This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
അവസാനത്തെ ഡിബേറ്റിന്റെ തുടക്കത്തിൽ ട്രമ്പ് കുറച്ച് സംയമനം പാലിച്ചെങ്കിലും അധികം വൈകാതെ ഹിലരിയെ ചീത്ത വിളിച്ചു തുടങ്ങി. ട്രംമ്പിനെ അപേക്ഷിച്ച് പ്രസിഡന്റ് ആകാൻ തികച്ചും യോഗ്യ താൻ തന്നെയാണെന്ന് അരക്കിട്ടു സ്ഥാപിക്കുന്ന പ്രകടനമായിരുന്നു ഹിലരിയുടേത്. മുന്നിൽ ഒരുണ്ടുകൂടി നിൽക്കുന്ന ഭീമമായ പരാജയം കൈകാര്യം ചെയ്യാനാവാതെ ട്രമ്പ് ഹിലരിയെ “കശ്മല” (nasty woman) എന്നു വിളിച്ചാക്ഷേപിച്ച്, താൻ വെറുമൊരു റിയാലിറ്റി സ്റ്റാറാണെന്ന് വീണ്ടൂം എല്ലാവരെയും ഓർമ്മിപ്പിച്ചു.
ട്രമ്പിന്റെ പതനം ന്യൂ യോർക്കർ മാഗസിൻ മനോഹരമായ ഒരു കാർട്ടൂണിലൂടെ വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. മൊഹമ്മദ് അലിയും സണി ലിസ്റ്റണും തമ്മിൽ 1965-ൽ നടന്ന സുപ്രസിദ്ധ ബോക്സിംഗ് മത്സരത്തിൽ മൊഹമ്മദ് അലി സണി ലിസ്റ്റനെ ഇടിച്ച് നിലത്തിട്ട് ജേതാവായി നിൽക്കുന്ന ഒരു ഫോട്ടോയെ അനൂകരിച്ചിട്ടുള്ളതാണ് ആ കാർട്ടൂൺ.
ഹിലരിക്കെതിരെ ട്രമ്പിന് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ആ ഡിബേറ്റിൽ വളരെ വ്യക്തമായിരുന്നു. ട്രമ്പ് അതിന്ന് പരിശ്രമിക്കുന്നുണ്ടോ എന്നു പോലും വ്യക്തമായിരുന്നില്ല. പത്രങ്ങൾ പറയുന്നതു ശരിയാണെങ്കിൽ ട്രമ്പിന്റെ ശ്രദ്ധ ഇപ്പോൾ, വലതുപക്ഷ ചാനലായ ഫോക്സ് ന്യൂസിന് ബദലായി സ്വന്തം ഒരു ചാനൽ തുടങ്ങുക എന്നതാണ്. ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പിന്തുണയുള്ള ട്രമ്പിന്, അതും റിയാലിറ്റി ഷോയിൽ കഴിവുതെളിയിച്ച ഒരാൾക്ക്, അത്തരമൊരു സംരംഭം ആരംഭിച്ച് വിജയിപ്പിക്കുവാൻ വലിയ പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല.
ചൈനക്കാർ കൊണ്ടുപൊയ ജോലികൾ ട്രമ്പ് തിരിച്ചുകൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നവരും, മുസ്ലിമീങ്ങളെ വരച്ചവരയിൽ അയാൾ നിർത്തുമെന്ന് ഉറപ്പുള്ളവരും, ഗർഭചിദ്രത്തിന്റെ തോത് കുറക്കാൻ സ്ത്രീകളുടെ ഗുഹ്യഭാഗങ്ങളിൽ പിടിച്ചുനോക്കാൻ വ്യഗ്രത കാണിക്കുന്ന ട്രമ്പാണ് ഏറെ മിടുക്കൻ എന്ന് പ്രതീക്ഷിക്കുന്നവരും ഒക്കെ മനസിലാക്കാത്ത കാര്യം, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നൈജീരിയൻ സ്കാമാണ് ട്രമ്പ് എന്ന സ്ഥാനാർത്ഥി എന്നതാണ്. കാരണം, തന്റെ ചാനൽ തുടങ്ങാൻ വേണ്ടുന്നതിലും അധികം പരസ്യം അദ്ദേഹത്തിന്ന് കിട്ടിക്കഴിഞ്ഞിരിക്കുന്നു. അടുത്ത 4 കൊല്ലം ഹിലരിയെ ട്രമ്പ് തന്റെ ചാനലിലൂടെ തുടർന്നും ഭത്സിക്കും; ധാരാളം പൈസ ഉണ്ടാക്കും. ട്രമ്പിന്റെ ശരാശരി അനുയായി മയക്കുമരുന്നുകളൂം വേദനസംഹാരികളും കൊടുക്കുന്ന സമാധാനത്തിലേക്ക് മടങ്ങിപ്പൊകും.
