കാമ്പസ്‌ രാഷ്‌ട്രീയം ഃ കുറുമ്പുകാട്ടിയാൽ കുട്ടിയെ കൊല്ലേണമോ…?

ഹാവൂ… ആശ്വാസമായി കേരള ഹൈക്കോടതി ‘കാമ്പസ്‌ രാഷ്‌ട്രീയം’ എന്ന കുട്ടിരാക്ഷസനെ തൂക്കാൻ വിധിച്ചിരിക്കുന്നു. ഓന്റെ കാര്യം ഏറെക്കുറെ ഡിം! കുട്ടിക്കുറുമ്പന്മാരുടെ കല്ലേറും കഠാരമുനയും പേടിക്കാതെ ഇനിയെങ്കിലും മക്കളെ സമാധാനത്തോടെ കോളേജിലയയ്‌ക്കാമല്ലോ.

മെയ്‌ 26-ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു ശരാശരി രക്ഷിതാവ്‌ ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുളളൂ. ഒരുപറ്റം അപക്വമതികളുടെ പങ്കാളിത്തത്താൽ വഴിപിഴച്ചുപോയ ‘കാമ്പസ്‌ രാഷ്‌ട്രീയം’ പൊതുസമൂഹത്തെ അത്രമേൽ മനംമടുപ്പിച്ചിരുന്നു.

വിവേകശാലികളും ആദർശധീരരും പ്രതിഭാധനരുമായ പുത്തൻ രാഷ്‌ട്രീയ നേതൃത്വത്തെ കാലാകാലങ്ങളിൽ രാജ്യത്തിനു സംഭാവന ചെയ്യുകയെന്ന അതിപ്രധാന കടമയായിരുന്നു കാമ്പസ്‌ രാഷ്‌ട്രീയത്തിന്‌ നിർവഹിക്കുവാനുണ്ടായിരുന്നത്‌. പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുളള ഫ്രഷ്‌ റിക്രൂട്ട്‌മെന്റ്‌ ഏജൻസികളായി വർത്തിക്കേണ്ടിയിരുന്ന ‘കാമ്പസ്‌ രാഷ്‌ട്രീയം’ ദൗർഭാഗ്യവശാൽ മുഖ്യധാരാരാഷ്‌ട്രീയത്തിലേക്കു സംഭാവന ചെയ്‌തവരിലേറെയും ഇന്ന്‌ ‘പെട്ടിപിടുത്തക്കാരും’ ‘ഏറാൻമൂളി’കളുമായി ജീവിതം തുലയ്‌ക്കുകയാണ്‌. ഇത്തരമൊരു ദുരവസ്ഥയിൽ കാമ്പസ്‌ രാഷ്‌ട്രീയത്തിന്റെ പ്രസക്തിയെ സംബന്ധിച്ച്‌ ചോദ്യശരങ്ങളുയരുക സ്വാഭാവികം മാത്രം!

പ്രവർത്തകർക്കിടയിൽ ശരിയായ രാഷ്‌ട്രീയ അവബോധവും മൂല്യാധിഷ്‌ഠിത ഉൾക്കാഴ്‌ചയും വളർത്തിയെടുക്കുവാനും വിദ്യാഭ്യാസമേഖലയിലെ കാതലായ പ്രശ്‌നങ്ങൾക്ക്‌ ക്രിയാത്മകമായ പരിഹാരങ്ങൾ തേടുവാനും സഹപാഠികൾക്കിടയിലെ സർഗ്ഗധനരെ കണ്ടെത്തുവാനുമൊക്കെയുളള ശക്തമായ ഉപാധിയായിരുന്നു കാമ്പസ്‌ രാഷ്‌ട്രീയം. കാലികപ്രസക്തിയുളള വിദ്യാർത്ഥി പ്രശ്‌നങ്ങൾക്ക്‌ താത്വികമായ പരിഹാരമാർഗ്ഗങ്ങൾ ആരായാനും ഇതര വിദ്യാർത്ഥി സംഘടനകളുമായി കൂടിയാലോചിച്ച്‌ അഭിപ്രായഭിന്നതയുളള വിഷയങ്ങളിൽ ഗൗരവതരമായ രാഷ്‌ട്രീയസംവാദങ്ങൾ സംഘടിപ്പിക്കാനുമൊന്നും മുതിരാതെ കൈയൂക്കുകൊണ്ടുമാത്രം മുന്നേറാമെന്നുളള മിഥ്യാധാരണയാണ്‌ വിദ്യാർത്ഥിസമൂഹത്തെ വിനാശത്തിന്റെ പടുകുഴിയിലെത്തിച്ചത്‌. ഫലമോ, നമ്മുടെ കലാശാലകൾ കലാപശാലകളായി മാറി. പിഴച്ചതാർക്ക്‌? മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ ഭാവി കൂടുതൽ പ്രകാശമാനമാക്കുവാൻ പുതിയ തലമുറയ്‌ക്ക്‌ സുദൃഢമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടുണ്ടായിക്കോട്ടെയെന്നു കരുതി കലാലയ രാഷ്‌ട്രീയം എന്ന മഹദ്‌ സങ്കല്പം വിഭാവനം ചെയ്‌തവർക്കോ? അതോ കൈയിൽ കിട്ടിയ പൂമാലയുടെ മഹത്വമറിയാതെ പിച്ചിച്ചീന്തിയ കുട്ടിക്കുറുമ്പന്മാരുടെ അപക്വതയ്‌ക്കോ…?

