ഒറ്റമരത്തണലുകൾ..

 

“ഞാനൊരു യാത്രികനല്ലേ സതീ .എനിക്കെന്റെ യാത്ര തുടർന്നല്ലേ പറ്റൂ .
ഞാൻ കാണുന്ന കാഴ്ചകൾക്ക് എന്നെ കീഴ്‌പ്പെടുത്താനായാൽ എന്നിലെ യാത്രികൻ അവിടെ മരിച്ചു വീഴുകയാണ് ചെയ്യുന്നത് .അതിനാൽ ആത്മാവിനെ കീഴ്‌പ്പെടുത്താൻ ഞാനെന്റെ കാഴ്ചകളെ സമ്മതിക്കാറില്ല.
ഇനി മുറിവുണങ്ങാൻ കാത്തിരിക്കുന്നില്ല .എത്രയും വേഗം യാത്ര തുടരണം കഴിയുമെങ്കിൽ ഒരുപക്ഷെ നാളെത്തന്നെ …”
അവളൊന്നും പറഞ്ഞില്ല .ഇരുകൈകൾ കൊണ്ടും നീണ്ട മുടിയിഴകൾ തലോടിക്കൊണ്ട് എന്നെ നോക്കി ഇരുന്നു. ജനലഴികളുടെ ഓരം ചേർന്നാണ് അവളിരുന്നിരുന്നത് .വയലിൽ നിന്നുള്ള കാറ്റ് അവളുടെ മുടിയിഴകളിൽ കുസൃതികാട്ടുന്നുണ്ടായിരുന്നു .
അസ്തമയം കഴിഞ്ഞിട്ട് കുറച്ചു നേരമായിക്കാണണം. ഈ ചെറിയ മുറിക്കുള്ളിൽ , ജനലിലൂടൊഴുകിയെത്തുന്ന കാറ്റിന് പറയാൻ ഒരുപാടു കഥകളുണ്ടായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് .  ഈ മണ്ണിന്റെ കഥ. ഇവിടുത്തെ മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും തണൽ മരങ്ങളുടെയും കഥ.
“നമുക്കൊന്ന് പുറത്തേക്കിരുന്നാലോ ..” സതിയോടു ചോദിച്ചു
അവൾ ഒന്നും മിണ്ടാതെ ഒരു കൈ അവളുടെ തോളിൽ ചുറ്റി എഴുന്നേൽപ്പിച്ചു . ഇടതുകാലിന്റെ വേദനയ്ക്ക് ഒട്ടും കുറവില്ല. എങ്ങനെ തുടരാനാണ് യാത്ര എന്നറിയില്ല. പക്ഷെ പോയെ പറ്റൂ . കാരണം ഈ മണ്ണിനെന്തോ കാന്തിക ശക്തിയുണ്ട് . ഇവരുടെ വിളകൾ പോലെ തന്നെ മണ്ണിൽ നമ്മെ വേരുകളാഴ്ത്താൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് . കൃഷിയിടങ്ങളിലെ ഒറ്റമരങ്ങൾ പോലെ , എല്ലാർക്കും തണലേകിക്കൊണ്ട് എല്ലാറ്റിനും മൂകസാക്ഷിയായി നിൽക്കാനുള്ള ത്വര ഉള്ളിലെവിടെയോ നുരയുന്നുണ്ട് .

