എക്‌സ്‌പ്രസ്‌ ഹൈവേഃ സാധാരണക്കാരന്‌ അഗ്നിപാതയോ?

പെരുവഴിയിലാക്കുന്ന പദ്ധതി

‘ഹൈവേ’ എന്നാൽ ‘പെരുവഴി’ എന്ന്‌ ശുദ്ധമലയാളം. അങ്ങനെയെങ്കിൽ എക്‌സ്‌പ്രസ്‌ ഹൈവേയെ മലയാളികളെ എളുപ്പത്തിൽ ‘പെരുവഴി’യിലാക്കുന്ന പദ്ധതിയെന്നും ‘പരിഭാഷിക്കാം!’

കൈയിൽ ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടറുമായി നടക്കുന്ന മുനീറെന്ന ഹൈടെക്‌ മന്ത്രിയുടെ ‘സ്വപ്‌നപാത’ യാഥാർത്ഥ്യമായാൽ കേരളം കടക്കെണി പെരുത്ത്‌ പെരുവഴിയിലാകുമെന്നുറപ്പ്‌. ദോഷൈകദൃക്കുകളായ ഒരുപറ്റം ബുദ്ധിജീവികളും പരിസ്ഥിതിവാദികളും പൊതുപ്രവർത്തകരും ചേർന്ന്‌ ഒരു ഗംഭീര റോഡുവികസനപദ്ധതിയെ കണ്ണുംപൂട്ടി എതിർക്കുകയാണെന്നു വിശ്വസിക്കുന്നവർ എക്‌സ്‌പ്രസ്‌ ഹൈവേയെക്കുറിച്ച്‌ വിശദമായി പഠിച്ച്‌ ഒരു ഗുണദോഷവിചിന്തനം നടത്താൻ അടിയന്തിരമായി തയ്യാറെടുക്കേണ്ടതാണ്‌. അതല്ലെങ്കിൽ അല്‌പലാഭവും പെരിയനഷ്‌ടവും വരുത്തിവയ്‌ക്കാൻ പോകുന്ന ഒരു തുഗ്ലക്ക്‌ മോഡൽ റോഡ്‌ വികസനപദ്ധതിക്ക്‌ മൗനാനുവാദം നൽകിയ മഹാവിഡ്‌ഢികളായി നാളത്തെ തലമുറ അവരെ പഴിക്കാതിരിക്കില്ല.

എക്‌സ്‌പ്രസ്‌ ഹൈവേ എന്ത്‌?

കാസർകോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ ചാലിങ്കലിൽനിന്നും തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം വരെ 507 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും തറനിരപ്പിൽനിന്നും 10 മീറ്ററോളം ഉയരത്തിലും 12000 കോടിയിലേറെ രൂപ ചെലവിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന പെരുവഴി. 100-125 കിലോമീറ്റർ ശരാശരി വേഗതയിലോടുന്ന വാഹനങ്ങൾക്കുവേണ്ടി മാത്രമുളളതാണ്‌ ഈ അതിവേഗപാത. വയനാട്‌, ഇടുക്കി, ആലപ്പുഴ ഒഴികെയുളള ജില്ലകളിലൂടെ ഈ ഃ‘പെരുവഴി’ കടന്നുപോകുന്നുണ്ട്‌.

പാതയോ അതോ മതിലോ?

എക്‌സപ്രസ്‌വേ യഥാർത്ഥത്തിൽ ഒരു മതിലാണ്‌. കയറ്റവും ഇറക്കവുമില്ലാതെ ഒരേ നിരപ്പിലുളള റോഡ്‌ പണിയുകയെന്ന ലക്ഷ്യമായതിനാലാണ്‌ പാത തറനിരപ്പിൽനിന്നും 10 മീറ്ററോളം ഉയരത്തിൽ പണിയുന്നത്‌. കേരളത്തിന്റെ നെഞ്ചിലൂടെ തെക്കുവടക്കായി 507 കിലോമീറ്റർ നീളമുളള ഒരു പെരിയമതിൽ. പെരുമതിലിനു മുകളിൽ 100 മീറ്റർ വീതിയിലൊരു പെരുവഴി. പെരുവഴിയുടെ ഇരുവശങ്ങളിലും വേലിക്കെട്ടുകളുമുണ്ട്‌.

പദ്ധതിയുടെ ചിലവ്‌

12000 കോടിയിലേറെ രൂപ മുതൽമുടക്കിയാൽ മാത്രമേ എക്‌സ്‌പ്രസ്‌വേ എന്ന ‘മുനീറിയൻ ഡ്രീം പ്രോജക്‌ട്‌’ പൂർത്തിയാകുകയുളളുവത്രെ! ഏകദേശം 5 കോടി ലോറി മണ്ണും 4 ലക്ഷം ലോറി മണലും 8 ലക്ഷം ലോറി മെറ്റലും വേണ്ടിവരുമത്രെ ഈ മതിൽപ്പാത പണിതെടുക്കുവാൻ! എക്‌സ്‌പ്രസ്‌വേ കടന്നുപോകുന്ന സ്ഥലങ്ങളിലെ കുടിയൊഴിപ്പിക്കൽ ചെലവുതന്നെ 2000 കോടി രൂപ കവിയും.

