വെള്ളം

ദാഹിച്ചുവലയുന്ന ഒരു ഗ്രാമത്തിന്റെ വധുവായാണ്‌ താൻ എത്തപ്പെട്ടിരിക്കുന്നതെന്ന്‌ ആദ്യരാത്രിക്കു മുമ്പേ അവൾ അറിഞ്ഞു.

സന്ധ്യയ്‌ക്ക്‌ അമ്മായിയമ്മ വെള്ളത്തിനുള്ള പാത്രങ്ങളുമായി പുറപ്പെടുമ്പോൾ അവളോടായി പറഞ്ഞുഃ “മ്മള്‌ പെണ്ണുങ്ങക്ക്‌ ആദ്യരാത്രീം സൊഖോറക്കോമൊന്നും പറഞ്ഞ്‌ട്ടില്ല. വെള്ളമില്ലങ്കീ ജീവിതമില്ല. ഒര്‌ നെമഷം നേരത്തെ ചെന്നാൽ ഒര്‌ കുടം നേരത്തെ കിട്ടും”.

പൊതുടാപ്പിന്റെ മുന്നിലെ നീണ്ടക്യൂവിൽ പാത്രങ്ങളുമായി കാത്തുനിന്നോ, കായൽതാണ്ടിയെത്തുന്ന ജങ്കാറുകൾക്ക്‌ മുന്നിലെ ക്യൂവിൽ കടന്നുകൂടിയോ വെള്ളവുമായി നേരത്തെയെത്തുന്ന കാര്യമാണവർ പറഞ്ഞത്‌.

ഉറക്കത്തിന്റെ ആലസ്യം വിട്ടുണരും മുമ്പേ തലയിൽ കുടവും കൈക്കുള്ളിൽ ബക്കറ്റുകളുമായി സർക്കസുകാരിയെപ്പോലെ കയറിവരുന്ന അമ്മായിയമ്മയെയാണ്‌ അവൾ കണികണ്ടത്‌. അമ്മായിയമ്മയുടെ കടന്നൽകുത്തിയ മുഖം മരുമകളെ പിടിച്ചുലച്ചു. അടുത്തദിവസം സന്ധ്യചുവന്നപ്പോൾ മരുമകൾ അമ്മായിയമ്മയ്‌ക്കൊപ്പം കായൽ തീരത്തേക്ക്‌ പോയി. ജങ്കാറിന്റെ ഇരമ്പൽ കാതോർത്ത്‌ നിന്ന അവൾ ഏറെക്കഴിയും മുമ്പേ കടവത്തെ പുൽപ്പരപ്പിൽ കിടന്നുറങ്ങിപ്പോയി. പുലർച്ചെ വെള്ളവുമായി പടികടന്നെത്തുമ്പോൾ കെട്ടിയവൻ പണിക്ക്‌ പോകാൻ ഒരുങ്ങുന്നു. അവന്റെ മുഖത്തും കടന്നൽ ചുംബനത്തിന്റെ ലക്ഷണം.

ഒരു പുലർച്ചെ ഒരലർച്ച കേട്ടാണ്‌ കടവത്ത്‌ കിടന്നുറങ്ങിയിരുന്ന പെണ്ണുങ്ങൾ ഞെട്ടിയുണർന്നത്‌. ഒരു വാക്കും ചൊല്ലാതെ കെട്ടിയവൻ അവളെ പൊതിരേ തല്ലി. പിന്നെ സർവ്വതും ഉപേക്ഷിച്ച്‌ അവൻ നാടുംവിട്ടു. ഒരിറ്റ്‌ കണ്ണീര്‌ പോലും തൂവാനില്ലാതെ ജങ്കാറിന്റെ മുരൾച്ചയ്‌ക്ക്‌ അവൾ വീണ്ടും കാതോർത്ത്‌ കിടന്നു.

Generated from archived content: story4_july20_07.html Author: abraham_thadiyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here