അവന്മാരൊരു
പന്ത്രണ്ടെണ്ണ –
മുണ്ടാരുന്നു …
അത്ര തന്നെ
കരയുമവിടുണ്ടാരുന്നു …
അതില് കറപ്പും
വെളുപ്പും തൊപ്പീം
കുറീം ഇല്ലാരുന്നു ..
ഏറ്റോം കുഞ്ഞനാരുന്നു
ചോപ്പും
വെള്ളേം മടക്കി
സഞ്ചീലിട്ട് നടന്നത്.
അണീക്കേണ്ട
മണിയെല്ലാം
കഴുത്തേലിട്ട്
അവനൊള്ള
കയ്യാലയെല്ലാങ്കേറി
നടക്കുവാന്ന്
അവന്റമ്മ പറയും …
വടക്കൂന്ന് വന്ന
നിനക്കെന്തറിയാടീന്ന്
പറഞ്ഞ് അച്ഛമ്മ
കുഞ്ഞനെ നോക്കി
മോണ തെളിക്കും..
ഇനിയൊരുത്തനുണ്ട് ,
അവനാണ്
കുഞ്ഞിത്തലകൾടെ
നോക്ക് കാരൻ ..
അതും
കയ്യേലേന്തി
ഒമ്പതിന്റന്ന്
അവനൊരു വരവുണ്ട് …
കൊമ്പു കൊലുക്കുന്ന –
തവനാന്ന് തോന്നും…
എന്ന് വെച്ചാ
ഞങ്ങടിവിടൊക്കെ
കാളേക്കെട്ട് പത്ത്
ദിവസവാ …
പക്ഷേങ്കിൽ
പിള്ളേർക്കൊരഞ്ച്
മതി …
ബാക്കി അഞ്ച്
രാവും
പകലുമവര്
ചോപ്പും വെള്ളേം
കലർന്നൊരു സ്വപ്നം
കാണും …
വല്യോരൊന്നും
കാണാത്തൊന്ന് …
എട്ടിന്റന്ന്
തേക്കിലയിൽ വെള്ളം
ചേർത്ത മൺചോറ്
വിളമ്പി
ഒരു കറീം ഒഴിക്കും …
അതിന്റെ പേരും
അസ്ത്രം ന്നാ …
വല്യോർക്കൊന്നും
അറിയാത്തൊന്ന്…
പത്തിന്റന്ന്
പാട്ടും മേളോമായി
മണി കിലുക്കി
തോളിലേന്തി
അവര് കേറിയിറങ്ങും …
നേർച്ചാന്ന് പറഞ്ഞാലല്ലറ
ചില്ലറ കിട്ടും …
ഇതെന്തൊരു വട്ടന്ന്
കുഞ്ഞന്റമ്മ
പറയുന്നെ
പിന്നെ കരേലാരും
കേട്ടതുമില്ല …
അവരുടെ ദൈവം
കുഞ്ഞിത്തോളിൽ
കരകാണുന്നതും
കണ്ട് ..
കണ്ടോര്
കണ്ടോര്
കൈകൂപ്പി
വണങ്ങി
നിന്നത്രേ …
2.
അവർ ഇന്ത്യൻ
കോഫി ഹൗസിൽ
കട്ലറ്റ് കഴിക്കാൻ
ഇരുന്നതായിരുന്നു …
അവർ -ന്ന്
പറയുമ്പോ
അതൊരു ആണും
പെണ്ണും തന്നെ
ആയിക്കോട്ടെ …
ഇനി കട്ലറ്റ്
തന്നെ രണ്ട്
തരമാണ് …
വട്ടത്തിലുള്ളതായിരുന്നേൽ
ഒരു പക്ഷിയാണ്
അതിന്റെ ഉള്ളിൽ …
എന്ന് കരുതി
വിങ്ങിപ്പൊട്ടാനൊന്നും
നിൽക്കണ്ട …
പക്ഷേ അവർക്ക്
ഓവൽ ആയിരുന്നു
ഇഷ്ടം …
അതിനുളളിൽ
നിരോധിക്കപ്പെട്ട
എന്തോ ഉണ്ടെന്ന്
അടുത്ത മേശയിലെ
ഒരുവന്
ഉറപ്പുണ്ടായിരുന്നു …
എനിക്ക് മനസ്സിലാവാത്തത്
ഇവരെന്താണ്
ഒരാൾക്ക്
രണ്ട് സ്പൂൺ
കൊടുക്കുന്നത്
എന്നാണ്..
പക്ഷേ അടുത്ത
മേശയിലെ
ഒരുവന്
മറ്റൊന്നായിരുന്നു
പ്രശ്നം
മുൻപ് പറഞ്ഞ
പുരുഷൻ
ഇംഗ്ലീഷ് അക്ഷരമാലയിലെ
മൂന്നാമത്തെ അക്ഷരം
ഒരു തവണയും
പെണ്ണ്
ഒന്നാമത്തെ അക്ഷരം
രണ്ട് തവണയും
പറഞ്ഞതും
അടുത്ത മേശയിലെ
അവൻ ഞെട്ടിയതും
ഒരുമിച്ചായിരുന്നു..
ബില്ല് വന്നപ്പോ
അതിൽ ആവശ്യമില്ലാത്ത
രണ്ട് ചോദ്യങ്ങൾ
ഉണ്ടോന്ന്
ആദ്യം നോക്കിയത്
അവളാണ്.
അയാൾക്കതൊക്കെ
ശീലമായി
തുടങ്ങിയിരുന്നു.
എങ്കിലും പൈസ
വെച്ചിട്ട് ആ
കടലാസ് കഷ്ണം
അനായാസം
കീറിയെറിഞ്ഞ്
അയാൾ അവളേം
കൂട്ടി നടന്ന്
പോയപ്പോൾ
അടുത്ത മേശയിലെ
അവന്റെ ഗ്ലാസ്
താഴെ
വീണതിനെപ്പറ്റി
എനിക്ക്
അതിശയം ഒന്നുമില്ല …
പക്ഷേങ്കിൽ
ചുമ്മാതിരിക്കുന്ന
ഇടത്
കൈ
മുഷ്ടി ചുരുട്ടിയേക്കുമോ
എന്ന്
പേടിച്ചിട്ടാണോ അവർ
കട്ലറ്റ്
കഴിക്കാൻ
രണ്ട് സ്പൂണ്
കൊടുക്കുന്നത്
എന്നാണ്
ഞാൻ
അതിശയിക്കുന്നത്…
ആദ്യത്തേത് അതിഗംഭീരം. കെട്ടുകാഴ്ച്ച കണ്ട ഒരു പ്രതീതി. പിന്നത്തേത് ഒരുവട്ടം വായിച്ച ഓർമ്മയുണ്ട്. എന്നാലും പഴകുംതോറും വീര്യമേറുന്ന വീഞ്ഞ് പോലെ.
Kudos to u my dear Pothukutty..❤️❤️