ഉൾക്കഥനം

ഈ രാത്രി എന്നെ പിടിച്ചുവലിയ്ക്കുന്നു. ഈ പ്രിയപ്പെട്ട ഇടം എനിക്ക് നഷ്ടമാകുകയാണ്. ആൾക്കൂട്ടത്തിൽ ഏകാകിയായി ഞാനിവിടെ അലിഞ്ഞു. തണുപ്പും ഗന്ധവും മനസ്സാൽ നുകർന്ന് മഴയുടെ ശബ്ദത്തോടുചേർന്നു. നാളെ ഞാൻ യാത്ര പറയുകയാണ് എന്റെയീ ആശുപത്രിക്കെട്ടിടത്തോട്.

അത്ഭുതംതോന്നുന്നു. എല്ലാവരും ഒരിക്കലും മടങ്ങിവരരുതെന്ന് ആശിക്കുന്ന സ്ഥലം എനിക്ക് ഏറെ പ്രിയപ്പെട്ടതായതോർത്ത്… ഒരുപക്ഷേ, ഞാനിവിടെ രോഗിയായി വന്നതല്ലാത്തതുകൊണ്ടാകാം. കൂട്ടുനില്ക്കുന്നവർക്ക് വേദനയുടെ യാതനകളില്ലല്ലോ.

തിരിച്ചറിവുകളുടെ മനോലോകത്തുകൂടെ അപഥസഞ്ചാരം നടത്തുവാൻ വീണുകിട്ടിയ പരിചരണേതര സമയങ്ങളാണ് എനിക്കിവിടെ ഏറെ പ്രിയമായത്. വീട് എന്ന സ്ഥാപനത്തോടുള്ള മടുപ്പ്, ആ മടുപ്പുതരുന്ന മടി, എന്നിൽനിന്നും കൈവിട്ടുചാടുന്ന സൗമ്യേതര ഭാവങ്ങൾ – എല്ലാത്തിനെയും ഞാൻ നോക്കിക്കണ്ടു. അതിലേറെ ഈ ഒറ്റമുറിയേയും.

ഒരു മുറി, അതിലൊരു കട്ടിൽ, അല്ലെങ്കിൽ നിവർന്നുകിടക്കാൻ സൗകര്യമൊരുക്കുന്ന ഒരു ഉരുപ്പടി(അതിൽ ഒച്ചിനെപ്പോലെ ചുരുണ്ടുകിടന്ന് ഉറങ്ങണം), വാരിവലിച്ചിട്ടിരിക്കുന്ന ഒരു മേശ, പുസ്തകങ്ങളെയും അത്യാവശ്യ തുണികളെയും വയ്ക്കാൻ ഒരു കുഞ്ഞലമാര, മൂലയ്ക്ക് പശിയാറ്റാനുള്ള അഗ്നിക്കൊരിടം, പിന്നെ, തിന്നുകൂട്ടുന്ന ഭോജ്യങ്ങളുടെ കൊത്തിറക്കാനും ഒരു കുഞ്ഞുമൂല. ഈ ആശുപത്രി മുറി, എന്റേതുമാത്രമായ ഇങ്ങനെയൊരു ഇടത്തിന്റെ സുഖസ്വപ്നങ്ങൾ നല്കിക്കൊണ്ടേയിരിക്കുന്നു. വീടെന്ന ചത്വരത്തിൽ പലവിധ രേഖകൾ തീർത്ത് നടന്നലയുന്നതിനേക്കാൾ എത്ര മനോഹരമാണത്.

