ഉമ്മി

images

ഒന്ന്

മോനൂട്ടാ….എന്നലറി വിളിച്ചു കൊണ്ടാണ് സന്ധ്യ ഞെട്ടി ഉണര്‍ന്നത്. സ്വപ്നമായിരുന്നു അത് വെറും സ്വപ്നം. പക്ഷെ ഭയന്നുപോയി.. വല്ലാണ്ട് വിയര്‍ത്തിരിക്കുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കി. സുഖമായി ഉറങ്ങുന്നു. ഒന്നുമറിയാത്ത ഉറക്കം. ഇന്നലെ വാങ്ങിയ പാവക്കുട്ടി വിടാതെ മുറുക്കെപ്പിടിച്ചു കൊണ്ട് …. ആശ്വാസത്തോടെ അവള്‍ അവന്റെ അരികിലേക്ക് നീങ്ങിക്കിടന്നു. ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ എന്തെന്നില്ലാത്ത ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. കുവൈറ്റ്‌ നഗരം തിരക്കിലൂടെ നീങ്ങുമ്പോള്‍ ഈ വലിയ മുറിയില്‍ തങ്ങളോറ്റക്കാണ്. ക്ലോക്കിലെ സൂചികള്‍ പിന്നിലേക്ക്‌ ചലിക്കും പോലെ തോന്നി. ”രാജീവ്‌ ഒന്ന് വന്നിരുന്നെങ്കില്‍. എന്തിനു വേണ്ടിയാണിത്ര തിരക്ക്. ലോകത്താര്‍ക്കും ഇല്ലാത്തൊരു തിരക്ക്.” അവള്‍ പിറുപിറുത്തു ..

രണ്ട്

”കാര്‍ട്ടൂണ്‍ ഓണ്‍ ചെയ്താ പിന്നെ ചെക്കന് ഒന്നും വേണ്ട. ഇത് കഴിക്കു മോനൂട്ടാ..”ഒട്ടൊരു ദേഷ്യത്തോടെ അവന്‍ അവളുടെ കൈകള്‍ തട്ടിമാറ്റി. ഫോണ്‍ നിര്‍ത്താതെ ബെല്‍ അടിക്കുന്നു.

”എന്റെ രാജീവേട്ടാ, എനിക്ക് വയ്യ. ഞാന്‍ പറയുന്നതൊന്നും ഇവന് മനസിലാകുന്നില്ലന്നേ.”

അപ്പുറത്ത് നിന്നും അടക്കിപ്പിടിച്ച ചിരി.

”അവന്‍ ഉമ്മി എന്ന് വിളിച്ചത് നിന്നെയും ബാബ എന്ന് വിളിച്ചത് എന്നെയും മോയ എന്ന് പറഞ്ഞത് വെള്ളവും ശുശു എന്ന് പറഞ്ഞത് മുള്ളാനും. ഇത്രേം നിനക്കറിയാലോ. എന്റെ മോള്‍ അങ്ങ് കൈകാര്യം ചെയ്തോ.. ആ പിന്നെ വൈകിട്ട് നിന്റെ മോനെ ഒരുക്കി നിര്‍ത്തു. കുറെ ഡ്രസ്സ്‌ എടുക്കാം ”

അവള്‍ക്കു ദേഷ്യം വന്നു. ”അയ്യടാ എന്റെ മോന്‍ അല്ലെ …..ഞാന്‍ കണ്ടു, ഇന്നലെ അവനെ എടുത്തു മടിയില്‍ വെച്ച് ബാബ അല്ല അച്ഛന്‍ എന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത്‌.”

ചമ്മിയ കൊണ്ടാകും, തിരക്കാണെന്ന് പറഞ്ഞു അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു.

മൂന്ന്

”പണ്ട് തൊട്ടേ ഇങ്ങനെയാ ഒരിക്കലും പറഞ്ഞ വാക്ക് പാലിക്കില്ല. കെട്ടിയൊരുങ്ങി ഒരുത്തി ഇവിടെ നിന്നല്ലോ. എന്നെ പറഞ്ഞാ മതി എഞ്ചിനീയര്‍ ഉദ്യോഗത്തിന് മാത്രേ ഉള്ളല്ലോ എങ്ങുമില്ലാത്ത തിരക്ക് ”

ആരോടോന്നില്ലാതെ പറഞ്ഞു കൊണ്ടാണ് അവള്‍ കടയില്‍ നിന്നും ഇറങ്ങിയത്. മോനൂട്ടന്‍ ആരെയോ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. പെട്ടന്നു കൈകള്‍ അവളില്‍ നിന്നും വിടുവിച്ചു തിരിഞ്ഞു നിന്ന് അവന്‍ വിളിച്ചു .

