മഞ്ഞു പെയ്തിറങ്ങേണ്ട മകരത്തിൽ,
മഴയിൽ കുളിച്ചിറങ്ങിയ പുലരി.
ചെറുപുൽനാമ്പിൻ അഗ്രത്തിൽ
മയങ്ങി തിളങ്ങിയ മഞ്ഞുകണമില്ല,
പുൽനാമ്പിനെ നമ്രശിരസ്സായാക്കി,
ഭൂമിയെ വന്ദിച്ച മഴതുള്ളി മാത്രം.
വെൺമേഘപാളികൾ സുര്യനെ
എതിരേൽക്കുന്ന പുലരിതൻ വഴിയിൽ
കാർമേഘരൂപികൾ നിഴൽ വീശി,
ആ രശ്മിയെ തടഞ്ഞുവെച്ചു.
ഇടവപ്പാതി കാലംതെറ്റി പെയ്തതോ,
മകരമഞ്ഞുറയാതെ പോയതോ.
മരമില്ല, ദളമില്ല മതിലുകൾ മാത്രം
പുഴയിലോ പുഴയെന്നറിയിക്കുവാൻ
തെളിനീരുപോലും ബാക്കിയില്ല,
പുഴയിന്നു പൂഴിമണലിൻ വഴിപോലെ…
മഴയൊന്നു പെയ്യണം അണകെട്ട് തുറക്കണം
വഴിയറിയാത്തൊരു പുഴയിന്നു ഒഴുകുവാൻ.
‘മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയുമെന്നു’ പഴമ പറഞ്ഞെങ്കിലും,
കാലംതെറ്റിയ കാലക്കേടൊക്കെയും
ക്ഷണിച്ചത് നാമെന്നോർക്കണംം.
വനമില്ല, മലയില്ല ഇന്നിതാ,
വനങ്ങളെക്കാൾ ഇടുങ്ങിയ
മലകളെക്കാൾ ഉയരത്തിൽ
ചുവരുകൾ തലയുയർത്തി ചിരിക്കുന്നു.
കിളികൾതൻ ആരവം കേൾക്കാനുമില്ല
ആ ബഹുനിലയ്ക്കുള്ളിൽ ക്രൂരനാം ഇരുകാലികളുടെ അട്ടഹാസം മാത്രം.
മൂടിക്കെട്ടിയ മുഖമ്മിന്ന് ചുറ്റിനും,
ജീവവായു പോലും ഭിക്ഷയായി മാറി,
ക്ഷിതിയിന്നു ക്ഷതിയുടെ കൈയിലായി.
മഞ്ഞിൽ പൊതിയേണ്ട മകരിപുലരി
മഴയിൽ കുളിച്ചു നിൽക്കുമ്പോഴും
വെന്തെരിയുന്നു നിർല്ലോപം, മഴയിൽ തെളിഞ്ഞൊരു തീ തോൽക്കും വെയിൽ.