ജനാധിപത്യക്രമത്തിന്റെ ഒരു വലിയ പഴുതാണ് ട്രമ്പ് നമ്മളെ തുറന്നു കാണിച്ചുതരുന്നത്. നുണകൾ പറഞ്ഞും പേടിപ്പിച്ചും ഭൂരിപക്ഷത്തിന്റെ വോട്ടുകൾ നേടി അധികാരം പിടിക്കുക; ഒരിക്കൽ അവിടെ എത്തിയാൽ തന്നിഷ്ടങ്ങൾ ചെയ്യുക. ഹിറ്റ്^ലറെപ്പോലെയുള്ള സർവ്വാധിപതികൾ ആ മാർഗ്ഗത്തിലൂടെ അധികാരത്തിന്റെ ഉന്നതസ്ഥായിലെത്തി അവർക്ക് തോന്നിയതെല്ലാം പണ്ട് ചെയ്തു കൂട്ടിയിട്ടുണ്ട്. ഒരിക്കലും അവരുടെ ചെയ്തികൾ അവരുടെ അണികൾക്ക് സഹായമായിട്ടില്ല.
പോളുകളിൽ പലതിലും 10 ശതമാനത്തിലധികം മുൻപിലാണ് ഹിലരി ഇപ്പോൾ. തിരഞ്ഞെടുപ്പിന് 3 ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ അത്രയും ലീഡ് മറികടന്ന് ട്രമ്പ് ജയിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. എന്റെ കണക്കു പ്രകാരം ഇന്ന് വോട്ടിംഗ് നടന്നാൽ ഇലക്ടറൽ കോളെജിൽ ആകെയുള്ള 538 വോട്ടുകളിൽ 358 എണ്ണം നേടി ഹിലരി വിജയിക്കുമെന്നാണ്. (വിശദാംശങ്ങൾക്ക് ഈ പ്രെഡ് ഷീറ്റ് കാണുക.) ഒഹായോ ഒഴികെ രണാങ്കണങ്ങൾ എന്ന് അറിയപ്പെടുന്ന എല്ലാ സംസ്ഥാനങ്ങളിലെല്ലാം ഹിലരിക്കാണ് ഇപ്പോൾ മുന്തൂക്കം. തന്നെയുമല്ല റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ സ്ഥിരമായി ജയിച്ചുവന്നിരുന്ന അരിസോണയിലും ജോർജിയയിലുമെല്ലാം ഹിലരി ചില പോളുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്.അവയിൽ അരിസോണയിൽ ഹിലരി ജയിച്ചു കയറുമെന്നാണ് ഇപ്പോൾ കാണുന്ന സാധ്യത.
പല അപവാദങ്ങളും തികച്ചും അസഹ്യമായ ജല്പനങ്ങളും ട്രമ്പിനെ ഇത്ര പരിതാപകരമായ നിലയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ, അദ്ദേഹം വൈറ്റ് ഹൗസിൽ എത്തിപ്പെട്ടേനെ. ജനാധിപത്യക്രമത്തിൽ വിശ്വസിക്കുന്ന ഏവരെയും അസ്വസ്ഥമാക്കുന്ന ഒരു സാധ്യതയായിരുന്നു അത്. പ്രത്യേകിച്ചും ട്രമ്പിനെ കൂടുതൽ നമ്മൾ മനസ്സിലാക്കി വരുന്തോറും. എന്താണ് ആ കാര്യങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.
ക്ലിന്റന്മാരുടെ രാഷ്ട്രീയജീവിതത്തിൽ ധാരാളം വീഴ്ച്കകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ ജനവിരുദ്ധമോ നിയമവിരുദ്ധമോ ആയിരുന്നു എന്ന് ഉറപ്പിച്ച് പറയാൻ പറയാത്തവയാണ്. റിപ്പബ്ലിക്കൻ പാർട്ടി എല്ലാ നിയമവശങ്ങളും എടുത്ത് പയറ്റിയിട്ടും അവരെ ഒന്നിലും കുറ്റക്കാരാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. ഹിലരിയെ ജയിലിലടയ്ക്കൂ എന്നൊക്കെയുള്ള, ട്രമ്പ് റാലികളിലെ സ്ഥിരം വിളികൾക്ക് വെറും മുദ്രാവാക്യം വിളികൾക്കപ്പുറത്ത് വിലയില്ല. ട്രമ്പിന് വോട്ടു ചെയ്യാൻ ഹിലരിയുടെ അപാകതകൾ ഒന്നും കാരണമാകുന്നില്ല.
ഹിലരിയെ ഇഷ്ടമില്ല എന്നുള്ളത് ട്രമ്പിന് വോട്ടു ചെയ്യാൻ മതിയായ ഒരു കാരണമല്ല.