പലപ്പോഴും എന്റെ വട്ടുകൾ പങ്കിടുമ്പോൾ സാറ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പ്രശ്നമില്ലായ്മയെ ഭയക്കുന്നുവോ? ഈ ചോദ്യം ഇന്നെന്നെ ഭയപ്പെടുത്തുന്നു. ഇന്നലെയും ഇന്നും നാളെയും പ്രശ്നങ്ങൾ മാത്രം കാണുന്നവൾക്ക് അതില്ലാത്ത സ്വപ്നംപോലും അന്യമാണ്. സ്വപ്നങ്ങളെ, പ്രശ്നങ്ങളെ, വേദനകളെ പ്രണയിക്കുകയാണോ? കുഴക്കുന്ന അനേകം ചിന്തകളെ മനസ്സിലിട്ട്  ജനലിലൂടെ മഴത്തുള്ളികളുടെ പതനം കണ്ടിരുന്നു. പാടത്തെ പുല്ലുകളിൽ, ഷീറ്റുകളിൽ,  ടെറസ്സുകളിൽ, മരച്ചില്ലകളിൽ ഇങ്ങനെ പലയിടത്തായി  പതിച്ച് പല ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. എവിടെ വീണാലും അവിടെ തന്റേതായ ഒരു അസ്തിത്വം കാണിച്ചുകൊണ്ട്. ഇവിടെ മനസ്സ് നടത്തുന്ന പടയോട്ടങ്ങളിൽ സ്വന്തം അസ്തിത്വം കാണാതെയാണ് ഞാൻ ഇരിക്കുന്നതെന്ന് തോന്നി. വ്യക്തമായ വേഷങ്ങൾക്കപ്പുറം സ്വത്ത്വവമെന്നുണ്ടെന്ന യാഥാർത്ഥ്യംപോലും ബോധപൂർവ്വം മറന്ന്.

ഇശ്വരന് അറിയില്ലായിരുന്നു, മൂപ്പർക്കും ഉറക്കക്ഷീണമുണ്ടാകുമെന്ന്, പയ്യും ദാഹവുമുണ്ടാകുമെന്ന്, മനുഷ്യജന്മത്തിൽ പാപകർമ്മങ്ങൾ പെരുകിയപ്പോൾ പാപങ്ങൾ പോക്കാൻ ജന്മങ്ങളും പുനരേകി അങ്ങനെയങ്ങനെ മൂപ്പർക്കും ജോലിഭാരമായി… അമിതജോലിയിൽ അമിത തളർച്ചയിൽ സൃഷ്ടിനടത്തിയപ്പോൾ തെറ്റുപറ്റിപ്പോയി… എന്നെപ്പോലെ പല ജന്മങ്ങളും… പോട്ടേ… ക്ഷമിച്ചേക്കാം പുള്ളിയോട് അറിയാതെയല്ലേ… അല്ലെങ്കിലിപ്പോൾ ഞാൻ ക്ഷമിക്കുന്നില്ലെങ്കിലോ… നിന്റെ അശ്രദ്ധയ്‌ക്ക് ഞാൻ കുഴങ്ങുകയോ!  ഇല്ല… എന്നിൽ നീ തീർത്ത വിളളലുകൾ ഞാൻ തനിയെ നിറയ്ക്കും. എന്നിൽ നീ തീർത്ത ശൂന്യതകൾ ഞാൻ തനിയെ നികത്തും. പാറിനടക്കും പുതു ചിറകുകൾ തേടി ഇടയ്ക്കെൻ നെടുവീർപ്പുകൾ വൃക്ഷത്തിന്നിലപ്പൊത്തുകൾക്കേകി അണയാതെ, ആശിക്കാതെ പാറും… നീ നാണിക്കും… നീ അഭിമാനിക്കും… നിന്റെ അക്ഷരത്തെറ്റിനെ ഞാൻ നിറയുമൊരാനന്ദമാക്കും…

ആനന്ദമേകിയ ചില നോട്ടങ്ങളപ്പോൾ എന്റെ മനസ്സിൽ വരികൾ കുറിച്ചുകൊണ്ടിരുന്നു.

ഒരിക്കൽ…

അഴകിനോടുമൊഴിഞ്ഞൊരാ
മുന്നുരശബ്ദങ്ങളെ
കുതുകമൊടുകേട്ടുനിന്നൊരാ
രേഖകൻ മനീഷി

യാത്രയായിടവേ നിന്നൊരുമാത്ര
ഉരിയാടില്ലൊന്നുമെങ്കിലും
നോക്കാലനുഭവിച്ചേൻ താവക
വാത്സല്യാനുമോദനം!