ആർക്കൊക്കെ, എപ്പോഴൊക്കെ എക്‌സ്‌പ്രസ്‌വേ ഉപയോഗിക്കാം?

സാധാരണ റോഡുകൾ മുറിച്ചു കടക്കുന്ന രീതിയിൽ ഏത്‌ അണ്ടനും അടകോടനും ഏതുനേരത്തും ഈ ഹൈവേയിലേക്ക്‌ പ്രവേശിക്കുവാനോ മുറിച്ചുകടക്കുവാനോ സാധിക്കില്ല. പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന 19 പ്രവേശനകവാടങ്ങൾവഴി മാത്രമേ എക്‌സ്‌പ്രസ്‌വേയിലേക്ക്‌ കടക്കുവാൻ കഴിയുകയുളളു. 100-125 കിലോമീറ്ററാണ്‌ ഈ പാതയിലെ വാഹനങ്ങളുടെ ശരാശരിവേഗത. ഈ വേഗതയിൽ മണിക്കൂറുകളോളം തുടർച്ചയായി ഓടുവാൻ ശേഷിയുളള വാഹനങ്ങൾക്കു മാത്രമേ ഈ പാതയിലേക്ക്‌ പ്രവേശനമുളളൂ. 1000 സിസിയ്‌ക്ക്‌ മുകളിലുളള വാഹനങ്ങൾക്കു മാത്രമേ ഈ പാതയിലേക്ക്‌ പ്രവേശനമുളളൂ. ബൈക്കും മാരുതി 800 പോലെയുളള ഇടത്തരക്കാരന്റെ വാഹനങ്ങൾക്കുമൊന്നും ഈ റോഡിൽ പ്രവേശിക്കാനാവില്ലെന്നു സാരം. ഇന്ത്യൻ നിർമ്മിത വാഹനങ്ങളിൽ ഭൂരിപക്ഷത്തിനും എക്‌സ്‌പ്രസ്‌വേയിൽ പ്രവേശിക്കുവാനുളള ക്ഷമതയോ യോഗ്യതയോ ഇല്ലെന്ന്‌ എടുത്തു പറയേണ്ടതില്ലല്ലോ? ചുരുക്കത്തിൽ ബഹുരാഷ്‌ട്രക്കമ്പനിക്കാരന്റെ ഇരുപത്തഞ്ചും അമ്പതും ലക്ഷം രൂപ വിലവരുന്ന വിദേശനിർമ്മിത കാറുകൾക്കുവേണ്ടിയാണ്‌ ഈ പാത. പാതയിലേക്കുളള 19 പ്രവേശനകവാടങ്ങളിലും പ്രത്യേക ടോൾഗേറ്റുകളുണ്ടാകും. കിലോമീറ്ററിന്‌ 2 രൂപയും ഹെവി വെഹിക്കിളുകൾക്ക്‌ 5 രൂപയും ടോൾ കൊടുക്കണം. അക്കണക്കിന്‌ ചാലിങ്കലിൽനിന്ന്‌ കഴക്കൂട്ടത്തുവരെ കാറിൽ യാത്ര ചെയ്യുന്നയാളിന്‌ (507*2) 1014 രൂപ ടോൾ കൊടുക്കേണ്ടിവരും. ഇത്രയധികം രൂപ ടോൾകൊടുത്ത്‌ യാത്രചെയ്യുവാൻ അധികം വിഡ്‌ഢികൾ കേരളത്തിലുണ്ടാവുമെന്ന്‌ തോന്നുന്നില്ല.