പൂമരത്തിന്റെ ചുവട്ടിലുള്ള കയറ്റുകട്ടിലിൽ ആണ് ഇരുന്നത്. അവൾ മരത്തിനു ചാരി നിന്നു. മഞ്ഞ നിറമുള്ള പൂവുകൾ ആ മുറ്റവും കട്ടിലും പൂമെത്തപോലെയാക്കിയിരുന്നു. ഓല മേഞ്ഞ ആ ഒറ്റമുറി വീടും ചാണകം മെഴുകിയ മുറ്റവും ഈ പൂമരവും കയറ്റുകട്ടിലുമെല്ലാം എത്ര വേഗത്തിലാണ് ആത്മാവിനെ കീഴടക്കിയത് . നോക്കെത്താ ദൂരം പരന്നു കിടക്കുന്ന വയലും അതിനിടയിലെ പടുകൂറ്റൻ തണൽ മരവും അരികിലെ കൊച്ചു കോവിലുമെല്ലാം ഈ യാത്രക്കിടയിൽ അറിയാതെ വന്നു ചേർന്ന കാഴ്ചകളാണ് . എല്ലാ യാത്രയിലും നമ്മൾ തേടിച്ചെല്ലുന്നതിലുപരി മറ്റു ചില കാഴ്ചകളായിരുക്കും മനസ്സിനെ കീഴടക്കുക . അതിനാൽ ഇപ്പോൾ യാത്രകൾ തുടങ്ങുമ്പോൾ മനസ്സിലെ എഴുത്തുകുത്തുകൾ മായ്ക്കാറുണ്ട് . സ്ഥലനാമങ്ങളും ചരിതങ്ങളും ചില ഐതീഹ്യങ്ങളും മാത്രേ കൂട്ടിനു വരാറുള്ളൂ . ഇവിടെ ഈ കാഴ്ചകൾ ,രണ്ടു നാളുകൾ ജാലകത്തിലൂടെയായിരുന്നു . പിന്നീട് ഈ കയറ്റു കട്ടിലിൽ ഇരുന്നുകൊണ്ടും . യാത്ര തുടരുന്നതിനു മുന്നേ ആ വൃക്ഷത്തണലിൽ അൽപനേരം ഇരിക്കണം .കഴിയുമെങ്കിൽ അവരെപ്പോലെ കുപ്പായം മരക്കൊമ്പിൽ തൂക്കിയിടണം . തൂക്കുപാത്രത്തിലെ ചോറും കറികളും കഴിക്കണം. കുറച്ചു ബാക്കിയാക്കി, അതിനായി കാത്തിരിക്കുന്ന പറവകൾക്കും കോഴികൾക്കും ഇട്ടു കൊടുക്കണം . മരച്ചുവട്ടിലെ ദൈവങ്ങളോടൽപ്പം സ്വകാര്യം പറയണം . തിരിഞ്ഞു നോക്കാതെ നടന്നകലണം..

“സതി ഏതു വരെ പഠിച്ചിട്ടുണ്ട് ?”
മറുപടി കിട്ടാഞ്ഞതിനാൽ അവളുടെ മുഖത്തേക്ക് നോക്കി . അകലെയെങ്ങോ ആയിരുന്നു ആ മിഴികൾ . അതിലും എത്രയോ അകലങ്ങളിൽ ആയിരിക്കും ആ മനസ്സ് . ഒരു പക്ഷെ ഭൂതകാലത്തെ ഏതോ മധുരിക്കുന്ന ഓർമ്മകൾ ആവാം . അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ചില വസന്തങ്ങളെക്കുറിച്ചാവാം. തിളക്കം വിട്ടുമാറാത്ത ആ കരിമിഴികൾ ചിന്തകൾക്ക് പിടിതരാതെ വഴുതിമാറുകയാണ് ..
“ഏയ് …എവിടെയാണ് ..? ഭൂതകാലങ്ങളിലോ അതോ വരാൻ പോകുന്ന സ്വപ്നങ്ങളിലോ ”
അവളൊന്നു ഞെട്ടിയെന്നു തോന്നി.
“വരാൻ പോകുന്നവയെക്കുറിച്ചെനിക്ക് പ്രതീക്ഷകളോ ആശങ്കകളോ ഇല്ലാത്തതുകൊണ്ട് അവയെന്റെ കിനാക്കളിൽ വരാറില്ല സേതൂ.. . ഇതുവരെയുള്ള ജീവിതത്തെ ചികഞ്ഞെടുത്താൽ ചില നിമിഷങ്ങൾ ഉണ്ടായേക്കാം. പക്ഷെ മനസ്സിനെ ഇന്നിന്റെ ആകാശത്തോളം ഉയരത്തിലേക്ക് അയക്കുന്നതാണെനിക്കിഷ്ടം. ചരടുകൾ പൊട്ടിച്ചെറിഞ്ഞവ അങ്ങനെ അലയണം.ഇഷ്ടമുള്ളിടത്തുകൂടെയല്ല ,ആരുടെയോ ഇഷ്ടത്തിനനുസരിച്. ചരടുകളില്ലെങ്കിലും പട്ടത്തിന് അതിന്റെ ഇഷ്ടാനുസരണം സഞ്ചരിക്കാൻ കഴിയില്ലല്ലോ.”
അവളിൽ നിന്നും ഇത്തരമൊരു മറുപടി പ്രതീക്ഷിക്കാത്തതിനാൽ എന്തു മറുപടി പറയേണമെന്നറിയാതെ കുഴഞ്ഞു .കുറച്ചു ദിവസങ്ങളായി എന്നെ ശുശ്രൂഷിച്ചിരുന്ന സതിയുടെ തികച്ചും മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നത്. ഏതു വരെ പഠിച്ചിട്ടുണ്ട് എന്ന ചോദ്യം പിന്നീട് ആവർത്തിക്കാൻ തോന്നിയില്ല.