അന്നൊരിക്കൽ…

പാതിയുടെ പാതയിൽ കൂട്ടുപോയീടവേ
കണ്ടേനൊരു ഗുരുവിനെ
കഥയായ് കാര്യമായ് കാരണങ്ങളായ്
കൂട്ടരോടൊന്നൊഴിയാതുരിയാടിയും
കേളികളാടിയും നറുമൊഴിയുതിർത്തും

ആനന്ദധാരയൊന്നവൻ തീർത്തീടവേ
ആഴത്തിൽ പതിഞ്ഞേനെൻ കണ്ണിലാ
നോട്ടത്തിൻ കിരണങ്ങൾ തീവ്രമായ്

പറയാതെ പറഞ്ഞവ
നിന്നെയറിയുന്നു ഞാൻ
കയ്യടിക്കാതഭിനന്ദിച്ചവ

നിൻകരുത്തറിയുന്നുഞാൻ…

തളർന്നൊരു മനസ്സും തകർന്നൊരു ചിന്തയും
ഒന്നുണർന്നേനാ നോക്കിനാൽ…

പിന്നൊരിക്കൽ…

അകലങ്ങളുമാഴങ്ങളും അറിഞ്ഞിടവേ
അവനവനെന്നതുപോലുമറിയാത്തിമിരത്തിൽ

കർമ്മനിരതയായി ഞാനുഴറീടവേ
കണ്ടേനൊരു മാത്രയൊന്നാ
കർമ്മവേഷമെഴും  രൂപം
സംസാരിച്ചിരുവേളയൊട്ട്
കർമ്മപാതയൊന്നിനെപ്പറ്റി

പേരറിയില്ലൂരറിയില്ല
ആരെന്നുതന്നെ അറിയില്ല..

ഒന്നറിഞ്ഞേൻ ഞാൻ

ഉള്ളിലുണരുമാനന്ദത്തെ
ഹർഷോന്മാദത്തെ

ഇനി കാൺകയില്ലൊരുവേളയെന്നതൊരു
കനത്തനോവായി കനലായി ഉഴറ്റി

ഒടുവിലാ നോക്കും
സ്മരണയുടെ കുടീരത്തിലെ
ജീവബിന്ദുവായ്…

“പലതവണ മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടും ഇതാ ഓരോ ജന്മദിനവും കടന്നുപോകുന്നു. ജനന -മരണങ്ങളിലെങ്കിലും എനിക്ക് ഉത്തരവാദിത്തമില്ലാതിരിക്കട്ടെ.”

കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ഈശ്വരസങ്കൽപ്പത്തിനു മുന്നിൽ മുട്ടുകുത്തി നിവർന്നത് ഈ ചിന്തകളോടെയാണ്. തന്നോടുതന്നെ നിരന്തരം മത്സരിക്കുന്ന, കലഹിക്കുന്ന ഒരുവളാണ് ഞാനെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. എനിക്ക് ഒരിക്കലും എന്നെ സ്നേഹിക്കാനായില്ല, വിജയകിരീടങ്ങൾ ചൂടുന്നത് സങ്കൽപ്പിക്കാനായില്ല. പരാജയങ്ങളുടെ തടവുകാരിയായാണ് സ്വയം കണ്ടത്. അവനവനോട് കലമ്പൽകൂട്ടി, അവനവനോട് മത്സരിച്ച് ഒടുവിൽ സ്വയം പരാജയപ്പെടുന്നു. ധാരാളം കൂട്ടുകാർ; അല്ല കൂട്ടുകാരെന്ന് പറയാനാവില്ല, ധാരാളം പരിചയക്കാർ അവരോടെല്ലാം നല്ല ബന്ധം, എങ്കിലും അനാഥയായിരുന്നു. ജന്മംകൊണ്ടല്ലാതെ മാനസികമായും അനാഥത്വംപേറാം എന്നവൾ തിരിച്ചറിഞ്ഞിരുന്നു.

എങ്ങനെയാണ് അനാഥയായത്?

ആൾക്കൂട്ടത്തിൽ തനിയെയായിപ്പോയത്?

ഉത്തരവാദിത്തങ്ങൾ സ്വയംപേറി തലതാണ് നിന്നുപോയത്?

