രണ്ടുതരം ഗൃഹാതുരതകള്‍, നോവുകള്‍

18921997_1154263191346806_2631706685680645125_n

സുസ്മേഷ് ചന്ദ്രോത്ത്  പങ്കുവെച്ച രണ്ട് കുറിപ്പുകൾ:

‘ഇന്ന് ‘ഒരു കുഞ്ഞുമാസികയാണ്. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മണമ്പൂര്‍ രാജന്‍ബാബു പത്രാധിപരായുള്ള പ്രസിദ്ധീകരണം. തൊണ്ണൂറുകളില്‍ ഞാനെഴുതിത്തുടങ്ങുമ്പോള്‍ മുന്നിലുണ്ടായിരുന്നത് മാതൃഭൂമിയോ കലാകൗമുദിയോ ദേശാഭിമാനിയോ അന്ന് മുന്‍നിരയിലുണ്ടായിരുന്ന കുങ്കുമമോ മറ്റ് സമാന്തര പ്രസിദ്ധീകരണങ്ങളോ ആയിരുന്നില്ല. ‘ഇന്ന്’ പോലെ നിറയയെുണ്ടായിരുന്ന ചെറുമാസികകളായിരുന്നു ഞങ്ങള്‍ക്കാശ്രയം. അന്ന്, മിനിമാസികകള്‍ക്കിടയിലെ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു ഇന്ന്. കുറച്ച് കഥകള്‍ അതില്‍ പ്രസിദ്ധീകരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഇന്നലെ എനിക്ക് ഇന്ന് മാസികയില്‍ വന്ന 200 കഥകളെ അതിന്റെ പത്രാധിപര്‍ സമാഹരിച്ച് മാതൃഭൂമി ഗ്രാസ് റൂട്ട് പ്രസിദ്ധീകരിച്ചത് കിട്ടി.
‘ഇരുന്നൂറ് ഇന്ന് കഥകള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്.
പണ്ട്, മിനിമാസികകളില്‍ സജീവമായി എഴുതിക്കൊണ്ടിരുന്ന കുറച്ചധികം ആളുകളെ പുസ്തകത്തില്‍ കണ്ടുമുട്ടാന്‍ സാധിച്ചു. ഓര്‍മ്മകള്‍ പിന്നിലേക്കോടിപ്പോയി.. അല്ലെങ്കിലും ഓര്‍മ്മകള്‍ ആവേശത്തോടെ ഓടുന്നത് പിന്നിലേക്കാണല്ലോ.

