” മാഷേ, മരക്കുഴിയെത്തി. ഇറങ്ങിക്കോളൂ.”
പാതിമയക്കത്തിലായിരുന്ന അപ്പു മാഷുടെ ചുമലിൽ തട്ടിക്കൊണ്ട് കണ്ടക്ടർ അറിയിച്ചു. മാഷ് ധൃതിയിൽ എഴുന്നേറ്റ് പുറത്തേയ്ക്കിറങ്ങി. മറ്റു രണ്ടു പേർ കൂടി ഇറങ്ങാനുണ്ടായിരുന്നു.
“മാഷേ, നമസ്കാരം.”
ബസ് റ്റോപ്പിൽ നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ മാഷെ കണ്ടപ്പോൾ അടുത്തേയ്ക്കു വന്നു.
“രാമൻകുട്ടിയല്ലേ? താടിയും മീശയും വന്നപ്പോൾ ആളാകെ മാറിയല്ലോ.”
അപ്പു മാഷ് ഒന്നു പുഞ്ചിരിച്ചു.
രാമൻകുട്ടിയും ഒന്നു ചിരിച്ചെന്നു വരുത്തി.
“ഓർമയുണ്ടോ,വർഷങ്ങൾക്കു മുമ്പ് ഒരു പരിസ്ഥിതി ദിനത്തിൽ മാഷിവിടെ വന്നിരുന്നു. ഹരിതം ക്ലബ്ബിൻ്റെ വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചെയ്യാൻ. അന്ന് പാതയോരത്തെടുത്ത കുഴിയിൽ മാഷൊരു ഞാവൽച്ചെടി നട്ടു.”
“അതേ, അതിനടുത്ത വർഷം ആ കുഴിയിൽ ഞാൻ തന്നെ ഒരു മാവിൻതൈ നട്ടു. മൂന്നാം വർഷം ഒരു പ്ലാവ്. പിന്നെ ,ഞാൻ മതിയാക്കി. ഒടുവിൽ ഈ സ്ഥലത്തിന് മരക്കുഴി എന്ന പേരും കിട്ടി.”
മാഷ് ഒന്നു നെടുവീർപ്പിട്ടു.
രാമൻകുട്ടി ഒരു വിളറിയ ചിരിയോടെ മാഷിനെ നോക്കി നിന്നു.
അപ്പോഴേയ്ക്കും മറ്റൊരു ബസ്സുകൂടി അവിടെയെത്തി.
“മരക്കുഴി….. മരക്കുഴി…”
കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞു.
മാഷ് , ഒന്നുകൂടി നെടുവീർപ്പിട്ടു.
കെ.കെ.പല്ലശ്ശന