കേരളം പണ്ടും ഭ്രാന്താലയമായിരുന്നു. വിവേകാനന്ദസ്വാമി കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചു. ജാതിയും, ഉപജാതിയും, പ്രാകൃതാചാരങ്ങളും, ബ്രാഹ്മണപൗരോഹിത്യവും, നിരക്ഷരതയും, ദാരിദ്ര്യവും ആകെക്കൂടി കേരളരാജ്യം മറ്റുളളവർക്ക് അറപ്പുളവാക്കുന്നതായിരുന്നു.
നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും അന്തഃപുരങ്ങളിൽ മുല്ലപ്പൂചൂടി രാജാക്കന്മാരേയും നമ്പൂതിരിമാരെയുംകാത്ത് ഉറക്കമിളച്ചിരിക്കുന്ന തമ്പുരാട്ടിമാർ, ദാസിപ്പുരയുടെ കതകിൽ മുട്ടിമുട്ടിത്തളർന്ന് പ്രതീക്ഷവിടാതെ കാത്തിരിക്കുന്ന തമ്പുരാക്കന്മാർ, മാറുമറയ്ക്കാതെ ഒരു പുലയപെണ്ണ് മുന്നിൽപ്പെടുമ്പോൾ മാത്രം തങ്ങളുടെ പിതാമഹന്മാരുടെ മഹത്വം വാഴ്ത്തുന്ന ബ്രാഹ്മണകുമാരന്മാർ, കാലത്ത് പണിക്കുപോയ പുലയനെ-മണ്ണിനുപകരം മടമൂടാനായി തമ്പുരാൻ കല്പിച്ചതറിഞ്ഞ്- വാവിട്ടുകരയാൻപോലും വിലക്കുളള പുലച്ചികൾ, ചാട്ടവാർ ഏല്പിച്ച പുഴു അരിക്കുന്ന വ്രണങ്ങൾ തലോടി കരിവളയും മൈലാഞ്ചിയും സ്വപ്നം കാണുന്ന നവവധുക്കൾ. എല്ലാംകൂടി ഈ കൊച്ചുകേരളം ഒരു ഭ്രാന്താലയമായി.
കല്പിച്ചുകിട്ടിയ ഈ സൽപ്പേരിൽനിന്ന് ഇന്നത്തെ കേരളത്തിലേക്കുളള യാത്ര വലുതായിരുന്നു. നിരവധി യുഗപുരുഷന്മാരുടെയും മഹാത്മാക്കളുടെയും ക്ലേശത്തിന്റെയും ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമാണത്. എണ്ണിയാലൊടുങ്ങാത്ത നിരവധി തീക്ഷ്ണമായ സമരങ്ങളിലൂടെ നേടിയെടുത്തതാണ് ഇന്നത്തെ കേരളം. പെരുപ്പിച്ചു പറയാവുന്ന കോട്ടങ്ങളുടെ നടുവിലും എടുത്തുപറയാവുന്ന മലയാളിയുടെ തേജോമയമായ മുഖം.
പക്ഷേ, ഈ നേടിയതെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുത്തുന്ന തീവ്രമായ ഒരു യത്നത്തിലാണിന്നു നമ്മൾ. ആത്മാർത്ഥതയില്ലാത്ത പൊളളയായ വാക്കുകൾ സൃഷ്ടിക്കുന്ന ആരവങ്ങളുടെ നടുവിൽ നേരും നുണയും വേർതിരിക്കാനാവാത്ത നിസ്സഹായാവസ്ഥ. ഈ വിഷക്കാറ്റിൽ ബോധം നശിക്കുന്നവരിൽ കൂടുതലും കുട്ടികൾ. ഈ വിഷപ്പുകയിൽ എളുപ്പം മയങ്ങുന്നത് നിഷ്കളങ്കമായ ഈ മനസ്സുകളാണെന്ന അറിവാണതിനു കാരണം. ജാതി-മത സംഘടനകളെല്ലാം ഇന്ന് ബാലവേദി സംഘടിപ്പിക്കുകയാണ്. സ്വന്തം ജാതിയുടെ മഹത്വം വിളമ്പുന്നതിനോടൊപ്പം മറ്റു വിഭാഗങ്ങളെ വെറുക്കുവാനും പരിശീലിപ്പിക്കുന്നു. കുട്ടിക്കാലംമുതൽ ഒരു പ്രത്യേക മാനസികാവസ്ഥ ഇവരിൽ ചെലുത്തുന്നു. ഒരു നന്മയും ഇവരിൽ അവശേഷിക്കാതെ വളർത്തുന്നു.