നടക്കാനറിയില്ലായിരുന്നു. തിരമാലകളിൽ നിലതെറ്റാതിരിക്കുവാൻ കാൽവിരലുകൾ മണലിലൂന്നി നിൽക്കുംപോലെനിന്നു. തിരയ്ക്കൊപ്പം സഞ്ചരിച്ച് മറുകരകൾ തേടാൻ, തിരസഞ്ചരിക്കും വഴി കാണുവാൻ തന്റേടമില്ലായിരുന്നു. അതിനാൽ കാൽവിരലുകളും പാദവും മണലിൽ പൂണ്ടുപോയിട്ടും ഒന്നനങ്ങാൻപോലും ശ്രമിച്ചില്ല.  ചുരുങ്ങിയ പക്ഷം ആ മണലിന്റെ ശിഥിലതയെക്കുറിച്ചുപോലും ചിന്തിച്ചില്ല. ശരി-തെറ്റുകളുടെ, നന്മ-തിന്മകളുടെ, ഗുണ-ദോഷങ്ങളുടെ, വിശ്വാസാവിശ്വാസങ്ങളുടെ, മാമൂലുകളുടെ ഞാണിലൂടെ നടക്കുവാനാണ് ഞാൻ ശ്രമിച്ചിരുന്നത്. ഒന്നും പക്ഷേ എന്നെ നടത്തിയില്ല, കൂടുതൽ തളർത്തി. പുറമേ പലതും ശക്തമായി നിഷേധിച്ചപ്പോഴും ഉള്ളിൽ ഒരു നല്ലകുട്ടിബോധം കലമ്പൽ കൂട്ടിക്കൊണ്ടിരുന്നു. ഇതിൽ എവിടെയൊക്കെയോ സ്വയം തളച്ചു.

മരണത്തിൽ തനിക്ക് ഉത്തരവാദിത്വമില്ലാതിരിക്കണമെങ്കിൽ താൻ ജീവിതത്തെ നന്നായിക്കാണണമെന്ന്  തോന്നി. ‘നല്ലകുട്ടി’ എന്നത് സങ്കല്പവും ആപേക്ഷികവുമണെന്ന് ചിന്തിച്ചു. അവനവനായിരിക്കുകയാണ് പരമപ്രധാനം.

നടക്കണം…

കുറേയേറെ നടക്കണം
തളർച്ചയില്ലാതെ, ഇടർച്ചയില്ലാതെ

ആ വിജനമാം വീഥിയിലൂടവേ
ശൂന്യതയ്ക്ക് നിറംപകരുന്നൊരാ
പൂക്കളാകവേയൊന്ന് തലോടണം

അവയോട് ചിണുങ്ങും പൂമ്പാറ്റതൻ
കൊഞ്ചലാലെനിക്കും പുഞ്ചിരിക്കണം
നോക്കെത്താ ദൂരത്തോളം നടന്നുചെല്ലണം

വിദൂരമാ മാമലതൻകയറ്റങ്ങളൊക്കവേ
അലഞ്ഞറിഞ്ഞുതാണ്ടണം
കാട്ടാറിൻ കുളിർതണുപ്പിൽ
കാലാഴ്ത്തി ആനന്ദമറിയണം

പിന്നെ

ആത്മാവിനെത്തൊടുമാ കാനനത്തിൻ
ഉള്ളറകളിലേക്കൂളിയിടണം.

“മനസ്സേ… നിന്നെക്കൊണ്ട് ഞാൻ തോറ്റൂട്ടോ… എന്തിന്റെ കൊഴപ്പാ നിനക്ക്? ചെയ്യാൻ ആവശ്യത്തിന് കാര്യങ്ങൾ ചുറ്റിനുമില്ലേ. ചെയ്താലും ചെയ്താലും തീരാത്ത സാധ്യതകളുമില്ലേ. പിന്നെന്താ നീ നോക്കിക്കൊണ്ടിരിക്കുന്നേ. ഒന്നും ചെയ്യാതെ മിഴിച്ചിരിക്കുന്നതെന്തിനാ? വെറുതെ ഇരുന്ന് ശ്വാസംമുട്ടുന്നതെന്തിനാ?”

