രണ്ടു കഥകൾ

 

ഇടവഴി

 

ഒരു യാത്ര പോകുന്നു, വഴിയറിയാതെ ആരും കൂടെയില്ലാതെ അലക്ഷ്യയമായ ഒരു യാത്ര. തിക്കിനുള്ളിൽ നിൽക്കാനോ ഇരിക്കാനോ ശ്വാസം എടുക്കാനോ പറ്റാതെ, ചോദിക്കാത്തവയ്ക്ക് മറുപടിയും, ഇല്ലാത്ത ചിരിയും കൊടുത്ത് മുന്നോട്ട് പോകുന്നു. പലവഴികളിലേക്ക് പലവർ ചികഞ്ഞിറങ്ങുന്നു. കണ്ണിൽ കണ്ട ഇരിപ്പിടത്തിലേക്ക് ഞാനൊന്ന് ആഞ്ഞു ചായുന്നു. കൈപ്പിടിയിൽ ചുരുട്ടി വച്ച എന്തെല്ലാമോ ഭദ്രമാണെന്നുറപ്പിക്കുന്നു, ആശ്വസിക്കുന്നു, ചുറ്റിനും നോക്കുന്നു. തീഷ്ണമായിത്തന്നെ ! ഒറ്റയ്ക്കല്ലേ , ആരെ വിശ്വസിക്കും? കണ്ണു ചൂണ്ടിയ മൂന്നേ മൂന്ന് മനുഷ്യരെ കാണുന്നു…
ജനാലയ്ക്കരുകിൽ അലസമായി ദൂരേയ്ക്ക്, ദൂരെ ദൂരേയ്ക്ക് നോക്കിയൊരാൾ, എനിക്ക് തിരിയാത്ത ഭാഷയിലെഴുതിയ പത്രം തലതിരിച്ചു വായിക്കുന്ന വേറൊരാൾ, ഇരിക്കണോ അതോ ഉറങ്ങണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യണോ എന്ന ശങ്കയിൽ സമയം പോക്കുന്ന മൂന്നാമതൊരാൾ. ഇതിലാരോ ആരോടോ ചിരിച്ചു തുടങ്ങി, ആര്, എപ്പോൾ, ആരോട് , അതെല്ലാം അപ്രസക്തം… മറ്റൊന്നുമില്ല ഒരു ചായയ്ക്കുള്ള കോപ്പു കൂട്ടുന്നു… ചായ ആരോ എല്ലാവർക്കുമായി പകരുന്നു, ആസ്വദിക്കുന്നു, പൊട്ടിച്ചിരിക്കുന്നു അതങ്ങിനെ തുടരുന്നു… ആ നിമിഷത്തിൽ മനസ്സുടക്കി ജീവിക്കുന്നു. ഒരുറക്കം എനിക്ക് മീതെ വല വിരിക്കുന്നു, ഞാനതിൽ കുരുങ്ങുന്നു…. സ്വപ്നം വലമുറിച്ച് എനിക്ക് ചിറകു തരുന്നു ഞാൻ പറക്കുന്നു… അവിടെയും ആ മനുഷ്യർ തന്നെ… മറ്റൊരു യാത്രയിൽ ആണെന്ന് മാത്രം. ലക്ഷ്യമില്ലാതെ ഭയമില്ലാതെ സന്തോഷത്തോടെ ഇങ്ങിനെ നടന്നു നീങ്ങുന്നു…. കാലമെന്റെ ഉറക്കത്തിനു മീതെ ഒരു കുന്നു പറിച്ചു വെക്കുന്നു. ഞാനുണരുന്നു…
ആരോ ഉപേക്ഷിച്ചു പോയ മടക്കി വച്ച പത്രം, ചവറ്റുകൊട്ടയിലേറിയാൻ കരുതിയ എന്തൊക്കെയോ, എനിക്കായി നീട്ടിയ പകുതി തീർന്ന ബിസ്ക്കറ്റ് കവർ, ഒഴിഞ്ഞ കുപ്പി, ഒരു തൊപ്പി, മറ്റൊന്നും അവിടെയില്ല. പാതിക്കു വച്ചു നിർത്തിയ കഥകളോ? തിരിച്ചിറങ്ങി അന്വേഷിക്കാനാകുമോ? തീർന്ന നിമിഷങ്ങളെ നിറച്ച പളുങ്ക് കുപ്പി കൊട്ടിയടിച്ചു വെക്കാമോ? തുടങ്ങിയ പലതിലേക്കും തിരികെ നടന്ന്‌ ഒരിക്കൽ കൂടി തുടങ്ങാമോ? വൈകിച്ച വൈകലുകളെ തിരിച്ചറിയാമോ? ഒന്നിനും ഉത്തരമില്ല…
തുടർന്ന് കൊണ്ടേയിരിക്കുന്നത് ഒറ്റയ്ക്കുള്ള ലക്ഷ്യമറ്റ യാത്രമാത്രം…

