ഇലകൾ കൊഴിഞ്ഞ്
ശിഖരങ്ങൾ ഉണങ്ങി
പ്രാർത്ഥനാപൂർവ്വം
മേലോട്ടു നോക്കിയിരിക്കുന്നുണ്ട്
പഴയ കവലയിൽ
ഒരു പടു മരം.
പതിറ്റാണ്ടുകളോളം
വഴിയാത്രക്കാർക്ക്
തണൽ നൽകിയും
കിളികൾക്കു
കൂടൊരുക്കാൻ
ഇടം നൽകിയും..
ഓഹരി വെച്ചെടുത്ത
കിടപ്പാടത്തിലും
അഭയാർത്ഥികൾക്കായി
മടിത്തട്ടൊരുക്കി
കാത്തിരുന്നവൾ..
ചോരയും നീരും
കുടിച്ചു വറ്റിച്ച
ഇത്തിക്കണ്ണികളെ
ആതിഥ്യമര്യാദയോടെ
ഊട്ടിയൊരുക്കി
വാർധക്യം
ഇരന്നു വാങ്ങിയവൾ..
കൊടുങ്കാറ്റിൽ
കാൽ വിരലിലൂന്നി
മറിഞ്ഞു വീഴാതെ
പിടിച്ചു നിർത്തിയത്
ആകാരം കൊണ്ട്
ഇരുട്ടിൽ
ചിലരെയെങ്കിലും
പറ്റിച്ചു നിർത്താമെന്ന
വ്യാമോഹമായിരുന്നു..
കാക്കകൾ കാഷ്ടിച്ച
ഗാന്ധി പ്രതിമയും
ചില്ലു നഷ്ടപ്പെട്ട
കണ്ണടക്കാലുകളും
ആ പഴയ മേൽവിലാസം
ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു..
ഉപ്പു കുറുക്കിയതും
ചർക്കതിരിച്ചതും
നിരാഹാരം കിടന്നതും
നിസ്സഹകരിച്ചതും
ഈ മരത്തണലിയായിരുന്നു.