സ്ത്രീകൾക്കെതിരെ ട്രമ്പ് നടത്തിയെന്നു പറയപ്പെടുന്ന, ലൈംഗികാക്രമണങ്ങളുമായി ബന്ധപ്പെട്ട, ആരോപണങ്ങൾ അക്കാലത്തുതന്നെ കേസാക്കിയിരുന്നെങ്കിൽ, അവ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ട കുറ്റകൃത്യങ്ങൾ ആകുമായിരുന്നു. പോൺ സ്റ്റാർ അടക്കം, ഇതുവരെ 15-ഓളം സ്ത്രീകളാണ് ട്രമ്പിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ട്രമ്പ് ആ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും വലതുപക്ഷക്കാരുൾപ്പെടെയുള്ളവർ അതൊക്കെ വിശ്വസിച്ച മട്ടാണ്. എന്നാലും അവർ ട്രംമ്പിന് വോട്ടു ചെയ്യും; ഹിലരിയോടുള്ള രോഷം അവർക്ക് അത്ര വലുതാണ്.
2012-ൽ കെന്‍ന്റക്കിയിൽ ഒബാമക്കെതിരെ, ഡമോക്രാറ്റിക് പ്രൈമറിയിൽ ഒരു കുറ്റവാളി ജയിച്ചതുപോലെയാണ് ഇത്. ഹിലരി വിദ്വേഷം അത്രക്കുണ്ട് ചില വോട്ടർമാർക്ക്.
അഭ്യന്തരവിഷയങ്ങൾ മുതൽ പാർട്ടിനയങ്ങൾക്കതീതമായ വിദേശനയങ്ങളുടെ നടത്തിപ്പുവരെയുള്ള കാര്യങ്ങളിൽ, അമേരിക്കയെ തികച്ചും ഒരു അനിശ്ചിതാവസ്ഥയിലേക്ക് നയിക്കാം ട്രമ്പിന്റെ വിജയം. അതിന്റെ പ്രധാന കാരണം അദ്ദേഹത്തിന് പ്രെത്യേകിച്ച് യാതൊരു നയപരിപാടികളും ഇല്ല എന്നുള്ളതാണ്. അമേരിക്ക അത്തരം കാര്യങ്ങളൊക്കെ എങ്ങനെ ചെയ്തിരുന്നു എന്നുള്ള അറിവോ അത് അറിയാനുള്ള ആകാംക്ഷയോ അദ്ദേഹം കാണിക്കുന്നില്ല. അമേരിക്കയുടെ ബൃഹത്തും സങ്കീർണ്ണയുമായ ഭരണയന്ത്രം നിയന്ത്രിക്കാനുള്ള കഴിവോ ആകാംക്ഷയോ ക്ഷമയോ ഒന്നും ഇല്ല എന്ന് ഡിബേറ്റുകളിൽ വളരെ പരസ്യമായി അദ്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. താൻ പണക്കാരനാണ് അതുകൊണ്ട് തനിക്ക് എന്തും ചെയ്യാം എന്ന ഒരു ധാർഷ്ട്യം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മറഞ്ഞിരിപ്പുണ്ട്.
ആ അഹങ്കാരത്തെ മുഖവിലക്കെടുത്ത് അമേരിക്കയുടെ ഭാവി ട്രമ്പിന്റെ കൈയിൽ ഏൽപ്പിക്കണമോ എന്നാണ് ഈ തിരഞ്ഞെടുപ്പിൽ അവിടത്തെ വോട്ടർമാർ തീരുമാനിക്കേണ്ടത്.
ട്രമ്പിനെതിരെ ധാരാളം കുറ്റങ്ങൾ നിരത്താൻ പറ്റുമെങ്കിലും അമേരിക്കൻ പ്രസിഡന്റാകാൻ അദ്ദേഹം തികച്ചും അയോഗ്യനാണ് എന്ന് ഞാൻ കരുതുന്ന കാരണങ്ങൾ ഇവയാണ്:
രാഷ്ട്രീയ പരിചയമില്ലായ്മ
പലരും ഇതൊരു ഗുണമായി കൊട്ടിഘോഷിക്കാറുണ്ട്. പ്രസിഡന്റാകാൻ ഇതൊരു സാങ്കേതിക തടസം അല്ലെങ്കിലും ആ സ്ഥാനത്തെത്തിയാൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള കുശാഗ്രബുദ്ധികളായ രാഷ്ട്രീയനേതാക്കളെയാണ് ഒരു പ്രസിഡന്റിന് കൈകാര്യം ചെയ്യാനുള്ളത്. ഒരു സർവ്വാധിപതിയാകാൻ കോർപ്പറേറ്റ് പരിചയം സഹായിക്കുമെങ്കിലും ജനാധിപത്യക്രമത്തിൽ മറ്റു പാർട്ടിക്കാരോടും എതിർ അഭിപ്രായം ഉള്ളവരോടും സഹകരിച്ചുപ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവരെ കണ്ട ട്രമ്പിന്റെ സ്വഭാവം വച്ചുനോക്കുകയാണെങ്കിൽ അത്തരമൊരു പെരുമാറ്റം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഉപജാപങ്ങളുടെ രാജൻ
ട്രമ്പിന്റെ രാഷ്ട്രീയ പ്രവേശം, ഒബാമ അമേരിക്കയിലല്ല ജനിച്ചതെന്ന തികച്ചും അപഹാസ്യമായ ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു. അത് വിശ്വസിക്കാനും ധാരാളം അമേരിക്കക്കാർ ഉണ്ടായി; അത്തരക്കാരാണ് ട്രമ്പിന്റെ പ്രധാന അണികൾ ഇപ്പോഴും. ഒബാമ തന്റെ ജനന സർട്ടിഫിക്കറ്റ് പ്രസിദ്ധീകരിച്ചിട്ടുപോലും അത് അംഗീകരിക്കാൻ ട്രമ്പ് തയ്യാറായിരുന്നില്ല.
