അപരിചിതം

 

അസ്തമയസൂര്യൻ മറയാൻ പോകുന്നത് ആ വയലുകൾക്കപ്പുറമെങ്ങോ ആയിരിക്കണം . ചുവന്നുതുടുത്ത ആ മുഖത്തുപോലും തെല്ലു ദുഃഖം ബാക്കിനിൽക്കുന്നുണ്ടോ ..?
ആദിയുടെ മനസ്സ് മണ്ണിനെ വിട്ട് ചക്രവാളത്തിലൂടെ നീങ്ങി .
മണ്ണിലപ്പോൾ തികച്ചും ദുഃഖാർദ്രമായ ചടങ്ങുകളായിരുന്നു .
കുടിലിനടുത്തായി ആ ചെറുപ്പക്കാരന് അന്തിയുറങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു . അവന്റെ പ്രിയപ്പെട്ട റോസാച്ചെടികളായിരിക്കണം അതിനടുത്തായി കാണുന്നത് . മുൾവേലിക്കപ്പുറം അലസമായി പരന്നുകിടക്കുന്ന കൃഷിയിടങ്ങൾ . അങ്ങിങ്ങായി അവർക്കു തണലേകാൻ നീണ്ടു നിൽക്കുന്ന ഒറ്റമരങ്ങൾ.അകലെയായി മറയാൻ തുടങ്ങുന്ന സൂര്യനും.

ആദി ഇരുന്നിരുന്ന കയറ്റുപായക്കട്ടിൽ പലയിടങ്ങളിലും വിടവുകൾ സൃഷ്ടിച്ചുകൊണ്ട് അതിന്റെ ശോചനീയാവസ്ഥ വെളിവാക്കുന്നുണ്ട് .
ഈ ഇരുത്തം തുടങ്ങിയിട്ട് നാലഞ്ച് മണിക്കൂറുകൾ പിന്നിട്ടുകാണണം .
അടുത്തായി ആരൊക്കെയോ ഇരിക്കുന്നു ,നിൽക്കുന്നു ,ഓരോരോ കാര്യങ്ങൾക്കായി ഓടിനടക്കുന്നു .എല്ലാവരും തനിക്കപരിചിതരായിട്ടും ഈ സ്ഥലം ഒട്ടും അന്യമായി തോന്നുന്നില്ല എന്നകാര്യം അവൻ തെല്ലൊരു ആശ്ചര്യത്തോടെ ഓർക്കുകയുണ്ടായി .കുടിലിനുള്ളിൽ നിന്നും വരുന്ന തേങ്ങലുകൾ നിശബ്ദമായ ആ അന്തരീക്ഷത്തെ ഘനീഭവിപ്പിക്കുന്നു . ആ ചെറുപ്പക്കാരന്റെ ഭാര്യയാവാം. തഴപ്പായയാൽ കെട്ടിയ ആ വാതിൽ പാതി തുറന്നുകിടക്കുന്നു. ആ പെൺകുട്ടി യെ കാണാൻ തോന്നിയില്ല .മുതിർന്ന സ്ത്രീകളുടെ അടക്കിപ്പിടിച്ച സംസാരം അവ്യക്തമായി കേൾക്കാം

അപരിചിതമായ ഇടം .
ഈ ദിനം പുലരുന്നതിനു മുമ്പേ സ്വപ്നങ്ങളിൽ പോലും കാണാത്ത ഒരിടം ..
ചോളസാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ തേടിയുള്ള യാത്രയിൽ ഇന്നത്തെ ദിവസം മാറ്റിവച്ചിരുന്നത് കർണാടക സംഗീതത്തിലെ ത്രിമൂർത്തികളെക്കുറിച്ചറിയാനായിരുന്നു . മുത്തുസ്വാമി ദീക്ഷിതരോടൊത്തിരുന്ന ശേഷം ത്യാഗരാജ സ്വാമിയേ തേടി പോകുമ്പോഴായിരുന്നു വഴികൾ മാറിമറിയപ്പെട്ടത് . ജഗദാനന്ദകാരകയും എന്തോരോ മഹാനുഭാവുലുവും മനസ്സിനെ മഥിച്ചിരുന്ന കാർ യാത്രയിൽ കണ്ണുകൾ എപ്പോഴോ അറിയാതെ അടഞ്ഞുപോയിരുന്നു .
പൊടുന്നനെയുള്ള വണ്ടിയുടെ ബ്രേക്കിടൽ മൂലമാവണം, തല മുന്നിലെ സീറ്റിൽ ഇടിച്ചപ്പോഴാണ് ഉണർന്നത് .ഡ്രൈവറോടുള്ള ദേഷ്യം വാക്കുകളായി പുറത്തുവരുന്നതിനു മുമ്പേ ഒരു ചെറുപ്പക്കാരൻ മടിയിലേക്കു എടുത്തുവെക്കപ്പെട്ടിരുന്നു .രക്തം ഒലിച്ചിറങ്ങുന്നതു കണ്ടപ്പോൾ തലയാകെ മരവിച്ചു . പക്ഷെ കൈകൾകൊണ്ട് ചോരയൊലിക്കുന്ന ഏതൊക്കെയോ ഭാഗങ്ങളിൽ പൊത്തിപ്പിടിച്ചു.അയാളുടെ മുഖമാകെ രക്തം നിറഞ്ഞിരുന്നു .ഡ്രൈവർ അതിവേഗത്തിൽ ആശുപത്രി ലക്ഷ്യമാക്കി നീങ്ങി .