“സതീ ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ഇംഗ്ലീഷ് കവിത പഠിക്കാനുണ്ടായിരുന്നു .റോബേർ ഫ്രോസ്ട് എന്ന കവിയുടെ സ്റ്റോപ്പിങ് ബൈ വുഡ്‌സ് ഇൻ എ സ്‌നോവി ഈവെനിംഗ്. മനോഹാരമായ ഒരു ദൃശ്യം കാണുന്ന യാത്രികൻ തന്റെ യാത്രയെ മറന്നുകൊണ്ട് അൽപനേരം ആ ദൃശ്യത്തിന്റെ മാസ്മരികതയിൽ മയങ്ങുന്ന മനോഹരമായ ഒരു കവിത . ഒടുവിൽ തനിക്കിനിയും സഞ്ചരിക്കാൻ ഒരുപാടുണ്ടെന്ന സത്യം മനസ്സിലാക്കി അയാൾ യാത്ര തുടരുകയാണ്. മഞ്ഞു വീഴുന്ന അയാളുടെ സായംകാല കാഴ്ച യിൽ നിന്നിരുന്നേൽ ഒരുപക്ഷെ ,അറിയില്ല.. നീണ്ടുകിടക്കുന്ന വയലുകളും ദൈവത്തെ കുടിയിരുത്തിയിരിക്കുന്ന തണല്മരവും എല്ലാം മറികടന്നുകൊണ്ടയാൾക്കു യാത്ര തുടർന്നേ മതിയാകൂ .”

“അറ്റമേതെന്നറിയാത്ത ഈ ജീവിതരേഖയുടെ ഒടുക്കം വരെ ആരും നമ്മുടെ കൂടെയുണ്ടാവില്ലെന്ന സത്യം നമുക്കേവർക്കും അറിയാം. പക്ഷെ എന്നിട്ടും ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്നു ,ചിലർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്. വിഡ്ഢിത്തം എന്നറിഞ്ഞുകൊണ്ടു തന്നെ.
പോവരുതെന്ന് ഞാൻ പറയില്ല .പോയെ മതിയാകൂ .പക്ഷെ ആരോഗ്യം വീണ്ടെടുത്തിട്ടു പൊയ്ക്കൂടേ .മനസ്സിനെ ഇങ്ങനെ ഭയപ്പെടുന്നതെന്തിനാണ് സേതു ..”

