നഗരത്തിലെ ആശുപത്രിയുടെ മൂന്നാം നിലയിലെ ജനലിലൂടെ വിദൂരതയിലേക്ക് നോക്കി നിന്ന അവളുടെ മനസ്സിൽ ക്ലാസ്സിലെ ഓർമ്മകൾ ആണ് തെളിഞ്ഞു വന്നത്.
“പ്രഫുല്ലകുമാർ പളനിയപ്പൻ , എന്തൊരു ഊള പേരാണെടീ ഇത് , അയ്യേ ..”
അനീറ്റ ഷാരോണിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.
” നോർത്തും അല്ല സൗത്തും അല്ല സങ്കരയിനമാണ് ,എന്നാ തോന്നുന്നത് ”
ഷാരോൺ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അനീറ്റയോട് പറഞ്ഞു.
” സൗത്ത് തന്നെ , മലയാളം തമിഴ് കോമ്പിനേഷൻ ആണെന്നാപിള്ളാര് പറേന്നത് ” അനീറ്റ പറഞ്ഞു.
പെട്ടന്നാണ് ഇടിവെട്ടും പോലെ കനത്ത ശബ്ദത്തിൽ ” സ്റ്റാൻഡ് അപ്പ് … ഉം .. ബോത്ത് ഓഫ് യു .. സ്റ്റാൻഡ് അപ്പ് ..”
എന്ന് പ്രഫുല്ലകുമാർ പളനിയപ്പന്റെ ആജ്ഞ വന്നത്.
ഷാരോണും അനീറ്റയും ഡെസ്കും പിടിച്ചു എഴുന്നേൽക്കുമ്പോഴേക്കും പ്രഫുല്ലകുമാർ പളനിയപ്പൻ അവരുടെ അടുത്തേക്ക് എത്തിയിരുന്നു.
” എന്താ രണ്ടു പേരും കൂടെ കാതിൽ സ്വകാര്യം മന്ത്രിക്കുന്നത്, തമാശ ആണെങ്കിൽ ഉറക്കെ പറ ഞങ്ങൾക്കെല്ലാവർക്കും കൂടി ഉറക്കെ ചിരിക്കാം ” അതും പറഞ്ഞു പ്രഫുല്ലകുമാർ പളനിയപ്പൻ ക്ലാസ്സിലെ മറ്റു കുട്ടികളെ നോക്കി.
” ഒന്നുമില്ല സാർ ” അനീറ്റ ആണ് വിക്കി വിക്കി ഉത്തരം പറഞ്ഞത്.
” ഒന്നുമില്ലേൽ പിന്നെ നിങ്ങൾ സംസാരിക്കുന്നതായി എനിക്ക് തോന്നിയതാണോ ? ”
ഒരു ചിരിയും സെറ്റ് ചെയ്ത് അയാൾ രണ്ടുപേരെയും മാറി മാറി നോക്കി.
” ന്റെ കർത്താവേ ഏതു നേരത്താണോ പ്രസന്ന ടീച്ചർക്ക് ട്രാൻസ്ഫർ കൊടുക്കാൻ അങ്ങേയ്ക്ക് തോന്നിയത്, അതോണ്ടല്ലേ ഈ പുതിയ കുരിശിനെ ഒന്നാം ദിനം തന്നെ ഞങ്ങൾ ചുമക്കേണ്ടി വന്നത് ”
അനീറ്റ തന്റെ സങ്കടം മനസ്സിൽ കർത്താവിനോട് പറഞ്ഞു.
പ്രഫുല്ലകുമാർ പളനിയപ്പൻ ഒന്നയഞ്ഞു, ക്ലാസ്സിന്റെ നടുവിലൂടെ ഒന്ന് നടന്നു , വീണ്ടും രണ്ടാം നിരയിലെ ഡെസ്‌കിനരികിലെത്തി.
” എന്താ പേര് ? ” അനീറ്റയോട് ചോദിച്ചു.
” അനീറ്റ ”
” ആഹാ നല്ല പേരാണല്ലോ ? എന്താ മുഴുവൻ പേര് ? ”
” അനീറ്റ തോമസ് എബ്രഹാം ”
” ഓക്കേ , എന്താ ഇയാളുടെ പേര് ? ” പ്രഫുല്ലകുമാർ പളനിയപ്പൻ ഷാരോണിനോട് ചോദിച്ചു
” ഷാരോൺ മേരി വർഗ്ഗീസ് ” ഷാരോൺ മറുപടി പറഞ്ഞു.
” ഇതും നല്ല പേര് …. ഒക്കെ , സിറ്റ് ഡൌൺ ” അതും പറഞ്ഞു പളനിയപ്പൻ മേശക്കരികിലേക്ക് നടന്നു.
ഒരു നെടുവീർപ്പോടെ ആണ് അനീറ്റ ഇരുന്നത്, ഷാരോണിന് ഇതൊന്നും വല്യ കാര്യമല്ല. അല്ലെങ്കിലും ഷാരോൺ പണ്ടേ ബോൾഡാണ്.
പ്രഫുല്ലകുമാർ പളനിയപ്പൻ തന്റെ സംസാരം തുടർന്നു …
” എന്റെ ക്ലാസ്സിൽ ആർക്ക് വേണേലും സംസാരിക്കാം , എന്ത് സംശയവും ചോദിക്കാം , സംവാദം നടത്താം , ഞാനതിനെയൊക്കെ സ്വാഗതം ചെയ്യുന്ന ആളാണ്, പക്ഷെ ഞാൻ ഇവിടെ കാര്യങ്ങൾ പറയുമ്പോൾ നിങ്ങൾ പരസ്പരം സംസാരിക്കുന്നത് ശരിയല്ല.
ഹോപ്പ് ഓൾ ഓഫ് യു ഗോട്ട് മൈ പോയിന്റ് ? ”
” ഓക്കേ… റൈറ്റ് , പ്രസന്ന ടീച്ചർ നിർത്തിയെടുത്തു നിന്ന് ഞാൻ തുടങ്ങുകയാണ് , എല്ലാവരെയെയും വിശദമായി വഴിയേ പരിചയപ്പെട്ടോളാം ”
‘ ഗബ്രിയേൽ ഗാർസ മാർക്വേസിന്റെ ” പ്രകാശം ജലം പോലെ ആണ് ” എന്ന അധ്യായമാണ് ഇന്ന് എടുക്കുന്നത്. ‘
” അനീറ്റ ടെക്സ്റ്റ് പുസ്തകം കൈയിൽ ഉണ്ടല്ലോ , ല്ലേ ?”