ചോദ്യങ്ങളിങ്ങനെ ചോദിക്കുമ്പോഴും രോഷം കൊള്ളുമ്പോളും എനിക്കുമറിയില്ലായിരുന്നു എന്തുചെയ്യണമെന്ന്. എല്ലാവരും ഇങ്ങനെയാണോ. നെഞ്ചാണോ തലയാണോ നമ്മെ കുഴപ്പിക്കുന്നേ. പടപടാ ഇടിച്ചും ഒന്നനങ്ങുകപോലും ചെയ്യാതെ സ്തംഭിപ്പിച്ചും പല താളത്തിൽ തുടിച്ചും അതെന്റെ വികാരങ്ങൾക്കൊപ്പമുണ്ട്. പക്ഷേ ആ വികാരങ്ങളുടെ കുരുക്കഴിച്ചെടുക്കാൻ സഹായിക്കുക തലയാണ്. എന്തോ രണ്ടിനിട്ടും നല്ല ഇടികൊടുക്കാൻ തോന്നുന്നുണ്ട് പലപ്പോഴും.

മനുഷ്യനെന്തിനാ ജീവിക്കുന്നേ എന്നുള്ളതും കുറേക്കാലമായി മനസ്സിലുള്ള ചോദ്യമല്ലേ. ദാ…വീണ്ടും മനസ്സ്. ജനിക്കുന്നതുകൊണ്ട് ജീവിക്കുന്നുവെന്നുമാത്രം. അല്ലേ. ആ ജീവിതംകൊണ്ടെന്താ ചെയ്യേണ്ടേ. ആർക്കൊക്കെയോ വേണ്ടി എന്തൊക്കെയോ ചെയ്തും ചെയ്യാതെയും ജീവിക്കുക എന്നാണോ. പോട്ടെ.. ഒന്ന് വാശിപിടിച്ചാൽ അവനവനുവേണ്ടിയും ജീവിക്കാനായേക്കും. എന്നാൽപ്പോലും ഒരു പൊരുളുവേണ്ടേ? ആ… ആരോട് ചോദിക്കാൻ. ഭ്രാന്തുപിടിപ്പിക്കാൻ മാത്രം അറിയുന്ന ഒരു തലയും നെഞ്ചുമാണല്ലോ കൂട്ടിനുള്ളത്.

ശരിക്കും എന്താല്ലേ ചെയ്യേണ്ടത്. ശാന്തി, സമാധാനം, പ്രേമം എന്നൊക്കെ പറയുന്ന അവസ്ഥകൾ ശരിക്കുള്ളതാണോ… അതൊക്കെ ഉണ്ടാകണമെങ്കിൽ എന്താ ചെയ്യുക ആവോ. എങ്ങും അങ്ങനൊന്ന് കണ്ടിട്ടില്ല. അല്ല മനസ്സേ, നീയും ചിന്തയും കൂടെയൊന്ന് സംസാരിച്ചാൽ വല്ല നീക്കുപോക്കുമുണ്ടാകുമോ. എനിക്കെന്താ വേണ്ടേന്നറിയുമോ. ആത്യന്തികമായ സന്തോഷം, സ്വസ്ഥത. നിങ്ങൾ തമ്മിലൊന്ന് സംസാരിച്ചുനോക്കൂ.

“മനസ്സ് : ചിന്തേ… നിന്നോടൊന്ന് സംസാരിച്ച് അസ്വസ്ഥതപോക്കാൻ പറയുന്നു.

ചിന്ത : ഞാനും കേട്ടു. പ്രശ്നം ആത്യന്തികമായി വികാരങ്ങൾ കൂടുന്നതാണ്.

മനസ്സ് : ഇതാപ്പോ നന്നായേ. നിന്നോട് എന്നെ കുത്താനല്ല പറഞ്ഞത്. അങ്ങനെയാണേൽ പാതി പ്രശ്നം ചിന്തിച്ചുകൂട്ടുന്നതിന്റെയാന്ന് എനിക്കും പറയാല്ലോ.”

