മറ്റൊരാൾ
മറ്റൊരാളുപേക്ഷിച്ച
ചിന്ത വന്നെന്നിൽക്കേറി,
പിറ്റേന്നു മുതലയാൾ
നടന്ന വഴി കേറി.
ആദ്യത്തെ പിരിവിലായ്
സംശയം, ഏതെൻ വഴി?
താടിക്കു കൈയ്യും താങ്ങി
ചിന്തിച്ചു, പലവട്ടം
മറ്റൊരാളുടെ വഴി
നടന്നു തളർന്നിപ്പോൾ
മറ്റൊരാളായിത്തീർന്നു
മറന്നൂ, മറ്റുള്ളവ
എനിക്കു പിമ്പേ വന്നോൻ,
ഞാൻ മറന്നതാം വഴി
നടപ്പുണ്ട,യാൾ ഞാനായ്
മാറുന്നതിനിക്കാണാം.
കാണാതായ കിളികൾ
മുട്ട പൊട്ടിപ്പുറത്തു വന്നിട്ടും,
തൃപ്തനല്ല കിളി, മണ്ണിലൂടെ
പ്പിച്ച വെക്കുന്ന നാളിലാകാശ –
ത്തൊട്ടനേകം കിളികളെക്കണ്ടു
ഞെട്ടി സത്യം തിരിച്ചറിയുന്നു
നിത്യമന്തിയിൽ ചേക്കേറുവാനായ്
ഒത്തുചേർന്നു പാറും കിളിക്കൂട്ടം,
മുട്ട പോലെ ആകാശം തുളച്ചീ
മിഥ്യയിൽ നിന്നൊഴിഞ്ഞു മാറുന്ന
ദൃശ്യമാദ്യമായ്ക്കണ്ടനാൾ, മെല്ലെ
പൂഞ്ചിറകു വിറച്ചു, പറക്കാനുളളു
പൊള്ളയായ്ത്തീർന്നു, മരങ്ങൾ, കുന്നുകൾ, കരിമ്പാറകൾ മീതേ
പൊങ്ങി, ആകാശ മുട്ടപൊട്ടിക്കാൻ
ആദ്യമായ്പ്പാറി, മാഞ്ഞു പോയ് പക്ഷി.