” ഉണ്ട് സാർ ” അനീറ്റ പറഞ്ഞു
” എന്നാൽ ആദ്യത്തെ പേജ് ഒന്നുറക്കെ വായിച്ചേ ” പ്രഫുല്ലകുമാർ പളനിയപ്പൻ പറഞ്ഞു.
അനീറ്റ എഴുന്നേറ്റ് നിന്ന് വായന തുടങ്ങി ..
” രണ്ടു കുട്ടികളും ക്രിസ്തമസ് ആയപ്പോൾ തുഴവള്ളം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു
.’ ശരി’ , പപ്പ പറഞ്ഞു
‘കാട്ജിനേയിൽ മടങ്ങിചെല്ലുമ്പോൾ നമുക്ക് വാങ്ങാം ‘
കാട്ജിനെ അവർ താമസിച്ചിരുന്ന തുറമുഖ നഗരമാണ് കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള സ്ഥലം ”
അനീറ്റ ഗബ്രിയേൽ ഗാർസ മാർക്വേസിന്റെ ” പ്രകാശം ജലം പോലെ ആണ് ” എന്ന അധ്യായത്തിന്റെ ആദ്യപേജ് ഒരു കഥപറയുന്ന രീതിയിൽ വായിച്ചു.
ചെമ്പൻമലയെന്ന മലയോര ഗ്രാമത്തിലെ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് ബാച്ചിലെ മലയാളം പീരീഡ് ആണ്. അനീറ്റയും ഷാരോണും ആ ക്ലാസ്സിലെ വിദ്യാർത്ഥിനികൾ ആണ്.
അവരുടെ പ്രിയപ്പെട്ട പ്രസന്ന ടീച്ചർ ട്രാൻസ്ഫാർ ആയിപോയതിനു ശേഷം പകരം വന്ന മലയാള അദ്ധ്യാപകനാണ് പ്രഫുല്ലകുമാർ പളനിയപ്പൻ.
ബെല്ലടിച്ചപ്പോൾ ആണ് അനീറ്റ വായന നിർത്തിയത്.
” ബാക്കി നാളെ ” എന്ന് പറഞ്ഞു പ്രഫുല്ലകുമാർ പളനിയപ്പൻ പോയി. അടുത്ത പീരീഡ് മാത്‍സ് ആണ്.
കുട്ടികൾ ഗബ്രിയേൽ ഗാർസ മാർക്വേസിനെ വിട്ട് കഴിഞ്ഞ ദിവസം പകുതിയാക്കിയ വെക്റ്റർ അൾജിബ്രയുടെ പ്രോബ്ലെത്തിലേക്ക് തിരിഞ്ഞു.
അനീറ്റയുടെ അപ്പൻ തോമസ്ഏബ്രഹാമിന്റെ സഹോദരി മേരി എബ്രഹാമിന്റെയും വർഗ്ഗീസിന്റെയും മകളാണ് ഷാരോൺ മേരി വർഗ്ഗീസ്. തോമസ് എബ്രഹാമും ഭാര്യ ഡെയ്സി എബ്രാഹും മകൻ അഞ്ചാം ക്ലാസ്സുകാരൻ ആബേൽ തോമസ് എബ്രഹാമും കുവൈറ്റിൽ ആണ്. പത്താം ക്ലാസ് വരെ അനീറ്റ പഠിച്ചത് കുവൈറ്റിൽ തന്നെ ആയിരുന്നു. മകൾ നാട്ടിൽ പഠിക്കണം എന്ന അപ്പന്റെ വാശികാരണം ആണ് അനീറ്റ ചെമ്പൻമലയിലെ സർക്കാർ സ്കൂളിൽ എത്തിയത്.
ഓഹരി വെച്ചപ്പോൾ തറവാട് വീട് തോമസ് എബ്രഹാമിന് ആണെങ്കിലും അമ്മ ത്രേസ്യാമ്മയുടെ മരണശേഷം ആരും താമസിക്കാറില്ല. തോമസിന്റെ സഹോദരി മേരിയും കുടുംബവും തറവാടിന് തൊട്ടടുത്ത് പുതിയ വീട് വെച്ച് അവിടെയാണ് താമസം. മേരിയുടെ ഭർത്താവ് വർഗ്ഗീസും ചെമ്പൻമലക്കാരൻ തന്നെ ആണ്. മേരി മാതാ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥി ആയി മേരി എബ്രഹാം എത്തിയപ്പോഴാണ് വർഗ്ഗീസുമായി പ്രണയത്തിലായത്. ആ പ്രദേശത്തെ കുടിയേറ്റ ക്രിസ്ത്യാനികളിൽ ഏറ്റവും വലിയ പ്രമാണി ആയിരുന്നു വർഗ്ഗീസിന്റെ അപ്പൻ, സമ്പന്ന കുടുംബം. അതൊക്കെ കൊണ്ട് തന്നെ മേരിയുടെയും വർഗ്ഗീസിന്റെയും പ്രണയത്തിന് ഇരുവീട്ടുകാർക്കും സമ്മതമായിരുന്നു.
ചെമ്പൻമലയിലെ ഏക കാർഷോറൂം വർഗീസിന്റേതാണ് , ബിസിനസിന് പുറമെ ഇപ്പോഴും ഏക്കറു കണക്കിന് റബ്ബറും ഏലവും ഇഞ്ചിയും ഒക്കെ കൃഷി ചെയ്യുന്നുണ്ട്.
മേരിയുടെയും വർഗ്ഗീസിന്റെയും ഏക മോളാണ് ഷാരോൺ. അനീറ്റയെക്കാൾ 34 ദിവസം ഇളയതാണ് ഷാരോൺ., അനീറ്റയും ഷാരോണും കുഞ്ഞനാളുതൊട്ടേ നല്ല സുഹൃത്തുക്കളാണ്. അനീറ്റ കുവൈത്തിലേക്ക് പോയപ്പോൾ ഏറ്റവും വിഷമിച്ചത് ഷാരോൺ ആയിരുന്നു. ഷാരോണിനും മേരിയാന്റിക്കും ഒപ്പം താമസിക്കാൻ അനീറ്റക്കും വലിയ ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ അമ്മയുടെ പാചകത്തെക്കാൾ അനീറ്റക്ക് ഇഷ്ടം മേരിയൊരുക്കുന്ന വിഭവങ്ങളിൽ ആണ്, മേരിയുടെ കൈപ്പുണ്യത്തെ കുറിച്ച് പറയാത്തൊരാളും കളത്തിൽ പറമ്പിൽ കുടുംബത്തിലില്ലെന്നു തന്നെ പറയാം , അത്രക്ക് കേമമാണ്. അനീറ്റക്ക് ആകെ വിഷമം ആബേലിനെ പിരിഞ്ഞിരിക്കുന്നതാണ്.
