ട്രമ്പോ ബൈഡനോ?

This post is part of the series വായനയും നിരീക്ഷണങ്ങളും

Other posts in this series:

  1. മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്
  2. കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
  3. ട്രമ്പോ ബൈഡനോ? (Current)

2016-ൽ ആര് ജയിക്കും എന്ന എന്റെ കണക്കുകൂട്ടലുകളിൽ വന്ന ഭീമമായ വീഴ്ചയിൽ നിന്ന് ഞാൻ ഇതുവരെ കരകയറിയിട്ടില്ല 🙂 ആ  തിരഞ്ഞെടുപ്പിനെക്കുറിച്ച് ഞാൻ അവസാനം ഇട്ട ബ്ളോഗ് ഇതാണ്: http://www.puzha.com/blog/trump-or-hillary/ 322 വോട്ടുകൾ നേടി ഹിലരി ജയിക്കും എന്നായിരുന്നു എന്റെ നിഗമനം. ആരാണ് ജയിച്ചതെന്ന് പറയേണ്ടല്ലോ,  ഹിലരിക്ക് 2 മില്യണിലധികം വോട്ടുകൾ ഭൂരിപക്ഷം ഉണ്ടായെങ്കിലും ട്രമ്പ് ഇലക്റ്റ്രൽ കോളജിൽ 538-ൽ 306 വോട്ടുകൾ നേടി. 270 വോട്ടുകൾ മതി വിജയത്തിന്.

നിഗമനം തെറ്റായെങ്കിലും മുകളിൽ പറഞ്ഞ ബ്ളോഗ് പോസ്റ്റ് വായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: ട്രമ്പിന് അനുകൂലമായിട്ടായിരുന്നു അവസാന ആഴ്ചകളിൽ കാറ്റ് വീശിയിരുന്നത്.  വിസ്ക്കോൻസിൻ, മിഷിഗൻ, പെൻസിൽവേനിയ എന്നീ സംസ്ഥാനങ്ങളിൽ ട്രമ്പ് ജയിച്ച് കയറിയത് വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു. പോളുകൾ പലതും ട്രമ്പിന്റെ മുന്നേറ്റം കണ്ടെത്തിയിരുന്നു. പക്ഷേ, ട്രമ്പ് ജയിക്കും എന്ന് നിരീക്ഷകർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.

ഞാൻ മുൻകൂർ ജാമ്യം എടുക്കുകയാണെന്ന് ഇതിനകം നിങ്ങൾക്ക് മനസ്സിലായിക്കാണും 🙂  താഴെ കൊടുക്കുന്ന കാര്യങ്ങൾ എന്റെ വെറും നിഗമനങ്ങളായി മാത്രം കണക്കാക്കുക.

തിരഞ്ഞെടുപ്പിന് വെറും 10 ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ആരു ജയിക്കും എന്ന കാര്യത്തിൽ വലിയ സംശയമൊന്നുമില്ല. എല്ലാ വോട്ടുകളും എണ്ണുകയാണെങ്കിൽ ജയിക്കാൻ വേണ്ട 270 വോട്ടുകൾ നേടി ബൈഡൻ-ഹാരിസ് ടിക്കറ്റ്  വിജയിക്കും. എത്ര ഭൂരിപക്ഷം ഉണ്ടാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന സംസാരം. ട്രമ്പിന് വിജയിക്കാൻ യാതൊരു മാർഗവും ഞാൻ കാണുന്നില്ല.

സംസ്ഥാനതലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 538 ഇലക്ക്രറൽ കോളേജ് വോട്ടുകൾ സംസ്ഥാനങ്ങളിലെ ജനസംഖ്യക്ക് ആനുപാതിമായിട്ടാണ് നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കാലിഫോർണിയക്ക് 55 വോട്ടുകൾ ഇലക്ക്രറൽ കോളേജിൽ ഉണ്ട്.

എന്തുകൊണ്ടാണ് കാര്യങ്ങൾ 2016-ൽ നിന്ന് ഇത്തവണ വ്യത്യസ്തമായിട്ടുള്ളത്?

