This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
മൂന്നാമത്തെ ഡിബേറ്റിലെ പ്രകടനത്തിന്റെ ബലത്തിൽ ട്രമ്പിനെ ഹിലരി അടിച്ചു നിലം^പരിശാക്കി; ഇനി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് ഒരു വനിത ആദ്യമായി അവരോധിതയാകുന്നത് കാണാൻ നമ്മൾ നവമ്പർ 8 വരെ നോക്കിയിരുന്നാൽ മതി എന്ന മട്ടിലായിരുന്നു ഈ സീരീസിലുള്ള എന്റെ അവസാനത്തെ പോസ്റ്റ്.
പക്ഷേ, FBI ഡിറക്ടർ ജയിംസ് കോമി അതിന്നിടയിൽ ഏതാണ്ട് എരിഞ്ഞടങ്ങിയ ട്രമ്പ് ക്യാമ്പയിന് ഒരു പുതുജീവൻ കൊടുത്തു. ഹിലരിയുടെ ഇ-മെയിലുകൾ, ഹിലരിയുടെ സഹായിയായ ഹ്യൂമാ അബിദിന്റെ മുൻ ഭർത്താവ് ആന്തണി വീനറിന്റെ കമ്പ്യൂട്ടറിൽ FBI കണ്ടെത്തിയതാണ് പ്രശ്നമായത്. ഹിലരി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നപ്പോൾ സ്വന്തം ഇ-മെയിൽ സെർവർ ഉപയോഗിച്ചതിന്റെ ആശാസ്യത FBI അൻവേഷിക്കുന്നതിന്റെ ഭാഗമാകുകയും ചെയ്തു അത്.
ഇ-മെയിലുകളിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് പ്രഖ്യാപിച്ച് ജയിംസ് കോമി ഇന്ന് ഹിലരിക്കൊരു ക്ലീൻ ചിറ്റ് കൊടുത്തു. പക്ഷേ, ഒരാഴ്ചക്കിടയിൽ ആ പ്രശ്നം ഹിലരിയെ നല്ലവണ്ണം ബാധിച്ചു എന്ന് പറയാം. മിഷിഗൺ, വിസ്ക്കോൺസിൻ തുടങ്ങി ഹിലരിയുടെ വിജയം ഉറപ്പിച്ചിരുന്ന സംസ്ഥാനങ്ങളിൽ ട്രമ്പ് പോളുകളിൽ മുന്നേറിയതിന്ന് അത് ഒരു കാരണമായിട്ടുണ്ടാകാം.
അമേരിക്കയിൽ പോസ്റ്റൽ വഴിയും നേരിട്ട് തിരഞ്ഞെടുപ്പ് ദിനത്തിനു മുമ്പുമൊക്കെ വോട്ടു ചെയ്തു തുടങ്ങാം. ഹിലരി ജയിക്കുമെന്ന് കരുതപ്പെടുന്ന ഇടങ്ങളിലെല്ലാം മുന്‍കൂർ വോട്ടു ചെയ്തവരുടെ ഇടയിൽ അവർക്ക് തന്നെയാണ് മുന്തൂക്കം. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും അവർ തന്നെ ജയിക്കുമെന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.
പക്ഷേ, കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ട്രമ്പ് നേരിയതെങ്കിലും വിജയസാധ്യത കാണിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ അടുപ്പിച്ചിട്ടുണ്ട്. FBI അൻവേഷണമാണ് അതിന്റെ കാരണം മാത്രമെന്ന് തോന്നുന്നില്ല. ന്യൂ യോർക്ക് ടൈംസിൽ ഇന്ന് പ്രസിദ്ധീകരിച്ച ഈ ലേഖനം, ട്രമ്പിസത്തിന്റെ ആകർഷണത്തെപ്പറ്റി ആധികാരികമായി അവലോകനം ചെയ്യുന്നുണ്ട്. ആഗോളവൽക്കരണത്തിൽ പിന്തള്ളപ്പെട്ടുപോയ, വിദ്യാഭ്യാസം കുറഞ്ഞ വെള്ളക്കാരുടെ പ്രതിഷേധമാണ് ട്രമ്പിന്റെ പ്രധാന പിന്തുണയാകുന്നതെന്നാണ് ആ ലേഖനത്തിന്റെ സാരം; അത് മനസ്സിലാക്കാൻ വലിയ പ്രയാസമില്ല.