2000ത്തിലേറെ വീടുകൾ തകർക്കുന്ന പദ്ധതി

കേരളം 38683 ച.കി.മീ. മാത്രം വിസ്‌തൃതിയുളള തീരെ കൊച്ചു സംസ്ഥാനമാണ്‌. ഇവിടെയിപ്പോൾതന്നെ ഒരു ചതുരശ്രകിലോമീറ്ററിന്‌ 4 കിലോമീറ്റർ എന്ന കണക്കിൽ റോഡുണ്ട്‌. എക്‌സ്‌പ്രസ്‌വേ പ്രാവർത്തികമാകുന്നതോടെ 2500 ഹെക്‌ടറിലധികം സ്ഥലംകൂടി കവർന്നെടുത്തുകൊണ്ടായിരിക്കും റോഡ്‌ വികസനം ഉണ്ടാകുന്നത്‌. ഇതിൽ 890 ഹെക്‌ടർ കൃഷി ഭൂമിയും 2950 ഹെക്‌ടർ തോട്ടഭൂമിയും 238 ഹെക്‌ടർ പുരയിടവും രണ്ടായിരത്തിലേറെ വീടുകളുമുണ്ട്‌. 3000ത്തിലേറെ കുടുംബങ്ങളെ നിർദ്ദിഷ്‌ട എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതി നേരിട്ടു ബാധിക്കുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ‘പെരുവഴി’ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന ഇവരുടെയൊക്കെ സ്ഥിതി ‘പെരുവഴിയാധാര’മാകില്ലെന്നാരു കണ്ടു! നെടുമ്പാശ്ശേരി വിമാനത്താവള നിർമ്മാണത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക്‌ അന്ന്‌ സർക്കാർ നൽകിയ മോഹനവാഗ്‌ദാനങ്ങളൊന്നും പാലിക്കാതെ പോയത്‌ ഓർക്കുമല്ലോ.

പരിസ്ഥിതിയെ തകിടംമറിക്കും

നിർദ്ദിഷ്‌ട പദ്ധതിമൂലമുണ്ടാകുന്ന പരിസ്ഥിതിപ്രശ്‌നങ്ങൾ ചില്ലറയായിരിക്കില്ല. കിഴക്കുനിന്നും പടിഞ്ഞാറോട്ടു ചരിഞ്ഞാണല്ലോ ഭൂമിശാസ്‌ത്രപരമായി കേരളത്തിന്റെ കിടപ്പ്‌. അതുകൊണ്ടുതന്നെ കേരളത്തിലെ നദികളും പ്രധാന നീരുറവകളും കിഴക്കുനിന്നും പടിഞ്ഞാറോട്ടാണ്‌ ഒഴുകുന്നതും. ഈ ജലപ്രവാഹങ്ങൾക്കു കുറുകെ തെക്കുവടക്കായി നെടുനീളത്തിൽ ഒരു മതിൽപ്പാത കെട്ടുന്നത്‌ പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. മതിൽപ്പാതയുടെ കിഴക്കുഭാഗത്ത്‌ കൊടും വരൾച്ചയും അനുഭവപ്പെടാൻ ഏറെ സാധ്യതകളുണ്ട്‌. ഉപരിതല ഭൂഗർഭ നീരൊഴുക്കിന്റെ ക്രമങ്ങളൊക്കെ ഹൈവേ വരുന്നതോടെ മാറിമറിയും. കാർഷിക ജൈവവൈവിദ്ധ്യനാശം ഉറപ്പാണ്‌. ഏക്കറുകണക്കിന്‌ നെൽപ്പാടങ്ങളാണ്‌ ഹൈവേയുടെ പേരിൽ കുഴിച്ചുമൂടപ്പെടാൻ പോകുന്നത്‌. പരിസ്ഥിതിയെ തകിടംമറിക്കുന്ന ഏതു പ്രവൃത്തിയും കൂടുതൽ ബാധിക്കുന്നത്‌ അടിസ്ഥാനവർഗ്ഗക്കാരായ കർഷകരെയാണെന്ന വസ്‌തുത എടുത്തു പറയേണ്ടതില്ലല്ലോ?

നാഷണൽ ഹൈവേകളുടെ പ്രസക്തി ഇല്ലാതാക്കും

എക്‌സ്‌പ്രസ്‌ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ വികസനപ്രവർത്തനങ്ങൾ മന്ദീഭവിക്കപ്പെടുവാനുളള സാധ്യത ഏറെയാണ്‌. മഹാരാഷ്‌ട്രയിലെ ബോംബെ-പൂന എക്‌സ്‌പ്രസ്‌ ഹൈവേയ്‌ക്ക്‌ സമാന്തരമായുളള ദേശീയപാതയുടെ അവസ്ഥതന്നെ ഉദാഹരണം. എക്‌സ്‌പ്രസ്‌ഹൈവേ വന്നതോടുകൂടി അവിടുത്തെ ദേശീയപാതയ്‌ക്ക്‌ വേണ്ടുംവിധത്തിലുളള അറ്റകുറ്റപ്പണികൾപോലും കൃത്യമായി നടക്കുന്നില്ല. അറ്റകുറ്റപ്പണി നടത്താതെ കുണ്ടും കുഴിയുമായ ദേശീയപാത ഉപേക്ഷിച്ച്‌ ബോംബെ-പൂന എക്‌സ്‌പ്രസ്‌വേ ഉപയോഗിക്കുവാൻ യാത്രക്കാരെ നിർബന്ധിതരാക്കി കോടികൾ ടോൾ ഇനത്തിൽ പിരിച്ചെടുക്കുകയെന്ന ഗൂഢലക്ഷ്യമായിരുന്നു ഇതിലൂടെ മഹാരാഷ്‌ട്ര സർക്കാരിനും പാത ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കും.

