വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രംഗത്ത്. നിലവിലുള്ള ദേശീയ– അന്തർദേശീയ സാഹചര്യത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് ആക്ഷൻ കമ്മിറ്റി സ്ഥാപകൻ എ. സി. അമർ പറഞ്ഞു. ഇന്ത്യൻ അമേരിക്കൻസ് ഫോർ ട്രംപ് എന്ന മുദ്രാവാക്യം ഉയർത്തി വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി പ്രചാരണം ശക്തമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അധികാരത്തിൽ വന്നതിനുശേഷം അമേരിക്ക കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്താൻ ഭീകരരോടുള്ള സന്ധിയില്ലാത്ത സമീപനം, ഇമ്മിഗ്രേഷൻ വ്യവസ്ഥകളെ കാലാനുസൃതമായി പരിഷ്ക്കരിക്കൽ, അന്തർദേശീയ തലത്തിൽ സമാധാനം സ്ഥാപിക്കൽ എന്നിവ ട്രംപിന് മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
അടുത്ത നാലു വർഷത്തേക്ക് ട്രംപ് തുടരേണ്ടത് അനിവാര്യമാണെന്നും കമ്മിറ്റി കണക്കുകൂട്ടുന്നു. ട്രംപ് തുടങ്ങിവെച്ച പുരോഗമന പരിപാടികൾ തുടർന്നാൽ മാത്രമേ അമേരിക്കയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഴിയുകയുള്ളൂവെന്നും കമ്മിറ്റി പ്രസിഡന്റ് അമർ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English