 
ക്രിസ്മസ് വന്നുകഴിഞ്ഞു

എനിക്ക് ഓണം പോലെ പ്രാധാന്യം തോന്നിയിട്ടുള്ള ഒരാഘോഷമാണ് ക്രിസ്മസ്. കുറച്ചുകാലം ബാല്യം ചെലവിട്ട ഭൂമികയുടെ സ്വാധീനം തന്നെ. പക്ഷേ അതിലുമേറെ ബന്ധം ക്രിസ്മസിനോട് വരുന്നത് അതിനോട് തൊട്ടുചേര്‍ന്ന് പുതുവത്സരം വരുന്നതുകൊണ്ടാണ്. അന്നൊക്കെ ഇതുരണ്ടും പ്രത്യേകമായി ആശംസിക്കാറില്ലായിരുന്നു. അതിനുള്ള പാങ്ങുണ്ടായിരുന്നില്ല ആര്‍ക്കും. അതിനാല്‍ ക്രിസ്മസ് – നവവത്സരാശംസകള്‍ എന്ന് ചേര്‍ത്തു ആശംസിക്കും. ഇന്നെല്ലാവരും തന്നെ ഏറെക്കുറെ കാശുകാരായി. ക്രിസ്മസും ന്യൂ ഇയറും പ്രത്യേകമായി ആഘോഷിക്കാനുള്ള ധനശേഷിയുണ്ടായി. നല്ലത്.
ഇരുപത്തഞ്ച് വര്‍ഷം മുമ്പ്, സ്‌കൂള്‍ കാലത്ത് ഡിസംബര്‍ മാസമായാല്‍ വേവലാതിയാണ്. അറ്റത്ത് പഞ്ഞിക്കട്ട വച്ച ചുവന്ന തൊപ്പിയുമായി ക്രിസ്മസ് വരുന്നു. പിന്നാലെ ന്യൂ ഇയറും. അന്നൊക്കെ ഒരുപാട് സുഹൃത്തുക്കളുണ്ട്. പോസ്റ്റ് കാര്‍ഡില്‍ ആശയവിനിമയം നടത്തുന്ന സുഹൃത്തുക്കളാണ്. അന്ന് സദാചാര പോലീസിങ്ങൊന്നുമില്ല. ആണും പെണ്ണും കത്തെഴുതുന്നത് പോസ്റ്റ് കാര്‍ഡിലാണ്. കേരളം മുഴുവന്‍ അങ്ങനെയുള്ള ഫ്രണ്ട്‌സാണ്. അവര്‍ക്കെല്ലാം പോസ്റ്റ് കാര്‍ഡില്‍ തന്നെ സെക്ച്ച് പേന വാങ്ങി പല നിറങ്ങളില്‍ ക്രിസ്മസ് – നവവത്സരാശംസകള്‍ എഴുതിയയക്കും. അവര്‍ക്കത് മതി. എന്നാലും അതുപോരല്ലോ, ഇങ്ങോട്ട് ക്രിസ്മസ് കാര്‍ഡ് വില കൊടുത്ത് വാങ്ങിയയക്കുന്ന ചിലരുണ്ട്. അവര്‍ക്ക് കാര്‍ഡ് തന്നെ വാങ്ങി തിരിച്ചയക്കണ്ടേ.? അന്നൊരു നല്ല കാര്‍ഡിന് പരമാവധി പത്ത് – പന്ത്രണ്ട് രൂപ മതി. ഇരുപത് രൂപയൊക്കെ കൊടുത്താല്‍ ആര്‍ഭാടമായി. അഞ്ച് രൂപ മുതല്‍ എട്ട് രൂപ വരെയായിരുന്നു എനിക്ക് സാധിക്കുമായിരുന്ന വിലയുടെ തോത്. ആ കണക്കിന് അഞ്ച് രൂപയോ ഏഴ് രൂപയോ കൊടുത്ത് എട്ടോ പത്തോ കാര്‍ഡ് വാങ്ങും. കവറിന്റെ വലതുമൂലയില്‍ ഏറ്റവും മുകളിലായി ശ്രദ്ധാപൂര്‍വ്വം തപാല്‍ മുദ്ര പതിക്കും. അത്യാവശ്യക്കാര്‍ക്കയക്കും.
അന്നൊക്കെ ഇരുപത്തഞ്ച് രൂപ പരമാവധി മതി ഒരു ഡയറി വാങ്ങാന്‍. ഞാന്‍ മുടങ്ങാതെ ഡയറി എഴുതിയിരുന്ന ആളാണ്. പലപ്പോഴും ഡിസംബറില്‍ വാങ്ങേണ്ട ഡയറി വാങ്ങുന്നത് ഫെബ്രുവരിയിലാവും. അപ്പോഴേ സാമ്പത്തികം ശരിയാവൂ.. അക്കാലത്തെ പല ഡയറികളിലും ജനുവരി മാസം ശൂന്യമായി കിടക്കുകയാണ് പതിവ്.
ഇന്നലെ മാര്‍ക്കറ്റില്‍ പോയപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്രദ്ധാപൂര്‍വ്വം ക്രിസ്മസ് പുതുവത്സരക്കാര്‍ഡ് തിരയുന്നതുകണ്ടു. ഇക്കാലത്തും കാര്‍ഡ് വാങ്ങുന്നവരോ എന്ന് അത്ഭുതമായി. മനസ്സ് പിന്നിലേക്കോടിപ്പോയി.. അല്ലെങ്കിലും മനസ്സ് പിന്നിലേക്കാണല്ലോ വേഗത്തിലോടാറ്.

ഞാനോര്‍ത്തു. അന്ന് ഒരിക്കലും സാധിക്കില്ലാതിരുന്ന വലിയ വില കൊടുത്ത് ഏറ്റവും പ്രത്യേകതയുള്ള ആള്‍ക്കയക്കാനായി എനിക്ക് വാങ്ങാന്‍ സാധിക്കുന്നതില്‍ ഏറ്റവും നല്ല കാര്‍ഡ് വാങ്ങി ആകാംക്ഷയോടെ ചുവന്ന തപാല്‍ പെട്ടിയിലിട്ട് കാത്തിരുന്നിട് എന്തായി..?
ഇന്ന് അതിനുള്ള മറുപടി എഴുത്തുകാരന്റെ ശൈലിയില്‍ പറയാം.
കഥ തുടരും..!
ഇന്ന് ഇതൊക്കെ വാങ്ങാന്‍ കൈയില്‍ പണമുണ്ട്. കൊടുക്കാനാളില്ല. ഇന്ന് എത്രയോ ഡയറികള്‍ സൗജന്യമായി കിട്ടുന്നു. പക്ഷേ, ഡയറിയെഴുതുന്ന ശീലമില്ലാതായി.
ക്രിസ്മസും ന്യൂ ഇയറും വരുന്നു, പോകുന്നു. അതുമറിയുന്നില്ല.
ഒന്നു സത്യമാണ്.
വിശക്കുന്ന നേരത്താണ് അപ്പം കിട്ടേണ്ടത്. വിശക്കാത്തപ്പോള്‍ കിട്ടുന്ന ഭക്ഷണം ഭാരമാണ്. അങ്ങനെയാണ് ബന്ധങ്ങളും.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English