പ്രശ്‌നത്തിന്റെ നാനാവശങ്ങളെക്കുറിച്ചും ചിന്തിച്ചാൽ ‘കാമ്പസ്‌ രാഷ്‌ട്രീയം’ എന്ന സങ്കല്പമല്ല അത്‌ വേണ്ടത്ര ലക്ഷ്യബോധമില്ലാതെ നടപ്പിലാക്കിയതിലെ പാളിച്ചകളാണ്‌ അപകടകാരിയായതെന്ന്‌ ബോധ്യപ്പെടും. കലാലയ രാഷ്‌ട്രീയത്തിന്റെ പോക്ക്‌ ഒട്ടും ആശാവഹമല്ലെങ്കിൽതന്നെയും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുളള കേരള ഹൈക്കോടതിവിധി പ്രശ്‌നത്തെക്കുറിച്ച്‌ വേണ്ടത്ര ഉൾക്കാഴ്‌ചയോടുകൂടിയുളളതാണെന്ന്‌ പറയുവാൻ വയ്യ! ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ വളർന്നുവരുന്ന അരാഷ്‌ട്രീയ പ്രവണതയെ പ്രോത്സാഹിപ്പിക്കുവാൻ പരമോന്നത കോടതിപോലും തയ്യാറാകുവാൻ പാടുളളതല്ല. അതും ഇത്തരത്തിലൊരു വിധി പൗരന്റെ മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയുടെ 19(1)സി അനുഛേദനത്തിന്റെ ലംഘനമാണെന്നിരിക്കെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്‌ ധാരാളം കുറ്റങ്ങളും കുറവുകളുമുണ്ട്‌. ഒക്കെ ശരി! പക്ഷേ അരാഷ്‌ട്രീയവത്‌കരിക്കപ്പെടുമ്പോൾ കാമ്പസുകളിലുണ്ടായേക്കാവുന്ന അരാജകത്വ അവസ്ഥയെക്കുറിച്ചുകൂടി ‘നിരോധനം’ സംബന്ധിച്ച വിധി പറയുന്നതിനുമുമ്പ്‌ കോടതി പഠനവിധേയമാക്കേണ്ടിയിരുന്നു.

