അറിയാതെയെന്നാത്മാവിന്‍
ചില്ലയില്‍ കൂടുക്കൂട്ടിയ പൈങ്കിളിയേ
മധുരക്കനികളായി ഉതിര്‍ന്നെന്‍
മനസ്സിന്‍ മണിവീണ മീട്ടുന്നു നീ
ആ പാട്ടുകളെന്‍ ഹൃദയതാളമായി മാറിടുമ്പോള്‍
നീയാം പൂങ്കാവനത്തിലൊരു പൂമ്പാറ്റയായി ഞാന്‍
നീയാം പുഴയുടെ ഓളങ്ങളായി
ഒഴുകിനടക്കട്ടെ ഞാനെന്നെന്നും
നീയാം സാഗരത്തിന്‍ മാറിലാനന്ദ നൃത്തമാടുന്ന
കുഞ്ഞുതിരയാവട്ടെ ഞാനെക്കാലവും
എനിക്കെന്ന പോലെ ഖിന്നയാം
ശ്യാമരാത്രിക്കുമുറ്റതോഴി നീ
ഇരുട്ടിലൊരു മിന്നാമിന്നിയായ നീ
എന്നുമെന്‍ മുറിവുകള്‍ക്കു കൂട്ടിരിക്കുന്നു
ഹൃത്തടത്തില്‍ കെട്ടിനിറുത്തിയ കദനങ്ങള്‍ക്കു
നിന്നിലൂടെ ചാലുകീറുന്നു ഞാന്‍
മെല്ലെ തലോടും തെന്നലു നീ
ഒരുവേളയാകെകുടഞ്ഞിടും കൊടുങ്കാറ്റായിടുമ്പോളതു
ഒരു നവലോകസൃഷ്ടിക്കു നിദാനമായിടുമ്പോള്‍
നീ അജയ്യനാവുന്നു
മൃതമായതെന്തുമാകട്ടെ
പൂക്കളോ, പുഴകളോ, വര്‍ണ്ണമോഹങ്ങളോ
അതിലേക്കു വാക്കിന്നശ്രുക്കളാല്‍
അന്ത്യോപചാരമര്‍പ്പിക്കുവാന്‍ നീ കൂടെത്തന്നെയുണ്ട്
ഒരു വിളിയൊച്ചയായി എന്നുള്ളില്‍ നിറഞ്ഞ നിന്നെ ഞാന്‍
അക്ഷരമുത്തുകളായി കടലാസില്‍ വിതറുമ്പോളത്
വാക്കിന്‍ വാചാലതയിലെത്തുന്നു
ഒരു കവിതകുഞ്ഞു ജനിക്കുന്നു
അതെന്‍റെയാത്മഹര്‍ഷങ്ങള്‍ക്കു
അനിര്‍വചനീയമാം താളമേള കൊഴുപ്പേകുന്നു
എന്‍ മനസ്സിന്‍ പകര്‍പ്പായ നിന്നിലേക്ക് ഒന്നുകൂടി നോക്കവേ
ഞാന്‍ ആത്മനിര്‍വൃതിയിലലിയുന്നു
ആ നിര്‍വൃതി എന്നെന്നുമെന്നുള്ളിലൊരു
നിലാമഴയായി പെയ്തിടട്ടെയാ
നിലാപെയ്ത്തില്‍ കുളിച്ചുയര്‍ത്തെഴുന്നേററയെന്നില്‍
നിന്നുള്‍ത്തുടിപ്പുകള്‍ വീണ്ടും വീണ്ടും പിറവിയെടുക്കട്ടെ