ഒബാമയുടെ ഭരണകാലത്ത് അമേരിക്കയുടെ സാമ്പത്തികനില വളരെ മെച്ചപ്പെട്ടു; പ്രത്യേകിച്ച് സ്റ്റോക്ക് മാർക്കറ്റും തൊഴിലില്ലായ്മയുടെ നിരക്കും. മുൻപറഞ്ഞ വിഭാഗക്കാർക്ക് അവയുടെ ഗുണങ്ങൾ അധികം ലഭിക്കാത്തതാണ് അവരുടെ അമർഷത്തിന്റെ പ്രധാന ഹേതു. രണ്ടു പ്രധാനപ്പെട്ട പാർട്ടിക്കാരും അവരെ കൈവിട്ടപ്പോൾ ട്രമ്പ് അവരുടെ പിന്തുണയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാനികളെ തകർത്ത് അതിന്റെ നോമിനി ആയി; പ്രധാന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നു പോലും അടിയൊഴുക്കുകൾ ഉണ്ടാകുന്നു എന്നാണ് ഇപ്പോഴത്തെ അനുമാനം. ഒബാമ കഴിഞ്ഞ രണ്ടു തവണ ജയിച്ച അയോവ, ഒഹായോ തുടങ്ങിയ സംസ്ഥാനങ്ങളിൽ അങ്ങനെ ട്രമ്പിന് മുന്തൂക്കം ഉണ്ടാവുകയും ചെയ്തു.
അത്തരത്തിലൊരു മുന്നേറ്റം ട്രമ്പ് കൈവരിച്ചെങ്കിലും അദ്ദേഹം നേരത്തെ വെറുപ്പിച്ച ഹിസ്പ്പാനിക്കുകൾ (തെക്കൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ) ട്രമ്പിനെ തോൽപ്പിക്കാൻ ഒറ്റക്കെട്ടായി പുറത്തുവന്നിട്ടുണ്ട്. ഇതുവരെ വോട്ടുചെയ്യാൻ മടികാട്ടിയിരുന്ന ഒരു വിഭാഗക്കാരായിരുന്നു ഇവർ.
പാവപ്പെട്ട, കോളെജ് കാണാത്ത വെള്ളക്കാർ ട്രമ്പിന്റെ പിന്നിൽ അണിനിരന്നിട്ടുള്ളപ്പോൾ, അഭ്യത്ഥവിദ്യരായ വെള്ളക്കാരും (പ്രത്യേകിച്ച് അവരുടെ ഇടയിലെ സ്ത്രീകൾ) ഹിസ്പാനിക്കുകളും കറുത്തവരും ഏഷ്യക്കാരും (മുസ്ലീം വിരുദ്ധരോ ക്രിസ്ത്യൻ മതഭ്രാന്തന്മാരായ കുറെ മലയാളികളോ ഒഴികെയുള്ള മിക്കവാറും ഇന്ത്യക്കാരുമടക്കം) ഹിലരിയുടെ പിന്നിലാണ്.
ഹിലരിക്ക് പോരായ്മകൾ ധാരാളം ഉണ്ടെങ്കിലും ട്രമ്പിന്റെ വിജയം അമേരിക്കയെയും ലോകത്തെ തന്നെയും ഒരു വലിയ അനിശ്ചിതാവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും എന്ന് ഉറപ്പാണ്. ബുഷിന്റെ ദുർഭരണം മൂലം വന്നുപെട്ട ലോകസാൻപത്തികമാന്ദ്യത്തിനേക്കാൾ വലിയ പ്രശ്നങ്ങൾക്ക് ട്രമ്പിന്റെ വിജയം തുടക്കമിടും.
ചെറിയ ചലനങ്ങൾ ഒക്കെ ഉണ്ടാക്കി ട്രമ്പ് അദ്ദേഹത്തിന്റെ വീണ്ടുവിചാരമില്ലാത്ത അനുയായികൾക്ക് ആവേശം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കിലും അദ്ദേഹം ജയിക്കാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണ്. പണ്ടത്തേപ്പോലെ അസാധ്യമല്ലെന്നു മാത്രം.
എന്റെ ഏറ്റവും അവസാനത്തെ കണക്കുപ്രകാരം ഹിലരി ഇലക്ടറൽ കോളജിൽ 538-ൽ 322 വോട്ടുകൾ നേടി വിജയിക്കും. അതിന്റെ വിശദമായ കണക്കുകൾ ഈ സ്പ്രെഡ് ഷീറ്റിൽ കാണാവുന്നതാണ്.
തിരഞ്ഞെടുപ്പിനെക്കുറിച്ച് ബാക്കിയുള്ള കാര്യങ്ങൾ ഇനി വോട്ടെണ്ണൽ നടക്കുമ്പോൾ. പ്രധാനപ്പെട്ട വിവരങ്ങൾ ഞാൻ ഫേസ്ബുക്ക് കമന്റ് ആയി ഈ പോസ്റ്റിൽ തന്നെ ഇടും. അത് കാണുവാൻ താല്പര്യമുണ്ടെങ്കിൽ ഇവിടെ ലൈക്ക് ചെയ്യുക.
തുടർന്ന് വായിക്കുക :
ഒരു ദേശസ്നേഹകഥയുടെ ശതവര്ഷാനുസ്മരണ