ഏതായാലും സോജൻ ഫ്രാൻസിസ്‌ എന്ന പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ വിദ്യാർത്ഥി, തന്നെ പരീക്ഷയെഴുതിക്കാതിരുന്ന കോളേജ്‌ മാനേജ്‌മെന്റിനെതിരെ നല്‌കിയ ആവലാതിയിന്മേൽ ഹൈക്കോടതിയുടെ ‘കാടുകയറിയുളള’ വിധി മാനേജുമെന്റുകൾക്ക്‌ തേടിയവളളി കാലിൽ ചുറ്റിയതുപോലെയായി. സ്വകാര്യ മാനേജുമെന്റുകൾക്കൊക്കെ പെരുത്ത സന്തോഷം. കാര്യങ്ങളൊക്കെ അവരുടെ വരുതിയിലായിരിക്കുന്നു. കോളേജ്‌ ബിൽഡിംഗ്‌ ഫണ്ടെന്നും ലൈബ്രറി വികസനമെന്നും ലാബ്‌ എക്‌സ്‌റ്റെൻഷനെന്നും കോളേജ്‌ ജൂബിലിയെന്നുമൊക്കെ പറഞ്ഞ്‌ വിദ്യാർത്ഥികളുടെ കഴുത്തറുക്കാം. കുട്ടിരാഷ്‌ട്രീയവും കുട്ടിനേതാക്കളുമില്ലാത്ത കാമ്പസിൽ അവർക്കിനി ആരെ പേടിക്കാനാണ്‌. കൂട്ടംകൂടാത്തപ്പോഴും കൂട്ടം തെറ്റുമ്പോഴും കുട്ടികളെല്ലാം കുഞ്ഞാടുകളെപ്പോലെ ശാന്തരും പേടിത്തൊണ്ടന്മാരുമാണെന്ന്‌ സ്വകാര്യ മാനേജുമെന്റുകൾക്ക്‌ നന്നായറിയാം. തങ്ങളുടെ സ്വാർത്ഥ ലാഭത്തിനുവേണ്ടി അവർ വിദ്യാർത്ഥികളെ ഏതൊക്കെ വിധത്തിൽ ചൂഷണം ചെയ്യില്ലെന്ന്‌ ആരുകണ്ടു. കോളേജിന്‌ പഞ്ചനക്ഷത്ര പദവി ലഭിക്കുവാൻവേണ്ടി കോളേജിലെ സുന്ദരിപ്പെൺകുട്ടികളെ പ്രലോഭിപ്പിച്ച്‌ ഉന്നതർക്കു കാഴ്‌ചവെച്ച സംഭവം നടന്നത്‌ നമ്മുടെ തൊട്ടയൽ സംസ്ഥാനത്താണെന്നോർക്കണം. അരാഷ്‌ട്രീയവത്‌ക്കരിക്കപ്പെട്ട ചില ഉത്തരേന്ത്യൻ സ്വകാര്യ കോളേജ്‌ കാമ്പസുകളിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസുകളുടെ സ്ഥിതി നമ്മുടെ സർക്കാർ ഓഫീസുകളെക്കാൾ കഷ്‌ടമാണ്‌. ടി.സി.യും കോൺഡക്‌ട്‌ സർട്ടിഫിക്കറ്റും വേണമെങ്കിൽപോലും ആഴ്‌ചകളോളം ഓഫീസിൽ കയറിയിറങ്ങണം. അത്യാവശ്യക്കാരനാണെന്നു കണ്ടാൽ വൻതുക കൈക്കൂലിയായി ആവശ്യപ്പെടുവാൻ കോളേജ്‌ സ്‌റ്റാഫുകൾക്ക്‌ യാതൊരു മടിയുമില്ല. മാനേജ്‌മെന്റുകളുടെ സ്വാർത്ഥ താത്‌പര്യത്തിനു വഴങ്ങി ഇന്റേണൽ അസ്സസ്‌മെന്റ്‌ മാർക്കിടുമ്പോൾ വൻ കൃത്രിമത്വം നടക്കും. ചോദ്യം ചെയ്യുവാൻ വിദ്യാർത്ഥി സംഘടനകളില്ലാത്തതിനാൽ മാനേജ്‌മെന്റുകളുടെ തേർവാഴ്‌ചയാണ്‌ അരാഷ്‌ട്രീയവത്‌ക്കരിക്കപ്പെട്ട കാമ്പസുകളിൽ നടക്കുന്നത്‌. ജാതി-മത സംഘടനകൾ നടത്തുന്ന കോളേജുകളിൽ വിദ്യാർത്ഥികളോട്‌ മാനേജ്‌മെന്റ്‌ വർഗ്ഗീയപരമായ വിവേചനം കാട്ടുവാനും സാദ്ധ്യതയുണ്ട്‌. (രാഷ്‌ട്രീയ പ്രവർത്തനമില്ലാത്ത എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥിനികൾക്ക്‌ ഇതര സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്‌റ്റലിൽ അയിത്തം കല്‌പിച്ച്‌ പ്രത്യേക ഹോസ്‌റ്റലിലേക്ക്‌ മാറ്റി പാർപ്പിക്കുകയും ചെയ്‌ത നടപടി പ്രത്യക്ഷോദാഹരണമാണ്‌.)