ആ വീട്ടിൽ ഒരുപാട് മുറികൾ ഉണ്ടെങ്കിലും ഷാരോണിനൊപ്പം അവളുടെ ബെഡ്‌റൂമിലാണ് അനീറ്റയും ഉറങ്ങിയിരുന്നത്.
അനീറ്റയും ഷാരോണും നന്നായി പഠിക്കുന്നവരാണ്, മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ ആണ് എസ്എസ്എൽസി പാസായത്.
അപ്പൊ അനീറ്റയെയും ഷാരോണിനെയും അവരുടെ കുടുംബത്തെയും കുറിച്ചൊരു ധാരണ ഒക്കെ കിട്ടിയല്ലോ , ല്ലേ ?
പഠനവും കളിയും ആയി ദിവസങ്ങൾ പോയി കൊണ്ടേയിരുന്നു. ആ മലയാളം വാധ്യാർ ആള് കുഴപ്പമില്ല എന്ന് ക്ലാസ്സിലെ കുട്ടികൾക്കൊക്കെ തോന്നി തുടങ്ങി , പ്രസന്ന ടീച്ചറോടുള്ള ഇഷ്ടമാണ് പളനിയപ്പനെ ആദ്യം അകറ്റി നിർത്താൻ കാരണം. ഒരാഴ്ച്ച കൊണ്ട് തന്നെ പളനിയപ്പൻ കുട്ടികളുടെ ഇഷ്ടക്കാരനായി.
ഒരു ദിവസം സ്കൂളും വിട്ടു വരുമ്പോൾ അനീറ്റ പറഞ്ഞു
” എടി ഷാരോണെ , ആ എലുമ്പൻ ജെയ്‌സൺ നിന്നെ നോട്ടമിട്ടിട്ടുണ്ട് ,
വേണ്ടാത്തതിനൊന്നും നീ നിക്കണ്ട ”
” ഉം പിന്നെ , അവന്റെ വാല് പൊങ്ങുമ്പോഴേ എനിക്ക് കാര്യം പിടികിട്ടി , ക്ലാസ്സ്‌മേറ്റ് അല്ലെന്ന് കരുതിയാ ഒന്നും പറയാതെ , ഇൻസ്റ്റയിലും ശല്യമാണ് ആ ശവി ” ഷാരോൺ പറഞ്ഞു.
“ബ്ലോക്ക് ചെയ്തേക്ക് ” അനീറ്റ പറഞ്ഞു
” വേണ്ടടി , ഇനിയും കുറച്ചു മാസങ്ങൾ ഒപ്പം പഠിക്കേണ്ടതല്ലേ , ഇരിക്കട്ടെ ” ഷാരോൺ മറുപടി പറഞ്ഞു.
വീട്ടിലെത്തുമ്പോഴേക്കും മേരി പലഹാരങ്ങളും ഒരുക്കി മക്കളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
” പ്രകാശം ജലം പോലെ ആണ് ” എന്ന ഒരൊറ്റ പാഠഭാഗം കൊണ്ട് തന്നെ പളനിയപ്പൻ സ്റ്റാറായി.
ആ അധ്യായത്തിൽ തന്നെ പ്രശസ്ത ചിത്രകാരൻ സാൽവദോർ ദാലിയുടെ ” The persistence of Memory “ എന്നചിത്രത്തിന് വ്യഖ്യാനം നൽകാനുള്ള ചോദ്യം ഉണ്ടായിരുന്നു, വളരെ രസകരമായാണ് അതൊക്ക പളനിയപ്പൻ ക്ലാസ്സിൽ അവതരിപ്പിച്ചത്.
ലോക പ്രശസ്ത സാഹിത്യകാരനായ മാർക്വേസ് എഴുതിയ ” ലൈറ്റ് ഈസ് ലൈക് വാട്ടർ ” എന്ന കഥയുടെ വിവർത്തനമാണ് ഈ പാഠഭാഗം. സ്പെയ്നിലെ മാഡ്രിഡ് നഗരത്തിൽ താമസിക്കുന്ന ടോട്ടോ , ജോവൽ എന്നീ രണ്ടു കുട്ടികൾ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ, ഫ്ലാറ്റിൻറെ അഞ്ചാം നിലയിൽ താമസിക്കുന്ന ഈ കുട്ടികളുടെ ജീവിതത്തിൽ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു.
മാജിക്കൽ റിയലിസം എന്ന രചനാരീതി ആണ് ഈ കഥ എഴുതാൻ മാർക്വേസ് തിരഞ്ഞെടുത്തത്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ സംഭവിക്കുന്ന രീതിയിൽ ആണ് കഥ പറയുന്നത്, എന്നിരുന്നാലും കഥയിൽ പറയുന്ന കാര്യങ്ങൾക്ക് യാഥാർത്ഥ്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിരിക്കും അതാണ് ഈ മാജിക്കൽ റിയലിസത്തിന്റെ പ്രത്യേകത, ഗബ്രിയേൽ ഗാർസിയ മാർക്കേസ് എഴുതിയ ” ഏകാന്തതയുടെ നൂറു വർഷങ്ങൾ ” എന്ന നോവലും ഇതേ രീതി തന്നെ ആണ് അവലംബിച്ചിട്ടുള്ളത്.
ആ … മതിമതി … മാർക്വേസിന്റെ കഥയല്ലല്ലോ , മ്മള് അനീറ്റയുടെയും ഷാരോണിൻെറയും കഥയല്ലേ പറയുന്നത്.
