതിബോധത്തിന്റെയും ധാർമ്മികതയുടെയും അപര്യാപ്‌തതകൾ ആരും കാണാതെ പോകുന്നു. ഫലമോ വേലിയുടെ വിളവുതീറ്റയും!

Generated from archived content: essay5_mar.html Author: adv_sjithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here