ശ്വാസത്തിനായവൻ പിടയുമ്പോൾ…
കാലുകൾക്കിടയിലവൻ ഞെരുങ്ങി,
ശിക്കാരിയായ നിയമം രസിച്ചു..
കണ്ഠനാളത്തിലെ ശ്വാസം നിലച്ചു.
കളിപാവകളെപ്പോലെ കണ്ടുനിന്നവനും,
മരണം ഒപ്പിയെടുത്ത് ത്രസിച്ചവനും,
കറുത്ത മാനവീയതയുടെ
മാംസപിണ്ഡത്തിൻ പ്രതീകമോ?? കറുത്തബോർഡിലെ വെളുത്തചോക്കിനാൽ
നീ നേടിയവർണ്ണവെറികളോ?
കറുകറുത്ത മനസ്സുമായി വ്രണപ്പെട്ടതലച്ചോറിൽ
നീ നിശ്ചലമാക്കിയ ജീവിതവർണ്ണങ്ങൾ.
സ്റ്റീഫനിൽ നിന്നൊഴുകിയ രക്‌തം
ഇന്നിതാ ജോർജിലെത്തി നിൽക്കുമ്പോൾ,
കാലങ്ങളകലെ “എനിക്കൊരു സ്വപ്നമുണ്ടെന്നു” പറഞ്ഞ
ഇന്നലകളുടെ കറുത്തവന്റെ മിശിഹായെ ഓർത്തുപോയി
ഒരു അഭിഭാഷക ശബ്ദവും
ആളികത്തിയ മുഗാബേ വരികളും കാതുകളിൽ പ്രതിധ്വനിച്ചു..
ഓഹിയോ നിൻ സ്വർണ്ണ തിളക്കം
ആഴങ്ങളിലലിഞ്ഞു പ്രതീകമായി
തീയിലമർന്ന താരെയും സുമനെയുമോർത്തുപോയ്
ഒരുമുഴം കയറിലലിഞ്ഞ പായലിനേയും
തന്റെ വിശപ്പിനായ് കൈനീട്ടിയ മധുവിനേയും … അങ്ങനെ ..
ഒരായിരം അണയാത്ത പ്രതീകങ്ങൾ …