ഉമ്മീ ……………

ദൂരെ നിന്നും പര്‍ദയണിഞ്ഞ ഒരു സ്ത്രീ ഓടി വരുന്നുണ്ടായിരുന്നു. സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞു.  പിടിക്കപ്പെടുന്നു എന്ന് ഒട്ടൊരു വേദനയോടെ അവളറിഞ്ഞു.  അവന്‍ അപ്പോള്‍ അവരുടെ കൈകള്‍ക്കുള്ളില്‍ ആയിരുന്നു. അകാല വാര്‍ധക്യം ബാധിച്ച ആ സ്ത്രീ അവനെ തെരു തെരെ ഉമ്മ വെക്കുന്നുണ്ടായിരുന്നു. അവര്‍ അവനെ സ്വലേ എന്നാണു വിളിക്കുന്നത്‌, അവന്‍ പേര് പറഞ്ഞത് സ്വലേ മുഹമ്മദ്‌ എന്നാണല്ലോ എന്ന് ഞെട്ടലോടെ അവള്‍ ഓര്‍ത്തു. എന്ത് ചെയ്യണം അറിയില്ല ഒന്നും ചെയ്യാന്‍ ആവില്ല.. അവന്റെ ഉമ്മി ആണത്. വാങ്ങിക്കൂട്ടിയ വസ്ത്രങ്ങള്‍ അവളുടെ കയ്യില്‍ നിന്നും താഴേക്ക്‌ വീണു.

അവരില്‍ നിന്നടര്‍ന്നു മാറി അവന്‍ തന്നിലേക്ക് കൈകള്‍ കൈ ചൂണ്ടിയത് അവള്‍ അറിഞ്ഞില്ല. ഒരു വാക്ക് പോലും പറയാതെ അവര്‍ അവനെയുമെടുത്തു കാറിലേക്ക് കയറുന്നതോ തിരിഞ്ഞു തിരിഞ്ഞു അവന്‍ തന്നെ നോക്കുന്നതോ അവള്‍ കണ്ടില്ല. നഷ്ടമായ മാതൃത്വതിന്റെ വേദന; ഒരു പിടിവള്ളി പോലെ അവള്‍ ആ തിരക്കില്‍ കണ്ണുകള്‍ അടച്ചു നിന്നു. കണ്ണീരിനിടയിലൂടെ അകന്നു പോകുന്ന ആ വാഹനത്തിന്റെ പിന്നില്‍ കൈകള്‍ പുറത്തിട്ടു യാത്ര പറയുന്ന മോനൂട്ടന്‍. തറയില്‍ കിടന്ന വസ്ത്രങ്ങള്‍ എടുത്തു അവര്‍ക്ക് പിന്നാലെ ഓടി ഒരു കല്ലില്‍ തട്ടി അവള്‍ താഴേക്ക്‌ വീഴുമ്പോള്‍ വാഹനം കണ്ണെത്താത്ത ദൂരത്തായിരുന്നു.

നാല്

”അറിയാമായിരുന്നു എനിക്ക് അതാ ഞാന്‍.. ഉള്ളിലെ സ്നേഹം പുറത്തു കാണിക്കാതെ നടന്നത്. മോളെ….ചില സ്വപ്‌നങ്ങള്‍ കാണരുത് എന്ന് ഈശ്വരന്‍ പറഞ്ഞിട്ടുണ്ട്. അത് കാണണ്ട നമുക്ക്.”
രാജീവ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ അവള്‍ ഔ കൊച്ചു കുഞ്ഞിനെപ്പോലെ അയാളുടെ മാറിലേക്ക് ചുരുണ്ട് കൂടുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചേര്‍ത്ത് പിടിച്ചു ഡോക്ടറുടെ മുന്നില്‍ പൊട്ടിത്തെറിച്ചു രാജീവ്‌.

