നായ നല്ല മൃഗം
നന്ദിയുളള നാല്‌ക്കാലി
നൽകിയ കൈയ്‌ക്ക് പല്ലും
നഖവുംകൊണ്ടു പരീക്ഷയെഴുതാത്ത
ഉഭയഭോജി
വാലിന്റെ കലയാണ് അവന്റെ വിജയം
തലമുറകളിലൂടെ കൂറുതെളിയിച്ച
യുധിഷ്‌ഠിരപിതാവിന്റെ അപരജന്മം
ഉത്തരാധുനികം
വളർത്തുപട്ടികൾക്ക് മർത്യനെപ്പോലെ
നട്ടെല്ലു കുറുകിപ്പോയകാലം
കുതിയില്ല കുരയുമില്ല
അഹന്തയുടെയിറച്ചിയും
ദയാരാഹിത്യത്തിന്റെ ചോരയും
ഭയരഹിതം തിന്ന സാരമേയങ്ങൾ
വിനയം വീശാൻ മറന്നിരിക്കുന്നു
പരിവർത്തനം നരനൊപ്പം
നയത്തിൽ ശത്രുവിന്റെ
ലായത്തിൽ സഹവാസം
പിടിച്ചുകെട്ടാൻ വന്നാൽ
ആദ്യം കടിക്കുന്നത് വളർത്തച്ഛനെ.
Generated from archived content: poem3_jan.html Author: aduthala_jayaprakash
Click this button or press Ctrl+G to toggle between Malayalam and English