പാടവരമ്പിലൂടെ ഹരിണിയും കൂട്ടുകാരികളും വരുന്നുണ്ടായിരുന്നു.
കൈവീശിക്കൊണ്ട് കൂട്ടുകാരികൾ യാത്ര പറഞ്ഞു പിരിഞ്ഞു . അവളൊരു മിടായിയുമായാണ് വന്നത്. കൂട്ടുകാരിയുടെ പിറന്നാൾ ആയതുകൊണ്ടു കിട്ടിയതാണ് . മാമനുവേണ്ടി കൊണ്ടുവന്നതാണെന്നു പറഞ്ഞു കൊണ്ട് അത് വായില് വച്ച് തന്നു. മാമൻ നാളെ പോകുമെന്ന സതിയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖം വാടി. തെല്ലു നേരം കട്ടിലിൽ ഇരുന്ന ശേഷം അവൾ അകത്തേക്ക് കയറിപ്പോയി

ചില വേരുകൾ എത്ര വേഗത്തിലാണ് മണ്ണിൽ ആഴ്ന്നിറങ്ങുന്നത്. അവയ്ക്കു വെള്ളമോ വളമോ ഒന്നും വേണ്ടതില്ല . ആഴ്ന്നിറങ്ങിയവ പരസ്പരം തിരിച്ചറിയാൻ കഴിയാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുകയും ചെയ്യുന്നു. മണ്ണിനത്രയും പ്രിയപ്പെട്ടവരായതിനാലാവാം വേരുകളെ മറ്റെങ്ങും വിടാതെ പിടിച്ചു നിർത്തുന്നത് . മണ്ണിനോടുള്ള പ്രണയം നിമിത്തമാകണം വൃക്ഷങ്ങൾ അങ്ങനെ നിലകൊള്ളുന്നത് . മനുഷ്യർക്ക് വേരുകളാഴ്ത്താനാവില്ല,ഈ യാത്ര തുടർന്നേ തീരൂ . എന്റെ അശ്വം എനിക്കായി കാത്തിരിക്കുന്നുണ്ട് . ഈയിടത്തിൽ നിൽക്കുന്നതിൽ അവൻ അസന്തുഷ്ടനാണ് . എന്നെ പലവുരു അവൻ ഓർമിപ്പിക്കുന്നു ,വിശ്രമിക്കാൻ ഞാൻ കണ്ടെത്തിയ ഇടങ്ങളിൽ ഇവിടം ഒരിക്കലും ഉണ്ടായിരുന്നില്ലല്ലോ . അതായിരിക്കാം അവന്റെ നിരാശയ്ക്കു കാരണം. അവനും പരിക്കിലായിരുന്നു , ഇന്നാണവനെ തിരിച്ചു കിട്ടിയത് . അതിനാലാണ് യാത്ര നാളെത്തന്നെ എന്ന തീരുമാനമെടുക്കാൻ കാരണം. അവനുണ്ടേൽ വല്ലാത്ത ധൈര്യം തന്നെയാണ്.

“ഞാൻ ഒന്ന് പോയിട്ട് വന്നാലോ , ഹരിണി ഇവിടെ കാണും എന്തേലും ഉണ്ടേൽ അവളെ വിളിച്ചാ മതി”

പുഴുങ്ങിയ നിലക്കടല പാക്കറ്റിലാക്കി ബസുകൾ തോറും കയറി വിൽക്കുകയാണ് സതി വര്ഷങ്ങളായി ചെയ്‌തുകൊണ്ടിരിക്കുന്ന തൊഴിൽ . പഠിച്ച മാനേജുമെന്റ് പുസ്തക താളുകളിൽ ഇതിനെ ബിസിനെസ്സ് എന്നോ ജോലി എന്നോ വിളിക്കുന്നത്. ഓർമ്മയില്ല . വിദഗ്ധതൊഴിലും ഫയോളിന്റെ തത്വങ്ങളിലുമെല്ലാം ഇവളുടെ ബിസിനസ്സ് വരുന്നുണ്ട് . അസംസ്‌കൃത വസ്തു ശേഖരണം മുതൽ മാർക്കറ്റിംഗ് വരെയുള്ളവ ഒറ്റയ്ക്ക് നിർവഹിക്കുന്ന ബിസിനസ്സ് സംരംഭക തന്നെയാണവൾ . ഭർത്താവു മരിച്ചിട്ട് ഇത്രയും വർഷമായിട്ടും ആരുടെ മുന്നിലും കൈനീട്ടാതെ അവൾ ജീവിക്കുന്നത് ഈ ജോലിയിലൂടെയാണ് . സതിയെപ്പോലുള്ള അനേകം അമ്മമാർ , ഇവിടങ്ങളിൽ ജീവിക്കുന്നത് അങ്ങനെയാണ് ..ഈ പീഠഭൂമി അവർക്കാവശ്യമുള്ളതെല്ലാം നൽകുന്നു. അവരതിനെ യാത്രികരിലെത്തിച്ചുകൊണ്ടു ഉപജീവനം കഴിക്കുന്നു. കുടിലുകളാണെങ്കിലും സുഖകരമായി ഉറങ്ങുന്നു .ഇഷ്ടമുള്ള സിനിമകൾ സിനിമാകൊട്ടകയിൽ പോയി കാണുന്നു .ഉറക്കെ സംസാരിക്കുന്നു. സ്ത്രീകളുടെ സ്വയംപര്യാപ്തത , അവളുടെ തുല്യത ബോധം , ഇവയെല്ലാമാവാം നമ്മുടെ നാട്ടിലെ ചില ആചാരങ്ങൾ ഇവർക്ക് അത്ഭുതങ്ങൾ ആയി തോന്നുന്നത് .