”മതി ഇനി നിര്‍ത്താം, എനിക്കിനി വിശ്വാസമില്ല നിങ്ങളുടെ ഈ കാശ് പിടുങ്ങുന്ന ട്രീറ്റുമെന്റില്‍. ഞങ്ങള്‍ക്കെന്തിനാ കുഞ്ഞു. എന്റെ കുഞ്ഞല്ലേ ഇവള്‍. അവള്‍ക്കു കുഞ്ഞു ഞാനും. അത് മതി. ഞങ്ങള്‍ക്ക് ജീവിക്കാന്‍.”

പിന്നെ രാജീവിന്റെ ജീവിതം തന്നെ സന്തോഷിപ്പിക്കാന്‍ മാത്രം ആയിരുന്നല്ലോ? ഓഫീസില്‍ പോയാല്‍ മണിക്കൂറുകള്‍ ഇടവിട്ട്‌ വിളിച്ചു കൊണ്ടിരിക്കും. എപ്പോളും കൂടെ ഉണ്ടെന്നു ബോധ്യപ്പെടുത്തും. എപ്പോളും ഷോപ്പിംഗ്‌. അങ്ങനെ പാര്‍ക്കിലേക്കുള്ള ഒരു അവധി യാത്ര… സന്ധ്യ മയങ്ങിയിരുന്നു. പാര്‍ക്കില്‍ ആളുകള്‍ നന്നേ കുറവ്. വണ്ടിക്കരികിലേക്ക് നടക്കുമ്പോള്‍ ആണ് അധികം ദൂരെ അല്ലാതെ ഒരു കരച്ചില്‍ കേട്ടത്. ബാബാ.. ബാബാ ….
അലറിക്കരഞ്ഞു ഓടി നടക്കുകയാണ് ഒരു കുട്ടി. അവിടെ ഉള്ള ഓരോ ആളിന്റെ അടുത്തും അവന്‍ എത്തുന്നുണ്ട്. അത് തന്റെ അബ്ബ അല്ലെന്നറിയുമ്പോള്‍ അവന്‍ അടുത്ത ആളിനെ തേടും. ബാബാ എന്ന് വിളിച്ചുള്ള ആ കുഞ്ഞിന്റെ കരച്ചില്‍ ആ പാര്‍ക്കിന്റെ ഓരോ മൂലയിലും പ്രതിധ്വനിച്ചു.

രാജീവിനോട് കരഞ്ഞപെക്ഷിക്കേണ്ടി വന്നു ആ കുഞ്ഞിന്റെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കാന്‍. അവനുമായി ആ പാര്‍ക്‌ മുഴുവന്‍ കറങ്ങിയിട്ടും അവന്‍ തേടി നടന്ന ബാബയെ കണ്ടില്ല. ഇരുളില്‍ ആരോ പറയുന്നു.

”ഈ അറബിച്ചികള്‍ ചുമ്മാ അങ്ങ് പെറ്റുകൂട്ടും. ഒരു കാര്യവുമില്ലാതെ. എത്ര എണ്ണം ഉണ്ട് എന്ന് അവര്‍ക്ക് പോലും അറിയില്ല”

ബചോം കോ പോലീസ് സ്റ്റേഷന്‍ മേം ദേടോ ഭയ്യാ. വോ ലോഗ് സംഭാല്‍ ലേഗാ..”

ഇങ്ങനെയൊക്കെ കേട്ടു.