“സാർ ..കൊഞ്ചം ടീ സാപ്പിടുങ്കോ..”
ചായയുമായി കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ മുന്നിൽ നിൽക്കുന്നു .
ആക്‌സിഡന്റിൽ പെട്ട ആളിനെ ഇവിടെ എത്തിച്ച ശേഷം എല്ലാ കാര്യങ്ങൾക്കും ഓടി നടന്നിരുന്നത് ഇയാളായിരുന്നു .ആശുപത്രിയി ൽ ഇയാൾ ഉണ്ടായതായിട്ടാണ് ഓർമ്മ
“ടാക്സി ഏതാവത് കിടക്കുമാ ഇങ്കെ ..?”
ചായയുടെ ഗ്ലാസ് വാങ്ങിയ ശേഷം അയാളോട് അറിയാവുന്ന തമിഴിൽ ചോദിച്ചു .
“ടാക്സി കിടക്കറുതുക്ക് റൊമ്പ കഷ്ടം സാർ ..ആനാലും പാക്കലാം ..”
അയാൾ തൊട്ടടുത്തായി ഇരുന്നു .
അയാളുടെ കുപ്പായത്തിലാകെ രക്തത്തിന്റെ പാടുകളായിരുന്നു .
തന്റെയും കുപ്പായമാകെ രക്തമാണല്ലോ എന്നകാര്യം ആദി അപ്പോഴാണ് ശ്രദ്ധിക്കുന്നത് . രക്തം കണ്ടാൽ തലകറങ്ങിവീണിരുന്ന ആളിൽ നിന്നും രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പത്തിരുപതു കിലോമീറ്ററോളം മടിയിൽകിടത്തി കൊണ്ടുപോകാൻ പാകത്തിലുള്ള മനോനിലയിലേക്കു മാറ്റപ്പെടുന്ന ജീവിത വൈചിത്ര്യങ്ങൾ .

“വസുദേവ് റൊമ്പ നല്ലവൻ സാർ …” അവൻ വിതുമ്പി
ആദി ആ ചെറുപ്പക്കാരന്റെ തോളിൽ കൈവച്ചുകൊണ്ട് അകലേക്ക് നോക്കി
ഇരുന്നു .അകലെ സൂര്യൻ മറയാൻ തുടങ്ങുന്നു .ദൂരെ വയലിരമ്പിലൂടെ ആരൊക്കെയോ നടന്നുപോകുന്നതു കാണാം . ഒറ്റമരത്തിന്റെ കൊമ്പുകളിൽ തൂക്കിയിട്ടിരിക്കുന്ന കുപ്പായങ്ങൾ ലക്ഷ്യമാക്കിയാവാം അവർ വരുന്നത് .മരച്ചുവട്ടിൽ അവരുടെ ചോറ്റുപാത്രങ്ങൾ .അതിനു കാവലിരിക്കുന്ന പാവാടക്കാരിയായ ഒരു പെൺകുട്ടി .
തന്റെ കൈകളിൽ കിടന്നു മരണത്തിനു കീഴടങ്ങിയ വാസുദേവ് എന്ന ചെറുപ്പക്കാരന്റെ മുഖം മനസ്സിൽ തെളിയുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു .ഇത്രയും ദൂരം താണ്ടി താനിവിടെ വന്നത് ,ഈ ചെറുപ്പക്കാരന്റെ
അവസാന നിമിഷങ്ങളിൽ കൂടെയിരിക്കാനാവും . ത്യാഗരാജ കീർത്തനങ്ങൾക്കു മീതെ ,ബൃഹദീശ്വര ക്ഷേത്രത്തിനു മീതെ ,ചോള സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾക്കിടയിൽ നിന്നുമൊരു തേങ്ങലുയരുന്നു.

