ഉമ്മച്ചിയും വാപ്പിച്ചിയും

 

 

 

 

 

 

ബാപ്പ…….

വീടിൻ വെളിച്ചവും താങ്ങും തണലുമായെന്നും പ്രഭ വിതറും വിളക്ക്.                  വീഴ്ചകൾ മക്കളെ വീഴ്ത്താതിരിക്കുവാൻ ആജ്ഞകൾ  നൽകും കെടാവിളക്ക്.

ഇണങ്ങിപ്പിണങ്ങി വിനോദവും വിജ്ഞാനമാക്കിയും കൽപനകൾ പറഞ്ഞും, സ്വായത്തമാക്കേണ്ട ശൈലീ സ്വഭാവങ്ങളെല്ലാം പഠിപ്പിച്ചു പൊന്നു ബാപ്പ.

 സൂര്യൻറെ വെട്ടം പുലരുമ്പൊഴെപ്പൊഴും ജോലിക്കു പോകുന്നു നിശബ്ദമായ്. വീടിന്നകമെന്നുമോജസ്സിനാൽ നിർത്തുവാനായി യാത്ര തുടർന്നു ബാപ്പ.

 സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരു നാളിലും സ്വന്തമായി കൊതിച്ചതില്ല.  ഉള്ളിനുള്ളിൽ മുളച്ചെങ്കിലും  തൻ കുടുബത്തിനെക്കാളേറെയൊന്നുമില്ല.

വിഷമം പ്രയാസം പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ തരുന്ന ഊർജം. 

വാപ്പച്ചി മാത്രമാണെപ്പൊഴും ചെന്ന് പരാതി പറയുവാനൊത്ത തണൽ.

 

ഉമ്മ………..

 ഈ തണലിന്റെ ചുവട്ടിൽ ഞാനാദ്യ ശ്വാസം എടുത്തപ്പോൾ തലോടലായി,  മൃദുവായി വാരിപ്പുണർന്നൊരുകൈകളാപൊന്നുമ്മ തൻ ചെറു ചൂടിലായി.

രക്തച്ചുവപ്പിൻറെ നിറവും പിന്നെയോ പാലമൃതിൻറെ മണമൊഴുകും നേരത്ത്

പിച്ച വെക്കുമ്പോൾ വിരൽതുമ്പ്  പതിയെപ്പിടിച്ചതെന്റുമ്മ മാത്രം.

കണ്ണുനീർ വീഴാൻ തുടങ്ങുമ്പൊഴാ കൈകൾ മെല്ലെത്തുടച്ചു കവിളിലൂടെ. 

ചേർത്ത് പിടിച്ച് കുളിപ്പിച്ചൊരുക്കിയും താരാട്ടു പാടിയും കൂട്ടിനുമ്മ.

 താഴേക്ക് വീഴാതെ നോക്കി നിന്നേറെ സംരക്ഷിച്ചു ധൈര്യവും നൽകിയുമ്മ.

എന്നെ ഞാനാക്കുവാനേറെ സഹായിച്ച് രൂപപ്പെടുത്തിയ സഹനമുമ്മ.

രണ്ട് വൃക്ഷച്ചുവടിൻറെ തണലിൽ വെയിലേറ്റിടാതെ വളർന്നു മക്കൾ.

ലോകത്തെ മക്കളെല്ലാമിന്ന് നേടിയ ഔന്നിത്യമൊക്കെയാ കാൽച്ചുവട്ടിൽ.

പ്രായം പ്രയാസങ്ങളൊക്കെയായ് വയ്യാത്ത കാലത്തിരുവർക്കുമാശ്വാസമായ്, വർത്തിക്കുവാനുതകട്ടെയീജീവിതമെങ്കിലല്ലേ ധന്യമാകയുള്ളൂ.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here