അഞ്ച്

വീട്ടിലേക്കുള്ള യാത്രയില്‍ വണ്ടിയുടെ പിന്‍സീറ്റില്‍ കരഞ്ഞു തളര്‍ന്നുറങ്ങിയ ആ കുട്ടിയെ അവള്‍ ആശ്വാസത്തോടെ നോക്കി. രാത്രി വൈകിയതിനാല്‍ കുട്ടിയെ രാവിലെ പോലീസില്‍ ഏല്‍പ്പിക്കാം എന്ന വാദം രാജീവിന് അംഗീകരിക്കേണ്ടി വന്നു. പക്ഷെ
ഒരു പോലീസ് സ്റ്റേഷനിലും കുട്ടി എത്തിയില്ല. പകരം നിധി കാക്കുന്ന പോലെ അവള്‍ അവനെ സൂക്ഷിച്ചു വെച്ചു. ആരും അവനെ അന്വേഷിച്ചു എത്തിയതുമില്ല. അവന്റെ വയറിലുള്ള സിഗരറ്റ് കുത്തിക്കെടുത്തിയ പാട്. അത് അവരോടു പറഞ്ഞു അവനെ അന്വേഷിച്ചു ആരും വരാന്‍ പോകുന്നില്ല എന്ന സത്യം
പക്ഷെ അവനെ കൊണ്ട് പോകാന്‍ ആളെത്തി. അവന്റെ ഉമ്മി.. പെറ്റവയറിന്റെ അധികാരം. അവര്‍ അവനുമായി പോകുകയും ചെയ്തു. കരഞ്ഞു തളര്‍ന്ന അവള്‍ രാജീവിന്റെ സ്നേഹമുള്ള തലോടലില്‍ ഉറക്കത്തിലേക്ക് വഴുതി വീണു ..

ആറ്

ഡോര്‍ബെല്‍ നിര്‍ത്താതെ ചിലക്കുന്നുണ്ടായിരുന്നു. രാജീവിനെ വിളിച്ചിട്ടും അയാള്‍ തിരിഞ്ഞു കിടന്നു കളഞ്ഞു. അസ്വസ്ഥതയോടെ അവള്‍ വാതിലിനടുത്തെത്തി. ബെല്‍ അപ്പോളും ശബ്ദിച്ചു കൊണ്ടെയിരുന്നു. തുറക്കുമ്പോള്‍ ആദ്യം അവള്‍ കേട്ടത് ”അമ്മേ” എന്ന വിളിയാണ്. മോനൂട്ടാ. അവള്‍ അവന്റെ അരികിലേക്കിരുന്നു. അവനെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേര്‍ത്തു. അവന്റെ നിറുകയില്‍ മുത്തം നല്കിയിട്ടു അവള്‍ അവനോടു ചോദിച്ചു ..എന്താ വിളിച്ചേ ? അമ്മേന്നോ…ഒന്നൂടെ വിളിച്ചേ ? ഒരു നാണം കലര്‍ന്ന ചിരിയോടെ അവന്‍ വീണ്ടും വിളിച്ചു ”അമ്മേ …”
ഏഴു

ലിഫ്റ്റിനു മറഞ്ഞു നിന്ന് അപ്പോള്‍ ശബ്ദം ഇല്ലാതെ കരയുകയായിരുന്നു ഫാത്തിമ സ്വലേ അല ബദര്‍ എന്നാ പാവം സ്ത്രീ. മോനൂട്ടനെ എടുത്തു കൊണ്ട് അകത്തേക്കൊടിയ സന്ധ്യ അറിഞ്ഞില്ല കണ്ണീരില്‍ മുങ്ങി അവന്റെ പാവം ഉമ്മി അവിടെവിടെയോ മറഞ്ഞു നില്‍ക്കുന്നു എന്ന്. ഒരു കറുത്ത നിഴലായി അവര്‍ വെച്ച് വെച്ച് നടന്നു പോകുന്നത് അപ്പാര്‍ട്ടുമെന്റിന്റെ കണ്ട ഈ കൊച്ചു കഥാകാരന് അവരുടെ ഭാഷ അറിയാമായിരുന്നു എങ്കില്‍ അവരില്‍ നിന്നും ഞാന്‍ അറിഞ്ഞനെ. മകന്റെ വയറ്റില്‍ കണ്ട സിഗരറ്റ് പൊള്ളിയ പാടിന്റെ കഥ.. കണ്ണുനീര്‍ വീണു നനഞ്ഞ മറ്റൊരമ്മയുടെ കഥ. ഒരു അമ്മയുടെയും ഉമ്മിയുടെയും ഞാന്‍ കണ്ട ജീവിതം ഇവിടെ തീരുന്നില്ല. എന്നെങ്കിലും മകനെ കാണാന്‍ കൊതിയോടെ ഉമ്മി തിരിച്ചു വന്നേക്കാം. അവര്‍ വീണ്ടും വരുമോ എന്നാ ഭയത്തോടെ മോനൂട്ടനെ കെട്ടിപ്പിടിച്ചു ഒരു അമ്മയുണ്ട് അവിടെ …..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here