“മീരാ വസുദേവ്.. അവനുടെ മനൈവി .. കടവുളേ നീ തപ്പു പണ്ണിയാച്ച് ..”
ആ ചെറുപ്പക്കാരൻ മുകളിലേക്ക് കൈകളുയർത്തി ദൈവത്തെ ഉച്ചത്തിൽ ശപിച്ചുകൊണ്ടിരുന്നു.
അവന്റെ തോളിൽ കയ്യിട്ടുകൊണ്ട് നടന്നു .
അനുസരണയുള്ള കുട്ടിയെപ്പോലെ കൂടെ വന്നു .
അകലേക്ക് നീളുന്നൊരു ചെമ്മൺപാത .ഒരു മലയടിവാരത്തിലാണ് അതിന്റെ അവസാനമെന്നു തോന്നുന്നു .

ഒരു പെൺകുട്ടി പിന്നാലെ ഓടിവന്നു രണ്ടു കുപ്പായങ്ങൾ ഞങ്ങൾക്ക് നേരെ നീട്ടി . അവൻ അത് വാങ്ങികൊണ്ട് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു .

കാവേരിയിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചു വിടുന്ന കനാലിൽ ആയിരുന്നു കുളി .ചുവപ്പു നിറം വാരിപ്പൂശിയ കുപ്പായങ്ങൾ ഓരത്തുവെച്ചുകൊണ്ടു അവർ തിരിച്ചു നടന്നു . ആ സമയമത്രയും ഇരുവരും രണ്ടു ലോകങ്ങളിൽ ആയിരുന്നു . ആദിയിൽ ഒരുപാടു ചോദ്യങ്ങളും ആ ചെറുപ്പക്കാരനിൽ ഉത്തരങ്ങളും ഉണ്ടായിരുന്നെങ്കിലും ഇരുവരും മൗനം പാലിച്ചു .അവനിൽ നിന്നും ആദി കേട്ട അവസാന ശബ്ദം ദൈവത്തെ ശപിക്കുന്ന ആ വാക്കുകൾ ആയിരുന്നു . അവനത്രയും പ്രിയപ്പെട്ടവൻ ആയിരുന്നിരിക്കാം .ജേഷ്ഠൻ, കൂട്ടുകാരൻ ,അല്ലെങ്കിൽ അതിലും പ്രിയപ്പെട്ടതെന്തോ . അവനെ മൗനത്തിന്റെ വാല്മീകത്തിൽ നിന്നും പുറത്തെത്തിക്കാൻ തോന്നാത്തതിനാൽ ആദി ,ഈ ചോദ്യങ്ങൾക്കുത്തരം തേടിയില്ല .

ചമ്മന്തിയും പുഴുക്കും കൂട്ടിയുള്ള ചോറുണ്ണുമ്പോൾ രാവേറെ കഴിഞ്ഞിരുന്നു .
മരണവീട്ടിലെ ഭക്ഷണത്തിനു സ്വാദു കൂടുതലായിരുന്നു . ഇന്നത്തെ ആദ്യ ഭക്ഷണം ആയതുകൊണ്ടും ആവാം .അവൾ ,മീര .. എന്തെങ്കിലും കഴിച്ചുകാണുമോ ?. പാതിതുറന്നു കിടക്കുന്ന വാതിലിലൂടെ ഓട്ടുവിളക്കിന്റെ വെളിചം മാത്രം . മരണവീട്ടിൽനിന്നും എല്ലാവരും പോയിരിക്കുന്നു .പുറത്തു പൂക്കളുടെ ഇടയിൽ നിദ്രയിലാണ്ടുകിടക്കുന്ന വാസുദേവും അകത്ത് അടക്കിപ്പിടിച്ച തേങ്ങലുകളുമായി മീരയും ഈ കയറ്റുപായ കട്ടിലിൽ അവർക്ക് തീർത്തും അപരിചിനായ താനും മാത്രം.അരികെയുള്ള കുടിലുകളിൽ നിന്നും ചെറിയ വെളിച്ചം കാണാം .