നേരമിരുട്ടിയിട്ടും സതിയെ കണ്ടില്ല . ഹരിണി കഞ്ഞിയുമായി വന്നു.
ഒറ്റയ്ക്ക് കുടിക്കാൻ സമ്മതിക്കാതെ അവൾ കോരിത്തന്നു. മാമൻ പോകുകയാണെന്നത് അമ്മയെ പറ്റിക്കാൻ വെറുതെ പറഞ്ഞതല്ലേ എന്നുള്ള അവളുടെ ചോദ്യത്തിന് അതെയെന്നോ അല്ലായെന്നോ അർഥം വരുന്ന തരത്തിൽ ഒന്ന് മൂളി. വണ്ടി കിട്ടിയാൽ അവളെ പുറകിലിരുത്തി ഒരു റൌണ്ട് അടിക്കാമെന്നു പറഞ്ഞിരുന്ന കാര്യം അവളോർമ്മിപ്പിച്ചു. ക്ലാസ്സിലെ കുട്ടികളുടെ വിശേഷവും ‘അമ്മ ഒരു കമ്മൽ വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്ന കാര്യവുമെല്ലാം പറഞ്ഞു .അവൾക്കു മറുപടിയുടെ ആവശ്യമുണ്ടായിരുന്നില്ല. ഒരു കേൾവിക്കാരനായി നിന്ന് കൊടുത്താൽ മതി .സതി നേർവിപരീതവും. അവളുടെ ജീവിതത്തിലെ ഒരുകാര്യവും ഇതുവരെ പറഞ്ഞില്ല. ഹരിണിയിലൂടെയാണ് ചില കാര്യങ്ങളെങ്കിലും അറിഞ്ഞത്.

തിങ്കളും താരങ്ങളും കൂടി വർണ്ണച്ചിത്രമെഴുതുകയാണ് . ആ വർണ്ണ പ്രഭയിൽ കുളിച്ചു നിൽക്കുന്ന വയലുകൾ, ഒരു ചിത്രകാരന്റെ അവസാന മിനുക്കുപണികൾ ബാക്കിവച്ച ഛായാച്ചിത്രം പോലെ ..
ദൂരെ ഒരു തീവണ്ടിയുടെ ചൂളം വിളി കേൾക്കാം. ഒരുപക്ഷെ നിറയെ ആളുകളുള്ള ഒരു തീവണ്ടി .എ സി യുടെ ശീതളിമയിൽ മയങ്ങുന്ന ബിസിനസ്സുകാരും അവരുടെ കുടുംബവും , ബർത്തിനെ ചങ്ങലയിൽ ബന്ധിച്ചുകൊണ്ടു ഉറങ്ങാൻ വട്ടം കൂട്ടുന്ന ഇടത്തരം കുടുംബങ്ങൾ .. കലപില സംസാരിച്ചുകൊണ്ടു നിലത്തും ടോയ്‌ലെറ്റിന് സമീപവും ഡോറിനരികിലും നിൽക്കുകയും ഇരിക്കുകയും ചെയ്യുന്ന ആളുകൾ.
സ്ലീപ്പർ കോച്ചിൽ ടിക്കറ്റ് കിട്ടാത്തതിനാൽ അസഹ്യതയോടെ ഇരിക്കുന്ന മധ്യവർത്തികൾ ഇടയിലുണ്ടാവാം. അതിൽ ഹരിണിയും സതിയും ഉണ്ടാവാം. അവരുടെ അരികിൽ ഒരു പക്ഷെ സേതുവും .ചിലപ്പോൾ സേതു സ്‌ളീപ്പറിൽ എത്തിയേക്കാം. പക്ഷെ ഹരിണിക്കും സതിക്കും സ്ലീപ്പർ കോച് എന്നത് അപ്രാപ്യമായതാണ് …