അതുപോലുള്ള സത്യവിരുദ്ധമായ പല ആരോപണങ്ങളും ഈ തിരഞ്ഞെടുപ്പ് കാലത്തും അദ്ദേഹം പുറത്തിറക്കി. ഒരുതരം മഞ്ഞപ്പത്ര സംസ്ക്കാരമാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ട്രമ്പ് ഉപയോഗിക്കുന്നത്. വലിയ ഉത്തരവാദിത്തങ്ങളുള്ള ഒരു ഭരണത്തലവനു ചേർന്നതല്ല എതിരാളികളെ എങ്ങനെയെങ്ങിലും താറടിച്ച് കാണിച്ച് രാഷ്ട്രീയ വിജയങ്ങൾ നേടാനുള്ള ത്വര.
സ്ത്രീ വിരുദ്ധൻ
സ്ത്രീകളെ പരസ്യമായി നാണം കെടുത്താനുള്ള ട്രമ്പിന്റെ മിടുക്ക് അപാരമാണ്. അത് ഈ തിരഞ്ഞെടുപ്പുകാലത്ത് ധാരാളം കാണുകയും ചെയ്തു. പണ്ടു അദ്ദേഹം ചെയ്തിട്ടുള്ള അത്തരം അതിക്രമങ്ങൾ കുറെ ഹിലരി പുറത്തുകൊണ്ടുവരികയും ചെയ്തു. ട്രമ്പ് സ്ത്രീകളോട് നടത്തുന്ന പോരാട്ടം അവസാനിപ്പിക്കുമെന്നുള്ളതിന്ന് യാതൊരു സൂചനയും നമുക്ക് തരുന്നുമില്ല. പ്രസിഡന്റിന്റെ വിലയേറിയ സമയം ഇത്തരം വിലകുറഞ്ഞ വിവാദങ്ങളിൽ കുരുങ്ങിക്കിടന്നാൽ രാജ്യം ആരു നോക്കും?
ഓടയിൽ നിന്ന് ഒരു ചട്ടമ്പി
ട്രമ്പിന്റെ വഷളത്തരത്തെപ്പറ്റി ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. പണവും പ്രശസ്തിയും ഏതു സ്ത്രീയുടെ മേലും കൈ വയ്കാനുള്ള അധികാരം പ്രധാനം ചെയ്യും എന്ന ചിന്താഗതിയാണ് ട്രമ്പിനുള്ളത്. പരസ്യമായ ടേപ്പിൽ അത് വ്യക്തമായി ട്രമ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഏകാധിപതികൾ വാഴുന്ന രാജ്യങ്ങളിൽ അവർക്കും അവരുടെ ശിങ്കിടികൾക്കുമൊക്കെ ഉള്ള അതേ ചിന്താഗതിയാണത്. ഏകാധിപതികൾ അധികാരമുപയോഗിച്ചാണ് അവരെ എതിർക്കുന്നവരുടെ വായ അടക്കുന്നത്; ട്രമ്പ് തനിക്കെതിരെ ശബ്ദമുയർത്തുന്നവരെ നേരിടുന്നത് അവർക്കെതിരെ കേസുകൊടുത്താണ്. കാശില്ലാത്തവർ കേസിന്റെ പിന്നാലെ പോയാൽ പാപ്പരാവൻ അധികനാൾ എടുക്കില്ല.
