മുത്തങ്ങ

മണ്ണിനടിയിലെയാദിമനിവാസി

കണ്ണുപൊട്ടിയ മുത്തങ്ങ

മുഷിഞ്ഞ വേഷവും ഉടഞ്ഞ രൂപവും

തിരിച്ചറിയൽകാർഡും

കരാർവ്യവസ്ഥയും നഷ്‌ടം

തെക്കൻകാറ്റത്തു തേക്കുകാരണവരും

വടക്കൻമഴയ്‌ക്കു ഈട്ടിപ്രമാണിയും

കടന്നുപോയ വഴിയിൽ

പേടി കുടിൽകെട്ടി

പിക്കാസും തൂമ്പായും

മർമ്മത്തു മുട്ടുമ്പോൾ

ആഴത്തിലേക്കു കുഴിഞ്ഞുപോക്ക്‌

കിളച്ചുമറിക്കുമ്പോൾ

മാളങ്ങൾ മുടിക്കുമ്പോൾ

മുടിമുറിച്ചും മുലപറിച്ചും

മാതൃഭൂമിയിൽനിന്നും

പിതൃഭൂമിയിൽനിന്നും

പലായനം വിധിക്കുമ്പോൾ

പ്രതിരോധിക്കുവാൻ

അടർന്ന പല്ലും നഖങ്ങളും

ചതഞ്ഞ പത്തിയും പന്തവും

ചെത്തിക്കളഞ്ഞാലും

കിളിർത്തുവരുന്ന പാരമ്പര്യം

പുതിയ തഴപ്പും പുതിയ മുഴുപ്പുമായി

അധികാരത്തിന്റെ അതിസാരത്തിനും

അധിനിവേശത്തിന്റെ

അസഹ്യഗന്ധത്തിനും

മറുമരുന്നായി.

Generated from archived content: poem_muthanga.html Author: aduthala_jayaprakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here