വി.കെ.എൻ ക്ഷമിക്കട്ടെ

കല എന്ന്‌ പറഞ്ഞാൽ സിനിമ മാത്രമാണെന്നും വായനശീലമെന്ന്‌ പറയുന്നത്‌ നാന, വെളളിനക്ഷത്രം, സിനിമാമാസിക, ജ്യോതിഷരത്‌നം, മുഹൂർത്തം തുടങ്ങിയവ വായിക്കുന്നതാണെന്നും അടിയുറച്ചു വിശ്വസിക്കുന്ന ഒരു പഴയ ചരിത്രബിരുദധാരിണി എന്റെ പരിചയക്കാരിയായി ഉണ്ട്‌. അവർ സിനിമയുമായി ബന്ധപ്പെട്ട ഒരു കലാകാരന്റെ ഭാര്യയാണ്‌. അതുകൊണ്ട്‌ തന്റെ സിരകളിലൂടെ ഓടുന്നത്‌ കലയുടെ ചുടുചോരയാണെന്ന്‌ അവർ കണ്ണുമടച്ച്‌ വിശ്വസിക്കുന്നു. മറ്റ്‌ കലകളെ അവർ കലയായി അംഗീകരിക്കുന്നില്ല. ആകാശത്തിന്‌ കീഴിൽ ഭൂമിക്കു മുകളിലുളള എന്തിനെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയും. പക്ഷേ, വളഞ്ഞ്‌ വളഞ്ഞ്‌ വളരെനേരം സംസാരിച്ചാണ്‌ പ്രധാന പോയിന്റിൽ എത്തുന്നത്‌. അതിനിടയിൽ ഒരു നൂറായിരം തവണ തന്റെയും ഭർത്താവിന്റെയും കഴിവുകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും, സ്വന്തം അഭിനയങ്ങളെക്കുറിച്ചും, കോളേജിൽ പഠിച്ചിരുന്ന കാലത്ത്‌ കോളജ്‌ മാഗസിന്‌ വേണ്ടി ഒരു കഥ എഴുതിയ കഥയും, ഇപ്പോൾ കണ്ണാടി ഉപയോഗിക്കുന്നതുകൊണ്ട്‌ എഴുതുന്നില്ലെന്നും, എഴുതാൻ പ്രമുഖ പത്രാധിപൻമാർ നിർബന്ധിക്കുന്നുണ്ടെന്നും പറയും.

ഒരിക്കൽ അവരെ സന്ദർശിച്ചപ്പോൾ, വലിച്ചുവാരിയിട്ടിരുന്ന മേൽപ്പറഞ്ഞ മാസികകൾക്കിടയിൽ കിടന്ന ഒരു വി.കെ.എൻ കൃതി എടുത്ത്‌ ഒന്നു മറിച്ചുനോക്കി. സിൻഡിക്കേറ്റും, പയ്യൻസും, സുനന്ദയും, ചാത്തൻസും ഒക്കെ ഓർമ്മകളിൽ തങ്ങിനിന്നതുകൊണ്ട്‌ തൊട്ടുപോയതാണ്‌.

“വി.കെ.എന്നിന്റെ നോവലുകൾ ഒന്നും തനിക്ക്‌ മനസ്സിലാകില്ല. അത്‌ വലിയ സാഹിത്യമാണ്‌.”

“ങേ.. അങ്ങനെയാണോ!”

“അതെ, ‘വി.കെ.എൻ’ വായിച്ചാൽ സാധാരണക്കാർക്ക്‌ മനസ്സിലാകില്ല. ചേട്ടനും ഞാനും ഒരുപാട്‌ വായിക്കും. നിങ്ങളൊക്കെ കോളേജിൽ പഠിപ്പിക്കുന്നുവെന്നല്ലാതെ പുതിയ സാഹിത്യമൊന്നും പിടിയുളളവരല്ലല്ലോ. ഞാൻ പണ്ട്‌ കഥകൾ എഴുതിയിട്ടുണ്ട്‌.”

ഞാൻ പുസ്‌തകം താഴെയിട്ടു. വി.കെ.എൻ എന്നെ പരിഹാസപൂർവ്വം നോക്കി.

ഭാരതത്തിലെ വനിതാ രാഷ്‌ട്രീയ നേതാക്കളെ നോക്കി ശോഭാഡേ പണ്ടൊരിക്കൽ ഒരു കുറിപ്പിൽ ചോദിച്ച ചോദ്യം എന്റെ മനസ്സിലേക്ക്‌ കടന്നുവന്നു. “what qualities do there women have other then sharing the bed of certain great men?”

(ചില പ്രശസ്‌തരുടെ കിടക്ക പങ്കിട്ടു എന്നല്ലാതെ, കൊളളാവുന്നതെന്തെങ്കിലും ഇവർ ചെയ്‌തിട്ടുണ്ടോ? – ഒരു വി.കെ.എൻ. പരിഭാഷ)

Generated from archived content: eassy1_june23_08.html Author: a.s_sudeer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here