 

നിദ്ര

 

 

— മായനെ ഓർമയുണ്ടോ? തേവു കൊട്ടയായി വരുന്ന, കറുത്തിരുണ്ട എല്ലുന്തിയ ആ മനുഷ്യനെ…ഓർക്കുന്നോ?
— കുട്ടിക്കാലത്തിനു ഒരു പേരുണ്ടെങ്കിൽ അതു മായൻ എന്നാകും…
— ഉം… പേരയുടെ താഴെ ആ വലിയ പൊത്ത് ഓർക്കുന്നോ, അതുനുള്ളിൽ ഒളിച്ചിരുന്ന ആമയെ നീ കോലു കൊണ്ട് കുത്തിയിട്ടുണ്ട്…
— വേദനിച്ചോ ആവോ, സീത പശുവിനെയോ? അവൾക്ക് എന്നോടൊരു സ്നേഹമുണ്ടാർന്നു.
— അവളേം പയ്യിനേം കൊണ്ട് പോയ ദിവസമോ?
— മറന്നിട്ടില്ല, ആ നിലവിളി ഇന്നും മനസിൽ… ബാക്കിയായ ആ വല്യ തൊഴുത്തിലിരുന്ന് വിഷമിച്ചിട്ടുണ്ട്…
— അവിടെ തുടങ്ങിയ ഏകാന്തത അല്ലെ ?
— ഉം…ആ കുളമോ? അതിനടിയിൽ വല്യ മീനുണ്ടാർന്നത്രെ…
— കരയിലെ വളർന്ന് നീണ്ട കൈത എന്റെ കൈ പലതവണ മുറിച്ചിരിക്കുന്നു
— ഓർമപ്പാടുകൾ…
— തേക്കിൽ നിന്ന് ആടിയാടി നിലത്തു വീണ ഒഴിഞ്ഞ കൂട് ഓർമയുണ്ടോ, അതെവിടെ നീ ഒളിപ്പിച്ചു?
— രഹസ്യങ്ങളുടെ കലവറയിൽ…രാവിലെ പിടഞ്ഞണീറ്റ് ഓടുന്നത് എങ്ങോട്ടെന്നറിയാമോ…?
— പറ എങ്ങോട്ടാർന്നു?
— വഴിയിലെ പൂത്ത് നിൽക്കാറുള്ള പിച്ചിയില്ലേ അതാരെങ്കിലും പറിയ്ക്കുന്നതിനുമുന്നേ…
— ഹഹ, കുപ്പിയിലടച്ച പ്യൂപ്പയോ?
— അതു പറ്റിച്ചതാ, ശലഭം ഒന്നുമായില്ല, പ്യുപ്പയെ ഞാൻ അടക്കം ചെയ്ത്…
— അതിനുമുകളിൽ പൂവ് വെച്ച് കാണും, അല്ലെ?
— ഉം…പറമ്പിനു നടുവിലെ നീണ്ട തോട് ഓർമയില്ലേ? പാടത്ത് നിന്ന് കുറെ മീൻ ഒഴുകിയെത്താറുണ്ട് അതിൽ…
— ആ കഥ ഒന്നും പറയണ്ട, കുറെയെണ്ണത്തിനെ കരയിലേക്ക് തട്ടിത്തെറിപ്പിച്ചിട്ടില്ലേ…
— ഓർമിപ്പിക്കണ്ട…മറന്നിട്ടില്ല, ശ്വാസം കിട്ടാതെ പിടയുമ്പോളൊക്കെ ആ മീൻ കുഞ്ഞുങ്ങൾ കണ്മുൻപിൽ വരും…
— നിന്നെ തള്ളിയിട്ട ആ മാവ് ഓർമയുണ്ടോ?