കുട്ടികളുടെ കൂട്ടായ്മ ഇന്ന് ജാതി-മതാധിഷ്ഠിതമായിരിക്കുന്നു. ഓരോ ജാതിക്കും ഒരു ബാലവേദി. ജനിക്കുന്ന ജാതിയുടെയും മതത്തിന്റെയും അതിർത്തികൾക്കപ്പുറത്ത് കുട്ടികൾ പോകരുതെന്ന കാഴ്ചപ്പാട്. വാക്കിലും, പ്രവൃത്തിയിലും, ചിന്തയിലും, വീക്ഷണത്തിലും വേലികെട്ടിത്തിരിച്ചിരിക്കുന്നു.
ഇവർക്കുവേണ്ടി ജാതിതിരിച്ച് ജാതിതിരിച്ച് മത്സരങ്ങൾ നടക്കുന്നു. ജാതിയിലെ ഏറ്റവും കൂടുതൽ മാർക്കുവാങ്ങിയ കുട്ടിയെ തെരഞ്ഞെടുക്കുന്നു. ജാതിയിലെ നല്ല പാട്ടുകാരൻ-ജാതിയിലെ മികച്ച ഓട്ടക്കാരൻ-ജാതിയിലെ നല്ല ചാട്ടക്കാരൻ എന്നിങ്ങനെ കുട്ടികൾ അറിയപ്പെടുന്നു. ഒരു പ്രദേശത്തെ നല്ല മിടുക്കൻ വിദ്യാർത്ഥിയും നല്ല പാട്ടുകാരനും ഓട്ടക്കാരനും ഒന്നാമനും ഇന്നില്ല.
പഴയ കേരളത്തിലെ ഭ്രാന്തൻ നേതാക്കന്മാർപോലും കുട്ടികളെ അവരുടെ വഴിക്കുവിട്ടിരുന്നു. സ്വന്തം തട്ടകം തെരഞ്ഞെടുക്കുന്നതിനുളള തിരിച്ചറിവുണ്ടാകുന്നതുവരെ കുട്ടികൾ സ്വതന്ത്രരായിരുന്നു.
നാടൻപാട്ടും പുഴയിലെ കുളിയും തലപ്പന്തുകളിയും പാട്ടുംകൂത്തും ആർപ്പുവിളിയും പഠിത്തവും പരീക്ഷയുമൊക്കെച്ചേർന്ന കുട്ടിക്കാലം. നെൽപ്പാടത്തെ വെളളത്തിൽ ഉച്ചച്ചൂടിൽ വെയിൽകായാൻ വരുന്ന ചുട്ടിപ്പൂശാനെ തോർത്തൂരി കോരിയെടുക്കുന്ന കാലം. കൈയും കാലും മുഖവും കഴുകി സന്ധ്യയ്ക്ക് നിലവിളക്കിനുമുന്നിൽ നാമം ജപിക്കുന്ന കാലം.
നമ്മളിൽനിന്ന് ഇതൊക്കെ അന്യമാകുന്നു. നിലവിളക്കിനുമുന്നിൽ നിസ്സഹായന്റെ പ്രാർത്ഥനയാണിത്.
പ്രത്യാശയോടുളള പ്രാർത്ഥന. കരുണയുടെ ഒരു നിഴലിനുവേണ്ടി…. തിരിച്ചറിവിന്റെയും ദയാവായ്പിന്റെയും ഒരു സ്രോതസ്സിനുവേണ്ടി…. ജീവിതത്തിന്റെ കനത്ത ശൂന്യതയെ തൂത്തെറിഞ്ഞ് നന്മയുടെ ഒരു വെളിച്ചത്തിനുവേണ്ടിയുളള നിസ്സഹായന്റെ പ്രാർത്ഥന.
Generated from archived content: aug_essay4.html Author: adv_cg_sureshbabu