ട്രമ്പിനെതിര പീഢനത്തിന്റെ പഴയ കഥകളുമായി പുറത്തുവന്നിരിക്കുന്ന സ്ത്രീകൾക്കെതിരെ കേസുകൊടുക്കുമെന്ന് ട്രമ്പ് ഇപ്പോഴേ ഭീഷണി മുഴക്കി തുടങ്ങിയിട്ടുണ്ട്. കൂടുതൽ പേർ പുറത്തുവരാതിരിക്കാൻ അത് ഒരുപക്ഷേ ആ നീക്കം സഹായിച്ചേക്കാം. ഇത്തരത്തിലുള്ള ഒരു മനുഷ്യൻ വൈറ്റ് ഹൗസിലെത്തിയാലുള്ള ധാർമികവീഴ്ചയിൽ നിന്ന് അമേരിക്ക ഒരിക്കലും കരകയറുമെന്ന് തോന്നുന്നില്ല.
വഷളത്തരം മുഖ്യധാരയിൽ
അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ, എല്ലാ തലങ്ങളിലും, സ്ഥാനാർഥികളൂടെ വായിൽ നിന്നുവീഴുന്ന വാക്കുകളുടെ നിലവാരം വോട്ടർമാരെ നല്ലവണ്ണം സ്വാധീനിക്കാറുണ്ട്. സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള സ്ഥാനാർഥികളുടെ ജൽപ്പനങ്ങൾ സ്വന്തം പാർട്ടികൾക്ക് മുന്തൂക്കമുള്ള സ്ഥലങ്ങളിൽ പോലും അവരുടെ പരാജയത്തിന് കാരണമായിട്ടുണ്ട്, പ്രത്യേകിച്ചും പല റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ കാര്യത്തിൽ. ട്രമ്പ് അത്തരമൊരു പ്രതിസന്ധിയെ നേരിട്ടില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ വിചിത്രമായ ഒരു സംഗതി. കാരണം, ട്രമ്പിനെ വോട്ടർമാർ ഒരു രാഷ്ട്രീയക്കാരനായല്ല കണ്ടത്, മറിച്ച്, അയാളുടെ പഴയ റിയാലിറ്റി ഷോ പോലെ, രാഷ്ട്രീയക്കാർക്കെതിരെ ആഞ്ഞടിക്കുന്ന ഒരു കോമഡി ഷോ ആയിട്ടാണ് ട്രമ്പിന്റെ ക്യാമ്പയിനെ മൊത്തത്തിൽ എല്ലാവരും കണ്ടത്.
അമേരിക്കൻ കോമഡി ഷോകളിലെപ്പോലെ എന്തും ഏതും ആർക്കെതിരെയും പറയാമെന്നുള്ള ലൈസൻസ് ട്രമ്പിനും അങ്ങനെ കൈവന്നു. ആ ആയുധം ഉപയോഗിച്ചാണ് ട്രമ്പ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ അതിശക്തരായ എതിരാളികളെ തകർത്തത്. മാധ്യമങ്ങൾ അത്തരത്തിലുള്ള ആക്രമണത്തിന് കൂട്ടുനിന്നു, കാരണം അവരുടെ അനുവാചകർക്കും വേണ്ടിയിരുന്നത് രാഷ്ട്രീയക്കാരെ താറടിക്കുന്ന ഒരു പൊളിറ്റിക്കൽ ഷോ തന്നെ ആയിരുന്നു. അത് വഷളത്തരത്തിന്റെ മുഖ്യധാരാവൽക്കരണത്തിൽ കലാശിച്ചു. രാഷ്ട്രീയപ്രതിയോഗികളെ വ്യക്തിപരമായി എന്തു വൃത്തികേടും പറഞ്ഞും ആക്ഷേപിക്കാം എന്ന ഒരു നില ഇപ്പോഴുണ്ട്. അത് ഒരിക്കലും ജനാധിപത്യത്തിന് നല്ലതാണെന്ന് തോന്നുന്നില്ല. നയപരമായ സംവാദങ്ങളിൽ നിന്ന് അകന്ന് പോയി, തിരഞ്ഞെടുപ്പുകൾ, റിയാലിറ്റി ഷോയുടെയും പോപ്പുലാരിറ്റി കോണ്ടെസ്റ്റുകളുടെയും നിലയിലെത്തുന്നത്, 240 വർഷങ്ങൾ പഴക്കമുണ്ടെന്ന് ഊറ്റം കൊള്ളുന്ന ഒരു രാജ്യത്തിന് മാനക്കേടാണ്.
