ഒരീസം
ഒരിടം
രണ്ടു പേർ
രണ്ടു ദേശം
നൂറു വർത്തമാനങ്ങൾ
ശാസ്ത്രം, സ്വത്വം, സ്വാതന്ത്ര്യം,
അങ്ങനെ പലതും
നടുവിലെപ്പോഴോ മുറിഞ്ഞുപോയൊരു പദം
“വഹ്ദത് അൽ വുജുദ് ”
സൂഫി മെറ്റാഫിസിക്സ്
ഐക്യം, ഐഡിയോളജി
അയാൾ വാദം തുടർന്നു.
മടുപ്പും കടന്നു പോയി.
തെല്ല് നേരം സഹിച്ചിട്ട്
രണ്ടാമൻ നാക്കഴിച്ചിട്ടു
ലവലേശം തീണ്ടാത്തയുളുപ്പിനെ
മുറുകെപ്പിടിച്ചൊരു മറുപടി
അവരെയെനിക്ക് അറപ്പാണ്.
ആരെ?
അഹ്മദിയൻസിനെ.
കാരണം?
ദെ സ്റ്റിങ്ക്സ്.
മൗനത്തിൽ നിന്നുമുത്തരം
ചൂണ്ടിയതൊന്നാമനാണ്.
വളർന്നതങ്ങനെ, വളർത്തിയതും.
അപ്പോഴേക്കും റാവുത്തർ
ബിരിയാണി വാതിൽക്കലെത്തി.
രണ്ടാമൻ കാശുകൊടുത്തു,
ഒന്നാമൻ വിളമ്പിവച്ചു.
തിന്നും,ബാക്കിക്കുപ്പി മോന്തിയും
അവർ സുഖനിദ്ര കൊണ്ടു.
എന്തെന്നാൽ
തീറ്റയും കുടിയുമാണല്ലോ…..
നാളെ, കാലമിവരെ
ഒരേ നാണയത്തിന്റെ
രണ്ടിടത്തായി കുറിച്ചിടും.
അവരുടെ തലമുറകൾ
ചരിത്രം തിരുത്തിയെഴുതും.