‘മത’വും ‘മദ’വും തമ്മിൽ അർത്ഥവ്യത്യാസം ഇല്ലാതാവുകയാണെന്ന് പൊളളുന്ന വർത്തമാനകാല യാഥാർത്ഥ്യമാണ്. പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ മതത്തിന്റെ പേരിലുണ്ടായിട്ടുളള ദുർന്നിമിത്തങ്ങളാണ് ഇത്തരത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. മതതീവ്രവാദവും മതാന്ധതയും മതോപാസനയും മുൻകാലങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. സാർസിനെക്കാളും എയ്‌ഡ്‌സിനെക്കാളുമൊക്കെ ഭീകരമാണ് ഈ ദുരവസ്ഥ.
മതതീവ്രവാദത്തെ പ്രതിരോധിക്കുന്നതോടൊപ്പം ജാതിയുടെയും മതത്തിന്റെയും പേരിൽ സൃഷ്‌ടിക്കപ്പെടുന്ന ഉപസമൂഹങ്ങളുടെ കാര്യത്തിലും അതിലൂടെയുണ്ടാകുന്ന ചേരിതിരിവുകൾക്കെതിരെയും ജാഗ്രതയുണ്ടാകേണ്ടിയിരിക്കുന്നു. കമ്യൂണിസ്‌റ്റ് രാജ്യങ്ങളെന്നും ക്യാപിറ്റലിസ്‌റ്റ് രാജ്യങ്ങളെന്നും പണ്ടുണ്ടായിരുന്ന ചേരിതിരിവിന്റെ സ്ഥാനത്ത് ‘ആഗോള മുസ്ലീം സമൂഹം’, ‘ആഗോള ക്രിസ്‌ത്യൻ സമൂഹം’ എന്നിങ്ങനെ പുതിയ ചേരികൾ ലോകരാജ്യങ്ങൾക്കിടയിൽ തന്നെ ബലപ്പെട്ടുവരുന്നുവെന്ന വസ്‌തുത നിസ്സാരമായി കാണാവുന്നതല്ല.
പുതിയ നൂറ്റാണ്ട് ഇതിനോടകംതന്നെ സാക്ഷ്യംവഹിച്ച രണ്ടു യുദ്ധങ്ങളുടെയും ഇസ്രയേൽ-പാലസ്‌തീൻ സംഘർഷങ്ങളുടെയും പിന്നാമ്പുറത്ത് മതത്തിന്റെ രാഷ്‌ട്രീയമാണ് അനാവരണം ചെയ്യപ്പെടുന്നത്. ഗുജറാത്ത് സംഭവം മുതല മാറാട് കൂട്ടക്കൊലവരെ നീളുന്ന സമീപകാല ഇന്ത്യൻ കലാപങ്ങളുടെയെല്ലാം പേരിൽ പ്രതിക്കൂട്ടിലാക്കപ്പെടേണ്ട ‘യഥാർത്ഥ വില്ലൻ’ മതമാണ്.
മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചിലുകളെയും മനുഷ്യക്കുരുതികളെയും മുൻനിർത്തി കാലഹരണപ്പെട്ട മതസങ്കല്പങ്ങൾക്കും മതാത്മകതയ്‌ക്കും മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണ്. ദൈവവിശ്വാസം കൊണ്ടും പ്രാർത്ഥനകൾകൊണ്ടും മനുഷ്യമനസ്സുകൾ വിമലീകരിക്കപ്പെടുന്നുണ്ടെങ്കിൽ മതങ്ങൾ വാഴ്‌ത്തപ്പെടേണ്ടതു തന്നെയാണ്. പക്ഷെ ദൗർഭാഗ്യവശാൽ പലപ്പോഴും മറിച്ചാണു സംഭവിക്കുന്നതെന്നു മാത്രം.
