കുറ്റാന്വേഷണം

 

 

കഴിഞ്ഞ ദിവസം
അയൽവക്കത്തൊന്നു
കേറി
കുശലം ചോദിക്കാൻ…

വീട്ടിലെ കുട്ടി
ഓടിവന്നു,
“കഥ പറയണ അങ്കിൾ…
ഒരു കുറ്റാന്വേഷണ കഥയും
എഴുതണേ” ന്ന്.

സാരംഗ്…
മിഴികളിൽ
നക്ഷത്രത്തിളക്കമുള്ളവൻ
കവിളിൽ
കുടമുല്ലച്ചിരിയൊളിപ്പിച്ചവൻ
സ്വരത്തിൽ കൗതുകം
വിരിയിക്കുന്നവൻ
അധരം വിടർത്തുമ്പോൾ
അരിമുല്ലമുത്തുകൾ
വിതറുന്നവൻ
കഥയാകെ വിളമ്പുന്നവൻ
കൗതുകം നിറയ്ക്കുന്നവൻ
ഹൃത് സൗരഭം അന്യരിൽ
പടർത്തുന്നവൻ
സാരംഗ്…!

എഴുതാതെങ്ങനെ
എന്റെ കുട്ടീ…
അപ്പൻതമ്പുരാനെ മനസ്സിൽ
വണങ്ങി
ഞാൻ ഹരിശ്രീ കുറിച്ചു.

ഷെർലോക്ക് ഹോംസ്
എല്ലാമറിയുന്നത് പോലെ ചിരിച്ചു
ചുരുട്ടിൽ തീ കൊളുത്തി
ചിലമ്പിച്ച സ്വരമൊഴുകി,
“എലമെന്ററി, മൈ ഡീയർ വാട്സൻ…”

കോനൻ ഡോയിൽ
മുറി വലിച്ചടച്ചു
(ദേഷ്യമാണോ എന്തോ!)
സാന്ദ്രനാദമുണർന്നു
വയലിൻ ഈണമായി!

മുറിയുടെ മൂലയിലിരുന്ന്
അഗതാ ക്രിസ്റ്റി
നൂലിൽ
സൂചി കോർക്കുകയായിരുന്നു
കഥയിലെ ഒട്ടകം ചിരിച്ചു
ഒരു വല്ലാത്ത ചിരി.

പൊയ്റോട്ട്
കണ്ണു ചുഴറ്റിയെറിഞ്ഞു
നരച്ചകോശങ്ങളിൽ
വരച്ചുതുടങ്ങി
കുറ്റവാളികളുടെ
ചാര നിറമാർന്ന ചിത്രങ്ങൾ!

മിസ് മാർപ്പ്ൾ
വാത്സല്യത്തോടെ ചിരിച്ച്
ജീവിതം തുന്നിത്തുടങ്ങി!

നിശബ്ദനായി
തോക്കുകളുടെ
കഥ പറഞ്ഞു തുടങ്ങി
കോട്ടയം പുഷ്പനാഥ്.

ഡിറ്റക്റ്റീവ് മാക്സ്
ആകാശത്തു നിന്നു
പറന്നുവന്നു
ഡിഷ്യൂ ഡിഷ്യൂ…

കഥാകാരൻ നെഞ്ചത്തു തറച്ച
ഉണ്ടകൾ
പുഷ്പം പോലെ വാരിയെടുത്തു
മൊഴിഞ്ഞു
‘അന്ത രജനി മാതിരി…’

സാരംഗിനു സന്തോഷമായി
താരകൾ താഴെ ചിതറി
കിട്ടി കൂട്ടുകാരോട് പറയാനുള്ള
ഇന്നത്തെ കുളൂസ്!

കഥാകാരന്റെ
ഭാര്യ മാത്രം
കരഞ്ഞു…
കരഞ്ഞുകൊണ്ടേയിരുന്നു
ദൂരെ കാർമേഘങ്ങൾ ഗർജിച്ചു
ഡിഷ്യൂ ഡിഷ്യൂ…!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎത്രയും പ്രിയപ്പെട്ടവള്‍ക്ക്- ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ; പുസ്തകം പ്രകാശനം
Next articleകെ.പി.എസ്.ടി. സംസ്ഥാന കവിതാ പുരസ്കാരം കെ.കെ.പല്ലശ്ശനയ്ക്ക്
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

1 COMMENT

Leave a Reply to സിബിൻ ചെറിയാൻ Cancel reply

Please enter your comment!
Please enter your name here