മുഴുവൻ സത്യവുമെനിക്കു തരേണ്ട
———————————–
മുഴുവൻ സത്യവുമെനിക്കു തരേണ്ട,
എന്റെ ദാഹത്തിനു കടൽ കൊണ്ടുതരേണ്ട,
വെളിച്ചം ചോദിക്കുമ്പോൾ ആകാശം തരേണ്ട,
എനിക്കൊരു സ്ഫുരണം മതി,
ഒരു മഞ്ഞുതുള്ളി, ഒരു പ്രകാശകണം,
കടൽ വിട്ടുപോകുമ്പോൾ
കിളികൾ ചില തുള്ളികളെടുക്കുമ്പോലെ,
കാറ്റൊരുപ്പുതരിയുമെടുക്കുമ്പോലെ
*
പൂച്ച
——
നിങ്ങൾ കയറിവരുമ്പോൾ
മുറ്റത്ത്
പൂച്ച ഇരിക്കുന്നുണ്ടാവും.
അവനോടെന്തെങ്കിലുമൊന്നു മിണ്ടുക.
ഈ പുരയിലവനേ അറിയൂ,
ഇന്നതിന്നതൊക്കെയെന്ന്.
*
കാറ്റ് നീയായിരുന്നു
———————
കാറ്റു കാത്തുകിടന്ന
തോണിയായിരുന്നു ഞാൻ,
കാറ്റ് നീയായിരുന്നു.
ആ ദിക്കിലേക്കു തന്നെയാണോ
എനിക്കു പോകേണ്ടിയിരുന്നത്?
കാറ്റതുമാതിരിയാവുമ്പോൾ
ദിക്കിനെക്കുറിച്ചാരോർക്കുന്നു!
(ഇലക്കുടിലുകളും മഞ്ഞുവീടുകളും – നോർവ്വീജിയൻ കവി ഉലാവ് എച്ച്. ഹേഗിൻ്റെ തിരഞ്ഞെടുത്ത കവിതകളും കുറിപ്പുകളും. കോപ്പികൾക്ക് 7356370521 (ഐറിസ് ബുക്സ്), 7025000060 (ഐവറി ബുക്സ്))