ട്രമ്പ് എന്ന വഷളൻ

This post is part of the series വായനയും നിരീക്ഷണങ്ങളും

Other posts in this series:

  1. മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്
  2. കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
  3. ട്രമ്പോ ബൈഡനോ?

trump-creepy-with-ivankaഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പൊതുവേ “തറ” നിലവാരത്തിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചത് ട്രമ്പ് ആണ്. എതിരാളികളെ നയപരമായ കാര്യങ്ങൾ കൊണ്ട് എതിരിടാതെ (ട്രമ്പിന് പ്രത്യേകിച്ച് നയപരമായ നിലപാടുകൾ ഒന്നും ഇല്ല; തിരഞ്ഞെടുപ്പ് എന്നാണ് നടക്കുന്നതെന്നു പോലും അദ്ദേഹത്തിന് അറിയില്ല എന്ന് ഈയിടെ വെളിവായി.) കളിപ്പേരിട്ടും പരസ്യമായി അപഹസിച്ചുമൊക്കെയാണ് തോൽപ്പിച്ചത്. ഇതുവരെ ആരും പ്രയോഗിക്കാത്ത അത്തരം ആക്രമണങ്ങളിൽ അതിശക്തരെന്നു കരുതിയിരുന്ന ജെബ് ബുഷും, ടെഡ് ക്രൂസും, ക്രിസ് ക്രിസ്റ്റിയുമൊക്കെ തകർന്നടിഞ്ഞുപോയി. പക്ഷേ, സ്വകാര്യജീവിതത്തിൽ ട്രമ്പ് എത്രത്തോളം വഷളൻ ആയിരുന്നു എന്ന് പൊതുജനത്തിന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് കഴിഞ്ഞത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്: വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട, 2005-ൽ റെക്കോഡ് ചെയ്ത   ട്രമ്പിന്റെ  തികച്ചും വഷളായ ഒരു വർത്തമാനം.

ട്രമ്പിന് അന്ന് 59 വയസ്സ് ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞകാര്യങ്ങളുടെ നിലവാരത്തെക്കാൾ ഏറെ ഗൗരവമായത് സ്വകാര്യതയിൽ സ്തീകളോട് അദ്ദേഹം എങ്ങനെ പെരുമാറും എന്നുള്ളതായിരുന്നു. ഒത്തു കിട്ടിയാൽ ഏതു സ്ത്രീയെയും എന്തും ചെയ്യാനുള്ള ലൈസൻസ് തനിക്കുണ്ട് എന്നൊരു സ്വരമാണ് ആ സംസാരത്തിൽ ഉള്ളത്. ട്രമ്പിനെപ്പോലെ ധനാഢ്യനും ആയിരക്കണക്കിന് ജോലിക്കാരുടെ മുതലാളിയുമായ ഒരാൾക്ക് അത്തരം അവസരങ്ങൾ ലഭിക്കുക വളരെ സാധാരണമായിരിക്കും.

അതുവരെ ട്രമ്പിന്റെ സർക്കസ്സ് കണ്ട് കൈയടിച്ച അമേരിക്കക്കാരിൽ നല്ലൊരു പങ്കിന്  ടേപ്പ് കണ്ടപ്പോൾ വിവേകമുദിച്ചെന്നു തോന്നുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന നേതാക്കന്മാർ തന്നെ ട്രമ്പിനെ തള്ളിപ്പറയാൻ തുടങ്ങി: ജോൺ മക്കെയിൻ, പോൾ റയൻ തുടങ്ങിയ പ്രധാനികളൊക്കെ അക്കൂട്ടത്തിലുണ്ട്. ട്രമ്പ് രണ്ടു പാർട്ടിക്കാരോടും പോരാടുന്ന നിലയിലാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. (റിപ്പബ്ലിക്കൻ പാർട്ടിയുടെ നല്ലൊരു ഭാഗം അണികൾ, വെളുത്തവർ, അദ്ദേഹത്തിന്റെ കുടെയാണ് ഇപ്പോഴും എന്ന് ഓർക്കണം. ഇതിൽ കുറച്ച് ഡമോക്രാറ്റുകളും ഉണ്ട്.)