മാർക്വേസിന്റെ കഥയും മാജിക്കൽ റിയലിസം എന്ന രചനാ സങ്കേതത്തെയും ഒക്കെ കുറിച്ച് ക്ലാസ്സെടുക്കുമ്പോൾ പളനിയപ്പൻ സിലബസൊക്കെ വിട്ട് ഏതൊക്കെയോ ബസ്സിലൂടെ കാട് കയറാറുണ്ട്. അങ്ങിനെ ഒരു ദിവസമാണ് അങ്ങേരു ഓജോ ബോർഡിനെ കുറിച്ച് പറഞ്ഞത്.
ഓജോ ബോർഡ് എന്താണ് , കളിക്കുന്ന രീതി, അതുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന അന്ധവിശ്വാസങ്ങൾ ഒക്കെ വിശദമായി തന്നെ ക്ലാസ്സിൽ പറഞ്ഞു, പളനിയപ്പൻ ശ്രമിച്ചത് ഓജോബോർഡിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാനും തികച്ചും അശാസ്ത്രീയത നിറഞ്ഞ ഒന്നെന്നു പറയാനും ആയിരുന്നു.
ഓജോ ബോർഡ് അനീറ്റയെ വല്ലാതെ ആകർഷിച്ചു. അവളെ മാത്രമല്ല, ക്ലാസ്സിലെ ചില കുട്ടികളെയും പളനിയപ്പന്റെ കഥ പറച്ചിൽ കൊണ്ട് ഓജോ ബോർഡിലേക്ക് അടുപ്പിച്ചിട്ടുണ്ട്. വീണയും രമ്യയും ഫർസാനയും നിഷാന്തും അനിലും ജാവേദും ഒക്കെ കുറച്ചു ദിവസമായി സംസാരം ഓജോ ബോർഡിനെ കുറിച്ചാണ്.
ഇരുട്ടടഞ്ഞ മുറിയിൽ മെഴുകുതിരി വെട്ടത്തിനു മുന്നിൽ നിന്ന് ഗുഡ്സ്പിരിറ്റിനെ വിളിക്കുന്ന ഓജോ ബോർഡിനെ കുറിച്ച് കഥകളിൽ വായിച്ചിട്ടുണ്ട്, സിനിമകളിൽ കണ്ടിട്ടുണ്ട്, പക്ഷെ ഇതുവരെ കളിക്കണം എന്ന് അനീറ്റക്ക് തോന്നിയിരുന്നില്ല. പക്ഷെ പളനിയപ്പന്റെ വിവരണം കേട്ടപ്പോൾ കളിക്കണമെന്ന് തോന്നി.
ഒരു ദിവസം രാത്രി പഠനവും ഭക്ഷണവും കഴിഞ്ഞു ഉറങ്ങാൻ നേരത്ത് അനീറ്റ ഷാരോണിനോട് പറഞ്ഞു ,
” ഞങ്ങൾക്കും ഒന്ന് കളിച്ചു നോക്കിയാലോ ഏതെങ്കിലും ഗുഡ് സ്പിരിറ്റ് വരുമോ എന്ന് നോക്കാം ? ”
” അതിനു ബോർഡൊക്കെ ഒരുക്കണ്ടേ ? ” ഷാരോൺ ചോദിച്ചു
” അതൊക്കെ റെഡി ആണ് ” അനീറ്റ പറഞ്ഞു.
ഒരു കാർഡ്ബോർഡ് പേപ്പർ , അതിൽ മുകൾ ഭാഗത്ത് ഇടതു വശത്ത് YES എന്നും വലതു വശത്ത് NO എന്നും എഴുതിയിട്ടുണ്ട്, മധ്യഭാഗത്ത് A to Z ,ആൽഫബറ്റ്സും 0 to 9 നമ്പേഴ്‌സും എഴുതിയിട്ടുണ്ട്, താഴെ മധ്യഭാഗത്ത് GOOD BYE എന്നും എഴുതിയിട്ടുണ്ട് , പിന്നെ ഒരു രൂപ കോയിൻ, ഒരു മെഴുകുതിരി , ഒരു ഗ്ലാസ്സ് ഇതൊക്കെ അനീറ്റ മേശപ്പുറത്ത് വച്ചു.
ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് മെഴുകുതിരി കത്തിക്കാനുള്ള തീപ്പെട്ടി ഇല്ലെന്നു മനസ്സിലാക്കിയത്, അനീറ്റ പതുക്കെ ശബ്ദം ഉണ്ടാക്കാതെ താഴെയുള്ള അടുക്കളയിൽ പോയി തീപ്പെട്ടിയുമെടുത്ത് തിരികെ വന്നു.
ലൈറ്റ് എല്ലാം ഓഫ് ചെയ്ത്, മെഴുകുതിരി കത്തിച്ചു വെച്ചു, ഗ്ലാസും നാണയവും എടുത്തു വച്ചു, നാണയത്തിന് മേലെ ചൂണ്ടു വിരൽ വെച്ച് അനീറ്റ കളി തുടങ്ങി…
” ഗുഡ് സ്പിരിറ്റ് പ്ളീസ് കം ..”
പല തവണ വിളിച്ചു, ഒരനക്കവും ഇല്ല
രണ്ടുപേരും ഒരുമിച്ചു വിളിക്കാൻ തുടങ്ങി ” ഗുഡ് സ്പിരിറ്റ് പ്ളീസ് കം ..”
ഗ്ലാസിന് ഒരനക്കവും ഇല്ല , കുറച്ചു സമയം കഴിഞ്ഞപ്പോൾ അനീറ്റ ചോദിച്ചു ” ഗുഡ് സ്പിരിറ്റ് ആർ യു ഹിയർ ? ”
” ആത്മാവ് വന്നെങ്കിൽ കോയിൻ yes ലേക്ക് പോകേണ്ടതാണ്. , ഇല്ലെന്നു തോന്നുന്നു ”
അനീറ്റ ഷാരോണി നോട് പറഞ്ഞു.
ഷാരോണിന്റെ ത്രില്ലൊക്കെ പോയി ..
” ഒരു കോപ്പും വന്നിട്ടില്ല, മതിയെടി , ഇനി നാളെ നോക്കാം , ” അതും പറഞ്ഞു എഴുന്നേറ്റു ബെഡിലേക്ക് പോയി.
അനീറ്റ മെഴുകുതിരി കെടുത്തി , എല്ലാം അടുക്കിപെറുക്കി ഷെൽഫിൽ വച്ചു.