“ഇനി അകത്തുപോയി കിടക്കാം ലേ” സതിയുടെ ശബ്ദമാണ് ഉണർത്തിയത് . അതിനിടയിൽ എപ്പോഴോ മയങ്ങിക്കാണണം . അകത്തു വെളിച്ചം കാണുന്നില്ല. ഹരിണിയും ഉറങ്ങിക്കാണണം

“എന്തുപറ്റി ഇത്ര വൈകാൻ ?”അവളുടെ തോളിൽ കയ്യിട്ടുകൊണ്ടു അകത്തേക്ക് നടക്കുന്നതിനിടയിൽ ചോദിച്ചു.
“ടൗണിൽ ഒന്നു പോയി .അതാ .”അവളുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു . ഒരു ജൗളിക്കടയുടെ പരസ്യവും .
കട്ടിലിനരികിലായി അവളിരുന്നു “സതി പോയി ഭക്ഷണം കഴിക്കൂ ”
“ഞാൻ പിന്നെ കഴിച്ചോളാം ,സേതു നാളെത്തന്നെ പോകാൻ തീരുമാനിച്ചോ ”
പതിയെ മൂളി .

“ഞാനൊരു കാര്യം പറഞ്ഞാൽ വിഷമം തോന്നുമായിരിക്കും ,എങ്കിലും പറയട്ടെ ..ഞാൻ കുറച്ചു കാശു തരട്ടെ സതിക്ക്. എന്നെ ശുശ്രൂഷിച്ചതിനുള്ള പ്രത്യുപകാരമായിട്ടല്ല ..”
“തന്നോളൂ ..” ദൃഢമായ വാക്കുകൾ എവിടെയോ പോറലേൽപ്പിച്ചു ..
ഇരുട്ടിൽ അവളുടെ മിഴികൾ കാണുന്നുണ്ടായിരുന്നില്ല . എങ്കിലും അവയുടെ തിളക്കം അറിയാം . ഒരിക്കലും അവ നിറയുകയില്ലെന്നതും.
ജീവിതത്തോട് തളരാതെ പോരാടിയതാണവൾ .
അവളുടെ ചുമലിൽ പതിയെ കൈവച്ചു. അവൾ അനങ്ങിയില്ല .
“എന്നോട് ദേഷ്യം തോന്നുന്നുണ്ടോ സതീ .. ”
“എന്തിന് സേതു .? ഞാൻ സേതുവിന്‌ ഒരു കുപ്പായം വാങ്ങിയിട്ടുണ്ട് അതു പോകുമ്പോൾ കൊണ്ടുപോകണം. ഹരിണി പറഞ്ഞ നിറമാണ് വാങ്ങിയത് . അതിടുമ്പോൾ മാമൻ അവളെ ഓർക്കാനാണത്രെ ”
“നിന്നെ ഓർക്കാൻ ഒന്നും തരുന്നില്ലേ..” അവളെ തന്നിലേക്കടുപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു
“ഇല്ല .. “അവളുടെ മറുപടി തണുത്തുറഞ്ഞതായിരുന്നു ..
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?”
” എന്റെ ഭൂതകാലത്തെക്കുറിച്ചാണെങ്കിൽ അരുത് സേതു . യാത്രികൻ ഒരിക്കലും തന്റെ കാഴ്ചകളോട് ഒന്നും തിരക്കരുത് . അവയൊരു കടങ്കഥയായി അവന്റെ മുന്നിലെന്നും വേണം . റോബർട്ട് ഫ്രോസ്റ്റിന്റെ മറ്റൊരു കവിതകൂടിയുണ്ട് സേതു വായിച്ചു കാണണം . ദി റോഡ് നോട് ടേക്കൺ . തന്റെ മുന്നിലുള്ള രണ്ടു വഴികളും അവയിലൂടെയുള്ള യാത്രയുമാണ് പ്രമേയം .ഏതൊരു യാത്ര നമ്മൾ തെരഞ്ഞെടുത്താലും രണ്ടാമത്തെ വഴിയെക്കുറിച്ചുള്ള ചിന്ത നമ്മെ മഥിക്കാതിരിക്കില്ല. നമ്മൾ ഒഴിവാക്കിയ ആ വഴി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. അതിലെ പോയിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിക്കും.
ഇതൊന്നും കവി ഉദ്ദേശിച്ചതാവണമെന്നില്ല . വരികൾക്കിടയിലൂടെ വായിക്കുകയെന്നത് അനുവാചകന്റെ സ്വാതന്ത്ര്യമാണല്ലോ ”