അതിന്നുശേഷം ഞായറാഴ്ച നടന്ന രണ്ടാമത്തെ ഡിബേറ്റിൽ ട്രമ്പിന് കാര്യമായി ആ വിഷയത്തെക്കുറിച്ച് സംസാരിക്കാനും മാപ്പു പറയാനുമൊക്കെ അവസരമുണ്ടായിരുന്നു. പക്ഷേ, മുട്ടായുക്തികൾ പറഞ്ഞ് അതിൽ നിന്ന് തലയൂരാണ് ട്രമ്പ് അന്ന് ശ്രമിച്ചത്. പറയുന്നത് മിക്കവാറും കള്ളങ്ങൾ ആയിരുന്നെങ്കിലും ഹിലരിക്കെതിരെ തരക്കേടില്ലാത്ത പ്രകടനം ട്രമ്പ് അന്ന് നടത്തി.

ഡിബേറ്റിനിടെ താൻ പ്രസിഡന്റായാൽ ഹിലരിയെ തുറങ്ങിലടക്കുമെന്ന് അവരുടെ നേരെ നോക്കി ട്രമ്പ് ഭീഷണിപ്പെടുത്തിയതൊക്കെ അമേരിക്കൻ തിരഞ്ഞെടുപ്പിലെ ഏറ്റവും താഴ്ന്ന നിരയിലുള്ള സംഭവങ്ങളിലൊന്നായി കരുതപ്പെടുമെന്ന് ഉറപ്പ്.

താൻ ടേപ്പിൽ പറഞ്ഞുകൂട്ടിയതുപോലെയൊന്നും യഥാർഥജിവിതത്തിൽ ചെയ്തിട്ടില്ല എന്ന് പറഞ്ഞ് ആ വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ചെങ്കിലും, അത് കേട്ട് ദേഷ്യം പിടിച്ച്,  ട്രമ്പിന്റെ പല പഴയ ഇരകളും ബുധനാഴ്ച പരസ്യമായി രംഗത്തു വന്നു. വെറും ആരോപണങ്ങൾ അല്ല അവർ നടത്തുന്നത്; വളരെ വിശ്വസ്യനീയമായ തെളിവുകൾ അവരും പത്രക്കാരും നിരത്തുന്നുണ്ട്. ട്രമ്പിനെതിരെ എന്തെങ്കിലും ക്രിമിനൽ ചാർജുകൾ ഉണ്ടാകുമോയെന്നേ ഇനി നോക്കേണ്ടതുള്ളൂ.

തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നവർക്കും അത്യാവശ്യം വാർത്തകൾ വായിക്കുന്നവർക്കുമൊക്കെ ഒരു കാര്യം ഉറപ്പാണ്: ട്രമ്പ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്ന്. പരാജയം എത്ര ഭീമമായിരിക്കും അത് കോൺഗ്രസിലേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ  ബാധിക്കുമോ എന്നൊക്കെയാണ് ഇനി നോക്കാനുള്ളത്. പുതിയ പോളുകൾ പ്രകാരം ജോർജിയ, അരിസോണ, യൂട്ടാ തുടങ്ങി റിപ്പബ്ലിക്കൻ പാർട്ടി എക്കാലവും ജയിച്ചുപോന്ന സംസ്ഥാനങ്ങളിൽ ഹിലരി ചിലപ്പോൾ അട്ടിമറി വിജയം നേടിയേക്കാം എന്നു കാണുന്നു.

എന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം ഹിലരിക്ക് 379 ഇലക്ടറൽ വോട്ടുകൾ ലഭിക്കും (ജയിക്കാൻ 270 മതി). വിശദാംശങ്ങൾ TK’s U.S. Presidential Election Predictions – 2016 ഉണ്ട്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English