ഉറങ്ങാൻ കിടന്നപ്പോഴും അനീറ്റ ചിന്തിച്ചത് എന്തുകൊണ്ടായിരിക്കും ആത്മാവ് വരാത്തത് എന്നാണ്.
ഏതാണ്ട് ഒട്ടുമിക്ക കാര്യങ്ങളിലും സമാന ചിന്താഗതി ആണെങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ അനീറ്റയും ഷാരോണും രണ്ടു ധ്രുവങ്ങളിൽ ആണ്. അനീറ്റയെ വിഷമിപ്പിക്കേണ്ട എന്നത് കൊണ്ട് ഇരുന്നു കൊടുത്തതാണ് ഷാരോൺ.
” ആ പളനിയപ്പനെ കൊണ്ട് മനുഷ്യന്റെ ഉറക്കം പോയി ” എന്നും പറഞ്ഞു ഷാരോൺ പുതപ്പെടുത്തു രണ്ടുപേരുടെയും മുകളിട്ടു അനീറ്റയെ കെട്ടിപിടിച്ചു കിടന്നു.
പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ ഓജോ ബോർഡ് കളിച്ചുവെന്നും ആത്മാവ് വന്നുവെന്നുമൊക്കെ രണ്ടുപേരും കൂട്ടുകാരോട് തട്ടി വിട്ടു.
പലരും അവരെ കളിയാക്കി , ” പ്രേതം ഇപ്പോഴും കൂടെയുണ്ടോ ? ”
” ആ രണ്ടിനെയും കാണുമ്പോൾ തോന്നുന്നുണ്ട് പ്രേതബാധ ഉണ്ടെന്ന് ”
അങ്ങിനെ പോയി കൂട്ടുകാരുടെ സംസാരം
” അല്ലേലും ഇന്നത്തെ കാലത്ത് ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ ? ” ഷാരോൺ അനീറ്റയോട് പറഞ്ഞു.
” ഇതിലൊക്കെ കുറെ സത്യം ഉണ്ട് , ശാസ്ത്രത്തിനു ഇന്നും തെളിയിക്കാൻ പറ്റാത്ത കാര്യമാണ് , ഞാൻ ഇന്റർനെറ്റിൽ സെർച്ച് ചെയ്തപ്പോൾ കുറെ അനുഭവസ്ഥരുടെ കഥകൾ വായിച്ചിട്ടുണ്ട് ” അനീറ്റ പറഞ്ഞു.
” നിനക്ക് വട്ടാണെടി …. അവളുടെ ഒരു സ്പിരിറ്റും കോപ്പും ” ഷാരോൺ പറയുമ്പോഴേക്കും ഫിസിക്സ് ടീച്ചർ പ്രീത ക്ലാസ്സിലെത്തിയിരുന്നു.
സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ അനീറ്റ താൻ ഇന്റർനെറ്റിൽ വായിച്ച ഓജോബോർഡ് കഥകൾ പറയാൻ തുടങ്ങി…
” എടി നീ ഇങ്ങിനെ മണ്ടി ആയിപോയല്ലോ ? പ്രേതവും കോപ്പും ആത്മാവും ഒരു മണ്ണാങ്കട്ടയും ഇല്ല , നീയൊക്കെ എന്തിനാ പ്ലസ് ടു വിൽ സയൻസ് എടുത്ത് പഠിക്കുന്നത് , നിനക്കല്ലേ ഡോക്ടർ ആകേണ്ടത് , ആ ബെസ്റ്റ് ? ” ഷാരോൺ പറഞ്ഞു.
” അതെന്താ എനിക്ക് ഡോക്ടർ ആയാൽ ? ” അനീറ്റ ചോദിച്ചു
” നീ ഡോക്ടർ ആയാൽ പ്രേതത്തെ വിളിച്ചു ചോദിച്ചല്ലേ ചികിത്സ നിശ്ചയിക്കുക , അപ്പോഴേക്കും രോഗി തട്ടിപോകും ”
അതും പറഞ്ഞു ഷാരോൺ പൊട്ടിച്ചിരിച്ചു.
വീട്ടുമുറ്റത്ത് എത്താറായപ്പോൾ അനീറ്റ പറഞ്ഞു , ” ഇന്ന് കൂടെ ഒന്ന് കളിച്ചു നോക്കാം ”
” ഞാനില്ല , നിന്റെ വട്ടിനൊപ്പം ” എന്നും പറഞ്ഞു ഷാരോൺ വീട്ടിലേക്ക് കയറി
പഠനവും അത്താഴവും കഴിഞ്ഞു ഉറങ്ങാൻ നേരം അനീറ്റ ഷാരോണിനെ നിർബന്ധിക്കാൻ തുടങ്ങി ..
ഒടുക്കം ശല്യം സഹിക്കാൻ വയ്യ, എന്നായപ്പോൾ ഷാരോൺ സമ്മതിച്ചു.
അങ്ങിനെ തലേദിവസത്തെ പോലെ ബോർഡ് എടുത്തു വെച്ച് , ലൈറ്റ് ഓഫ് ചെയ്ത് മെഴുകുതിരി കത്തിച്ചു അനീറ്റ വിളിക്കാൻ തുടങ്ങി.
” ഗുഡ് സ്പിരിറ്റ് പ്ളീസ് കം ..”
പല തവണ വിളിച്ചു, ഒരനക്കവും ഇല്ല ,
സാമയം ഏതാണ്ട് ഒന്നര ആയി ..
ഷാരോൺ പറഞ്ഞു , ” നീ മാറിയിരിക്ക് , ഞാൻ വിളിക്കാം ”
അനീറ്റ മാറി അവിടെ ഷാരോൺ ഇരുന്നു
” ഗുഡ് സ്പിരിറ്റ് പ്ളീസ് കം ..”
പല തവണ വിളിച്ചു,
” ഗുഡ് സ്പിരിറ്റ്ആർ യു ഹിയർ ? ”
ഒരു സെക്കൻഡ് കഴിഞ്ഞപ്പോൾ ഷാരോണിന്റെ വിരൽ YES ന് നേരെ നീങ്ങി
അനീറ്റ അമ്പരന്നു ..
ഷാരോൺ ചോദിച്ചു
” വാട്ട് ഈസ് യുവർ നെയിം ? ”
ഷാരോണിന്റെ ചൂണ്ടു വിരൽ അക്ഷരങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി
” T – H – R – E – S -Y -A -M -M -A ”
” കർത്താവേ , വല്യമ്മച്ചി ” അനീറ്റ ഉറക്കെ പറഞ്ഞുപോയി.
