അറിയാതെ പോയത്

 

അവളുടെ മിഴികളിൽ
പുഴ നിറഞ്ഞിരുന്നത്
എന്റെ സ്വാർത്ഥതയുടെ
കാർമേഘങ്ങൾ
കൊണ്ടായിരുന്നെന്ന്

മോഹത്തിന്റെ
പട്ടുടയാടകളിൽ
കീറലുകൾ വീഴ്ത്തിയത്
എന്റെ ദുശ്ശാഠ്യങ്ങളുടെ
നഖമുനകൾ
കൊണ്ടായിരുന്നെന്ന്

വിരസമായ കാത്തിരുപ്പിന്റെ
പരാതിപ്രവാഹങ്ങളിൽ
പ്രതീക്ഷകളുടെ കുത്തിയൊലിപ്പിനെ
വാഗ്ദാനത്തിട്ടയിലൊതുക്കാമെന്നത്
എന്റെ വ്യാമോഹം
മാത്രമായിരുന്നെന്ന്

കനവിൽ നീറും
മരുഭൂപൊള്ളലിൽ
കറപ്പു വീണ പ്രണയമുഖം
സ്വാർത്ഥതയുടെ
മുഖം കറുപ്പിക്കലാണെന്ന
എന്റെ തെറ്റിദ്ധാരണ
കൊണ്ടായിരുന്നെന്ന്

ഒടുവിൽ
ചങ്ങല പൊട്ടിച്ച്
പറയാതെ പോയതും
അറിയാതെ പോയത്
അറിയാമെല്ലാമെന്നെന്നറിവിന്റെ
അഹന്ത കൊണ്ടായിരുന്നെന്ന്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English