രാഷ്‌ട്രീയം നിരോധിക്കപ്പെടുന്ന കാമ്പസുകളിൽ വർഗ്ഗീയ-ജാതി-മത സംഘടനകൾ സ്വാധീനമുറപ്പിക്കുമെന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ വാദവും തൃണവത്‌ഗണിക്കുവാനാവുന്നതല്ല.

അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ട കാമ്പസുകളിൽ അരങ്ങുവാഴുന്നത്‌ സാമൂഹ്യവിരുദ്ധ സ്വഭാവവും ഗുണ്ടായിസവും കൈമുതലാക്കിയവരുടെ ചെറിയ ചെറിയ ഗ്യാങ്ങുകളായിരിക്കും. മയക്കുമരുന്ന്‌ കച്ചവടക്കാരും പെൺവാണിഭക്കാരുമൊക്കെ ഇത്തരം ‘പിളേളർ ഗ്യാങ്ങു’കളിലൂടെ കാമ്പസുകളിൽ സ്വാധീനമുറപ്പിക്കുകയും ചെയ്യും. റാഗിംഗ്‌ പോലെയുളള പേക്കൂത്തുകൾ കൂടുതലായി അരങ്ങേറുന്നത്‌ രാഷ്‌ട്രീയമില്ലാത്ത കാമ്പസുകളിലാണെന്ന യാഥാർത്ഥ്യവും വിസ്‌മരിക്കപ്പെടരുത്‌.

വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുന്ന സാഡിസ്‌റ്റുകളായ അദ്ധ്യാപകർ വിദ്യാർത്ഥി സംഘടനയുടെ അഭാവത്തിൽ കൂടുതൽ ശക്തരായ ഇരപിടിയന്മാരാകുമെന്നതാണ്‌ മറ്റൊരു അപകടം. വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അനുവദിക്കപ്പെടാത്ത കാമ്പസുകളിൽ മേൽപറഞ്ഞ ദുരവസ്ഥകളൊക്കെ വർദ്ധിച്ചാലും പ്രതികരിക്കാൻ ആരാണുളളത്‌…? മാനേജുമെന്റുകളുടെ വേദപുസ്‌തകത്തിൽ വിദ്യാർത്ഥിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യം പഠനം മാത്രമാണത്രെ! ധൈര്യമായി ഫസ്‌റ്റ്‌ബെൽ മുഴക്കിക്കോളൂ സാർ… അവിടുത്തെ മുന്നിൽ ഞങ്ങളൊക്കെ ഇനി വെറും പുസ്‌തകംതീനികൾ മാത്രം. ജീവിക്കുന്ന സമൂഹത്തെ വിസ്‌മരിച്ച്‌… രാഷ്‌ട്രത്തെ വിസ്‌മരിച്ച്‌… ലോകത്തെ വിസ്‌മരിച്ച്‌… സംഘടനാബലമില്ലാത്ത ഞങ്ങളിനി വെറും പുഴുക്കൾ (പുസ്‌തക)…!!

സഹപാഠിയായ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചാലെനിക്കെന്ത്‌.. ഇല്ലെങ്കിലെന്ത്‌..? കൂട്ടുകാരികളുടെ കന്യകാത്വം കോളേജിന്‌ പഞ്ചനക്ഷത്രപദവിയും അംഗീകാരങ്ങളും കിട്ടാനായി ഉന്നതർക്കുമുന്നിൽ മാനേജ്‌മെന്റ്‌ കാഴ്‌ചവെച്ചാലെന്ത്‌.. എനിക്കു ചുറ്റിനും എന്തൊക്കെ നടന്നാലെന്ത്‌..? ഇതൊക്കെ ശ്രദ്ധിക്കാനും പ്രതികരിക്കാനും നിന്ന്‌ എന്റെ ഒരു മാർക്ക്‌ കുറഞ്ഞുപോയാലോ.. എന്റെ… എന്റെ… എന്റെ! സഹപാഠിയുടെ മാനത്തെക്കാളും ജീവിതത്തെക്കാളും വിലയാണത്രെ എന്റെ ഒരു ‘മാർക്കിന്‌!’

Generated from archived content: aug_essay1.html Author: adv_sjithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English