ചോദ്യങ്ങൾ തുടർന്നു , ഷാരോണിന്റെ ചൂണ്ടു വിരൽ അക്ഷരങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്ക് ചലിക്കാൻ തുടങ്ങി
ആ പാതിരാത്രി എന്തൊക്കെയോ നിഗൂഢതകൾ ആ റൂമിനെ വലയം ചെയ്യുന്നതായി അനീറ്റക്ക് തോന്നി , മനസ്സിൽ ഭയം തോന്നിത്തുടങ്ങി
” ഷാരോൺ മതി , ഗുഡ് ബൈ പറഞ്ഞു സ്പിരിറ്റിനെ പോകാൻ അനുവദിക്കാം , പ്ളീസ് ”
ഷാരോൺ പറ്റില്ലെന്ന് തലയാട്ടി
ഷാരോണിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതായി അനീറ്റക്ക് തോന്നി.
അത് ശരിവെക്കുന്ന വിധമായിരുന്നു ഷാരോണിന്റെ മുഖഭാവങ്ങൾ , മുടിയൊക്കെ അഴിച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും മൊക്കെ അനക്കാൻ തുടങ്ങി , ഒപ്പം ആത്മാവിനോടുള്ള ചോദ്യങ്ങൾ തുടർന്നു , ഉത്തരങ്ങളായി അവളുടെ ചൂണ്ട് വിരൽ അക്ഷരങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്ക് ചലിക്കുന്നുണ്ട്.
ഭയന്നു വിറച്ച അനീറ്റ ഷാരോണിനെ മുറുകെ പിടിച്ചു , രണ്ടു കൈകൊണ്ടും അനീറ്റയെ തള്ളിമാറ്റി
ഷാരോണിന്റെ കണ്ണുകളിൽ നോക്കിയപ്പോൾ നാഗവല്ലിയുടെ തീക്ഷ്ണത ആയാണ് അനീറ്റക്ക് തോന്നിയത്.
ഷാരോണിന്റെ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി , എന്തൊക്കെയോ പറയുന്നുണ്ട് അനീറ്റക്ക് ഒന്നും മനസ്സിലാകുന്നില്ല.
മേരിയാന്റിയെയും വർഗ്ഗീസ് അങ്കിളിനെയും വിളിച്ചാലോ എന്ന് അനീറ്റക്ക് തോന്നി
പക്ഷെ , താൻ നിർബന്ധിച്ചിട്ടാണ് ഷാരോൺ ഓജോബോർഡ് കളിച്ചത് , അതിനവർ എന്നെ അല്ലെ കുറ്റപ്പെടുത്തുക.
ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല , അനീറ്റഭയന്നു വിറച്ചു …
” എന്ത് ചെയ്യും കർത്താവേ ? ”
” ആത്മാവിനോട് ഞാൻ പറഞ്ഞാൽ പോകുമോ ? നോക്കാം ” അനീറ്റ മനസ്സിൽ പറഞ്ഞു.
” ഗുഡ് സ്പിരിറ്റ് പ്ളീസ് ലീവ് ഫ്രം ഹിയർ ” അനീറ്റ ബോർഡിന് മുന്നിൽ നിന്ന് പറഞ്ഞു
അത് കേട്ടതും ഷാരോൺ ചെയറിൽ നിന്ന് എഴുന്നേറ്റ് അനീറ്റയെ ബലമായി പിടിച്ചു കുലുക്കാൻ തുടങ്ങി
ഭയന്നു വിറച്ച അനീറ്റ ഷാരോണിനെ ശക്തമായി തള്ളി , ഷാരോൺ നിലത്തു വീണു.
അനീറ്റ നിലത്തിരുന്നു ഷാരോണിനെ വിളിച്ചു
” ഷാരോൺ ,… ഷാരോൺ .. എഴുന്നേൽക്ക് ..”
ഒരനക്കവുമില്ല.
അനീറ്റ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു , എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുക ..
എങ്ങിനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം
ഭയം അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി …
ശബ്ദം ഉണ്ടാക്കാതെ പതുക്കെ ഡോർ തുറന്നു , താഴെ ഇറങ്ങി , ഹാളിലെ ഷോ കേസിനു സമീപം തൂക്കിയിട്ടിരിക്കുന്ന കീ എടുത്തു , പതുക്കെ മുന്നിലെ വാതിൽ തുറന്നു പുറത്തിറങ്ങി, പുറത്തു നിന്ന് വാതിൽ ചാരി,
ഒരു വിധത്തിൽ തന്റെ സ്കൂട്ടി തള്ളി പുറത്തെത്തിച്ചു, ഗേറ്റ് പുറത്തു നിന്ന് പതിയെ ചാരി വീണ്ടും കുറച്ചു ദൂരം സ്കൂട്ടി തള്ളിയതിന് ശേഷമാണ് സ്റ്റാർട്ട് ചെയ്തത് എങ്ങോട്ട് എന്ന് നിശ്ചയം ഉണ്ടായിരുന്നില്ല , അവൾ വണ്ടിയുമായി എത്തിച്ചേർന്നത് ബസ്സ്റ്റാൻഡിൽ ആണ്. ഏതാണ്ട് വിജനമായിരുന്നു ബസ്സ്റ്റാൻഡ് അവിടത്തെ ബെഞ്ചിൽ അവൾ ഇരുന്നു.
…….
” മോളെ , അപ്പച്ചനാ വിളിച്ചത് , ബില്ലടച്ചു , മരുന്നൊക്കെ വാങ്ങി , അപ്പച്ചൻ കാറുമായി താഴെ നിൽക്കുന്നുണ്ട് , നമുക്ക് പോകാം ” മേരി പറഞ്ഞു.
മേരിയുടെ വിളിയാണ് ഷാരോണിനെ ഓർമകളുടെ ലോകത്ത് നിന്നുണർത്തിയത്. റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും അവളെ ചികിൽസിച്ചിരുന്ന സൈക്ക്യാട്രിസ്റ്റ് ഡോക്ടർ ലിൻഡ സൂസനും സിസ്റ്റർമാരായ സിസിലിയും ദീപയും വരാന്തയിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.
