കേരളീയ സമൂഹത്തിൽ വരട്ടുചൊറിപോലെ പടർന്നുപിടിക്കുന്ന പുതിയ രോഗമാണ് ‘ആൾദൈവങ്ങളോടുളള ആരാധനാഭ്രാന്ത്.’ അമൃതാനന്ദമയിയും സത്യസായിബാബയും ശ്രീ ശ്രീ രവിശങ്കറും എന്നുവേണ്ട, ഈയിടെ താൻ ശ്രീകൃഷ്‌ണന്റെ ഭാര്യ രാധയാണെന്നു സ്വയം പ്രഖ്യാപിച്ച ഉത്തർപ്രദേശുകാരൻ ഐ.പി.എസുകാരനുവരെ ആരാധകഭ്രാന്തന്മാരുളള ‘ഇമ്മിണി വല്ല്യൊരു ഊളമ്പാറമഠ’മായി കേരളം മാറുകയാണ്. ജനസേവനത്തിന്റെയും ജീവകാരുണ്യപ്രവർത്തനത്തിന്റെയും ആകർഷകത്വമുളള ഇരയെ ചൂണ്ടയിൽകൊരുത്ത് ആൾദൈവങ്ങൾ ഭക്തിയുടെ ആഴക്കടലിലേക്കെറിയുമ്പോൾ അത്ഭുതമെന്നു പറയട്ടെ, ഇവരുടെ ചൂണ്ടയിൽ കൊത്തുന്നത് വിദേശികളടക്കമുളള വമ്പൻസ്രാവുകളാണ്.
അമേരിക്കയിൽ അഞ്ച് ഐ.റ്റി കമ്പനിയുണ്ടായിരുന്ന സായിപ്പ് എല്ലാം വിറ്റുപെറുക്കി ആശ്രമത്തിനു നൽകിയശേഷം അടിമയെപ്പോലെ ആശ്രമത്തിലെ കക്കൂസുകഴുകിയും എച്ചിൽപ്പാത്രം കഴുകിയും സായൂജ്യമടയുന്നു. കോടികൾ കണ്ടുമടുത്തവർ എല്ലാം ആൾദൈവത്തിനു സമർപ്പിച്ച് അടിയാന്മാരാകാൻ കാത്തുകെട്ടിനിൽക്കുന്നു. ഇങ്ങനെ പോകുന്നു ആൾദൈവത്തിന്റെ ആശ്രമക്കാഴ്‌ചകൾ…! അമ്മേ മഹാമായേ… അടുത്ത ജന്മത്തിലെങ്കിലും അടിയനെ ഒരു ആൾദൈവമായി സൃഷ്‌ടിക്കേണമേ! ഇതൊക്കെ കണ്ടുംകേട്ടും ആരും പ്രാർത്ഥിച്ചുപോകും. ആൾദൈവമാകാൻ പറയത്തക്ക പഠിപ്പും തൊഴിലുമൊന്നും വേണമെന്നില്ല. സൗന്ദര്യം വേണ്ടേ വേണ്ട! സാഹിത്യത്തിലും ചരിത്രത്തിലും തത്വചിന്തയിലുമൊന്നും ഡോക്‌ടറേറ്റും വേണ്ട. ഒരു തത്വചിന്തകന്റെയും പുസ്‌തകം കൈകൊണ്ടുപോലും തൊട്ടിട്ടിലെങ്കിലും പറയുന്നതെല്ലാം മഹദ്‌വചനങ്ങളും തത്വചിന്തകളുമാക്കി പത്രത്താളുകളിലൂടെ എഴുതിപ്പിടിപ്പിക്കാൻ പത്രക്കാരും ക്യൂ നിൽക്കും. ഈ ആൾദൈവങ്ങളിൽ പലരും തക്കസമയത്ത് ഒരു മനോരോഗവിദഗ്‌ദ്ധന്റെ ചികിത്സ കിട്ടാതെ പോയവരാണെന്ന പച്ചസത്യം അവരുടെ ബോഡിലാംഗ്വേജിൽത്തന്നെയുണ്ടെങ്കിലും അതൊക്കെ ദൈവത്തിന്റെ ഓരോരോ വികൃതികളായിക്കണ്ട് ഭക്തശിരോമണികൾ വായുംപൊളിച്ചിരിക്കും! മയക്കുമരുന്നുകളുടെ ഉപയോഗംമൂലം ഒരുവന്റെ സ്വത്വത്തിനും ചിന്താശക്തിക്കും ഉത്‌കർഷേച്ഛയ്‌ക്കും മങ്ങലേൽക്കുമെന്നു പറയുന്നതുപോലെതന്നെയാണ് ആൾദൈവങ്ങളുടെ വലയിൽപ്പെടുന്ന മനുഷ്യന്റെ അവസ്ഥയും. തീർച്ചയായും അടിയന്തരചികിത്സ അർഹിക്കുന്ന ഒരുതരം മാനസികരോഗം തന്നെയാണ് ഇത്. സ്വന്തം പ്രതിഭയും വ്യക്തിത്വവും വിലപിടിച്ച സമയവുമൊക്കെ ആൾദൈവങ്ങളുടെ മയക്കുവിദ്യകൾക്ക് വശംവദരായി നഷ്‌ടപ്പെടുത്തുന്നവരുടെ എണ്ണം കേരളീയസമൂഹത്തിൽ അമ്പരപ്പുളവാകുംവിധം വർദ്ധിച്ചുവരികയാണ്. എത്ര വിദ്യാസമ്പത്തു നേടിയാലും വിവേകബുദ്ധി നേടണമെന്നില്ലെന്നതിന്റെ മകുടോദാഹരണമാണ്, സമൂഹം വല്ല്യമനുഷ്യർ എന്നുവിശേഷിപ്പിക്കുന്ന പലരുടെയും മനുഷ്യദൈവഭ്രാന്ത്! ഒരു വ്യക്തിയെ വാനോളം പുകഴ്‌ത്തി ദൈവമാക്കി മാറ്റുന്ന വായാടിത്തം കാണണമെങ്കിൽ രാത്രികാലങ്ങളിൽ അമൃത ചാനൽ വച്ചുനോക്കിയാൽ മതി! താടീം മുടീം നീട്ടിവളർത്തിയ ഒരു വിദ്വാൻ ഇംഗ്ലീഷിലും സ്ഥിരബുദ്ധിയുളളവർക്കു ദഹിക്കാത്ത ഭാഷയിലുമായി ഒരു സ്‌ത്രീയെ വാഴ്‌ത്തിപ്പാടുന്നതു കേൾക്കുമ്പോൾ ഓക്കാനം വരുന്ന കുറച്ചുപേരെങ്കിലും കേരളസമൂഹത്തിലവശേഷിക്കുന്നുണ്ടാവും. ഏതായാലും മനുഷ്യദൈവങ്ങളുടെ പിന്നാലെ പോകുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകമാണ് മലയാറ്റൂരിന്റെ ‘ആറാംവിരൽ’ എന്ന നോവൽ. വിദ്വാൻമാർ പത്തുകൂടിയാൽ ഏതു വിഡ്‌ഢിയേയും മനുഷ്യദൈവമാക്കാൻ കഴിയുമെന്നതിന് എത്രയെത്ര ഉദാഹരണങ്ങൾ. ഇതരമത സ്ഥാപനങ്ങളെപ്പോലെതന്നെ വിദ്യാഭ്യാസരംഗം പിടിച്ചെടുക്കുകയെന്നതാണ് മനുഷ്യദൈവങ്ങളുടെ ഇപ്പോഴത്തെ തന്ത്രം!
*Catch them young* എന്ന ആപ്‌തവാക്യമുപയോഗിച്ചാണ് ഇവരുടെ ഇപ്പോഴത്തെ നീക്കങ്ങൾ. പുതിയ തലമുറയെ ആൾദൈവങ്ങളുടെ പേരിലുളള വിദ്യാഭ്യാസസ്ഥാപനത്തിന്റെ പ്രോഡക്‌ടുകളാക്കി മാറ്റുകയും കാലക്രമേണ ഇവരിലൂടെ കേരളീയസമൂഹത്തിന് ആൾദൈവങ്ങളോടുളള അലർജി പൂർണ്ണമായും ഇല്ലാതാക്കുകയുമാണ് ആൾദൈവങ്ങളുടെ സ്വന്തം വാലാട്ടികളുടെ ലക്ഷ്യം. വളരെ തന്ത്രപരമായ ഈ ലക്ഷ്യം സാംസ്‌കാരികസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മതത്തിന്റെയോ മതസ്ഥാപനങ്ങളുടെയോ ആൾദൈവങ്ങളുടെയോ പേരിൽ മേലിലെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ അനുവദിക്കില്ലെന്ന വിപ്ലവകരമായ തീരുമാനമെടുക്കാൻ ഇടതുപക്ഷ സർക്കാരെങ്കിലും ചങ്കൂറ്റം കാട്ടേണ്ടതാണ്. വിദ്യാഭ്യാസവിചക്ഷണന്മാരുടെയും പണ്‌ഡിതശ്രേഷ്‌ഠന്മാരുടെയുമൊക്കെ കൂട്ടായ്‌മകൾക്കാണ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്താനുളള അനുവാദം നൽകിയിരുന്നതെങ്കിൽ നമ്മുടെ നാട് ഇത്രത്തോളം മതാധിഷ്‌ഠിതമാകുമായിരുന്നില്ല. അതല്ലെങ്കിൽ കേരളം ‘ആൾ’ ദൈവങ്ങളുടെ സ്വന്തം നാടായി മാറുന്നതും നോക്കി നമുക്ക് കയ്യുംകെട്ടിയിരിക്കാം!
Generated from archived content: essay1_july31_06.html Author: adv_sjithesh
Click this button or press Ctrl+G to toggle between Malayalam and English