കേമൻ
അന്ന് തീവണ്ടിയുടെ ജനാലയക്കൽ
കണ്ണും മിഴിച്ചിരുന്നവനും,
കല്ലെറിഞ്ഞാ കണ്ണുപൊട്ടിച്ചവനും
ഇന്നുമിവിടെയുണ്ട്.
അനവധി പാളങ്ങൾക്കിരുവശം.
കല്ലെറിഞ്ഞെറിഞ്ഞവൻ നേതാവായി,
കണ്ണ് കുരുടിച്ചു,കുരുടിച്ചവൻ അണിയും.
ഇവരിലാരാണ് കേമൻ?
അറിയുമെങ്കിൽ നിങ്ങളുടെ ചെവിയിൽ
ചിന്ത പകരൂ, ഒപ്പമെന്റെയും.
യെസ്/നോ?
‘നോ’പറയാൻ പഠിപ്പിക്കുന്ന
ക്ലാസുകളിലാണ് ഞാൻ
അയാളെ പരിചയപ്പെട്ടത്.
അവസ്ഥ താരതമ്യേന
വളരെ ക്രിട്ടിക്കലാണ്.
കഴിഞ്ഞ കാലമൊക്കെയും
‘യെസു’കളിൽ മുങ്ങിപ്പോയൊരു മനുഷ്യൻ,
ഒടുവിലതിന്റെ ബാധ്യതകളിലുഴറി
ഒരു പ്രഷർ കുക്കറിലടയ്ക്കപ്പെട്ടു.
ഒരു വലിയ പൊട്ടിത്തെറിക്കു ശേഷം
അയാൾ ഏകനായി.
ഹൊ! ഭീകരമാണീയവസ്ഥ.
നന്നായി തന്നെ പഠിക്കണം.
തല്ക്കാലമീ ഒറ്റപ്പെടൽ
മാറിക്കിട്ടാനെങ്കിലും.