– ട്രമ്പിന് ഇത്തവണ യാതൊരു പുതുമയുമില്ല. പൊതുവേ അഴിമതിക്കാരൻ, കഴിവില്ലാത്ത ഭരണാധികാരി തുടങ്ങിയ പേരുകൾ കഴിഞ്ഞ നാലു കൊല്ലം കൊണ്ട് ട്രമ്പ് നേടിയെടുത്തിട്ടുണ്ട്.

– വെളുത്തവർ ട്രമ്പിന്റെ ഒരു പ്രധാനപ്പെട്ട വോട്ട് ബാങ്ക് ആയിരുന്നു. പക്ഷേ, നഗരപ്രാന്തങ്ങളിലുള്ളവർ കാലുമാറുന്നുണ്ട്, പ്രത്യേകിച്ചും സ്ത്രീകൾ.
– 2016-ൽ ഹിലരിക്ക് വോട്ടു ചെയ്യാത്തവർ ഇത്തവണ പോളിംഗ് ബൂത്തിൽ എത്തും എന്ന് കരുതുന്നു. 2012-ൽ ഒബാമക്ക് വോട്ടുചെയ്ത കറുത്തവർ ഹിലരിക്ക് വോട്ടു ചെയ്തിരുന്നെങ്കിൽ അവർ പ്രസിഡന്റ് ആകുമായിരുന്നെന്ന് ഓർക്കണം.
– ഇത്തവണ ബൈഡൻ 10 ശതമാനത്തിൽ അധികം ഭൂരിപക്ഷത്തിനാണ് ദേശീയതലത്തിൽ മിക്കവാറും പോളുകളിൽ മുന്നിട്ട് നിൽക്കുന്നത്. ഈ സമയത്ത് ഹിലരിക്ക് പോളുകളിൽ ഉണ്ടായിരുന്ന മുന്തൂക്കം അതിലൊക്കെ വളരെ താഴെയായിരുന്നെന്ന് ഓർക്കണം.

കുറഞ്ഞത് 334 വോട്ടുകൾ നേടി ബൈഡൻ ജയിക്കും എന്നാണ് എന്റെ നിഗമനം. 350 സീറ്റുകൾ വരെ പിടിക്കാൻ ജോ ബൈഡന് പറ്റും.  ഒഹായോ, അയോവ, ടെക്സസ്, ജോർജിയ തുടങ്ങിയ റിപ്പബ്ളിക്കൻ പാർട്ടിക്ക് മുന്തൂക്കമുള്ള സംസ്ഥാനങ്ങളിൽ ചിലപ്പോൾ ബൈഡൻ വിജയിച്ചേക്കാം, അങ്ങനെ സംഭവിച്ചാൽ 400 വോട്ടുകൾ വരെ അദ്ദേഹം നേടും. പക്ഷേ, അത്തരമൊരു വിജയത്തിന് സാധ്യത കുറവാണെന്ന് തോന്നുന്നു.

യുദ്ധക്കളസംസ്ഥാനങ്ങൾ (battleground states) എന്നറിയപ്പെടുന്ന ചുരുങ്ങിയ ഇടങ്ങളിലേ യഥാർഥത്തിൽ മത്സരം നടക്കുന്നുള്ളൂ. ബാക്കിയെല്ലായിടത്തും ആരു ജയിക്കും എന്ന കാര്യം ഏറെക്കുറെ അറിയാവുന്ന കാര്യമാണ്. ഉദാഹരണത്തിന് കാലിഫോർണിയയിലും ന്യൂ യോർക്കിലും ബൈഡൻ, അലബാമയിലും കെൻറ്റക്കിയിലും ട്രമ്പ്. അങ്ങനെയുള്ള സംസ്ഥാനങ്ങൾ ആയിരുന്നു ജോർജിയയും ടെക്സസും ഈ തിരഞ്ഞെപ്പുവരെ റിപ്പബ്ളിക്കൻ സ്ഥാനാർഥിക്ക്. പക്ഷേ, ട്രമ്പ് ഇത്തവണ അവിടെ വിയർക്കുകയാണ്. അതുപോലെയുള്ള മറ്റൊരു സംസ്ഥാനമായിരുന്നു അരിസോണ. അവിടെ ബൈഡൻ ഇത്തവണ അട്ടിമറി വിജയം നേടും എന്നാണ് പോളുകൾ സൂചിപ്പിക്കുന്നത്.