അതുശരി, നിങ്ങളവിടെ അടിയായോ. ഹോ.. ആരെന്ത് ചെയ്താലും അനുഭവിക്കുന്നത് ഞാനാട്ടോ. അല്ല, നിങ്ങൾ രണ്ടാളുമില്ലാതെ എന്ത് ഞാനാണല്ലേ. അറിയില്ല… ഒന്നുമാത്രമറിയാം… ഒന്നും മനസ്സിലാകുന്നില്ലെനിക്കെന്നതു മാത്രം!

പുതുവഴി തേടണം.  മനസ്സിനോട് കലമ്പൽകൂട്ടാതെ ജീവിതത്തെ നോക്കിക്കാണണം. ഇന്ന് എന്നതിനെ അറിയണം. സ്വന്തം നിലപാടുകളിൽ, ശരികളിൽ നിന്നുകൊണ്ട് ചിന്തിച്ച്‌… സ്വന്തം സന്തോഷങ്ങളെ മാനിച്ച്‌… സന്തോഷിപ്പിക്കലുകൾ അർത്ഥവത്താവില്ലെന്ന് അറിഞ്ഞു… പതുക്കെ മണലിലൂന്നിയ വിരലുകളെ പുറത്തേക്കെടുത്തു…

വേദനിപ്പിക്കുവാൻ പലരുമുണ്ടാകും. വേദനിക്കുവാൻ സ്വയവും. എത്ര എല്ലുനുറുങ്ങിയാലും ഒന്നും ചെയ്യാത്തവളെന്നേ പറയൂ. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നുപറയുംപോലെ. മാത്രമല്ല, സ്വന്തം വിലയും നിലയും സ്വയം നിശ്ചയിച്ച് തലയുയർത്തിയില്ലേൽ എന്നും തലകുനിച്ചിരിക്കേണ്ടിയും വരും.

ഒരു തമാശ തോന്നി. ഭാര്യ മരിക്കുന്നു. ഭർത്താവ് 60,000 രൂപ മുടക്കി ഒരു ഡിഷ് വാഷർ വാങ്ങി. 30,000 രൂപയ്ക്ക് ഒരു വാഷിംങ് മെഷീനും 8,000 രൂപയ്ക്ക് ഒരു വാക്വംക്ലീനറും 4,000 രൂപയ്ക്ക് മോപ്പിംങ് സെറ്റും. ഈ യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുന്നതിന് മാസം 10,000 രൂപകൊടുത്ത് പാചകം ചെയ്യുവാനുംകൂടി അറിയുന്ന ഒരു ജോലിക്കാരിയെയും നിയമിച്ചു. സുഖം. സ്വസ്ഥം. 25 വർഷത്തെ തന്റെ  ‘ഭാര്യാ’ഷിപ്പിന്റെ വില മനസ്സിലാക്കി ചുമരിലെ ചില്ലുകണ്ണാടിക്കുള്ളിലിരുന്ന് അവൾ ചിരിച്ചു.

ഇങ്ങനെ ചിന്തിച്ച് ചിരിച്ചുകൊണ്ട് മണലിൽനിന്നു പാദങ്ങളുയർത്തി നിലത്തുചവിട്ടി. പതുക്കെ ഓരോ അടിയായിവച്ചു…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

5 COMMENTS

  1. എഴുത്തിന്റെ പുതിയ മാനം ശ്രീലക്ഷ്മി പള്ളിപ്പാട്ട് .ഉയർന്നു വരട്ടെ. മനസ്സിനെ, ചിന്തകളെ, സ്വച്ഛന്ദം മേയാൻ വിട്ടത് ഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

  2. എഴുത്തിന്റെ പുതിയ മാനം ശ്രീലക്ഷ്മി പള്ളിപ്പാട്ട് .ഉയർന്നു വരട്ടെ. മനസ്സിനെ, ചിന്തകളെ, സ്വച്ഛന്ദം മേയാൻ വിട്ടത് ഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

  3. ഉൾക്കഥനം നന്നായി. മനസ്സു പോകും പോലെ കാവ്യഭാഗവും നീങ്ങുന്നുണ്ട്. ഭാര്യാ ഷിപ്പിൻ്റെ വില പലർക്കും മനസ്സിലാക്കുവാൻ കഴിയുന്നില്ല. തുടരട്ടെ… ആശംസകൾ.. സ്നേഹം… സന്തോഷം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English