ഇംഗ്ലീഷ്‌ കവിതകളുമായി

അമേരിക്കൻ മലയാളികൾക്ക്‌ പരിചിതനും പ്രിയങ്കരനുമായ വ്യക്തിയാണ്‌ അബ്‌ദുൾ പുന്നയൂർക്കുളം. കഥാകൃത്ത്‌, കവി എന്നതിലുപരി അമേരിക്കൻ സംസ്‌കാരത്തെ തൊട്ടറിഞ്ഞ്‌ അതിൽനിന്നും നിത്യനൂതനങ്ങളായ ജീവിതകഥാസന്ദർഭങ്ങൾ വകതിരിച്ചെടുത്ത്‌ സാഹിത്യം കൈകാര്യം ചെയ്യുന്ന സർഗ്ഗധനനാണ്‌ അബ്‌ദുൾ. ലോകത്ത്‌ അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങളില്ല; ബംഗ്ലാദേശിൽകൂടി കാൽനടയായും ബസ്സുകളിലും ബർമ്മവഴി വിയറ്റ്‌നാം, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അലഞ്ഞ്‌ ഫിലിപ്പൈൻസിൽ എത്തി. അവിടെനിന്നും ഗൾഫ്‌രാജ്യങ്ങൾ, ഇറ്റലി, ജർമ്മനി, ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഏകാന്തപഥികനായെത്തി. ഒടുവിൽ വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്ത്‌ ചെന്നുപെട്ടു. മിഷിഗണിലെ പ്രസിദ്ധമായ വെയിൻസ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നും എം.എസ്‌.ഡബ്ല്യു ബിരുദം നേടി. ഇപ്പോൾ മാർക്ക്‌ടയിന്റെയും ആൽവാ എഡിസന്റെയും ഹെന്റ്‌ഫോർഡിന്റെയുമൊക്കെ ജീവിതകഥകൾ ഉറങ്ങിക്കിടക്കുന്ന മിഷിഗണിലെ ഡിട്രോയിറ്റ്‌ എന്ന മെട്രോസിറ്റിയിൽ താമസിക്കുന്നു.

മലബാറിലെ കുലീനമായ ഒരു തറവാട്ടിലെ റഹ്‌മത്ത്‌ ആണ്‌ ഭാര്യ. മക്കളായ മൺസൂർ, മുർഷിദ്‌, മൊയ്‌തീൻ എന്നിവരോടൊപ്പം ശാന്തസുന്ദരമായ ജീവിതം നയിക്കുന്നു.

തൃശൂർ കുന്നംകുളത്തിനടുത്തുളള പുന്നയൂർക്കുളത്തെ പത്തായപ്പറമ്പിലാണ്‌ അബ്‌ദുവിന്റെ ജീവിതം ആരംഭിച്ചത്‌. അബ്‌ദുൾ പുന്നയൂർക്കുളത്തിന്റെ ഹൃദയം എപ്പോഴും കഥകളുടെയും കവിതകളുടെയും അശാന്തസമുദ്രമാണ്‌.

‘American You were a Scarlet Rose’ എന്ന പുതിയ കവിതാസമാഹാരത്തിലെത്തുമ്പോൾ അബ്‌ദുൾ പുന്നയൂർക്കുളം കുറേക്കൂടി ഉയർന്ന ഒരു ശിഖരത്തിലേക്ക്‌ തന്റെ കൂട്‌ മാറ്റിയെടുക്കുകയാണെന്നു തോന്നുന്നു. അതിമനോഹരമായ ഇംഗ്ലീഷ്‌ കവിതകളടങ്ങുന്ന ഈ പുസ്‌തകം ഉൺമ പബ്ലിക്കേഷൻസാണ്‌ പുറത്തിറക്കുന്നത്‌. അമേരിക്കയിലെ മലയാളം പത്രം, കേരള എക്‌സ്‌പ്രസ്സ്‌, ജനനി എന്നീ പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹത്തിന്റെ സൃഷ്‌ടികൾ വന്നുകൊണ്ടിരിക്കുന്നു.

‘സ്‌നേഹസൂചി’ ആണ്‌ ഇദ്ദേഹത്തിന്റെ ആദ്യ മലയാള കവിതാസമാഹാരം. പ്രവാസ സുഗന്ധമുളള മലയാളം കവിതകളുടെയും കഥകളുടെയും സമാഹാരങ്ങളും ഉൺമ വഴി പിന്നാലെ വരുന്നുണ്ട്‌.

Generated from archived content: essay5_june.html Author: abdul_punnayurkumalm

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here