വൃദ്ധന്‍ വൃത്തിഹീനമായ ആ ഇരുട്ടുമുറിയില്‍ ഉലാത്തുകയാണ്. വിശന്നിട്ടു വയ്യ! കുടല് കരിഞ്ഞു കരിഞ്ഞ് മേലോട്ട് കേറിവരുന്നു!?
ഈ ബംഗ്ലാവിന്റെ പിന്നാമ്പുറത്ത് ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ഒരു കൊച്ചുമുറീലാ വൃദ്ധന്റെ താമസം!!
വൃദ്ധന്റെ മൂത്ത സന്താനമാ ഈ ബംഗ്ലാവീ താമസിക്കുന്നേ! ഭാര്യ മരിച്ചപ്പോ ഓഹരി വച്ചു. മൂത്തവനാ കൂടുതല്‍ വീതം വച്ചേ. അപ്പൊ.. ഇളയവന്‍ പറഞ്ഞു: “ഇയാളേം കൂടെ കൊണ്ടുപൊക്കോ എന്ന്…” അങ്ങനാ ഇവിടെത്തിയേ..!
ബംഗ്ലാവിനു മുന്നില് ഒരു വലിയ പട്ടിക്കൂടുണ്ട്. നാലഞ്ച് ഭീകരന്മാരാ അവിടെ രാജകീയമായി വസിക്കുന്നേ! അവറ്റകളേം വൃദ്ധനേം നോക്കാനായി ഒരു വേലക്കാരനുണ്ട്. വേലുച്ചാമി.
രാവിലെ ഒരു പ്ലേറ്റില്‍ രണ്ട് ഓണക്കദോശ തന്നിട്ട് പോയതാ. കുറച്ചുകഴിഞ്ഞ് പ്ലേറ്റെടുത്തോണ്ട് പോകേം ചെയ്തു. പിന്ന വേലുച്ചാമീനെ കണ്ടിട്ടേയില്ല?
വൃദ്ധന്‍ തലയ്ക്കു മേലെ ചാഞ്ഞുനിന്ന സൂര്യനെ നോക്കി. ഇപ്പൊ ഏതാണ്ട് രണ്ടു മണി കഴിഞ്ഞുകാണും? വിശപ്പുകൊണ്ട് കണ്ണില്‍ ഇരുട്ട് കയറുന്നു! തല കറങ്ങുന്നപോലെ!?
പെട്ടെന്നാണ് മുന്നിലൊരു നിഴല്‍ അനങ്ങിയത്!? സൂക്ഷിച്ചു നോക്കി. വേലുച്ചാമി തന്നെ!
പ്ലേറ്റില്‍ കുറച്ച് ചോറും അതിനുമീതെ കുറച്ച് കലക്കസാമ്പാറും മുന്നിലേക്ക് നീട്ടി. വൃദ്ധന്‍ കൈനീട്ടി വാങ്ങി. നിലത്തു വച്ചു.
“..എന്താ വേലുച്ചാമീ..ഇത്രേം താമസിച്ചേ..?”
“അത്…ആ ടൈഗറുമോന്‍.. ഈ പ്ലേറ്റില്…അപ്പിയിട്ടു…”