ഇരുവഴികളും തുടങ്ങുന്നിടത്ത് സതി നിൽക്കുന്നു . പൂക്കൾ മൂടിയ രണ്ടു വഴിയിലും കാൽപ്പാടുകളൊന്നും അവശേഷിക്കുന്നില്ല. അവൾ പൊടുന്നനെ മുകളിലേക്കുയരുന്നു .ഒരു പട്ടമായി മാറി അവിടങ്ങളിൽ പാറി നടക്കുന്നു. ഇരു വഴികൾക്കും ഇടയിലൂടെ മരച്ചില്ലകൾക്കും അപ്പുറത്ത് അവളെ കാണാതാവുന്നു.

പുറത്ത് അശ്വം ബഹളം വെക്കുന്നു . പോകാനുള്ള സമയമായെന്ന് വിളിച്ചുകൂവുന്നു . മഞ്ഞു വീഴുന്ന ഈ രാത്രികൂടി ഇവിടെ കഴിഞ്ഞാൽ ഒരു പക്ഷേ എന്റെ വേരുകൾ ആഴ്ന്നിറങ്ങിയേക്കാം എന്നവൻ സൂചന നൽകുന്നു .
കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കാലുകൾ അനക്കാനാവുന്നില്ല.ഹോ ..! ഇരു കാലുകളും മണ്ണിലേക്കാഴ്ന്നിറങ്ങിയിരിക്കുന്നു . മണ്ണിനടിയിൽ നിന്നും ഹരിണിയും സതിയും കാലുകളെ വലിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ ഉടൽ കാലുകളെ ചുറ്റുപിണഞ്ഞു കിടക്കുകയാണ് . കൈകൾ ചില്ലകളായി മാറാൻ തുടങ്ങുന്നു. തല ചെറ്റക്കുടിൽ പിളർന്നുകൊണ്ട് മുകളിലേക്ക് ഉയരുന്നു..ഉടലാകെ പൂക്കൾ വിരിയുന്നു …

സതി തന്ന കുപ്പായമണിഞ്ഞുകൊണ്ട് ആരോ തന്റെ വണ്ടിയിൽ കയറുന്നു . അശ്വം പുറപ്പെടാനായി വിറളി പിടിക്കുന്നു . ഇരുളിനെ കീറിമുറിച്ചുകൊണ്ടതിന്റെ വെളിച്ചം അകലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു . വഴികളിലാകെ പൂക്കൾ മെത്ത വിരിച്ചിരിക്കുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here