ഡോക്ടർ അടുത്ത് വന്നു അവളുടെ ചുമലിൽ കൈവച്ചു പറഞ്ഞു.
” ഷാരോൺ, യു ആർ പെർഫെക്ടലി ഓൾ റൈറ്റ് , ഒന്നിനെ കുറിച്ചും ആലോചിച്ചു വേവലാതിപ്പെടരുത് , പഠിക്കുന്നതിൽ ആയിരിക്കണം ശ്രദ്ധ ”
അവൾ തലയാട്ടി
” ഓക്കേ , ഗുഡ് , ഒരു മാസം കഴിഞ്ഞു ജസ്റ്റ് ഒരു ചെക്കപ്പ് , ഒ.പിയിൽ വന്നാൽ മതി ‘
” ഒക്കെ മാഡം ” അവൾ പറഞ്ഞു
അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും വർഗ്ഗീസ് കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവർ വീട്ടിലേക്ക് പുറപ്പെട്ടു ,..
മേരിയുടെ ചുമലിൽ തലചായ്ച്ചിരുന്നു കൊണ്ട് അവൾ പറഞ്ഞു.
” മമ്മി 34 ദിവസമായി ഞാനിവിടെ കഴിയുന്നു , അല്ലേ ? ”
” ഉം , മോളിനി അതൊന്നും ആലോചിച്ചു സങ്കടപ്പെടേണ്ട , ഡോക്ടർ പറഞ്ഞത് കേട്ടില്ലേ , സന്തോഷമായിട്ടിരിക്കുക ” മേരി അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
” പപ്പാ , ഞാൻ എല്ലാവരെയും വല്ലാതെ ബുദ്ധിമുട്ടിച്ചു അല്ലേ ? ” വർഗീസിനോട് അവൾ ചോദിച്ചു.
” ഇല്ല മോളെ , ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ ? ഇനി ഇതിനെ കുറിച്ചൊന്നും മോൾ ആലോചിക്കേണ്ട , ഒക്കെ ..” റിയർ വ്യൂ മിററിലൂടെ ഷാരോണിനെ നോക്കി വർഗ്ഗീസ് പറഞ്ഞു.
കാറിൽ നിന്നറങ്ങി വീട്ടിലേക്ക് കയറുമ്പോൾ അവൾ മേരിയോട് ചോദിച്ചു
” തോമസ് അങ്കിളും ഡെയ്‌സി ആന്റിയും തിരിച്ചു പോയോ ? ”
മേരി മറുപടി പറയുന്നതിന് മുൻപ് തന്നെ തോമസ് പുറത്തേക്ക് വന്നിരുന്നു
” ഡെയ്‌സി , ദാ മോള് എത്തി കേട്ടോ ? ” ഷാരോണിനെ കെട്ടിപിടിച്ചു കൊണ്ട് തോമസ് അകത്ത് നോക്കി പറഞ്ഞു.
അടുക്കളയിലായിരുന്ന ഡെയ്‌സി സാരിത്തലപ്പിൽ കൈതോർത്തി കൊണ്ട് പുറത്തേക്ക് വന്നു
ഷാരോണിനെ ചേർത്ത് പിടിച്ചു. അപ്പോഴേക്കും ആബേലും ടിവി കാണൽ നിർത്തി പുറത്തേക്ക് വന്നു.
” ഹായ് ചേച്ചി , ഹൌ ആർ യു ” എന്ന് പറഞ്ഞു ആബേൽ ഷാരോണിന്റെ അടുത്തെത്തി.
” അമ്പട നീ ഭയങ്കര ഇംഗ്ലീഷ് ആണല്ലോടാ … . ഐ ആം ഗുഡ് ” ആബേലിന്റെ തലമുടി തഴുകി കൊണ്ട് ഷാരോൺ പറഞ്ഞു.
ആശുപത്രിയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങളൊക്കെ എടുത്തു വർഗ്ഗീസും വരാന്തയിലേക്ക് കയറി ”
” ഒരാളെവിടെ , ഇതുവരെ പുറത്തു വന്നില്ലാലോ ? ” വർഗ്ഗീസ് ചോദിച്ചു
” ഞാനും അതാ പപ്പാ നോക്കുന്നത് ? ” ഷാരോൺ പറഞ്ഞു
” അകത്തുണ്ട് , നിന്നെ എങ്ങിനെ ഫേസ് ചെയ്യുമെന്ന് പറഞ്ഞരിക്കുകയാ .. ” ഡെയ്‌സി പറഞ്ഞു.
ഷാരോൺ അകത്തു കയറി ചുറ്റിലും നോക്കി, ആരെയും കാണുന്നില്ല
മുകളിലേക്ക് നോക്കിയപ്പോൾ ആണ് തലമാത്രം പുറത്തുകാണിച്ചു എത്തിനോക്കിയ ആളെ കണ്ടത്.
ഷാരോൺ മുകളിലേക്ക് ഓടി, വാതിലിനു പിന്നിൽ മറയാൻ ശ്രമിച്ച അനീറ്റയെ തന്നില്ലേക്ക് പിടിച്ചു വലിച്ചു.
അനീറ്റക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവൾ ഷാരോണിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
” എന്നോട് ക്ഷമിക്കെടീ , ഞാൻ കാരണം അല്ലേ എല്ലാം സംഭവിച്ചത് ” തേങ്ങിക്കൊണ്ട് അനീറ്റ പറഞ്ഞു.
” നീ കാരണമോ , ഞാനല്ലെടീ എല്ലാറ്റിനും കാരണം , നിന്റെ ഗുഡ് സ്പിരിറ്റ് വരാതിരുന്നപ്പോൾ ഞാനൊന്നു അഭിനയിച്ചതല്ലേ , അപ്പോഴേക്കും എന്നെയും തള്ളിവിട്ടു നീ നാട് വിടുമെന്ന് ഞാൻ കരുതിയോ ? ” ഷാരോൺ പറഞ്ഞു.
” എന്തായാലും ജോലി കിട്ടിയില്ലെങ്കിലും നിനക്ക് അഭിനയിച്ചു ജീവിക്കാം , നല്ല നടിക്കുള്ള അവാർഡുംകിട്ടും, അത്രക്ക് പെർഫെക്റ്റ് അഭിനയം ആയിരുന്നു ” അനീറ്റ പറഞ്ഞു.
