ശൈത്യത്തിന്റെ തുടക്കമായിരുന്നു
ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു
വീട് വേണമായിരുന്നു
നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ
അയാളുടെ മുന്നിൽ കൊണ്ടെത്തിച്ചു.
ഇറാനിയൻ ഭൂപടത്തിന്റെ
ഏതോ വിളുമ്പിൽ നിന്നും
കാലങ്ങൾക്കു മുന്നേ
ഇങ്ങോട്ടു കുടിയേറിയ ഒരു മനുഷ്യൻ.
വെളുത്തു കൊലുന്നനെയുള്ള അയാളുടെ രൂപമെന്നെ
‘ഫ്ലോറന്റിന അരിസ’*യെ ഓർമിപ്പിച്ചു
വാർധക്യത്തിന്റെ വെളുത്ത നേർത്ത പാട
അയാളുടെ കണ്ണുകളുടെ വെളിച്ചത്തെ
ചെറുതായി മൂടി കളഞ്ഞിരുന്നു.
മാർഗരറ്റ് ഡ്രൈവിലെ
തണുത്തു വിറങ്ങലിച്ച പൂച്ചക്കുട്ടിയെ എന്ന പോൽ
ആ വൃദ്ധനെന്നെ ആർദ്രമായി നോക്കി.
മങ്ങിയ വെളിച്ചമുള്ള
അയാളുടെ കുടുസ്സു മുറിയിൽ നിന്നും
വിചിത്ര ഭാഷകളിൽ ഉള്ള പാട്ടുകൾ
നേരം ഇരുട്ടുവോളം കേൾക്കാമായിരുന്നു
ടെക്വില കലർന്ന ചൂടുള്ള സന്ധ്യകളിൽ
അയാൾ വാചാലനായി കാണപ്പെട്ടു.
അടുത്തിടെ പിരിഞ്ഞു പോയ ഭാര്യയെപ്പറ്റി,
ഗ്രാമത്തിലെ പണ്ഡിതനായിരുന്ന
മുത്തച്ഛനെപ്പറ്റി,
പിണങ്ങി കഴിയുന്ന ഒരേയൊരു പെങ്ങളെപ്പറ്റി,
എന്നും നിസ്കരിക്കുവാൻ
നിർബന്ധിച്ചിരുന്ന അമ്മയെപ്പറ്റി,
പിന്നെ ഇന്ത്യയെ പറ്റി.
ഇന്ത്യ അയാൾക്കൊരു നല്ല രാജ്യമായിരുന്നു
(നല്ല കാലങ്ങളിൽ നിൽക്കുന്ന ഇന്ത്യയെ പറ്റി മാത്രം അയാൾ അറിഞ്ഞാൽമതി എന്നതു പെട്ടന്നുള്ള എന്റെ തീരുമാനമായിരുന്നു.)
കൊൽക്കത്തയിലെ അയാളുടെ പഠന കാലങ്ങൾ,
ഇരുണ്ട നിറമുള്ള ബംഗാളി കാമുകി
അവരുടെ നീണ്ട ചെമ്പൻ മുടിയുടെ മണം,
കടുപ്പമേറിയ ചായയുടെ നിറം കലർന്ന
വൈകുന്നേരങ്ങൾ
നരച്ച മഞ്ഞിപ്പു പടർന്ന കൊൽക്കത്ത തെരുവുകൾ
ഒരിക്കലും കണ്ടിട്ടില്ലാത്ത
എന്റെ രാജ്യത്തിലെ നഗരം
ഒരു ഇറാനിയാൽ എന്നെ
പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു…
വീട്ടിലെ മറ്റു താമസക്കാരേക്കാൾ
മുൻപയാൾ ഉണരുകയും
100 കിലോമീറ്റർ അകലെയുള്ള നഗരത്തിലേക്ക് ജോലിയ്ക്കായി
സ്വയം കാറോടിച്ചു പോവുകയും ചെയ്തിരുന്നു.
തമ്മിൽ കണ്ടു മുട്ടുന്ന വിരളനേരങ്ങളിൽ
ജീവിതത്തിന്റെ അർത്ഥമില്ലായ്‌മയെ കുറിച്ചും
അപകടകാരികളായ മനുഷ്യരെക്കുറിച്ചും
ദൈവമില്ലായ്മയുടെ ആധികാരികത യെപ്പറ്റിയും
നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
ഇനി ഞാൻ പറയുവാൻ പോകുന്നത്
എനിക്കും നിങ്ങൾക്കും ഇടയിൽ മാത്രം
ഇല്ലാതായി പോകേണ്ട ഒരു രഹസ്യത്തെ പറ്റിയാണ്.
“ഈ മനുഷ്യന്റെ മരണം ആത്മഹത്യ ആയിരിക്കും”എന്ന്
ഒറ്റ നോട്ടത്തിൽ ഒരു മനുഷ്യനെ കണ്ടിട്ടു
നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ ?
(എനിക്കത് തോന്നിയെങ്കിൽ ഇയാളെ പറ്റി മാത്രമായിരിക്കും)
ഒറ്റയ്ക്കായി പോയവനോ
ജീവിതത്തോട് വിരക്തി ഉള്ളവനോഅല്ലയാൾ
തന്നെ പറ്റിയിരുന്ന
ഓരോ വേരുകളേയും ഒന്നിന് പുറകെ ഒന്നായി അടർത്തി കളഞ്ഞ,
ഏതോ ആഴമുള്ള തടാകത്തിനടിയിൽ
ഒന്നിലും തട്ടി തടയാതൊഴുകുന്ന ജലസസ്യത്തോട്
തന്നെ തന്നെ സ്വയം ഉപമിക്കുന്ന ഒരുവനാണ്.
പിന്നെ എന്തിനാകും
അയാൾ അതു ചെയ്യാൻ പോകുന്നത് എന്നത്
തീരുമാനിച്ചുറപ്പിക്കുവാനുള്ള അവകാശം,
അതയാൾക്കു തന്നെയിരിക്കട്ടെ.
അതിനു മുൻപ്
വേറൊരു വീട് തരമാക്കുക
എന്നതിൽ കവിഞ്ഞു എന്തു ഞാൻ ചെയ്താലും
അതു നന്ദികേടാകും
ഇനി നിങ്ങൾ പറയു.
ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് എന്നു മാത്രമല്ല
മരണത്തിലേക്കുള്ള കടന്നുകയറ്റവും
വളരെ ഹീനമാണെന്ന എന്റെ നിലപാട്
ഞാൻ തിരുത്തേണ്ടതുണ്ടോ?
*Love in the time of cholera