ജനാധിപത്യ വിരുദ്ധൻ
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യഭരണക്രമാണ് അമേരിക്കയിലേത്. രാജാക്കന്മാരോ സേനാധിപന്മാരോ ഒന്നും അമേരിക്കയിൽ ഭരണം കൈയാളിയിട്ടില്ല. പബ്ലിക്ക് സ്കൂൾ ബോർഡ് മുതൽ പ്രസിഡന്റ് വരെയുള്ളവരെ ജനങ്ങൾ തിരഞ്ഞെടുക്കുന്നു; തോറ്റവർ ജനഹിതം മാനിച്ച് ജയിച്ചവർക്ക് അധികാരം സമാധാനപൂർവ്വം കൈമാറി, ഭരണക്രമത്തിന് തുടർച്ചയുണ്ടാക്കുന്നു. 2000-ൽ അൽ ഗോർ-ജോർജ് ബുഷ് മത്സരത്തിൽ ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി തർക്കം ഉണ്ടായപ്പോൾ അത് നീണ്ടുപോകുമോയെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. പക്ഷേ, സുപ്രീം കോടതിയുടെ വിധി ബുഷിന് അനുകൂലമായി വന്ന ഉടനെ തന്നെ ഗോർ ബുഷിന്റെ വിജയം അംഗീകരിച്ച് തർക്കം മാന്യമായി അവസാനിപ്പിച്ചു.
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എന്തെങ്കിലും തട്ടിപ്പിനുള്ള അവസരം ഉണ്ടെന്നോ ആരെങ്കിലും അതിന്ന് ശ്രമിക്കുന്നുണ്ടോ എന്നൊന്നും യാതൊരു തെളിവുമില്ല. റിപ്പബ്ലിക്കൻ പാർട്ടി പല സംസ്ഥാനങ്ങളിലും ഡമോക്രാറ്റിക് പാർട്ടി അനുഭാവികളെ വോട്ടുചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന നിയമനിർമാണങ്ങൾ ചെയ്യുന്നുണ്ട് എന്നത് മാത്രമാണ് ആ വിഷയവുമായി എന്തെങ്കിലും സാധാരണ കേൾക്കാറുള്ളത്. പക്ഷേ, ട്രമ്പ് അടുത്തകാലത്ത് ഇറക്കിയിരിക്കുന്ന വിചിത്രമായ തന്ത്രം തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല എന്നതാണ്. ട്രമ്പിന്റെ അംഗീകാരം തിരഞ്ഞെടുപ്പ് ഫലത്തിന് ആവശ്യമൊന്നുമില്ല, പക്ഷേ, അത് ഹിലരിയുടെ ജയത്തിന്റെ സാധുതയെ ബാധിക്കും.
ജനാധിപത്യക്രമത്തിനു നേരെയുള്ള ട്രമ്പിന്റെ ആ വെല്ലുവിളി അമേരിക്കയുടെ ഏറ്റവും വലിയ ഒരു ശക്തി തന്നെയാണ് ചോർത്തിക്കളയാൻ കാരണമാകുന്നത്. പ്രത്യേകിച്ചും ചൈനയും റഷ്യയും ഒളിഞ്ഞും തെളിഞ്ഞും ജനാധിപത്യക്രമത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിൽ ലോകമെൻപാടും വ്യാപ്രതരായിരിക്കുമ്പോൾ.
പൂട്ടിൻന്റെ കളിപ്പാവ
റഷ്യയെയും വൻശക്തിയായിരുന്ന സോവിയറ്റ് യൂണിയനെയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ വലിയ അർഥമില്ല. റഷ്യ ജനസംഖ്യയിലും സമ്പത്തിലുമൊക്കെ അമേരിക്കയുമായി തട്ടിച്ചുനോക്കുമ്പോൾ ചെറിയ ഒരു രാജ്യമാണ്. സോവിയറ്റ് യൂണിയന്റെ കാലത്തുനിന്ന് കൈവന്നിട്ടുള്ള ന്യൂക്ലിയർ ആയുധങ്ങൾ മാത്രമാണ് റഷ്യയെ അമേരിക്കക്കൊപ്പം നിറുത്തുന്ന ഏക കാര്യം. സോവിയറ്റ് യൂണിയന്റെ വീഴ്ചയ്ക്കുശേഷം ജനാധിപത്യക്രമം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ അവിടെ ഉണ്ടായെങ്കിലും പൂട്ടിൻ അധികാരത്തിൽ വന്നശേഷം ആ പരിശ്രമങ്ങളെ കാലക്രമേണ ഇല്ലാതാക്കുകയും പൂട്ടിൻ അവിടത്തെ എതിരില്ലാത്ത ഏകാധിപതി ആവുകയും ചെയ്തു. അമേരിക്കക്ക് അവിടന്ന് എന്തെങ്കിലും കണ്ടുപഠിക്കാൻ ഉണ്ടെന്ന് തോന്നുന്നില്ല. അമേരിക്ക എന്ന ജനാധിപത്യ ആശയത്തിന് കടകവിരുദ്ധമാണ് പൂട്ടിൻന്റെ റഷ്യ. അതുകൊണ്ടാണ് അമേരിക്കയെ സൈനികമായും സാംസ്ക്കാരികമായും രാഷ്ട്രീയമായും പൂട്ടിൻ ചെറുക്കുന്നതും വിലകുറച്ച് കാണിക്കാൻ ശ്രമിക്കുന്നതും.
