കന്ന്യാത്തം

ചേക്കേറാന്‍ കൂട്ടമായ്‌ ചിറകടിച്ചെത്തീ
ചേതന മുറ്റിയ പരദേശി ചിന്തകൾ,
ഇണചേരാന്‍ മാത്രം ആര്‍ത്തി പൂണ്ടവര്‍
ഇറങ്ങാനിടംതേടിയെൻ വാനിൽ വട്ടമിട്ടു.

മൂടി മറച്ചു ഞാനെൻ മനസ്സിനെ
മൂഢതയുടെ മാറാപ്പിൽ കെട്ടി വെച്ചു,
കല്പിച്ചേകാത്ത ചിന്തകള്‍ക്കയിത്തം കല്പ്പിച്ചു
കന്ന്യാത്തം കളങ്കമേല്ക്കാതെ കാത്തുവെച്ചു.

പകുത്തതിനപ്പുറം പറന്നുവെന്നാല്‍
പാപമാണെന്നും പിന്നെ പാതാളമാണെന്നും
പതിറ്റാണ്ടുകള്‍ പറഞ്ഞും പഠിപ്പിച്ചും
പകര്‍ത്തി വാര്‍ത്തെടുത്തതല്ലേ നമ്മെ നമ്മൾ.

തലമുറകളെത്ര താണ്ടിയെന്നാലും
തലയിൽ തളച്ചിടാൻ, ജനിച്ച നാൾ മുതൽ
താരാട്ടിത്തളർത്തീ, തികട്ടി തീറ്റിച്ചുറപ്പിച്ചൂ
തല്ലിയും തലോടിയും പിന്നെയെന്നുമെന്നും.

എന്നോ ആരോ തീർത്തോരദൃശ്യമാം ചങ്ങല
എന്തിനെന്നറിയാതെ കഴുത്തിൽക്കുരുക്കി
വാലാട്ടി, കാൽ നക്കിത്തുടയ്ക്കുന്നൂ,
വാറടിയേൽക്കുമ്പോൾ വാൽ ചുരുട്ടിപ്പുളയുന്നൂ.

കാത്തിരിപ്പാണ് നാമനന്തമായി,
കാരാഗൃഹകവാടത്തിൻ പിന്നിലായ്
കാവൽ നിൽക്കുന്ന ഭൂതങ്ങൾ ചാകുവാൻ
കാലചക്ക്രം കറങ്ങിത്തളരുവാൻ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English