— ഉവ്വ്, നല്ല അടിയും കിട്ടി… പാടത്തേക്ക് ഓടുന്ന വഴിയിൽ നിറയെ മൈലാഞ്ചി ഉണ്ടായിരുന്നു…
— കൈ എത്താത്തപ്പോൾ അതു വെല്ലിച്ചനല്ലേ പറിച്ചു തന്നിരുന്നെ?
— ഉം… വെല്ലിച്ഛന്റെ വീട്ടിലെ മൈന എന്നെ അനൂന്ന് നീട്ടി വിളിച്ചിരുന്നു
— ആ ചവർപ്പുള്ള പഴം ഏതായിരുന്നു?
— അമ്പഴം അല്ലെ? ഹോ അതിനൊരു മടുപ്പിക്കുന്ന മണമല്ലേ…പിന്നെ തിന്നു നോക്കിയിട്ടില്ല
— ക്രിക്കറ്റ് കളിച്ചതോ, അവരെല്ലാം അവധിക്കു വരുമ്പോ, ഓർക്കുന്നോ…
— മറക്കാൻ പറ്റോ, കണ്ണിൽ ആ പന്ത് അടിച്ചു കൊണ്ടു എന്റെ…അമ്മ പിന്നേം തല്ലി… ഹോ
— ഹഹ ഇലഞ്ഞിയുടെ നീണ്ട വേരിൽ തട്ടി വീണതോ, അന്ന് നന്നായി കരഞ്ഞില്ലേ ?
— വേദനിച്ചു , കാലു മുറിഞ്ഞിരുന്നു വല്ലാതെ…
— ഊഞ്ഞാലിൽ നിന്നു വീണതോ? അന്നും അടി കിട്ടിയില്ലേ…?
— അനുസരിച്ചിട്ടില്ലല്ലോ ഒന്നും, പിന്നെ പറഞ്ഞിട്ട് എന്തു കാര്യം…
— അവധിക്കു വന്നിരുന്ന ആ പയ്യന്റെ പേര് എന്തായിരുന്നു?
— അഖിൽ… അവനു മലയാളം അറിയില്ല… കുറെ കളിയാക്കിയിട്ടുണ്ട് ഞാൻ, അവന് അതും തിരിയില്ല , പൊട്ടൻ തന്നെ…
— അവനു ഹിന്ദി അറിയാം…
— അതിപ്പോ എനിക്കും അറിയാം…
— ആ മുല്ലയോ , പടരാത്ത ഒരിടത്തു തന്നെ പിന്നെയും പിന്നെയും പൂവിട്ട ആ മുല്ല…
— അതൊരു കഥയാണ്, പിന്നീടാകട്ടെ…
— ഉം, പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് അറിയോ ?
— അറിയില്ല, ഒന്നും മനസ്സിലായില്ല…മരങ്ങൾ വെട്ടുന്നു, തൊഴുത്തു പൊളിക്കുന്നു, കുളം നികത്തുന്നു, തോട് പരത്തുന്നു, അവരെന്റെ കുട്ടിക്കാലം അടക്കം ചെയ്യുന്നു…
— പതിനൊന്ന് വീടുകളുണ്ട് ഇപ്പോ അവിടെ…
— സ്‌മൃതി മണ്ഡപങ്ങൾ…എന്റെ ഓർമപ്പൊട്ടുകൾക്ക് മേൽ പടുത്തുയർത്തിയ ശവകുടീരങ്ങൾ…അതാണവ
നിശബ്ദം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here