പ്രാർത്ഥനയിലൂടെ ഉച്ചരിക്കപ്പെടുന്ന വാക്കുകളിലെ ആത്മാർത്ഥത പ്രവർത്തിയിലൂടെ പ്രതിഫലിക്കപ്പെടുന്നില്ലെങ്കിൽ ആരാധനാലയങ്ങളിൽ ദിനംപ്രതി അരങ്ങേറുന്ന പ്രാർത്ഥന എന്ന ‘അധരവ്യായാമ’ത്തിന്റെ ആവശ്യമെന്താണ്? മതവിശ്വാസികളെ ആത്മീയവാദികളെന്നു കരുതിപ്പോന്നിരുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഭൗതികവാദികൾ അടിസ്ഥാനപരമായി പണത്തെ ആദരിക്കുകയും സമ്പത്തുളളവരെ മാത്രം മഹാന്മാരായി കാണുകയും ചെയ്യുമ്പോൾ ആത്മീയവാദികൾ മനസ്സിനെ ആദരിക്കുകയും വിശാലമായ മനസ്സുളളവരെ മാത്രം വലിയവരായി ഗണിക്കുകയും ചെയ്യുന്നതായാണല്ലോ സങ്കല്പം. അങ്ങനെയെങ്കിൽ ഭൂരിപക്ഷം മതമേലാളന്മാരും തികഞ്ഞ ഭൗതികവാദികൾ തന്നെ! ദിവ്യദൃഷ്‌ടികളും ജ്ഞാനസിദ്ധികളുമൊക്കെ നേടാനുറച്ച് ഇറങ്ങിത്തിരിച്ചവർ അത്യാവശ്യം സഹിഷ്‌ണുതയും നിർമ്മലമനസ്ഥിതിയും പുലർത്തിപ്പോരേണ്ടതല്ലേ. ആത്മീയനേതാക്കളെന്ന് സമൂഹം സ്ഥാനപ്പേരുനൽകി ആദരിച്ചുപോന്നിരുന്നവർ ഭൗതിക കാര്യങ്ങളിൽ നടത്തുന്ന അനാവശ്യവും ംലേഛവുമായ ഇടപെടലുകളുടെ ഉത്തമോദാഹരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ക്രിസ്‌തീയ സഭാതർക്കങ്ങൾ, അയോധ്യയിൽ ശിലാന്യാസത്തിന്റെ പേരിൽ സന്യാസിവൃന്ദം നടത്തുന്ന ജ്വരമൂർഛാപ്രകടനങ്ങൾ, മദ്രസകളുടെ കാടൻ ‘ജിഹാദ്’ പ്രഖ്യാപനങ്ങൾ…ആത്മീയതയെക്കുറിച്ചും പരിത്യാഗത്തെക്കുറിച്ചും വൃഥാ വായിട്ടലയ്‌ക്കുമെങ്കിലും ഉളളുകൊണ്ട് ഭൗതികതയെ കാമിക്കുന്നതാണ് സർവ്വമതങ്ങളിലെയും സന്യാസസമൂഹത്തിനുവന്നു ഭവിച്ച ഗതികേട്.
തൂണിലും തുരുമ്പിലും പോലും ഈശ്വരനുണ്ടെന്നു വിശ്വസിക്കുന്നവർക്ക് മുസ്ലീം പളളിയിലും ക്രിസ്‌ത്യൻ ദേവാലയത്തിലും ഈശ്വരനുണ്ടെന്നു വിശ്വസിക്കുവാൻ മാത്രം എന്താണിത്ര വിമ്മിട്ടം…?
ഭഗവത്‌ഗീത 12-ാം അദ്ധ്യായത്തിലെ അനാസക്തിയോഗം (ഭക്തർ ആരെയും ദ്വേഷിക്കുകയില്ല, അവന് ആരോടും വൈരമില്ല, സകല പ്രാണികളോടും കരുണ കാണിക്കും, മമത ഉപേക്ഷിക്കും, അഹംഭാവം വിട്ടുകളയും, തെറ്റുകളോടു ക്ഷമിക്കും, അവന് ഹർഷശോകഭയാദികളില്ല.) വായിച്ചു മനഃപാഠമാക്കിയ സന്യാസിമാർ എന്തേ വംശീയതയുടെയും പോയകാല അധിനിവേശങ്ങളുടെയും ചരിത്രംപേറി വെറുതെ മനസ്സ് പുണ്ണാക്കുന്നു. കരിങ്കല്ലിലും കുരിശിലും ചന്ദ്രക്കലയിലുമൊക്കെ ദൈവത്തെ കാണുകയും ആരാധിക്കുകയും ചെയ്യുന്നവർ സഹജീവികളിൽ മാത്രം എന്താണ് ദൈവത്തെ കാണാത്തത്? ‘വെറും’ പ്രാർത്ഥന എന്ന അധരവ്യായാമം അവസാനിപ്പിച്ച് പ്രവൃത്തി എന്ന പ്രായോഗികതയിലേക്കു കടക്കുവാൻ മതങ്ങൾ വിശ്വാസികളെ പ്രേരിപ്പിക്കേണ്ടുന്ന കാലം അമാന്തിച്ചിരിക്കുന്നു. ആൾക്കൂട്ടത്തിന്റെ ഹുങ്കാരങ്ങൾക്കൊപ്പിച്ച് ആടിത്തുളളാതെ മാനവികതയുടെ മഹാവ്യാഖ്യാതാക്കളായി മാറട്ടെ മതപണ്ഡിതന്മാർ. നിരാലംബരുടെ മുറിവേറ്റ ഹൃദയങ്ങളിലേക്കാകട്ടെ വിശ്വാസികളുടെ തീർത്ഥയാത്ര! അല്ലെങ്കിൽ Nihilism-ത്തിന്റെ പ്രവാചകനായ നീത്‌ഷേയെപ്പോലെ ചിലർക്കെങ്കിലും ഈശ്വരൻ ആത്മഹത്യചെയ്‌തെന്ന് വിശ്വസിക്കേണ്ടിവരും.
Generated from archived content: essay4_june.html Author: adv_sjithesh
Click this button or press Ctrl+G to toggle between Malayalam and English