കുടിലിനു മുന്നിൽ ഇടതുവശത്തായി ഒരു വലിയ പുളിമരം .അതിനു ചുവട്ടിലായി കയറ്റുപായക്കട്ടിൽ. അതിൽ നീണ്ടുനിവർന്നുകിടക്കുമ്പോൾ ആദി ചിന്തിച്ചത് വൈരുധ്യങ്ങളെക്കുറിച്ചായിരുന്നു .ജീവിതയാത്രയിൽ ഇതുവരെ കണ്ടതിൽ വച്ചുനോക്കുമ്പോൾ ഏറ്റവും മനോഹരദൃശ്യങ്ങളായിരുന്നു ഈ സായാഹ്നം നൽകിയത് .ഏറ്റവും സ്വാദിഷ്ടമായി തോന്നിയ ഭക്ഷണം .വയലേലകളിലെ കാറ്റുകൊണ്ടുള്ള മനോഹരിയായ രാത്രി . പൗർണ്ണമിയോടടുക്കുന്ന ദിനങ്ങളിലൊന്നായതിനാൽ ആകാശം വർണാഭമായിരുന്നു .നിറഞ്ഞ താരങ്ങളും പുഞ്ചിരിതൂകുന്ന ചന്ദ്രനും . പക്ഷെ ഇതിലേക്ക് തന്നെ കൊണ്ടുവന്ന സന്ദർഭം …
വാസുവിനെ മടിയിലേറ്റിയതുമുതൽ ഇടം നെഞ്ചിൽ എന്തോ കൊളുത്തിവലിക്കുകയായിരുന്നുവല്ലോ .ആശുപത്രിയിൽ അവന്റെ കൂടെ ഇരിക്കാൻ തീരുമാനിച്ചതും ,ശരീരം വീട്ടിലെത്തിക്കുമ്പോൾ കൂടെ വരാൻ തോന്നിച്ചതുമെല്ലാം ഏതോ നിമിത്തങ്ങൾ പോലെ തോന്നിപ്പോകുന്നു .

വാസു ആദിയുടെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ടിരുന്നു . അവൻ ഞെളിപിരി കൊള്ളുന്നുണ്ട് .ഡ്രൈവറോട് വേഗത്തിൽ എന്നലറുന്നതിനൊപ്പം അവനെ ആദി ചേർത്തുപിടിച്ചുകൊണ്ടിരുന്നു .ദേഹമാസകലം രക്തമായിരുന്നു .അവനെന്തോ പിറുപിറുക്കുന്നുണ്ട് . ആദി അവന്റെ മുഖത്തേക്ക് കാതു ചേർത്തു.
“കടവുൾ തപ്പു പണ്ണിയിട്ടേൻ സാർ ..കടവുൾ തപ്പു പണ്ണിയിട്ടേൻ “
അവന്റെ വാക്കുകൾ അവ്യക്തമായി കേൾക്കുന്നു .
ആദി അവന്റെ തലയിൽ തലോടി ..
“ഉലകത്തിൽ ഇവ്വളവ് ജാതി എതുക്ക് സാർ ..ഏൻ കടവുൾ ഏഴൈ ജാതിയെ പടൈത്ത് വിട്ടാർ ..”
സംസാരിക്കുമ്പോൾ അവൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു .അവനിൽ നിന്നും തല തിരിച്ചുകൊണ്ടു ആദി പുറത്തേക്കു നോക്കി ഇരുന്നു . തമിഴ്‌നാടിന്റെ നെല്ലറയാണ് കാണുന്നത് .കൊയ്ത്തും മെതിയുമായി കുറെ ആളുകൾ .നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ .

“ഇത് അവൾക്കു കൊടുക്കണം ..” അവൻ പറയുന്നു .
കട്ടിലിൽ ആദിക്ക് തൊട്ടടുത്തിരുന്നുകൊണ്ട് അവൻ ഒരു പൊതി നീട്ടി .
വെള്ള കുപ്പായവും മുണ്ടും അവനെ സുന്ദരനാക്കി മാറ്റിയിരിക്കുന്നു .
“നാളെ കൊടുത്തോളാം..” ആദി പറഞ്ഞു ..
“പറ്റുമെങ്കിൽ ഇപ്പോൾ തന്നെ കൊടുക്കൂ.അവളുടെ തേങ്ങലുകൾ ഇനിയും മാറിയിട്ടില്ല ” അവൻ നടന്നു നീങ്ങി .
അവന്റെ പൂന്തോട്ടം അവിടെമാകെ സുഗന്ധം പരത്തിയിരുന്നു അപ്പോൾ .
ആദി ആ പൊതിയുമായി പാതി തുറന്നുകിടക്കുന്ന
ആ വാതിലിനടുത്തേക്കു നടന്നു .
ഓട്ടുവിളക്കിന്റെ വെളിച്ചത്തിൽ കണ്ടു
മീര തഴപ്പായയിൽ ചുരുണ്ടുകിടക്കുന്നു .
“ജയ ജാനകീ പ്രാണനായക , ജഗദാനന്ത കാരക” ആരോ പാടുന്നു ..
അവൾക്കരികിൽ ഇരുന്നു .
അവന്റെ സമ്മാനപ്പൊതിയിലെ തലയാട്ടുന്ന ബൊമ്മകൾ അവളെ വിളിച്ചുണർത്തി ..
അവളുടെ തേങ്ങലുകൾക്കപ്പുറം ത്യാഗരാജ കീർത്തനത്തിന്റെ ഈരടികൾ അവിടെമാകെ ഒഴുകിനടന്നു …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമക്കളെ മാമനോട് വിരോധമൊന്നും തോന്നരുതേ
Next articleആയിശുമ്മാന്റെ ഉംറ
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here