ഇനി എങ്ങനെയാണ് ബൈഡന്റെ വിജയം സുനിശ്ചിതമായിട്ടുള്ളത് എന്ന് നോക്കാം. മുൻപ് പറഞ്ഞ യുദ്ധക്കളസംസ്ഥാനങ്ങളിൽ പെട്ട, ഈ സംസ്ഥാനങ്ങളിൽ ബൈഡൻ

പോളുകളിൽ വളരെ മുമ്പിലാണ് – അരിസോണ, മിഷിഗൺ, മിനസോട്ട, ന്യൂ ഹാമ്പ്ഷയർ, വിസ്ക്കോൻസിൻ. ഇവയിൽ മിനസോട്ടയിലും ന്യൂ ഹാമ്പ്ഷയറിലും നേരിയ ഭൂരിപക്ഷത്തിനാണ് ട്രമ്പ് കഴിഞ്ഞ തവണ തോറ്റത്, ബാക്കിയുള്ളിടത്ത് വിജയിക്കുകയും ചെയ്തു. ഇവിടങ്ങളിലൊക്കെ ബൈഡന് ഇത്തവണ ജയിക്കാൻ പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. അതിന്റെ കൂടെ നെബ്രാസ്ക്ക സംസ്ഥാനത്തിൽ നിന്ന് ഒരു വോട്ടുകൂടി കിട്ടാൻ നല്ല സാധ്യതയുണ്ട്. എല്ലാം കൂടി ചേർത്താൽ ജയിക്കാൻ വേണ്ട 270 വോട്ടുകൾ ബൈഡന് കിട്ടും.

ബാക്കിയുള്ള മിക്കവാറും യുദ്ധക്കളസംസ്ഥാനങ്ങളിലും ബൈഡനാണ് മുന്തൂക്കമെന്ന് ഓർക്കണം. അവിടെ ചിലയിടങ്ങളിലൊക്കെ ജയിക്കുകയും ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്യും. ഈ രണ്ടു കണക്കുപ്രകാരമാണ് ട്രമ്പിന് യാതൊരു സാധ്യതയുമില്ല എന്ന് പറയാൻ കാരണം.

ഇനി എന്റെ 334 വോട്ടുകളുടെ കണക്ക്: മുമ്പ് പറഞ്ഞ സംസ്ഥാനങ്ങൾ കൂടാതെ ഫ്ളോറിഡ, നോർത്ത് കാരളൈന, പെൻസിൽവേനിയ എന്നിവിടങ്ങളിലും ബൈഡനാണ് ജയസാധ്യത കൂടുതൽ. ആ വോട്ടുകൾ ചേർത്താൽ ഇലക്ട്രൽ കോളജിൽ 334 വോട്ടുകൾ ആയി. മത്സരം കടുപ്പമാണെങ്കിലും ട്രമ്പ് നിലനിർത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ ഇവയാണ് – ജോർജിയ, ടെക്സസ്, അയോവ, ഒഹായോ എന്നിവ.

അവസാനത്തെ ഡിബേറ്റിനുശേഷം പോളുകൾ പുറത്തുവന്നിട്ടില്ല. വലിയ അത്ഭുതമൊന്നും അത് ഉണ്ടാക്കില്ല എന്നാണ് തോന്നുന്നത്. വളരെയധികം പേർ വോട്ടു ചെയ്തുകഴിഞ്ഞു. വോട്ടുചെയ്യാനുള്ളവർ തന്നെ ആരെയാണ് പിന്തുണക്കേണ്ടതെന്ന് ഉറപ്പിച്ചുകഴിഞ്ഞു എന്നാണ് പോളുകളിൽ കാണുന്നത്.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് ഇവിടെ കാണാവുന്നതാണ് – https://tinyurl.com/us-president-2020.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English