മണിയപ്പനിൽനിന്ന്‌ താലിബാൻ പഠിച്ചത്‌

പോയ മാസത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്ന്‌ മണിയപ്പന്റേതാണ്‌. താലിബാൻകാർ തട്ടിക്കൊണ്ടുപോകുന്നതിന്‌ തൊട്ടുമുമ്പുവരെ ആരുമല്ലാതിരുന്ന ഒരാൾ നിമിഷനേരം കൊണ്ടാണ്‌ പ്രശസ്‌തിയുടെ കൊടുമുടി കയറിയത്‌. ജന്മംകൊണ്ടും കർമ്മംകൊണ്ടും സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾ മരണത്തിലൂടെ മഹായശ്ശസ്‌കനായി മാറിയതിന്റെ മകുടോദാഹരണമാണ്‌ മണിയപ്പൻ. പത്തോ ഇരുപതോ കൊല്ലം അതിർത്തിസേനയുടെ ഡ്രൈവറായി ജോലി ചെയ്‌ത ശേഷം വിരമിക്കുകയും, നാട്ടിലെത്തി പട്ടാളക്കഥകൾ പറഞ്ഞ്‌ നാട്ടാരെ ബോറടിപ്പിക്കുകയും, ഒടുക്കം ജരാനര ബാധിച്ച്‌ അധികമാരുമറിയാതെ മരിക്കുകയും, നാലോ നാല്‌പതോ നാട്ടുകാരും വീട്ടുകാരും ചേർന്ന്‌ ശവമടക്കപ്പെടുകയും ചെയ്യുന്ന അതിസാധാരണമായ കഥയിൽ നിന്നും രാഷ്‌ട്രത്തലവൻമാരും ലോകനേതാക്കളും വരെ അനുശോചിക്കത്തക്ക രീതിയിലുളള മണിയപ്പന്റെ ജീവിതാന്ത്യത്തിന്റെ തിരക്കഥ മാറ്റിയെഴുതിയത്‌ താലിബാൻ മാത്രമല്ല, സ്വന്തം രാജ്യത്തെ സാധാരണ പൗരന്റെ ജീവന്‌ യാതൊരു വിലയും കല്‌പിക്കാത്ത വിദേശകാര്യവകുപ്പും പ്രതിരോധവകുപ്പും കൂടിയാണ്‌. മുമ്പൊരിക്കൽ മുഫ്‌തിമുഹമ്മദ്‌ സെയ്‌ദിന്റെ മകളെ തട്ടിക്കൊണ്ടു പോയപ്പോഴും, കാണ്ടഹാർ വിമാനറാഞ്ചൽ സംഭവത്തിലും ബന്ദികളെ വിട്ടുകിട്ടാൻ ഇന്ത്യൻ ജയിലിൽ കിടന്ന തീവ്രവാദികൾക്ക്‌ രാജകീയമായി സെന്റ്‌ ഓഫ്‌ കൊടുത്തവരാണ്‌ ഇന്ത്യൻ സർക്കാരെന്നും ഓർക്കണം. പക്ഷെ, അന്നു ബന്ദിയാക്കപ്പെട്ടവർ മണിയപ്പനെപ്പോലെ വെറുമൊരു അർദ്ധസൈനികനായിരുന്നില്ല.

ഒരു ബ്രിട്ടീഷുകാരനോ അമേരിക്കക്കാരനോ ആയിരുന്നു മണിയപ്പനെങ്കിൽ കഥയും തിരക്കഥയുമൊക്കെ മറ്റുപലതുമാകുമായിരുന്നു. പ്രധാനമായും പഴിചാരേണ്ടത്‌ ഇന്ത്യൻ വിദേശകാര്യവകുപ്പിനെ തന്നെ. നട്‌വർസിംഗിനെ നട്ടെല്ലില്ലാ മന്ത്രിയാക്കി (വകുപ്പില്ലാ മന്ത്രി) നിലനിർത്തിയതോടെ നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്‌ വിദേശകാര്യവകുപ്പ്‌. തലയില്ലാവകുപ്പിന്റെ വാലായി വർത്തിക്കുന്നതോ മലയാളിയായ ഈ അഹമ്മദും. എന്നിട്ടും മലയാളിയായ മണിയപ്പനെ അവഗണിച്ചു. ആരെങ്കിലും ചർച്ചയ്‌ക്കു വരുമെന്നു കരുതി താലിബാൻകാർ കാത്തിരുന്നതാണ്‌. പക്ഷെ കിം ഫലം. മൊത്തം ഉത്തരവാദിത്തവും അഫ്‌ഗാൻ സർക്കാരിനെയേല്‌പിച്ച്‌ ഇന്ത്യൻ സർക്കാർ എല്ലാം കഴിയുന്നതുവരെ കണ്ണടച്ചു പ്രാർത്ഥിച്ചു; മണിയപ്പന്റെ നിത്യശാന്തിക്കായി.

സ്വന്തം പൗരൻമാർക്ക്‌ വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താതെ അഫ്‌ഗാൻപോലെയുളള ഏടാകൂടം പിടിച്ചിടത്തേക്ക്‌ കുണ്ടും കുഴിയും നികത്തി റോഡു വെട്ടാനയച്ച ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണാധികാരികൾ ബുഷിനെയും ടോണി ബ്ലയറിനെയുമൊക്കെ ഇക്കാര്യത്തിലെങ്കിലും കണ്ടുപഠിക്കണം.

അനുബന്ധംഃ മണിയപ്പന്റെ അരുംകൊലയോടുകൂടി അഫ്‌ഗാനിലുളള ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യം അഫ്‌ഗാൻ തലവൻ ഹമീദ്‌ കർസായിയുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച ചെയ്‌തത്രെ.

ഇനി ചർച്ച ചെയ്യേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല സാർ. (ടി.വി ചാനലിലെ നേർക്കാഴ്‌ചക്കാരന്റെ കമന്റുപോലെ…) മേലാൽ ഒരിന്ത്യാക്കാരനേം ഇനി താലിബാൻ തട്ടിക്കൊണ്ടുപോകുമെന്ന്‌ തോന്നുന്നില്ല. ബന്ദിയാക്കീട്ടെന്തു ചെയ്യാനാ. ഇന്ത്യാഗവൺമെന്റീന്ന്‌ ഒരു പട്ടിപോലും ബന്ദിക്കുവേണ്ടി സന്ധി സംഭാഷണത്തിനായി അങ്ങോട്ടു പോവാനിടയില്ല. പിന്നെ, ബന്ദിയെ കൊല്ലുന്നതുവരെ തീറ്റിപ്പോറ്റണം. ഒടുക്കം തലയറുത്തു തൊല്ലുന്നതിന്റെ പാപോം പേറണം. എന്തിനാ ഈ പെടാപ്പാട്‌ന്ന ആ സമയത്ത്‌ വല്ല അമേരിക്കക്കാരനെയോ ജർമ്മൻകാരനെയോ ഫ്രഞ്ചുകാരനെയോ തട്ടിക്കൊണ്ടുപോയാൽ അതിനൊരു ത്രില്ലുണ്ടാകുമായിരുന്നു. കഷ്‌ടപ്പെടുന്നതിന്‌ ഒരു ഫലവുമുണ്ടായേനെ.

Generated from archived content: essay1_jan13_06.html Author: adv_sjithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here