ഓർക്കുന്നു ഞാൻ സഖേ, അന്നൊരാ മഴയിൽ
ഒരു കുടക്കീഴിലായ്, ചേർന്നൊരാ വേളകൾ
വഴിയോരം പിന്നിട്ട വേളയൊന്നിൽ
വലിയോരിടിയൊച്ച കേട്ട നേരം
ഒട്ടിയെൻ മാറിൽ ഭീതിയാലേ
ഒന്നു മുറുകിയൊരെൻ കരങ്ങൾ
അറിയാതെ വാരിപ്പുണർന്നു നീ അന്നെന്നെ
ആത്മാവിനാർദ്രമാം പ്രണയ വായ്പിൽ
മഴയിലാ മൃദുമേനി കുളിരാർന്നുവെങ്കിലും
മോഹത്തിൻ ചൂടിൽ മധുവുണ്ടുവോ
കുടയൊന്നു മറയാക്കി കൈമാറിയില്ലെ നാം
കുന്നോളം സ്വപ്നത്തിൻ കുടമുല്ലകൾ
മറക്കില്ലൊരു നാളും മയിൽപ്പീലിയായ്
മനസ്സിൻ്റെ താളിൽ കിളിർത്തു നിൽപ്പൂ….