അതിരാവിലെ ആരാണാവോ എന്ന ആകാംക്ഷയോടെയാണ് രാമേട്ടൻ വാതിൽ തുറന്നത്. പരിചയമുള്ള മുഖമല്ല. മാന്യമായ വേഷം.കയ്യിൽ ബാഗുകളും കുടകളുമടങ്ങിയ കിറ്റുമായി രണ്ടുപേർ. ബാഗ് കച്ചവടക്കാരായിരിക്കും.’’ഇപ്പോഴാണോ നിങ്ങൾ വരുന്നത്. ഇവിടെ ബാഗും കുടയുമൊക്കെ എപ്പോഴേ വാങ്ങിക്കഴിഞ്ഞു.’’
വന്നവരെ വന്നവഴി തന്നെ പറഞ്ഞു വിടാം എന്ന ഉദ്ദേശത്തോടെ രാമേട്ടൻ പറഞ്ഞു.
‘’ഞങ്ങൾ ബാഗ് കച്ചവടക്കാരൊന്നുമല്ല മാഷേ,തിരക്കില്ലെങ്കിൽ അകത്തിരുന്ന് സംസാരിക്കാം.’’ ചിലരങ്ങിനെയാണ്,അഞ്ച് മിനിറ്റെന്ന് പറഞ്ഞ് അകത്ത് കയറും. പിന്നെ ഇറക്കി വിടാൻ വേറെ ആളെ വിളിക്കേണ്ടി വരും. ഇതും അതു പോലെ വല്ല കേസുമാണോ എന്ന സംശയത്തോടെയാണെങ്കിലും അവരെ അകത്തേക്ക് ക്ഷണിച്ചു.
‘’രണ്ട് ബാഗ്,രണ്ട് കുട,ബോക്സ്,നോട്ട് ബുക്ക്..ഇതെല്ലാമെടുത്ത് മാഷിന് കൊടുക്ക്.പിന്നെ വേണ്ട ടെക്സ്റ്റ്ബുക്കുകളുടെ കണക്ക് ഞങ്ങളെ ഏൽപ്പിച്ചോളൂ മാഷേ.’’
കൂടെയുള്ളയാൾക്ക് നിർദ്ദേശം കൊടുക്കലും രാമേട്ടനോടുള്ള സംസാരവും എല്ലാം ഒന്നിച്ചുതന്നെ. തന്നെക്കാൾ തിരക്ക് അവർക്കാണെന്ന് രാമേട്ടന് തോന്നി. എന്നിട്ടും സംഭവമെന്താണെന്ന് മാത്രം പിടികിട്ടിയില്ല. സർക്കാർ വല്ല സൗജന്യപഠന സഹായ പദ്ധതിയും പ്രഖ്യാപിച്ചോ, അതോ ഏതെങ്കിലും സംഘടനകളുടെ വക സൗജന്യ പഠനോപകരണ വിതരണ പദ്ധതിയണോ സംശയം ന്നീളവെ ആഗതർ പരിചയപ്പെടുത്തി.
‘’ഞങ്ങൾ അടുത്ത സ്ക്കൂളിലെ അധ്യാപകരാണ്. കുട്ടികളെ ഞങ്ങളുടെ സ്ക്കൂളിൽ വിടുന്ന കാര്യം മറക്കരുത്.’’ ഇനിയെങ്കിലും സത്യം പറഞ്ഞാലോ എന്ന് രാമേട്ടൻ വിചാരിച്ചു.
‘’എന്താ മാഷേ ആലോചിക്കുന്നത്. ദൂരത്തിന്റെ കാര്യമാണോ.അതൊന്നും സാരമില്ല. രാവിലെ കുട്ടികളെ റെഡിയാക്കി വീടിന്റെ വാതിൽക്കൽ നിർത്തിയാൽ മതി.സൗജന്യമായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നൊരു കാര്യം വേറെ സ്ക്കൂളുകാരൊക്കെ പലപല ഓഫറുകളുമായി വരും.അതിലൊന്നും വീണേക്കരുത്.’’
കുട്ടികളെ പിടിക്കാൻ അടുത്ത വീട് ലക്ഷ്യമാക്കി ഇറങ്ങും മുമ്പ് വന്നവരിൽ ഒരധ്യാപകൻ രാമേട്ടനെ ഓർമ്മിപ്പിച്ചു. ’’ഇനി എനിക്കൊരു കാര്യം പറയാനുണ്ട്’.’
കുട്ടികളെ ബാഗിലാക്കാനുള്ള തിരക്കിനിടയിലും അവർ തിരിഞ്ഞു നിന്നു.
‘’എന്റെ വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾ ഒത്തിരിയായി. ഇതുവരെ കുട്ടികളൊന്നുമായില്ല.ഒരുകുഞ്ഞിക്കാൽ കാണാനായി വിളിക്കാത്ത ദൈവങ്ങളില്ല.പോകാത്ത അമ്പലങ്ങളില്ല.നിങ്ങളും പ്രാർഥിക്കണം ‘’ പറഞ്ഞു തീർന്നില്ല ബാഗും കുടയുമായി വന്നവർ, പോയവഴി കണ്ടില്ല.
’’ കഴിക്കാനെന്തെങ്കിലുമെടുക്ക്. രാവിലെ അത്യാവശ്യമായി ഒരിടത്ത് പോകാനുള്ളതാ’’ രാമേട്ടൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.പുതിയ കുട്ടികളെ പിടുത്തക്കാർ ആരെങ്കിലും വരും സ്ഥലം കാലിയാക്കാനുള്ള വെമ്പലോടെ രാമേട്ടൻ പറഞ്ഞു.