” ഭാവിയിലെ മഞ്ജു വാര്യരാമോളെ ഞാൻ , ഇപ്പൊ നിനക്ക് മനസിലായല്ലോ ” ചിരിച്ചു കൊണ്ടാണ് ഷാരോൺ പറഞ്ഞു.
” നീ പേടിച്ചു മമ്മിയെ വിളിക്കാൻ താഴെ ഇറങ്ങിയതായിരിക്കും എന്നാണ് , ഞാൻ കരുതിയത് , എഴുന്നേറ്റ് മുഖമൊക്കെ കഴുകി വന്നിട്ടും നിന്നെ കാണാതിരുന്നപ്പോൾ ആണ് താഴേക്ക് പോയത് , മമ്മിയും പപ്പയും ഒന്നും അറിയാതെ ഉറക്കായിരുന്നു
വാതിലിൽ തട്ടി വിളിച്ചപ്പോൾ ആണ് അവർ ഉണർന്നത് ”
” അനീറ്റ എവിടെ ” എന്ന് ചോദിച്ചപ്പോൾ മമ്മിക്ക് ദേഷ്യം വന്നു.
” നിന്റെ കൂടെ കിടന്നുറങ്ങിയ അനീറ്റ എവിടെ എന്ന് ചോദിക്കാനാണോ ഈ പാതിരാത്രി നീ ഞങ്ങളെ വിളിച്ചുണർത്തിയത് ”
” ഞങ്ങളും മൂന്നാളും നിന്നെ തിരഞ്ഞു നടക്കാൻ തുടങ്ങി , പപ്പ പുറത്തിറങ്ങി നോക്കിയപ്പോൾ ആണ് സ്കൂട്ടി കാണാനില്ലെന്ന് പറഞ്ഞത് , നീ സ്കൂട്ടിയും കൊണ്ട് പോയി എന്ന് പാപ്പ പറഞ്ഞതേ എനിക്കോർമ്മയുള്ളൂ , കണ്ണിലൊക്കെ ഇരുട്ട് കയറുന്നത് പോലെ തോന്നി , പിന്നെ ബോധം വന്നത് ആശുപത്രിയിൽ വെച്ചാണ്. ”
ഇത് പറയുമ്പോഴും ഷാരോൺ അനീറ്റയെ തന്റെ കരവലയത്തിൽ തന്നെ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു.
” നിന്നെ ആശുപത്രിയിലാക്കിയ ശേഷം ആണ് വർഗ്ഗീസ് അങ്കിൾ എന്നെ കാണാനില്ലെന്ന് പോലീസിൽ പരാതി പറയുന്നത്, അതൊക്കെ തിരിച്ചെത്തിയതിന് ശേഷമാണ് ഞാൻ അറിയുന്നത് , നൈറ്റ് പട്രോളിംഗിന് എത്തിയ പ്രസാദേട്ടനും വേറൊരു പോലീസുകാരനും ആണ് എന്നെ ബസ്റ്റാന്റിൽ നിന്ന് കൂട്ടികൊണ്ട് വന്നത് , നേരെ ആശുപത്രിയിലേക്കായിരുന്നു വന്നത് പക്ഷെ, അന്ന് നിന്നെ കാണാൻ അനുവദിച്ചിരുന്നില്ല, അടുത്ത ദിവസം തന്നെ മമ്മിയും പപ്പയുംആബേലും നാട്ടിലെത്തി.
മമ്മിയും പപ്പയും ആശുപത്രിയിലേക്ക് വരുമ്പോൾ എന്നെ വിളിക്കാറുണ്ട് , പക്ഷെ നിന്നെ എങ്ങിനെ ഫേസ് ചെയ്യും എന്ന് കരുതി വരാതിരുന്നതാണ് ” അനീറ്റ പറഞ്ഞു.
ഒരു കഥ കേൾക്കുന്ന ഭാവത്തിൽ ഷാരോൺ എല്ലാംകേട്ടു….
” കുളിച്ചിട്ട് വേഗം വാ , വല്ലതും കഴിക്കാം ”
മേരി താഴെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
കുളിയൊക്കെ കഴിഞ്ഞു ഷാരോൺ ഡ്രസ്സ് മാറ്റി വരുമ്പോഴത്തേക്കും അനീറ്റ ഷാരോണിന്റെ നോട്ട് പുസ്തകങ്ങൾ എടുത്തു വച്ചിരുന്നു.
” എല്ലാ സബ്ജെക്ടിന്റെയും നോട്സ് കമ്പ്ലീറ്റ് ചെയ്തിട്ടുണ്ട്, ” അനീറ്റ പറഞ്ഞു.
“താങ്ക് യു ഡിയർ ” അനീറ്റയുടെ കവിളിൽ തലോടി കൊണ്ട് ഷാരോൺ പറഞ്ഞു.
വർഗ്ഗീസും തോമസും ഹാളിൽ എന്തൊക്കെയോ സംസാരിച്ചിരിക്കുകയാണ്, ആബേൽ ടിവി കാണലൊക്കെ നിർത്തി റുബിക്സ് ക്യൂബ് സോൾവ് ചെയ്യുകയാണ്.
അനീറ്റയും ഷാരോണും താഴേക്ക് വന്നപ്പോൾ തോമസ് പറഞ്ഞു.
” ഇനി ഓജോ ബോർഡും കോജോ ബോർഡും ഒന്നും ഇല്ല , രണ്ടാളും നന്നായി പഠിക്കുക , കേട്ടല്ലോ ”
” ഒക്കെ പപ്പാ , അതൊക്കെ ഞാൻ അന്നേ എടുത്തു കത്തിച്ചു ” ചിരിച്ചു കൊണ്ട് അനീറ്റ പറഞ്ഞു.
” അങ്കിൾ, ഇവളെ ഒന്ന് പറ്റിക്കാനിറങ്ങിയിട്ട് പ്രേതത്തെ പോയിട്ട് ദൈവത്തെ പോലും വിശ്വാസമില്ലാത്ത ഞാനല്ലേ പെട്ടുപോയത് ” ഷാരോൺ തോമസിനോടായി പറഞ്ഞു.
” സോറി ഡാ ചക്കരേ … ” ഷാരോണിന്റെ ചുമലിലൂടെ കൈയിട്ട് കെട്ടിപിടിച്ചു കൊണ്ട് അനീറ്റ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English