അമേരിക്കൻ രാഷ്ട്രീയക്കാർ പാർട്ടികൾക്കതീതമായി പൂട്ടിൻന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളെയും പ്രവർത്തികളെയും എതിർത്തിട്ടുണ്ട്. പക്ഷേ, ട്രമ്പ് പൂട്ടിനോട് കാണിക്കുന്ന പരസ്യമായ പ്രേമത്തിന്റെ രഹസ്യം കൃത്യമായി ആരും മനസ്സിലാക്കിയിട്ടില്ല. തന്നെയുമല്ല; റഷ്യൻ സർക്കാർ ഏജൻസികൾ ഡമോക്രാറ്റിക് പാർട്ടിയുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് രഹസ്യങ്ങൾ പലതും ട്രമ്പിന് ചോർത്തിക്കൊടുക്കുന്നുമുണ്ട്. ദേശദ്രോഹത്തിന്ന് സമാനമായ പല രഹസ്യനീക്കങ്ങളും പിന്നിൽ നടക്കുന്നുണ്ട്. ഹിലരിയെ തുറങ്ങിലടക്കണമെന്ന് ട്രമ്പ് വാശി പിടിക്കുന്നുണ്ടെങ്കിലും, ഒരു പക്ഷേ, ട്രമ്പോ അദ്ദേഹത്തിന്റെ കൂട്ടാളികളോ അഴിയെണ്ണാനിടയുണ്ട് എന്തെങ്കിലും ഗൂഢാലോചനകൾ ഇതിന്റെ പിന്നിൽ ഉണ്ടെങ്കിൽ. അത്തരമൊരു സംശയത്തിന്റെ നിഴലിൽ, പൂട്ടിന്റെ കളിപ്പാവ വൈറ്റ് ഹൗസിൽ കേറിപ്പറ്റുന്നത്, ഒരു രാജ്യാന്തര-ക്രൈം ത്രില്ലറിനെക്കാൾ അവിശ്വസനീയമായി തോന്നാം. പക്ഷേ, ട്രമ്പ് ഈ ഇലക്ഷൻ കാലം അത്തരമൊരു നോവലിനെക്കാൾ ഭ്രമാത്മകമാക്കിയിട്ടുണ്ട്.
ആത്മസംയമനത്തിന്റെ അപാരമായ കുറവ്
ട്രമ്പിനെ രോഷം കൊള്ളിക്കാൻ യാതൊരു പാടുമില്ല – അദ്ദേഹത്തെ പരിഹസിച്ച് എന്തെങ്കിലും ട്വിറ്ററിൽ പോസ്റ്റ് ചെയ്താൽ മതി, ഉടനെ വരും തെറി വിളിച്ചുകൊണ്ട് ഒരു മറുപടി. ഈ ദുസ്വഭാവം ഹിലരി ഡിബേറ്റുകളിൽ മുതലെടുത്ത് ട്രമ്പിനെക്കൊണ്ട് വേണ്ടാത്തതൊക്കെ പറയിപ്പിച്ചു. എടുത്തുചാടി പ്രവർത്തിക്കാനുള്ള ആ പ്രവണത ന്യൂക്ലിയർ കോഡ് സൂക്ഷിക്കേണ്ട ഒരാൾക്ക് പറ്റിയ സ്വഭാവമാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും അതൊക്കെ ഉപയോഗിക്കാനുള്ള ആയുധങ്ങളാണെന്ന് പറഞ്ഞുവച്ചിട്ടുള്ള സ്ഥിതിക്ക്.
കുടിയേറ്റക്കാർക്കു മുന്നിലെ വൻമതിൽ
അമേരിക്കയിലെത്തുന്ന മെക്സിക്കോക്കാർ മുഴുവൻ ബലാൽസംഗം ചെയ്യുന്നവരാണ്, അവർ വരുന്നത് തടയാൻ അതിർത്തിയിൽ മതിൽ കെട്ടണം എന്നൊക്കെയുള്ള കുടിയേറ്റ വിരുദ്ധ വാദങ്ങളുടെ ബലത്തിലാണ് ട്രമ്പ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ തന്റെ രഥയോട്ടം തുടങ്ങിയത്. പൊതുതിരഞ്ഞെടുപ്പിൽ അത് പക്ഷേ അദ്ദേഹത്തിന് വലിയ ബാധ്യത ആവുകയും ചെയ്തു. കാരണം, പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ പലതിലും വിജയിക്കണമെങ്കിൽ ഹിസ്പ്പാനിക്കുകളുടെ കുറച്ചെങ്കിലും പിന്തുണ കിട്ടണം.