എക്‌സ്‌പ്രസ്‌വേയുടെ പ്രസക്തിയില്ലായ്‌മ

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്‌ യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതിയെന്ന നിലയിലാണ്‌ എക്‌​‍്‌സ്‌പ്രസ്‌വേ അപ്രസക്തമാകുന്നത്‌. എക്‌സ്‌പ്രസ്‌വേയ്‌ക്ക്‌ അനുയോജ്യമായ വേഗതയിൽ മണിക്കൂറുകളോളം തുടർച്ചയായി ഓടുവാൻ പര്യാപ്‌തമായ വാഹനങ്ങൾ കേരളത്തിൽ സ്വന്തമായുളളത്‌ അതിസമ്പന്നർക്കുമാത്രമാണ്‌. ‘പൊളളുന്ന’ ടോൾ കൊടുത്ത്‌ അതിവേഗപാതയിലൂടെ വാഹനമോടിക്കാൻ ബസ്സുടമകളോ ലോറി ഉടമകളോ തയ്യാറായേക്കില്ല. 30 കിലോമീറ്റർ മാത്രം ഇടവിട്ട്‌ സ്‌റ്റോപ്പുളള അതിവേഗപാത ഹ്രസ്വദൂരയാത്രക്കാർക്ക്‌ യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല. കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിനായി ഈയിടെ കേന്ദ്രസർക്കാർ 3053 കോടി രൂപ അനുവദിച്ചതുതന്നെ എക്‌സ്‌പ്രസ്‌വേ പദ്ധതിയിൽനിന്നും സംസ്ഥാനസർക്കാരിനെ പിന്തിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണത്രെ! ബോംബെ-പൂന റോഡ്‌ പോലെയൊന്നും വേണ്ടത്ര വാഹനനീക്കം തിരുവനന്തപുരത്തുനിന്നും കാസർകോട്ടേക്കുളള എക്‌സ്‌പ്രസ്‌ ഹൈവേയിലേക്കുണ്ടാകാനിടയില്ലാത്തതിനാൽ സർക്കാർ ഉദ്ദേശിക്കുന്നത്ര എളുപ്പത്തിൽ, ചെലവാകുന്ന തുക ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കാനാവില്ലെന്ന്‌ വിദഗ്‌ദ്ധർ മുന്നറിയിപ്പു നൽകുന്നു.

മലർപ്പൊടിക്കാരന്റെ സ്വപ്‌നം

നിലവിലുളള ദേശീയപാത നാലുവരിപ്പാതയാക്കിയാൽത്തന്നെ അധികം മുതൽമുടക്കില്ലാതെ കേരളത്തിലെ റോഡുവികസനം സാധ്യമാകുമെന്നിരിക്കെ കോടിക്കണക്കിനുരൂപയുടെ പാഴ്‌ച്ചെലവു വരുത്തിക്കൊണ്ട്‌ അതിസമ്പന്നർക്കുവേണ്ടി മാത്രം ഒരു പാതയൊരുക്കുകയെന്നത്‌ സാമൂഹ്യനീതിക്കു വിരുദ്ധമാണ്‌. എക്‌സ്‌പ്രസ്‌ ഹൈവേ സൃഷ്‌ടിക്കുന്ന സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ സമഗ്രമായ ഒരു പഠനം നടത്താതെ കാളപെറ്റെന്നു കേട്ടപ്പോൾതന്നെ കയറെടുക്കുന്ന പണിയാണ്‌ പൊതുമരാമത്തുമന്ത്രി മുനീർ ചെയ്യുന്നത്‌. ബാൽതാക്കറെയുടെ ‘സ്വപ്‌നപദ്ധതി’യായിരുന്ന ബോംബെ-പൂന എക്‌സ്‌പ്രസ്‌ഹൈവേ സമ്പന്നമായ മഹാരാഷ്‌ട്രയ്‌ക്കുപോലും ഭാരിച്ച സാമ്പത്തികബാദ്ധ്യത സമ്മാനിച്ചത്‌ മറച്ചുവച്ചുകൊണ്ട്‌ എക്‌സ്‌പ്രസ്‌ഹൈവേയിലൂടെയുണ്ടാകുന്ന വികസനത്തെക്കുറിച്ച്‌ വാതോരാതെ പറയുന്ന പൊതുമരാമത്ത്‌ വകുപ്പ്‌ മലർപ്പൊടിക്കാരന്റെ സ്വപ്‌നം കാണുകയാണ്‌. അതുമല്ലെങ്കിൽ കേരളീയരെ മനഃപൂർവ്വം പൊട്ടൻകളിപ്പിക്കുകയാണ്‌.

Generated from archived content: essay3_dec.html Author: adv_sjithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here