മെക്സിക്കോക്കാരുടെ നേർക്കാണ് ട്രമ്പ് പ്രത്യക്ഷത്തിൽ രോഷം പ്രകടിപ്പിച്ചിട്ടുള്ളതെങ്കിലും അയാളെ പിന്തുണക്കുന്ന വെള്ളക്കാരുടെ വർണവെറിയും കുടിയേറ്റക്കാരോടുള്ള വിദ്വേഷവും ഏവർക്കും അറിവുള്ളതാണ്. ട്രമ്പ് സർക്കാർ കുടിയേറ്റത്തിനെതിരെ കടുത്തനിയമങ്ങൾ കൊണ്ടുവരും എന്ന് ഉറപ്പാണ്. കാരണം അമേരിക്കയിലെ എല്ലാ പ്രശ്നങ്ങൾക്കും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ഭരണപരാജയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എളുപ്പമായിരിക്കും.
ചില ഇന്ത്യൻ സംഘടനകളൊക്കെ ട്രമ്പിനെ പിന്തുണക്കുന്നത് വളരെ അസംബന്ധമായി രാഷ്ട്രീയനിരീക്ഷകർക്ക് തോന്നുന്നത് അതുകൊണ്ടാണ്.
ട്രമ്പ് അമേരിക്കൻ പ്രസിഡന്റ് ആകാൻ അനുയോജ്യനാണ് എന്നുള്ളതിന് ഇനിയും പല കാരണങ്ങൾ നിരത്താൻ പറ്റും. ട്രമ്പിനെ വൈറ്റ് ഹൗസിന്റെ ഏഴയലകത്ത് അടുപ്പിക്കരുതെന്ന് വിശ്വസിക്കുന്ന ജനാധിപത്യവിശ്വാസികൾ, ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, അദ്ദേഹത്തിനെതിരെ ഒരു വൻപ്രതിരോധം തീർത്തിട്ടുണ്ട്. ആ മതിലിൽ തട്ടി ട്രമ്പിന്റെ ക്യാമ്പയിൻ ഏതാണ്ട് ഊർദ്ധശ്വാസം വലിച്ച് കിടക്കുന്ന കാഴ്ചയാണ് മിക്കവാറും പേർ ഇപ്പോൾ കാണുന്നത്.
അധികാരത്തിലേറാനുള്ള സർവ്വാതിപധികളുടെ കൗശലങ്ങൾ ജനാധിപത്യത്തിന്റെ ദൈർബല്യങ്ങൾ മൂലം ചിലപ്പോൾ വിജയം കാണാറുണ്ട്. ഹിറ്റ്^ലർ ജർമനിയുടെ ചാൻസലർ ആയത് തികച്ചും ജനാധിപത്യപ്രക്രിയയിലൂടെ ആണെന്ന് പലർക്കും അറിയില്ല. ഈ തിരഞ്ഞെടുപ്പുകാലത്ത് അത്തരം തന്ത്രങ്ങൾ അമേരിക്കയിൽ വിജയം പ്രാപിക്കില്ല എന്നുതന്നെയാണ് പോളുകൾ കാണിക്കുന്നത്. റിപ്പബ്ലിക്കൻ കോട്ടകളിൽ പോലും ട്രമ്പ് തോറ്റ് തുന്നം പാടുമെന്ന് അവ സൂചിപ്പിക്കുന്നു.
ട്രമ്പിനെ തോൽപ്പിക്കുന്നതിൽ മാത്രം നമ്മുടെ ചുമതല ചുരുങ്ങുന്നില്ല; അദ്ദേഹത്തിന്റെ തോല്‍വിയുടെ വ്യാപ്തി കൂട്ടി ഇത്തരമൊരു രാഷ്ട്രീയപരീക്ഷണം ഭാവിയിൽ ഉണ്ടാകുന്നതിന്നെ നിരുത്സാഹപ്പെടുത്താനും നമ്മൾ നോക്കണം. അതുകൊണ്ട്, എല്ലാവരും എല്ലായിടത്തും, തങ്ങളുടെ വോട്ടവകാശം ഗൗരവമായി വിനിയോഗിക്കുക.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രനിർമിതിയിൽ നമ്മൾ പങ്കുകാരാകുന്നത് ഈ കോലാഹലത്തിൽ മറന്നുപോകുന്നു. നവമ്പർ 9 മുതൽ, ട്രമ്പിന്റെ കരിനിഴലിൽ നിന്ന് മാറി, നമുക്ക് ആ നേട്ടത്തെ കുറച്ചുകൂടി വ്യക്തമായി നോക്കി കാണാനും മനസിലാക്കാനും ഉള്ള അവസരം ഉണ്ടാകും എന്ന് പ്രത്യാശിക്കാം.
തുടർന്ന് വായിക്കുക :
ട്രമ്പോ ഹിലരിയോ? അമേരിക്ക സമചിത്തത പാലിക്കുമോയെന്ന് ലോകം ഉറ്റുനോക്കുമ്പോൾ
Click this button or press Ctrl+G to toggle between Malayalam and English